Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെറും 50 പൈസ ചെലവാക്കിയാൽ ഒരു കിലോമീറ്റർ പുഷ്പം പോലെ ഓടും ! കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോറിക്ഷ റോഡിലിറങ്ങാൻ അധികം കാത്തിരിക്കേണ്ടി വരില്ല;'കേരളാ നീംജി' നിരത്തിലിറക്കുന്നത് പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈൽസ്; 5000 കിലോമീറ്റർ ദൂരത്തിൽ നടത്തിയ പരീക്ഷണയോട്ടം വൻ വിജയം

വെറും 50 പൈസ ചെലവാക്കിയാൽ ഒരു കിലോമീറ്റർ പുഷ്പം പോലെ ഓടും ! കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോറിക്ഷ റോഡിലിറങ്ങാൻ അധികം കാത്തിരിക്കേണ്ടി വരില്ല;'കേരളാ നീംജി' നിരത്തിലിറക്കുന്നത് പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈൽസ്; 5000 കിലോമീറ്റർ ദൂരത്തിൽ നടത്തിയ പരീക്ഷണയോട്ടം വൻ വിജയം

മറുനാടൻ ഡെസ്‌ക്‌

വെറും 50 പൈസ നിരക്കിൽ ഒരു കിലോ മീറ്റർ സഞ്ചരിക്കണോ? അതും ശബ്ദ- പരിസര മലിനീകരണമില്ലാതെ. ശെടാ ശരിക്കും സാധിക്കുമോ എന്നായിരിക്കും ചോദ്യം. സ്വപ്നത്തിൽ നടക്കുന്ന കാര്യമല്ല പറഞ്ഞ് വരുന്നത്. ദൈവത്തിന്റെ സ്വന്തം നാടിനെ ഇലക്ട്രിക്ക് വാഹനങ്ങളുടെ സ്വന്തം നാടാക്കി മാറ്റാൻ ഒരുങ്ങുകയാണ് പൊതു മേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡ്. വ്യാവസായിക അടിസ്ഥാനത്തിൻ നിർമ്മാണം നടക്കുന്ന കേരളാ നീംജി എന്ന ഓട്ടോറിക്ഷയെ പറ്റിയാണ് ഓട്ടോമൊബൈൽ ലോകത്ത് ചർച്ചാ വിഷയം. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇലക്ട്രിക് ഓട്ടോ നിർമ്മാണത്തിന് യോഗ്യത നേടിയത്.

തിരുവനന്തപുരം ആറാലുംമൂട്ടിലുള്ള കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് അഞ്ച് മാസം കൊണ്ടാണ് നീംജി രൂപകൽപന ചെയ്തത്. 5000 കിലോമീറ്റർ പരീക്ഷണയോട്ടം നടത്തിയ വാഹനം ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരവും നേടി. കേരളാ നീംജി എന്നത് സാധാരണ ഓട്ടോറിക്ഷാ പോലെ തന്നെയാണ്. മൂന്ന് പേർക്കാണ് പിറകിൽ ഇരിക്കാൻ സാധിക്കുക. ജർമ്മൻ സാങ്കേതികവിദ്യയിൽ തദ്ദേശീയമായി നിർമ്മിച്ച ബാറ്ററിയും രണ്ട് കെ. വി മോട്ടോറുമാണ് ഈ ഓട്ടോറിക്ഷയുടെ ഹൃദയം. മൂന്നു മണിക്കൂർ 55 മിനിറ്റ് കൊണ്ട് ബാറ്ററി പൂർണമായും ചാർജ് ചെയ്യാം.

ഒരു തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാം. സാധാരണ ത്രീ പിൻ പ്ലഗ് ഉപയോഗിച്ചും ബാറ്ററി റീചാർജ് ചെയ്യാം. കേരളത്തിലെ വലിയ കയറ്റമെല്ലാം കയറാൻ പ്രത്യേക പവർ ഗിയറും വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. കിലോമീറ്ററിന് 50 പൈസ മാത്രമാണ് ചെലവ്. വണ്ടിക്ക് അധികം കുലുക്കമുണ്ടായിരിക്കില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. മറ്റ് വാഹനങ്ങൾ ശബ്ദ മലിനീകരണവും അന്തരീക്ഷ മലിനീകരണവും ഉണ്ടാക്കുമ്പോൾ നീംജിക്ക് ആ പ്രശ്‌നമുണ്ടാകില്ല. അറ്റകുറ്റപ്പണിയും കുറവായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. രണ്ടര ലക്ഷം രൂപയാണ് വാഹനത്തിന്റെ വില.

സബ്‌സിഡി കൂടി ലഭിക്കുന്നതോടെ രണ്ടു ലക്ഷത്തിന് വിപണിയിൽ വിൽക്കാനാകുമെന്നാണ് പ്രതീക്ഷ. ഈ ഓണത്തിന് വാഹനം വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വർഷം 8000 ഓട്ടോറിക്ഷകൾ പുറത്തിറക്കും. പിന്നീട് ആവശ്യാനുസരണം ഉൽപാദനം കൂട്ടാനാണ് തീരുമാനം. ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് പിന്നാലെ ഇലക്ട്രിക് ബസുകളുടെ നിർമ്മാണ രംഗത്തേക്കും കടക്കാനൊരുങ്ങുകയാണ് കേരള ഓട്ടോമൊബൈൽസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP