Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക് ഡൗൺ പിൻവലിക്കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കി ന്യൂസൗത്ത് വെയ്ൽസ്; രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് നിരവധി ഇളവുകൾ; ഇളവുകൾ അറിയാം

ലോക് ഡൗൺ പിൻവലിക്കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കി ന്യൂസൗത്ത് വെയ്ൽസ്; രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് നിരവധി ഇളവുകൾ; ഇളവുകൾ അറിയാം

സ്വന്തം ലേഖകൻ

ന്യൂ സൗത്ത് വെയിൽസ് സർക്കാർ സമ്പദ്വ്യവസ്ഥയുടെ മിക്ക മേഖലകളും വാക്‌സിനേഷൻ ചെയ്ത ആളുകൾക്കായി വീണ്ടും തുറക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുകയാണ്. ഒരുപക്ഷേ ഒക്ടോബർ പകുതിയോടെ ഈ മാറ്റങ്ങൾ നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.കഴിഞ്ഞ മൂന്ന് മാസമായി സുഹൃത്തുക്കളെയും കുടുംബത്തെയും സന്ദർശിക്കാൻ കഴിയാതെ വീട്ടിൽ കുടുങ്ങിക്കിടക്കുന്ന ദശലക്ഷക്കണക്കിന് സംസ്ഥാന നിവാസികൾക്ക് ഇത് ഏറെ ഗുണം ചെയ്യും.

രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് നിരവധി ഇളവുകളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.വാക്സിനേഷൻ 80 ശതമാനമാകുമ്പോൾ രാജ്യാന്തര യാത്രകൾക്കുള്ള സാധ്യതകൾ ഉൾപ്പെടെയുള്ള കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കാമെന്നും പ്രീമിയർ വ്യക്തമാക്കി.

ആദ്യ ഘട്ടത്തിൽ അഞ്ച് പേർക്ക് ഒരു വീട് സന്ദർശിക്കാൻ അനുവാദം നൽകും. 12 വയസും അതിൽ താഴെയുമുള്ള കുട്ടികളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലകെട്ടിടത്തിന് പുറത്ത് 20 പേർക്ക് വരെ ഒത്തുചേരാം.റീറ്റെയ്ൽ സ്റ്റോറുകൾ, ജിമ്മുകൾ, നെയിൽ സലൂണുകൾ, ഹയർഡ്രെസ്സർമാർ, എന്നിവ നിയന്ത്രണങ്ങളോടെ തുറക്കും. എന്നാൽ ഹോസ്പിറ്റാലിറ്റി മേഖലകളിൽ കെട്ടിടത്തിന് അകത്ത് നാല് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥയും, കെട്ടിടത്തിന് പുറത്ത് രണ്ട് ചതുരശ്ര മീറ്ററിൽ ഒരാളെന്ന വ്യവസ്ഥയും ബാധകമാകും. റീറ്റെയ്ൽ സ്റ്റോറുകളിൽ നാല് ചതുരശ്രമീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥ ഉണ്ടാകും.

നീന്തൽ കുളങ്ങളും, ജിമ്മുകളും തുറക്കും.സ്റ്റേഡിയം, തീയറ്റർ, കെട്ടിടത്തിന് പുറത്തുള്ള വലിയ സംവിധാനങ്ങൾ എന്നിവയിൽ 5,000 പേർക്ക് പ്രവേശിക്കാം. അതും നാല് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥയിൽ.വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും 50 പേർക്ക് ഒത്തുചേരാം.ആരാധനാലയങ്ങൾ നാല് ചതുരശ്രമീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥ പാലിച്ചുകൊണ്ട് തുറക്കാം. എന്നാൽ പാട്ടു പാടാൻ അനുവാദമില്ല.കാരവൻ പാർക്കുകളും, ക്യാമ്പിങ് ഗ്രൗണ്ടുകളും തുറക്കും.കാർപൂളിങ് അനുവദിക്കും

അതേസമയം, വാക്സിൻ സ്വീകരിക്കാത്ത 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് കെട്ടിടത്തിന് പുറത്തുള്ള സംവിധാനങ്ങൾ സന്ദർശിക്കാം. എന്നാൽ വാക്സിൻ സ്വീകരിച്ച വീട്ടിലുള്ളവർക്കൊപ്പം മാത്രമേ കെട്ടിടത്തിന് അകത്തുള്ള ഇടങ്ങൾ സന്ദർശിക്കാൻ അനുവാദമുള്ളൂ.

റീറ്റെയ്ൽ മേഖലകളിൽ ജനങ്ങൾ നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ QR കോഡ് സംവിധാനം ഉപയോഗിക്കുമെന്നും പ്രീമിയർ വ്യക്തമാക്കി.കെട്ടിടത്തിന് അകത്തും, പൊതുഗതാഗത സംവിധാനങ്ങളിലും മാസ്‌ക് നിര്ബന്ധമായി തുടരും. എന്നാൽ ഹോസ്പിറ്റാലിറ്റി മേഖലയിലുള്ളവർ മാത്രം കെട്ടിടത്തിന് പുറത്ത് മാസ്‌ക് ധരിച്ചാൽ മതി.12 വയസിൽ താഴെയുള്ള കുട്ടികൾ മാസ്‌ക് ധരിക്കേണ്ടതില്ല.

രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്കും ആരോഗ്യ സംബന്ധമായ കാര്യങ്ങൾക്കൊണ്ട് വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർക്കും മാത്രമാണ് ഈ ഇളവുകളെല്ലാം ബാധകമാകുന്നത്.അതേസമയം, കമ്മ്യൂണിറ്റി കായിക പരിപാടികൾ ഉൾപ്പെടെയുള്ള ചില പരിപാടികൾ ഇവിടെ ഉടൻ ആരംഭിക്കില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP