Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിട്ടും സുരക്ഷ നൽകി; പൊലീസ് ഉന്നതർക്കെതിരെ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ നടത്തുന്ന അന്വേഷണം നീതിപൂർവകമല്ല: ഇന്റലിജൻസ് എഡിജിപി രണ്ടേകാൽ വർഷം മുൻപ് തട്ടിപ്പുകാരനെ കുറിച്ച് റിപ്പോർട്ട് തന്നിട്ട് സർക്കാർ എന്ത് ചെയ്തു? പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം

മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിട്ടും സുരക്ഷ നൽകി; പൊലീസ് ഉന്നതർക്കെതിരെ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ നടത്തുന്ന അന്വേഷണം നീതിപൂർവകമല്ല: ഇന്റലിജൻസ് എഡിജിപി രണ്ടേകാൽ വർഷം മുൻപ് തട്ടിപ്പുകാരനെ കുറിച്ച് റിപ്പോർട്ട് തന്നിട്ട് സർക്കാർ എന്ത് ചെയ്തു? പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോൻസൻ മാവുങ്കലിന് കോടികളുടെ തട്ടിപ്പ് നടത്താൻ ഒത്താശ ചെയ്ത ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന പൊലീസുകാർക്കെതിരെ താഴ്ന്ന റാങ്കിലുള്ള ഉദ്യോസ്ഥർ നടത്തുന്ന അന്വേഷണം നീതിപൂർവകമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നു കണ്ടെത്തിയ പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി എടുക്കാൻ പോലും മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല. മോൻസൻ അന്താരാഷ്ട്ര തട്ടിപ്പുകാരനാണെന്ന് എഡി.ജി.പി റിപ്പോർട്ട് നൽകി രണ്ടേകാൽ വർഷത്തിനു ശേഷമാണ് ഒരു പരാതിയിൽ അയാൾക്കെതിരെ അന്വേഷണം നടത്താൻ പൊലീസ് തയാറായത്. പുരാവസ്തു സൂക്ഷിക്കണമെങ്കിൽ രജിസ്ട്രേഷൻ വേണമെന്ന നിയമം ലംഘിച്ചയാൾക്ക് കേരള പൊലീസാണ് സംരക്ഷണം നൽകിയതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പുരാവസ്തു തട്ടിപ്പിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സഹായം നൽകിയ സാഹചര്യത്തെ കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവസ്യപ്പെട്ട് പി.ടി തോമസ് എംഎ‍ൽഎ നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ ഇറങ്ങിപ്പോക്കിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

മോൻസൻ തട്ടിപ്പുകാരനാണെന്ന് 2019 ലാണ് എ.ഡി.ജി.പി മുന്നറിയിപ്പ് നൽകിയത്. എന്നിട്ടും രണ്ടേകാൽ വർഷം പൊലീസ് എന്തു ചെയ്യുകയായിരുന്നു? 2020 ജനുവരിയിൽ ഇന്റലിജൻസ് വിഭാഗം വിശദമായ റിപ്പോർട്ട് നൽകി. സ്‌കൂൾ വിദ്യാഭ്യാസം മാത്രമുള്ള മോൻസൻ ഡോക്ടർ ചമയുകയാണെന്നും അന്താരാഷ്ട്ര തട്ടിപ്പുകാരനായ ഇയാളുടെ വരുമാന സ്രോതസ് വ്യക്തമല്ലെന്നും ഈ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും കോടിക്കണക്കിന് രൂപയുടെ അമൂല്യ പുരാവസ്തു ശേഖരമുണ്ടെന്നു പറഞ്ഞാണ് മോൻസന്റെ വീടിന് പൊലീസ് സംരക്ഷണം ഒരുക്കിയത്. അതു തന്നെയാണ് അയാളുടെ തട്ടിപ്പിന് വിശ്വാസ്യത നൽകിയതും. മോൻസന്റെ വീട്ടിൽ ദിവസേന നാലു തവണ പട്രോളിങ് നടത്തണമെന്നാണ് ഡി.ജി.പി നിർദ്ദേശം നൽകിയത്. അത് ഉറപ്പാക്കാൻ ഗേറ്റിൽ ബീറ്റ് ബുക്കും വച്ചു.

മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞു കൊണ്ട് അയാളുടെ വീട്ടിൽ പോയ വലിയൊരു വിഭാഗം സംസ്ഥാന പൊലീസ് സേനയിലുണ്ട്. എന്നാൽ തട്ടിപ്പുകാരനാണെന്ന് അറിയാതെ അയാളുടെ വീട്ടിൽ പോയി ഫോട്ടോ എടുത്തവരുമുണ്ട്. ഡോക്ടറാണെന്നു കരുതി സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ കോസ്മെറ്റിക് ചികിത്സയ്ക്ക് പോയി. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് പോകുന്ന പൊതുപ്രവർത്തകർക്കും സെലിബ്രിറ്റികൾക്കും പലർക്കൊപ്പവും നിന്ന് ഫോട്ടോയെടുക്കേണ്ടിവരും. അതിലാരെങ്കിലും പിന്നീട് കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടാൽ അവരുമായി ബന്ധമുണ്ടെന്നു പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്?

മോൻസനെതിരെ പരാതി നൽകിയവരെക്കുറിച്ചും പൊലീസ് അന്വേഷിക്കണം. എന്തിനാണ് ഇത്രയും വലിയ തുക അവർ കൊടുത്തത്? പരാതിക്കാരുടെ വിശ്വാസ്യതയിൽ നടൻ ശ്രീനിവാസനും സംശയം ഉന്നയിച്ചിട്ടുണ്ട്. മോൻസന് നേരിട്ടാണ് പണം കൊടുത്തതെന്നും ഒരു രാഷ്ട്രീയക്കാരും ഇടനിലക്കാരായിട്ടില്ലെന്നുമാണ് പരാതിക്കാരൻ ഒരു ചാനലിന് ആദ്യം നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. രണ്ടു ദിവസം കഴിഞ്ഞാണ് മാറ്റിപ്പറഞ്ഞത്. ഇതേക്കുറിച്ചും അന്വേഷിക്കണം. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. മോൻസനൊപ്പം മുന്മന്ത്രിമാർ ഉൾപ്പെടെയുള്ളവർ നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ അവർക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടില്ല. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമെ പ്രതിപക്ഷം ആരോപണം ഉന്നയിക്കൂ. സുധാകരന് എതിരായ ദുരാരോപണത്തിന്റെ മറവിൽ മോൻസന്റെ തട്ടിപ്പിന് കൂട്ടുനിന്ന പൊലീസുകാരെ സംരക്ഷിക്കാനുള്ള കൗശലം സർക്കാർ കാട്ടേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തട്ടിപ്പുകാരനാണെന്നു മനസിലാക്കിയ ശേഷവും മോൻസന്റെ വീടിന് സുരക്ഷയൊരുക്കാൻ ഡി.ജി.പിയായിരുന്ന ബഹ്റ ഉത്തരവിട്ടെന്ന് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.ടി തേമസ് എംഎ‍ൽഎ ചൂണ്ടിക്കാട്ടി. മോൻസൻ വ്യാജമായി ഉണ്ടാക്കിയ ചെമ്പോല ശബരിമല പ്രക്ഷോഭകാലത്ത് സർക്കാരും ദേശാഭിമാനിയും കൈരളിയും ദുരുപയോഗം ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മാത്രം പങ്കെടുത്ത കൊക്കൂൺ മീറ്റിംഗിൽ മോൻസനും ഇറ്റാലിയൻ പൗരത്വമുള്ള യുവതിയും പങ്കെടുത്തത് എങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തട്ടിപ്പുകാരുടെ വിളയാട്ടമാണ് പിണറായി സർക്കാരിന്റെ കാലമെന്നും പി.ടി തോമസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP