Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക്ഡൗൺ നീട്ടിയാൽ മനുഷ്യൻ പട്ടിണി കിടന്ന് മരിക്കും; വരാൻ പോകുന്ന ഏറ്റവും വലിയ ദുരന്തം ക്ഷാമമായിരിക്കും; എന്തിനാണോ ഇത്രയും കരുതലെടുത്തത് അതിന്റെ വിപരീത ഫലമാണ് ലോക്ഡൗൺ തുടർന്നാൽ സംഭവിക്കുക; മനുഷ്യർ ഒന്നിച്ചുനിന്നു എന്നതും പഠിച്ച സയൻസ് ജീവിതത്തിൽ പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയെന്നതുമാണ് കൊറോണ കൊണ്ട് ഉണ്ടായമാറ്റം; ഇതിനപ്പുറമുള്ള മാറ്റമുണ്ടാക്കാൻ തക്ക ഭീകരതയൊന്നും കൊറോണ നാട്ടിലുണ്ടാക്കിയിട്ടില്ല; മറുനാടനോട് സംവദിച്ച് മൈത്രേയൻ

ലോക്ഡൗൺ നീട്ടിയാൽ മനുഷ്യൻ പട്ടിണി കിടന്ന് മരിക്കും; വരാൻ പോകുന്ന ഏറ്റവും വലിയ ദുരന്തം ക്ഷാമമായിരിക്കും; എന്തിനാണോ ഇത്രയും കരുതലെടുത്തത് അതിന്റെ വിപരീത ഫലമാണ് ലോക്ഡൗൺ തുടർന്നാൽ സംഭവിക്കുക; മനുഷ്യർ ഒന്നിച്ചുനിന്നു എന്നതും പഠിച്ച സയൻസ് ജീവിതത്തിൽ പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയെന്നതുമാണ് കൊറോണ കൊണ്ട് ഉണ്ടായമാറ്റം; ഇതിനപ്പുറമുള്ള മാറ്റമുണ്ടാക്കാൻ തക്ക ഭീകരതയൊന്നും കൊറോണ നാട്ടിലുണ്ടാക്കിയിട്ടില്ല; മറുനാടനോട് സംവദിച്ച് മൈത്രേയൻ

ജാസിം മൊയ്തീൻ

കോഴിക്കോട്; കൊവിഡ് 19 അഥവാ നോവൽ കൊറോണ ലോക ക്രമത്തെ തന്നെ അടിമുടി പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി വരും ദിവസങ്ങളിൽ ലോകം വൻ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ലോക ശക്തികളെന്ന് നാം കരുതിയിരുന്ന അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും വരെ പിടിച്ചുനിൽക്കാനാവാതെ കൂപ്പുകുത്തുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഈ ഘട്ടത്തിൽ മറുനാടൻ മലയാളിയുമായി സംവദിക്കുകയാണ് ശാസ്ത്രപ്രചാരകനും എഴുത്തുകാരനും പ്രഭാഷകനുമായ മൈത്രേയൻ.

വൈറസ് ചൈന ലാബിൽ ഉണ്ടാക്കിയതല്ല

ജീൻ എഡിറ്റ് ചെയ്യാനുള്ള മെക്കാനിസം കണ്ടുപിടിച്ചു എന്നല്ലാതെ അതു തന്നെ നല്ല നിലയിൽ ഉപയോഗിക്കാൻ മനുഷ്യന് ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ട് ഇത്തരത്തിലൊരു വൈറസിനെ സൃഷ്ടിക്കാനുള്ള കഴിവിലേക്ക് മനുഷ്യനെത്തിയിട്ടുണ്ടെന്ന് കരുതുന്നില്ല. ഇതുവരെയും അങ്ങനൊന്ന് ലോകത്ത് സംഭവിച്ചതായി അറിവില്ല. അതുകൊണ്ട് തന്നെ ഇത് ഏതെങ്കിലുമൊരു ലാബിലുണ്ടാക്കിയതാണെന്ന നിലപാട് മുഖവിലക്കെടുക്കുന്നു പോലുമില്ല. വൈറസിനെ ലാബിലുണ്ടാക്കിയതാണെന്നത് വാസ്തവ വിരുദ്ധമായൊരു ആരോപണം മാത്രമാണ്. ചൈനയിലാണ് ഈ രോഗവ്യാപനത്തിന്റെ ഉത്ഭവമെന്നത് ശരിയാണ്. ആദ്യഘട്ടത്തിൽ അതിനെ കൈകാര്യം ചെയ്യുന്നതിനും വിവരങ്ങൾ കൃത്യമായി അറിയിക്കുന്നതിലും ചൈന വീഴ്ച വരുത്തിയിട്ടുണ്ട്. ഇതിന്റെ പേരിൽ ചൈനയെ പ്രതിസ്ഥാനത്ത് നിർത്തുന്നതും ചൈന ഇത് പുറം ലോകത്തെ അറിയിക്കാനെടുത്ത കാലതാമസവുമെല്ലാം വ്യപാരവുമായി ബന്ധപ്പെട്ടതാണ്. നമുക്കറിയാം ചൈന ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്.

അവരുടെ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാകം അവർ ആദ്യഘട്ടത്തിൽ വിവരങ്ങൾ പുറത്തറിയിക്കുന്നതിൽ കാലതാമസം വരുത്തിയത്. അത് ഏതൊരു മനുഷ്യന്റെയും സ്വഭാവമാണ്. നമ്മുടെ നാട്ടിലും അങ്ങനെയാണ്. നമ്മുടെ വ്യാപാരത്തിനെ ഏതെങ്കിലും തരത്തിൽ പ്രതികൂലമായി ബാധിക്കുന്ന എന്തെങ്കിലും സംഭവിച്ചാൽ അത് മൂടിവെക്കാനാണ് നമ്മളും ആദ്യം ശ്രമിക്കുക. അത് മനുഷ്യ സഹജമാണ്. അത് തന്നെയാണ് ഇക്കാര്യത്തിൽ ചൈനക്കും സംഭവിച്ചത്. എല്ലാ രാജ്യങ്ങളും ഇങ്ങനെ തന്നെയാണ് ചെയ്യുക. അവരുടെ വ്യാപാരത്തിന് പ്രശ്‌നമുണ്ടാകുന്ന കാര്യങ്ങൾ മറച്ചുവെക്കാനാണ് നോക്കുക. അത് ചൈനയുടെ ഭരണസംവിധാനത്തിന്റെയോ അവരുടെ പ്രത്യയ ശാസ്ത്രത്തിന്റെയോ മാത്രം കുഴപ്പമല്ല. എല്ലാവരും അങ്ങനെ തന്നെയാണ് ചിന്തിക്കുക. ഇത്തരം കാര്യങ്ങൾ മറച്ചുവെക്കുക എന്നത് മറ്റുള്ളവരെ പറ്റിക്കാനോ ബുദ്ധിമുട്ടിലാക്കാനോ അല്ല മറിച്ച് അവരുട സ്വയം നിലനിൽപിന് വേണ്ടിയാണ്. അത്രയെ ചൈനയും ചെയ്തിട്ടുള്ളു. അല്ലാതെ ചൈന ലാബിലുണ്ടാക്കിയതാണ് വൈറസ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതേ സമയം ഇതിന്റെ പേരിൽ ചൈനക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് പിന്നിലും ഏതെങ്കിലും തരത്തിൽ ചൈനയുടെ വ്യാപാരത്തെ തകർക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്.- മൈത്രേയൻ ചൂണ്ടിക്കാട്ടി.

അമേരിക്ക അടക്കം എന്തുകൊണ്ട് ദുരന്തഭൂമിയായി?

നിരവധി കാരണങ്ങൾകൊണ്ടാണ് അമേരിക്കയും മറ്റ് യൂറോപ്യൻ രാജ്യങ്ങളുമടക്കം നമ്മൾ വൻ ശക്തികളെന്ന് കരുതിയിരുന്നവർക്ക് ഇതുവരെയും കോവിഡിനെ പിടിച്ചുകെട്ടാൻ പറ്റാതെ പോയത്. പ്രധാനമായും അവിടെയെല്ലാം നഗരകേന്ദ്രീകൃതമാണ്. നഗരങ്ങളിലാണ് രോഗവ്യാപനം കൂടുതലായി സംഭവിക്കുന്നത്. ഇന്ത്യൻ നഗരങ്ങളെ അപേക്ഷിച്ച് യൂറോപ്യൻ രാജ്യങ്ങളിലെയും അമേരിക്കയിലെയുമെല്ലാം നഗരങ്ങളിൽ നിരവധിയാളുകളാണ് വന്നുപോകുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളുള്ള നഗരങ്ങളാണ് അവിടെയുള്ളത്. വ്യാപാരത്തിനായും വിദ്യാഭ്യാസത്തിനായും വിനോദത്തിനായും നിരവധിയാളുകളാണ് ഇവിടങ്ങളിൽ വന്നുപോയിക്കൊണ്ടിരുന്നത്. ഇത് ഇന്ത്യൻ നഗരങ്ങളിൽ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് വളരെയേറെ കുറവാണ്.

അത് തന്നെയാണ് ഇവിടങ്ങളിൽ കൂടുതൽ രോഗവ്യാപനം ഉണ്ടാകാൻ കാരണമായതും. മറ്റൊന്ന് ഫലപ്രദമായ രീതിയിൽ അവിടങ്ങളിൽ ലോക്ഡൗൺ നടപ്പിലാക്കാൻ കഴിഞ്ഞില്ല എന്നതാണ്. അമേരിക്കൻ പ്രസിഡണ്ട്‌പോലും ലോക്ഡൗൺ പിൻവലിക്കണമെന്ന അഭിപ്രായമുള്ളയാളാണ്. ഒരു പക്ഷെ കൊറോണയേക്കാൾ അപകടകരമായ ഒന്നാണ് ലോക്ഡൗൺ എന്നത്. അതുവരെയും മനുഷ്യർ ചെയ്തുകൊണ്ടിരുന്ന എല്ലാം ഒരു സുപ്രഭാതത്തിൽ നിർത്തിവെക്കാൻ പറഞ്ഞാൽ അത് പെട്ടെന്ന് സാധിക്കുന്ന ഒന്നല്ല. അതുണ്ടാക്കുന്ന പ്രതിസന്ധികളും വലുതാണ്. അതുകൊണ്ട് തന്നെ ഇന്ത്യയെ അപേക്ഷിച്ച് അത്തരം രാജ്യങ്ങളിൽ ഫലപ്രദമായ ലോക്ഡൗൺ നടപ്പിലാക്കാൻ കഴിയാതെ പോയതും രോഗവ്യാപനത്തിന്റെ തോത് കൂട്ടിയിട്ടുണ്ട്.

മറ്റൊന്ന് ഈ അസുഖം അപകടകരമായ രീതിയിൽ പിടികൂടുന്നത് പ്രായം കൂടിയവരെയാണ്. ഈ ഘടകം രണ്ട് രീതിയിൽ അമേരിക്കയിലും യുറോപ്യൻ രാജ്യങ്ങളിലം രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്. ഒന്ന് മറ്റ് അസുഖങ്ങളുള്ള പ്രായം കൂടിയ നിരവധിയാളുകളുള്ള രാജ്യങ്ങളാണിതെല്ലാം. അത്തരം നിരവധിയാളുകളിലാണ് ഇവിടെങ്ങളിൽ രോഗം ബാധിച്ചത്. ഇത് മരണനിരക്ക് ഉയർത്താൻ കാരണമായി. മറ്റൊന്ന് നമ്മുടെ നാടിനെ അപേക്ഷിച്ച് നിരവധി വൃദ്ധസദനങ്ങളും അവിടെയുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ ഒരാൾക്ക് രോഗം ബാധിച്ചാൽ അത് അപകടകരമായ രീതിയിൽ വ്യാപിക്കുകയും ചെയ്തു എന്നതാണ്. മറ്റൊരു പ്രധാന കാരണമെന്നത് ആരോഗ്യ മേഖല പൂർണമായും സ്വകാര്യ വത്കരിച്ച രാജ്യങ്ങളാണിതെല്ലാം. ഇൻഷൂറൻസില്ലാത്തവർക്ക് ചികിത്സ ചെലവുകൾ താങ്ങാവുന്നതിലപ്പുറമാണ്. പൗരന്റെ ആരോഗ്യത്തിൽ ഭരണകൂടത്തിന് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത സ്ഥലങ്ങളാണ്. പണമുള്ളവർക്ക് മാത്രമാണ് ചികിത്സ സൗകര്യങ്ങളുള്ളത്. അതുകൊണ്ട് തന്നെ പലരും ചികിത്സിക്കാൻ വൈകുകയും ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്യുന്നു. മറ്റൊന്ന് കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. തണുപ്പ് അധികമുള്ള മേഖലകളാണ് മേൽപറഞ്ഞ രാജ്യങ്ങൾ. ഇത്തരം സ്ഥലങ്ങളിൽ വൈറസിന് കൂടുതൽ സമയം നിലനിൽക്കാൻ സാധിക്കുന്നു എന്നതും അവിടങ്ങളിൽ രോഗവ്യാപനത്തിന്റെയും മരണത്തിന്റെ നിരക്ക് വർദ്ധിപ്പിക്കാൻ കാരണമായി.

കൊറോണക്ക് ശേഷമുള്ള ലോകക്രമം പ്രവചിക്കാൻ കഴിയില്ല

അങ്ങനെയൊന്ന് പ്രവചിക്കാനാവാത്തതാണ്. മാൽത്തൂസിന്റെ പ്രവചനം വരെ തെറ്റിപ്പോയിട്ടുണ്ട്. പുതിയ കണ്ടുപിടിത്തങ്ങളെ കുറിച്ച് നമുക്ക് പ്രവചിക്കാനാവില്ല. നമ്മളാഗ്രഹിക്കുന്നതല്ല കണ്ടുപിടിക്കുന്നത്. ലെഡ് സ്വർണ്ണമാക്കാൻ പരീക്ഷണം നടത്തിയ ആൽക്കമിസ്റ്റുകളാണ് കെമിസ്ട്രി കണ്ടുപിടിച്ചത്. ഇത്തരത്തിൽ ഒന്ന് കണ്ടുപിടിക്കാനുള്ള ശ്രമം മറ്റൊന്നിലേക്ക് എത്തുന്നു. ആഗ്രഹിക്കുന്നതല്ല കണ്ടുപിടിക്കപ്പെടുന്നത് എന്നതുകൊണ്ട് തന്നെ വർഷങ്ങൾക്കപ്പുറമുള്ള ലോകക്രമത്തെ ഇന്ന് പ്രവചിക്കാനാവില്ല. കോടിക്കണക്കിന് ലാബുകളിൽ കോടിക്കണക്കിന് മനുഷ്യർ പുതിയ കണ്ടുപിടുത്തങ്ങൾക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനെ നമുക്ക് ഇവിടിരുന്ന് പ്രവചിക്കാനാവില്ല. പരമാവധി വരുന്ന അഞ്ച് വർഷത്തേക്കെങ്കിലും എന്തായിരിക്കും ലോകത്തിന്റെ ക്രമമെന്നത് ചിന്തിക്കാനാകും എന്നേയുള്ളൂ. എങ്കിലും ചെറിയ മാറ്റങ്ങൾ സമൂഹിക ക്രമത്തിൽ വരും. അത് ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം വർദ്ധിപ്പിക്കണമെന്ന തരത്തിലായിരിക്കും. ആശുപത്രികളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും വിപുലീകരണത്തിന് രാജ്യങ്ങൾ ശ്രദ്ധ ചെലുത്തും. കുറച്ചെങ്കിലും സോഷ്യലിസം നടപ്പിലാക്കാൻ ശ്രമിച്ച രാജ്യങ്ങളിലാണ് നിലവിൽ മികച്ച ചികിത്സ ലഭിക്കുന്നതും എല്ലാവർക്കും ചികിത്സ ലഭിക്കുന്നതും എന്നത് ശ്രദ്ധേയമാണ്. അക്കാരണത്താൽ തന്നെ ആരോഗ്യ സംവിധാനം ലോകത്ത് കുറച്ചുകൂടി മെച്ചപ്പെടാൻ സാധ്യതയുണ്ട്.- മൈത്രേയൻ പറഞ്ഞു.

സയൻസ് ജിവിതത്തിൽ പ്രാക്ടീസ് ചെയ്യാൻ തുടങ്ങി

മനുഷ്യർ ആദ്യ ഒന്നിച്ചുനിന്നു എന്നതും പഠിച്ച സയൻസ് ജിവിതത്തിൽ പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയെന്നതുമാണ് കൊറോണകൊണ്ടുണ്ടായ മാറ്റം. ഇത് അൽപം കാലമെങ്കിലും തുടരുമെന്ന് പ്രതീക്ഷിക്കാം. സാധാരണ എല്ലാവരും അതിർത്തികളും രാജ്യങ്ങളുമെല്ലാം ഉള്ളവരാണ്. അത്തരം ആളുകൾ അതെല്ലാം മറന്ന് ഒരുമിച്ചുനിന്നു. ജോലിക്ക് വേണ്ടി സയൻസ് പഠിച്ചവരെല്ലാം അത് ജീവിത്തിൽ പ്രാക്ടീസ് ചെയ്യുന്ന നിലയിലേക്ക് എത്തി. ശാസ്ത്ര കണ്ടുപിടുത്തങ്ങളെ ദൈവത്തിന്റെ ശക്തിയെന്ന് വിശ്വസിച്ചിരുന്ന ശാസ്ത്രജ്ഞർപോലും നിത്യജീവിതത്തിൽ സയൻസിന്റെ വില തിരിച്ചറിഞ്ഞു. ഇതിനപ്പുറമുള്ള മാറ്റമുണ്ടാക്കാൻ തക്ക ഭീകരതയൊന്നും കൊറോണ നാട്ടിലുണ്ടാക്കിയിട്ടില്ല. ഇതൊക്കെ കെട്ടടങ്ങുന്നതോടെ മനുഷ്യൻ വീണ്ടും പഴയ രീതിയിലേക്ക് മാറും. ഇവിടത്തന്നെ ഭീകരത ഒന്നു കുറഞ്ഞപ്പോഴെക്കും ചൈനയെ കുറ്റം പറയാൻ തുടങ്ങി, ട്രംപ് സമയത്തിന് ലോക്ഡൗൺ പ്രഖ്യാപിച്ചില്ലെന്ന് പറഞ്ഞു, മോദി പാത്രം കൊട്ടാൻ പറഞ്ഞതിനെ കളിയാക്കി, കേരളത്തിൽ സ്പ്രിങ്‌ളർ ചർച്ചകളാരംഭിച്ചു.

മനുഷ്യൻ ഇത്തരം സ്വഭാവ ഗുണങ്ങളൊന്നും ഉപേക്ഷിക്കില്ല. അത് തുടർന്ന് കൊണ്ടേയിരിക്കും. എന്നിരുന്നാലും ചിരിത്രത്തിലാദ്യമായി ലോകത്തെ മുഴുവൻ മനുഷ്യരും ഒരു ആവശ്യത്തിനായി നിലകൊണ്ടു എന്നതും ശ്രദ്ധേയമാണ്. നമുക്കൊരു ആധുനികമായ അറിവുണ്ടായിട്ടുണ്ട്. എങ്ങനെയാണ് വൈറസ് പടരുന്നത് എന്നത്. ശാസ്ത്രീയമായി വൈറസിനെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് മനസ്സിലാക്കി അത് സ്വന്തം ജീവിതത്തിൽ എല്ലാവരും ഒരുമിച്ച് പ്രാക്ട്രീസ് ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ സംഭവമാണിത്. ഒരാവശ്യം വന്നപ്പോൾ എടുത്തു ഉപയോഗിച്ചു എന്ന് മാത്രമാണ്. അല്ലാതെ ശാസ്ത്രം ഒരു ജീവിത വീക്ഷണമായി ഇപ്പോഴും മനുഷ്യൻ കരുതിയിട്ടില്ല. ഇത്തരം വൈറസുകൾ കാരണമാണ് രോഗങ്ങൾ ഉണ്ടാകുന്നത് എന്ന് സ്‌കൂളുകളിൽ എത്രപഠിച്ചാലും കഷ്ടകാലമാണ് രോഗങ്ങൾ വരുത്തിയതെന്ന് വിശ്വസിക്കുന്നവരാണ് മനുഷ്യർ. സർട്ടിഫിക്കറ്റ് വാങ്ങി ജോലി ലഭിക്കാനുള്ള ഒരു മാർഗ്ഗം മാത്രമായിട്ടാണ് മനുഷ്യൻ ശാസ്ത്രത്തെ കണ്ടിരുന്നത്. വലിയ ശാസ്ത്രജ്ഞന്മാർ പോലും ദൈവത്തിന്റെ ശക്തിയാണിതെന്ന് വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് കൊറോണ കാരണം മനുഷ്യരിൽ വലിയ മാറ്റങ്ങളൊന്നുമുണ്ടാകാൻ പോകുന്നില്ല. ഇതിന്റെ ചർച്ചകളെല്ലാം കെട്ടടങ്ങളുമ്പോൾ മനുഷ്യർ പഴയതുപോലെ തന്നെ ആകും. അങ്ങനെ വലിയൊരു മാറ്റമുണ്ടാക്കാൻ തരത്തിൽ ഭീകരതയൊന്നും കൊറോണ ഉണ്ടാക്കിയിട്ടില്ല.

വാക്‌സിൻ വൈകുന്നത്

കൊറോണ വൈറസ് ലോകത്ത് മുന്നെയുള്ളതാണ്. അതിന് വ്യത്യാസമുണ്ടായതാണ് ഇപ്പോഴത്തെ കൊവിഡ് 19 അല്ലെങ്കിൽ നോവൽ കൊറോണ വൈറസ് എന്നത്. പരിണാമപരമായി ജീവികൾക്കെല്ലാം മാറ്റം സംഭവിക്കുന്നുണ്ട്. മനുഷ്യനിലും അത് സംഭവിക്കുന്നുണ്ട്. വൈറസിന് ആ മാറ്റം പെട്ടെന്ന് സാധ്യവുമാണ്. പനി പിടിപ്പിക്കുന്നതെല്ലാം വൈറസാണ്. ഓരോ വർഷവും വ്യത്യസ്ത പനികളാല്ലോ ഉണ്ടാകുന്നത്. സ്ഥിരമായി ഒരുപോലെ പെരുമാറുന്ന വൈറസുകളെ പോലെയല്ലിത്. അതുകൊണ്ട് തന്നെയാണ് നമുക്ക് വാക്‌സിൻ കണ്ടുപിടിക്കാനൊക്കെ സമയമെടുക്കുന്നത്.

ലോക്ഡൗൺ നീട്ടിയാൽ പട്ടിണി മരണം

ഇനി വരാൻ പോകുന്ന ഏറ്റവും വലിയ ദുരന്തമെന്ന് പറയുന്നത് ക്ഷാമമായിരിക്കും, മനുഷ്യർ പട്ടിണിയിലേക്ക് നീങ്ങും. എന്തിനാണോ നമ്മൾ ഇത്രയും കരുതലെടുത്തത് അതിന്റെ വിപരീത ഫലം ലോക്ഡൗൺ ഇങ്ങനെ തുടർന്നാൽ സംഭവിക്കും. ഒരു ആന കുത്താൻ വന്നാൽ നമ്മൾ ആദ്യം ഓടി മരത്തിൽ കയറും. അപ്പോഴത്തെ സാഹചര്യത്തിൽ അത് ശരിയായിരിക്കും. എന്നാൽ എത്ര ദിവസം ആ മരത്തിൽ കഴിച്ചുകൂട്ടാനാകും. മരത്തിന്റെ മുകളിൽ നമ്മൾ കുടുങ്ങിപ്പോകും. ദിവസങ്ങളോളം ആന പോയില്ലെങ്കിൽ ആനയുടെ കുത്തേറ്റിട്ടായിരിക്കില്ല മരത്തിന് മുകളിൽ പട്ടിണി കിടന്ന് മരിക്കും. അപ്പോ ചെയ്യേണ്ടത് മരത്തിന് മുകളിൽ നിന്ന് ആനയുടെ കണ്ണുവെട്ടിച്ച് ഇറങ്ങി സുരക്ഷിതമായി കാടുകടക്കുക എന്നതാണ്. ആനയെ പേടിച്ച് മരത്തിൽ കയറിയ അവസ്ഥയിലാണ് ഇപ്പോൾ നമ്മളെല്ലാവരും ലോക്ഡൗണിലിരിക്കുന്നത്. ഒരു ഉത്പാദനവും നടക്കുന്നില്ല.

നമ്മുടെ ഗോഡൗണുകളിൽ ഉണ്ടെന്ന് പറയുന്ന ഭക്ഷ്യധാന്യങ്ങൾ ഒരു സുപ്രഭാതത്തിൽ അവിടെ വന്നുചേർന്നതല്ല. നിരന്തര പ്രക്രിയകളിലൂടെയാണ് അത് അവിടെയെത്തിയത്. ഇപ്പോഴുള്ള സ്റ്റോക്ക് കഴിയുന്നതിന് മുമ്പ് അത് വീണ്ടും നിറക്കേണ്ടതുണ്ട്. അത് ചെയ്യേണ്ട സമയമാണ് നമ്മൾ ലോക്ഡൗണിലിരിക്കുന്നത്. എത്രയും പെട്ടെന്ന് ലോക്ഡൗൺ പിൻവലിച്ച് മനുഷ്യർ കൃഷിയിലേക്കിറങ്ങണം. അതിന് സുരക്ഷിതമായ മാർഗങ്ങൾ തേടണം. അസുഖം മരണകാരണമായി ബാധിക്കുന്നത് വൃദ്ധരെയും മറ്റ് അസുഖങ്ങളുള്ളവരെയുമാണ്. അത്തരം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി ബാക്കിയെല്ലാവരും ഉത്പാതനം നടത്തണം. അത് സംഭവിച്ചില്ല എങ്കിൽ കൊറോണ ബാധിച്ച് മരിക്കുന്നതിനേക്കാളേറെ ആളുകൾ പട്ടിണി കിടന്ന് മരിക്കുന്ന അവസ്ഥയുണ്ടാകും.- മൈത്രേയൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP