Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: പുരുഷ വിഭാഗം ലോങ്ജമ്പിൽ ഫൈനൽസിന് യോഗ്യത നേടി മലയാളി താരം എം ശ്രീശങ്കർ; 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാശ് മുകുന്ദ് സാബ്ലെ ഫൈനലിൽ

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: പുരുഷ വിഭാഗം ലോങ്ജമ്പിൽ ഫൈനൽസിന് യോഗ്യത നേടി മലയാളി താരം എം ശ്രീശങ്കർ; 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാശ് മുകുന്ദ് സാബ്ലെ ഫൈനലിൽ

സ്പോർട്സ് ഡെസ്ക്

ഒറിഗോൺ: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മലയാളി താരം ശ്രീശങ്കർ ലോംഗ്ജംപ് ഫൈനൽസിന് യോഗ്യത നേടി. എട്ട് മീറ്റർ ചാടിയാണ് ശ്രീശങ്കറിന്റെ നേട്ടം. ഫൈനലിൽ എത്തിയ പതിമൂന്ന് പേരിൽ മികച്ച ആറാമത്തെ ദൂരമാണ് ശ്രീശങ്കറിന്റേത്. അതേസമയം മലയാളി താരങ്ങളായ മുഹമ്മദ് അനീസിനും ജെസ്വിൻ ആൾഡ്രിനും യോഗ്യത നേടാനായില്ല.

അമേരിക്ക ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ലോങജമ്പിൽ രണ്ടാം ശ്രമത്തിൽ എട്ടുമീറ്റർ ദൂരം താണ്ടിയാണ് ശ്രീശങ്കർ ഫൈനലിലെത്തിയത്. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ് ശ്രീശങ്കർ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.

രണ്ട് ഗ്രൂപ്പുകളിലായാണ് യോഗ്യതാമത്സരം നടന്നത്. ആകെ ഏഴുപേരാണ് എട്ട് മീറ്റർ ദൂരം കണ്ടെത്തിയത്. ഇതേയിനത്തിൽ പങ്കെടുത്ത മുഹമ്മദ് അനീസ് യഹിയയും ജെസ്വിൻ ആൾഡ്രിൻ ജോൺസണും ഫൈനൽ കാണാതെ പുറത്തായത് തിരിച്ചടിയായി. ജെസ്വിൻ 7.79 മീറ്ററും യഹിയ 7.73 മീറ്ററുമാണ് കണ്ടെത്തിയത്.

പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാശ് മുകുന്ദ് സാബ്ലെ ഫൈനലിലെത്തി. മൂന്നാം ഹീറ്റ്‌സിൽ മൂന്നാമത് ഫിനിഷ് ചെയ്താണ് അവിനാഷ് യോഗ്യത നേടിയത്. 8 മിനിറ്റും 18 സെക്കന്റും കൊണ്ടാണ് താരം ഫിനിഷ് ചെയ്തത്.
ഉദ്ഘാടന മത്സരങ്ങളിലൊന്നായ വനിതകളുടെ 20 കിലോമീറ്റർ നടത്തത്തിൽ പെറുവിന്റെ കിംബെർലി ഗാർഷ്യ ലിയോൺ സ്വർണം നേടി. 20 കിലോമീറ്റർ ഒരു മണിക്കൂറും 26 മിനിറ്റും 58 സെക്കന്റുമെടുത്താണ് താരം 20 കിലോമീറ്റർ പൂർത്തിയാക്കിയത്.

പോളണ്ടിന്റെ കാറ്റർസൈന സെഡ്സിയോബ്ലോ വെള്ളിയും ചൈനയുടെ ഷിജിയെ ക്യുയാങ് വെങ്കലവും നേടി. ഈ ഇനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച പ്രിയങ്ക ഗോസ്വാമി നിരാശപ്പെടുത്തി. 34-ാം സ്ഥാനത്താണ് പ്രിയങ്ക മത്സരം പൂർത്തീകരിച്ചത്. 20 കിലോമീറ്റർ പൂർത്തിയാക്കാൻ താരം ഒരു മണിക്കൂറും 39 മിനിറ്റും 42 സെക്കൻഡുമെടുത്തു.

പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യയുടെ സന്ദീപ് കുമാറും നിരാശപ്പെടുത്തി. ഫൈനലിൽ താരം 40-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒരു മണിക്കൂറും 31 മിനിറ്റും 58 സെക്കൻഡുമെടുത്താണ് താരം മത്സരം പൂർത്തീകരിച്ചത്. ഈ ഇനത്തിൽ ജപ്പാൻ സ്വർണവും വെള്ളിയും നേടി. തോഷികാസു യമനിഷി സ്വർണവും കോകി ഇക്കേഡ വെള്ളിയും നേടി. സ്വീഡന്റെ പെർസിയസ് കാൾസ്റ്റോം വെങ്കലം സ്വന്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP