Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അനേകർക്ക് വെളിച്ചമായി 'ലൈറ്റ് ഇൻ ലൈഫ് ' സ്വിറ്റ്സർലാൻഡ്; വാർഷിക പൊതുയോഗം നടത്തി

അനേകർക്ക് വെളിച്ചമായി 'ലൈറ്റ് ഇൻ ലൈഫ് ' സ്വിറ്റ്സർലാൻഡ്; വാർഷിക പൊതുയോഗം നടത്തി

സ്വന്തം ലേഖകൻ

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സുമനസ്സുകളുടെ കൂട്ടായ്മയായ 'ലൈറ്റ് ഇൻ ലൈഫ്' സ്വിറ്റ്‌സർലണ്ടിന്റെ 2020 ലെ വാർഷിക പൊതുയോഗം നടന്നു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ സൂം - മീഡിയ വഴി അംഗങ്ങൾ എല്ലാവരും അവരവരുടെ വീടുകളിൽത്തന്നെയിരുന്ന് ഈ വർഷത്തെ പൊതുയോഗത്തിൽ സംബന്ധിച്ചത് ഒരു പുതിയ അനുഭവമായി. മൗന പ്രാർത്ഥനയോടെ ആരംഭിച്ച പൊതുയോഗം, സംഘടനാംഗങ്ങളുടെ ഉറ്റവരും ഉടയവരും സഹകാരികളും അഭ്യുദയകാംക്ഷികളുമായിരുന്നവരും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മരണംമൂലം വേർപിരിഞ്ഞുപോയവരുമായ എല്ലാവരെയും ഒരു നിമിഷം അനുസ്മരിച്ചു.

ലൈറ്റ് ഇൻ ലൈഫ് പ്രസിഡന്റ് ഷാജി എടത്തല അധ്യക്ഷ പ്രസംഗം നടത്തി. കഴിഞ്ഞ ഒരു വര്ഷം സംഘടന നടത്തിയ വിവിധങ്ങളായ കർമ്മപരിപാടികൾ വിജയിപ്പിക്കുന്നതിന് ഓരോ അംഗവും നടത്തിയ ഇടപെടലുകൾ അഭിനന്ദനീയം ആണെന്ന് അദ്ദേഹം പറഞ്ഞു. 2020 ൽ സ്വിസ് ഫ്രാൻക് 162175 ( ഉദ്ദേശം ഒരു കോടി പതിനെട്ടുലക്ഷത്തി മുപ്പത്താറായിരം രൂപയുടെ) പദ്ധതികളാണ് ലൈറ്റ് ഇൻ ലൈഫ് വിജയകരമായി നടപ്പാക്കിയത് .

വരും വർഷത്തേക്കുള്ള ബഡ്ജറ്റ് പൊതുയോഗം എതിരില്ലാതെ പാസാക്കി. 243700 സ്വിസ് ഫ്രാൻകിന്റെ ( ഉദ്ദേശം ഒരു കോടി തൊണ്ണൂറു ലക്ഷം രൂപ) വിവിധ പദ്ധതികളാണ് 2021 ൽ നടപ്പിലാക്കുവാൻ ലൈറ്റ് ഇൻ ലൈഫ് ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ മൂന്നു വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ ആസാം, മേഘാലയ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ മുൻവർഷങ്ങളിൽ പൂർത്തിയാക്കിയ മൂന്നു സ്‌കൂളുകൾക്ക് ശേഷം, മിസോറാം സംസ്ഥാനത്തു ഒരു സ്‌കൂൾ നിർമ്മിച്ചു നൽകുവാനും യോഗത്തിൽ തീരുമാനമായി. മുൻവർഷ പദ്ധതികൾ പോലെ തന്നെ MSFS നേതൃത്വം നൽകുന്ന FAsCE India യുമായി സഹകരിച്ചു പദ്ധതി നടപ്പാക്കുവാനാണ് തീരുമാനം. തുടക്കത്തിൽ 280 കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഈ പദ്ധതി കൊണ്ട് ലഭിക്കും. ലൈറ്റ് ഫോർ ചൈൽഡ് പദ്ധതിയും ഉപരി വിദ്യാഭ്യാസ സഹായ നിധി പദ്ധതികളും വരുംവർഷങ്ങളിലും തുടരാൻ തീരുമാനമായി. വര്ഷങ്ങളായി നിലവിലുള്ള, ആലംബഹീനരായ ഭവനരഹിതരെ സഹായിക്കുന്ന 'ആലയം' ഭവന പദ്ധതിക്ക് പുറമെ, ഈ വര്ഷം പത്തു ഭവനങ്ങളുടെ ഒരു സമുച്ചയം നിർമ്മിച്ച് നൽകുന്നതിനായി ഒരു സ്‌പെഷ്യൽ പ്രോജക്ടു കൂടി പരിഗണനയിൽ ഉണ്ടെന്നു പ്രോജക്ട് മാനേജർമാത്യു തെക്കോട്ടിൽ അറിയിച്ചു. (ഈ വര്ഷം കോട്ടയം ജില്ലയിൽ നടപ്പാക്കിയ 'പുനർജനി ' പ്രളയാനന്തര പുനരധിവാസ സമുച്ചയം ഉൾപ്പടെ, ഇതിനോടകം 106 ഭവനങ്ങളുടെ നിർമ്മിതിയാണ് ലൈറ്റ് ഇൻ ലൈഫ് വഴി സാധ്യമായത്.) ഈ പ്രോജക്ടുമായി സഹകരിക്കുവാൻ താല്പര്യമുള്ളവർക്ക് [email protected] എന്ന ഇ-മെയിൽ അഡ്രസ് വഴി ബന്ധപ്പെടാവുന്നതാണ്.

വ്യത്യസ്ത സംഘടനകളിൽ പ്രവർത്തിക്കുമ്പോഴും നന്മയുടെ നറുമലരുകളാകാൻ മലയാളിക്ക് സാങ്കേതികതകൾ തടസ്സമാകില്ല എന്നതിന് ഒരു ഉദാഹരണമായിരുന്നു ഈ വര്ഷം സ്വിറ്റ്സർലൻഡിൽ നിന്നും നടപ്പാക്കിയ ചാരിറ്റി പ്രൊജക്റ്റായ സ്‌നേഹ സ്പർശം. തിരുവനന്തപുരത്തുള്ള ശ്രീ. ഗോപിനാഥ് മുതുകാട് മാജിക് അക്കാഡമിയിലെ ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കുവാൻ, സ്വിറ്റ്സർലണ്ടിലെ തന്നെ സൗഹൃദ കൂട്ടായ്മയായ ഹലോഫ്രണ്ട്‌സിനൊപ്പം, ലൈറ്റ് ഇൻ ലൈഫും ഒരു കൈത്താങ്ങാകാൻ തീരുമാനിച്ചപ്പോൾ, കലർപ്പില്ലാത്ത കരുതലിന്റെയും മാതൃകയാക്കാവുന്ന മാനവികതയുടെയും നേർക്കാഴ്ചയായി.

ലൈറ്റ് ഇൻ ലൈഫിന്റെ മുൻകൂട്ടി തയാറാക്കിയ പദ്ധതികൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കേണ്ട പ്രതിബദ്ധത ഉള്ളപ്പോഴും, അപ്രതീക്ഷിതമായി എത്തിയ കോവിഡ് മഹാമാരി, കണക്കു കൂട്ടലുകളെ ഒരു പരിധി വരെ മാറ്റി മറിച്ചു എന്ന് പറയാതെ വയ്യ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ, പദ്ധതി പ്രദേശങ്ങളിൽ കോവിഡ്-19 കനത്ത ആഘാതം സൃഷ്ടിച്ചു. ദുരിതബാധിതർക്ക്, നേരിട്ട് സഹായം എത്തിക്കുവാൻ ലൈറ്റ് ഇൻ ലൈഫ് നടത്തിയ ധനസമാഹരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതുവഴി 15500 സ്വിസ് ഫ്രാൻക് (പന്ത്രണ്ടു ലക്ഷത്തിനു മുകളിൽ രൂപ) സമാഹരിക്കുകയും FAsCE India മുഖേന ദുരിതബാധിതർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തു.

ലോകോത്തര ജീവകാരുണ്യ സംഘടനാ സഹകാരിയായ, അമേരിക്കയിലെ ഗ്ലോബൽ ഗിവിങ് ഫൗണ്ടേഷന്റെ പട്ടികയിൽ ഇടം നേടാനായി എന്നതും ഈവർഷം ലൈറ്റ് ഇൻ ലൈഫിന് അഭിമാനിക്കാൻ ഏറെ വകനൽകുന്നു. 2018 - 2019 വർഷങ്ങളിലെ പ്രളയാനന്തര ദുരിതാശ്വാസ - പുനരധിവാസ പ്രവർത്തനങ്ങളും സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള മറ്റു ഇടപെടലുകളുമാണ്, 170 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഗ്ലോബൽ ഗിവിങ്ങിന്റെ അംഗീകാരത്തിന് സംഘടനയെ അർഹമാക്കിയത്.

സൂം മീഡിയ വഴി നടത്തിയ പൊതുയോഗത്തിന്റെ സാങ്കേതിക സംവിധാനങ്ങൾ സംഘടനയുടെ ട്രഷറർ കൂടിയായ ശ്രീ ഗോർഡി മണപ്പറമ്പിൽ നിയന്ത്രിച്ചു. പൊതുയോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും, ലൈറ്റ് ഇൻ ലൈഫിന്റെ സഹകാരികൾക്കും പ്രായോജകർക്കും സെക്രട്ടറി എബ്രഹാം മാത്യു നന്ദി പറഞ്ഞു. രാവിലെ 10 മണിക്ക് ആരംഭിച്ച പൊതുയോഗം ഉച്ചക്ക് 1 മണിക്ക് സമാപിച്ചു.

(റിപ്പോർട്ട് തയാറാക്കിയത്: ജോർജ് നടുവത്തേട്ട് , PRO

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP