Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖത്തറിലെ പ്രമുഖ ഇ.എൻ.ടി സർജനും സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ ഡോ. മോഹൻ തോമസിന് പ്രവാസി ഭാരതീയ സമ്മാനം

ഖത്തറിലെ പ്രമുഖ ഇ.എൻ.ടി സർജനും സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ ഡോ. മോഹൻ തോമസിന് പ്രവാസി ഭാരതീയ സമ്മാനം

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിലെ പ്രമുഖ ഇ.എൻ.ടി സർജനും സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ ഡോ.മോഹൻ തോമസിന് പ്രവാസി ഭാരതീയ സമ്മാനം. പ്രവാസ ലോകത്ത് മികച്ച സേവനമനുഷ്ടിക്കുന്ന ഭാരതീയർക്കായി ഇന്ത്യാ ഗവൺമെന്റ് ഏർപ്പെടുത്തിയ പരമോന്നത ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാൻ. ആതുരസേവന രംഗങ്ങളിലും സാമൂഹ്യ സാംസ്‌കാരിക രംഗത്തുമുള്ള മികച്ച പ്രവർത്തനങ്ങളാണ് ഡോ. മോഹൻ തോമസിനെ അവാർഡിന് അർഹനാക്കിയത്.

കഴിഞ്ഞ 38 വർഷത്തോളമായി ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക സേവന രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഡോ. മോഹൻ തോമസ് കോവിഡ് കാലത്ത് ഇന്ത്യൻ സമൂഹത്തിനായി നടത്തിയ മികച്ച സേവനങ്ങളും അദ്ദേഹത്തിന്റെ അവാർഡിന് തിളക്കമേറ്റുന്നു. ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ സന്നദ്ധ പ്രവർത്തകർ, ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവരുടെ സഹകരണവും കൂട്ടായ്മയുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ സഹായിച്ചതെന്നും ഈ പുരസ്‌കാരം ഞാൻ അവർക്കായി സമർപ്പിക്കുകയാണെന്നുമാണ് അവാർഡിനോട് പ്രതികരിച്ച് ഡോ. മോഹൻ തോമസ് പറഞ്ഞത്.

ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡണ്ടായിരുന്ന ഡോ. മോഹൻ തോമസ് വൈവിധ്യമാർന്ന സേവന പ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ സമൂഹത്തിന്റെ വിശ്വാസമാർജിച്ചിരുന്നു. കോവിഡ് കാലത്ത് ഖത്തറിലെ ആയിരക്കണക്കിന് കോവിഡ് ദുരിതബാധിതർക്ക് ഭക്ഷണവും ടിക്കറ്റും ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിച്ചുകൊടുത്ത എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം അഡൈ്വസറി ബോർഡ് ചെയർമാൻ എന്ന നിലയിലും ഡോക്ടർമാരുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിലും നേതൃപരമായ പങ്കാണ് ഡോ. മോഹൻ തോമസ് വഹിച്ചത്.

ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് ടെസ്റ്റിന് പകരം ഇഹിതിറാസ് ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് മതിയെന്ന് കേരള സർക്കാരിനെ കൊണ്ട് തീരുമാനമെടുപ്പിച്ചതിന് പിന്നിലും ഡോ. മോഹൻ തോമസിന്റെ ഇടപെടൽ ഉണ്ടായിരുന്നു.

ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്‌ക്കൂളായ ബിർള പബ്ളിക് സ്‌ക്കൂളിന്റെ സ്ഥാപക പ്രസിഡണ്ടായ ഡോ. മോഹൻ തോമസ് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ എംബസിക്ക് കീഴിലെ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഹാജിക്ക ഹ്യുമാനിറ്റേറിയൻ സർവീസ് ഫൗണ്ടേഷൻ, ശാന്തി ഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽ തുടങ്ങിയവയുടെ രക്ഷാധികാരിയ അദ്ദേഹം ഷെയർ ആൻഡ് കെയർ ഫൗണ്ടേഷൻ, കെ.സി വർഗീസ് മെമോറിയൽ ഫൗണ്ടേഷൻ, സെർവ് പീപ്പിൾ ഫൗണ്ടേഷൻ തുടങ്ങി നിരവധി ജീവകാരുണ്യ സംരംഭങ്ങളുടെ മുൻനിര പ്രവർത്തകനാണ്.

തിരക്ക് പിടിച്ച മെഡിക്കൽ പ്രൊഫഷണലും സജീവമായ സാമൂഹ്യ പ്രവർത്തകനുമെന്നതോടൊപ്പം ഖത്തറിലും കേരളത്തിലുമുള്ള നിരവധി ബിസിനസ് സംരംഭങ്ങളിലും ഡോ. മോഹൻ തോമസിന് പങ്കാളിത്തമുണ്ട്. കൊച്ചി മെഡിക്കൽ സിറ്റി ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന ബൃഹത്തായ പദ്ധതിയുടെ ഭാഗമാണ് അദ്ദേഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP