Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഞ്ചാമത്തെ ചാട്ടം ശ്രീശങ്കരനെ എത്തിച്ചത് ഇന്ത്യൻ കായിക ചരിത്രത്തിലെ പുതു റെക്കോർഡിലേക്ക്; കോമൺവെൽത്ത് ഗെയിംസ് പുരുഷ അത്‌ലറ്റിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യാക്കാരനായി പാലക്കാടിന്റെ സ്വന്തം താരം; സ്വർണ ജേതാവിന്റത്രയും ദൂരം താണ്ടിയിട്ടും ആറാം ചാട്ടം പിഴച്ചതോടെ ശ്രീശങ്കരന് വഴുതി പോയത് സ്വർണം; മുഹമ്മദ് അനിസി മത്സരിച്ച് ചാടി അഞ്ചാമതെത്തി

അഞ്ചാമത്തെ ചാട്ടം ശ്രീശങ്കരനെ എത്തിച്ചത് ഇന്ത്യൻ കായിക ചരിത്രത്തിലെ പുതു റെക്കോർഡിലേക്ക്; കോമൺവെൽത്ത് ഗെയിംസ് പുരുഷ അത്‌ലറ്റിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യാക്കാരനായി പാലക്കാടിന്റെ സ്വന്തം താരം; സ്വർണ ജേതാവിന്റത്രയും ദൂരം താണ്ടിയിട്ടും ആറാം ചാട്ടം പിഴച്ചതോടെ ശ്രീശങ്കരന് വഴുതി പോയത് സ്വർണം; മുഹമ്മദ് അനിസി മത്സരിച്ച് ചാടി അഞ്ചാമതെത്തി

മറുനാടൻ മലയാളി ബ്യൂറോ

ബർമിങ്ഹാം: ഇന്ത്യൻ കായിക ലോകത്ത് പുതു ചരിത്രം കുറിച്ച് മലയാളി താരം എം. ശ്രീശങ്കർ. കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോങ്ജംപ് ഫൈനലിൽ വെള്ളിമെഡൽ നേടി ശ്രീശങ്കർ ഇന്ത്യയുടെ അഭിമാനമായി മാറി്. ഫൈനൽ മത്സരത്തിലെ അഞ്ചാം ഊഴത്തിൽ 8.08 മീറ്റർ ദൂരം പിന്നിട്ടാണ് മലയാളികളുടെ ശ്രീ ചരിത്രത്തിനൊപ്പമെത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ പുരുഷ ലോങ്ജംപിൽ ഇന്ത്യക്ക് ആദ്യമായിട്ടാണ് മെഡൽ നേടാനാകുന്നത്. മെഡൽ നിരാശ നിറഞ്ഞ ആദ്യ നാലു അവസരങ്ങൾക്കുശേഷം ഒരൊറ്റച്ചാട്ടത്തിലൂടെ ശ്രീശങ്കർ ഇന്ത്യൻ കായിക പ്രേമികളുടെ പ്രതീക്ഷ കാത്തു.

സ്വർണം നേടിയ ബഹാമാസിന്റെ ലാക്വാൻ നയിനും ശ്രീശങ്കറിന്റെ അതേ ദൂരം മാത്രമാണ് ചാടിയത്. പക്ഷേ തന്റെ രണ്ടാമത്തെ ശ്രമത്തിൽ തന്നെ മികച്ച ദൂരം മറികടന്നതിനാൽ സ്വർണം നേടി. ശ്രീശങ്കർ തന്റെ അഞ്ചാം ശ്രമത്തിലാണ് മെഡൽ കരസ്ഥമാക്കാനായ 8.08 മീറ്റർ ദൂരം കടന്നത്. ആദ്യ മൂന്ന് ജമ്പുകളിൽ 7.60 മീറ്റർ, 7.84, 7.84 എന്നിങ്ങനെയായിരുന്നു ശ്രീശങ്കറിന്റെ ചാട്ടം. നാലാം ശ്രമത്തിൽ എട്ടുമീറ്റർ മറികടന്നെങ്കിലും ഒരു സെന്റിമീറ്ററിന്റെ വ്യത്യാസത്തിൽ ഫൗളായി. ദക്ഷിണാഫ്രിക്കയുടെ ജൊവാൻ വാൻ വൂറെൻ വെങ്കലം (8.06 മീറ്റർ) നേടി.

ലോങ്ജംപിൽ ഇന്ത്യക്ക് രണ്ട് മെഡൽപ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്. മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് യഹിയയും ഫൈനലിൽ മത്സരിച്ചിരുന്നു. മുഹമ്മദ് അനീസ് 7.97 മീറ്റർ ചാടി അഞ്ചാം സ്ഥാനത്തെത്തി. ആറാം ശ്രമത്തിലാണ് അനീസ് മികച്ച ദൂരം കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയുടെ ജോവാൻ വാൻ വൂറൻ (8.06 മീ.) വെങ്കലം നേടി. ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിൽ അത്ലറ്റിക്സിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് ശ്രീശങ്കറിന്റേത്. നേരത്തെ ഹൈജംപിൽ തേജസ്വിൻ ശങ്കർ വെങ്കലം നേടിയിരുന്നു.
കഴിഞ്ഞ രണ്ട് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും ടോക്യോ ഒളിമ്പിക്സിലും പങ്കെടുത്ത ശ്രീശങ്കറിന് സീനിയർ അന്താരാഷ്ട്ര മത്സരത്തിൽ ലഭിച്ച പ്രധാന മെഡലാണിത്.

ഇന്നു പുലർച്ചെ നടന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ആരാധകരുടെ ചങ്കിടിപ്പ് വർധിപ്പിക്കുന്നതായിരുന്നു ശ്രീശങ്കറിന്റെ ഓരോ ചാട്ടങ്ങളും. യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഫൈനലിലെത്തിയ ശ്രീശങ്കർ അനായാസം മെഡൽ നേടുമെന്നു പ്രതീക്ഷിച്ചെങ്കിലും തുടക്കം പിഴച്ചു. ആദ്യ ചാട്ടത്തിൽ 7.60 മീറ്റർ പിന്നിട്ട ശ്രീശങ്കർ തുടർന്നുള്ള 2 ശ്രമങ്ങളിൽ ചാടിയത് 7.84 മീറ്റർ മാത്രമായിരുന്നു. ബഹാമാസിന്റെ ലാക്വാൻ നയിനും ദക്ഷിണാഫ്രിക്കയുടെ ജൊവാൻ വാൻ വൂറെന്നും ജമൈക്കയുടെ ഷോൺ തോംസണും ഇതിനുള്ളിൽ 8 മീറ്ററിനു മുകളിൽ ചാടുകയും ചെയ്തതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെഡൽ നഷ്ടമാകുമോയെന്ന ആശങ്കയായിരുന്നു ഇന്ത്യൻ ആരാധകരുടെ മനസ്സിൽ.

ഫൈനലിലെ 4 അവസരങ്ങൾ പൂർത്തിയായപ്പോൾ ആറാംസ്ഥാനത്തായിരുന്നു ശ്രീശങ്കർ. എന്നാൽ അഞ്ചാമത്തെ ചാട്ടത്തിൽ 8.08 മീറ്റർ പിന്നിട്ടതോടെ രണ്ടാംസ്ഥാനത്തേക്കു കുതിച്ചുകയറി. സ്വർണം നേടാൻ അവസാന ഊഴത്തിൽ മെച്ചപ്പെട്ട പ്രകടനം ശ്രീശങ്കറിന് അനിവാര്യമായിരുന്നു. കരിയറിൽ 8.36 മീറ്റർ പിന്നിട്ടുള്ള ശ്രീശങ്കർ അവസാന ഊഴത്തിൽ വിസ്മയം കാട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും ആ ജംപ് ഫൗളായതോടെ സ്വർണ പ്രതീക്ഷകൾ അസ്തമിച്ചു. പാലക്കാട് യാക്കര സ്വദേശിയായ ശ്രീശങ്കർ മുൻ ഇന്ത്യൻ അത്ലറ്റുകളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP