Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോൻസന്റെ അടുത്ത് ആരൊക്കെ പോയി, ചികിൽസ തേടി എന്നൊക്കെ ജനങ്ങൾക്ക് അറിയാം; 25 ലക്ഷം രൂപ തട്ടിപ്പുപണം കൈമാറിയത് പ്രമുഖന്റെ സാന്നിധ്യത്തിലാണ്; അന്വേഷണം എത്തേണ്ടവരിൽ എത്തും; കെ സുധാകരനെതിരെ ഒളിയമ്പെയ്ത മുഖ്യമന്ത്രി ബെഹ്‌റയെ സംരക്ഷിച്ചു സഭയിൽ

മോൻസന്റെ അടുത്ത് ആരൊക്കെ പോയി, ചികിൽസ തേടി എന്നൊക്കെ ജനങ്ങൾക്ക് അറിയാം; 25 ലക്ഷം രൂപ തട്ടിപ്പുപണം കൈമാറിയത് പ്രമുഖന്റെ സാന്നിധ്യത്തിലാണ്; അന്വേഷണം എത്തേണ്ടവരിൽ എത്തും; കെ സുധാകരനെതിരെ ഒളിയമ്പെയ്ത മുഖ്യമന്ത്രി ബെഹ്‌റയെ സംരക്ഷിച്ചു സഭയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിന്റെ വിഷയം നിയമസഭയിൽ ഉന്നയിച്ച പ്രതിപക്ഷത്തിന് കെ സുധാകരനെ ചൂണ്ടി മറുപടി നൽകി മുഖ്യമന്ത്രി പിണറായി. ആരൊക്കെ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിന്റെ അടുത്ത് പോയി, തങ്ങി, ചികിൽസ തേടി എന്നൊക്കെ ജനങ്ങൾക്ക് അറിയാമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മോൻസൻ മാവുങ്കലിന്റെ തട്ടിപ്പ് ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേര് പരാമർശിക്കാതെ മുഖ്യമന്ത്രിയുടെ ഒളിയമ്പ്.

കഴിഞ്ഞമാസം 9 നാണ് മോൻസനെക്കുറിച്ച് പരാതി കിട്ടിയത്. അതിനു മുമ്പ് ഡിജിപി സന്ദർശിച്ചതിന് ശേഷം മോൻസനെക്കുറിച്ച് അന്വേഷിക്കാൻ ഇന്റലിജൻസിന് നിർദ്ദേശം നൽകിയിരുന്നു. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ആരെങ്കിലും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാൽ അനുവദിക്കാതിരിക്കാനാകില്ല. അത്ര മാത്രമേ ചെയ്തിട്ടുള്ളൂ. മോൻസന്റെ വീടിന് സുരക്ഷ നൽകിയതിലെ വീഴ്ച അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോൻസന്റെ പുരാവസ്തുവിന്റെ ആധികാരികതയെക്കുറിച്ച് പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന പുരാവസ്തു വകുപ്പ് എന്നിവയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. തട്ടിപ്പിന് പൊലീസ് ഉദ്യോഗസ്ഥർ സഹായിച്ചിട്ടില്ല. 25 ലക്ഷം രൂപ തട്ടിപ്പുപണം കൈമാറിയത് പ്രമുഖന്റെ സാന്നിധ്യത്തിലാണ്. അന്വേഷണം എത്തേണ്ടവരിൽ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തെ പി ടി തോമസ് ആണ് മോൻസൻ മാവുങ്കലിന്റെ തട്ടിപ്പ് അടിയന്ത പ്രമേയമായി നിയമസഭയിൽ ഉന്നയിച്ചത്. മുൻ ഡിജിപി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പുകാരനുമായി ബന്ധമുണ്ട്. പൊലീസ് മേധാവിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അവിടെ എങ്ങനെ എത്തി. അവർക്ക് തട്ടിപ്പുകാരനായ വ്യക്തിയുമായി എത്രത്തോളം ബന്ധമുണ്ട്. അയാളുടെ തട്ടിപ്പിന് ഇവർ സഹായമ നൽകിയോ തുടങ്ങിയ കാര്യങ്ങൾ സർക്കാർ വിശദീകരിക്കണമെന്ന് പി ടി തോമസ് ആവശ്യപ്പെട്ടു.

ഉന്നത ഉദ്യോഗസ്ഥർ മോൻസന് സുരക്ഷ നൽകുകയാണ്. ഇറ്റാലിയൻ പൗരത്വമുള്ള യുവതി തട്ടിപ്പുകാരനും സർക്കാരും തമ്മിലുള്ള ഇടനിലക്കാരിയാണോ എന്നും പിടി തോമസ് ചോദിച്ചു. പൊലീസിന്റെ സമ്മേളനത്തിൽ മോൻസനും ഇറ്റലിയിൽ നിന്നുള്ള ഇടനിലക്കാരിയും പങ്കെടുത്തു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. മോൻസനുമായുള്ള പൊലീസ് ഉന്നതരുടെ ബന്ധമടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകി. മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് മോൻസനുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.

മോൻസൺ മാവുങ്കലിന് മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുമായി അടുത്ത ബന്ധമെന്ന് പി.ടി. തോമസ് ആരോപിച്ചു. മോൻസൺ പുരാവസ്തു എന്ന പേരിൽ വ്യാജ സാധനങ്ങൾ കൈമാറി കോടികളുടെ തട്ടിപ്പും തിരിമറിയുമാണ് നടത്തിയത്. നിരവധി പേരെ വഞ്ചിച്ച വ്യക്തിക്ക് സംസ്ഥാനത്തെ മുൻ പൊലീസ് മേധാവി അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സംരക്ഷണം ലഭിച്ചിട്ടുണ്ട്.

മോൻസണിന്റെ പ്രവർത്തനങ്ങൾ സംശയകരമെന്ന് രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. ഇത് കണ്ടില്ലെന്ന് പൊലീസ് നടിച്ചു. ഇന്റജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിന് മാസങ്ങൾക്ക് മുമ്പേ ബെഹ്‌റ അടക്കം ഉന്നത ഉദ്യോഗസ്ഥർ മോൻസണിന്റെ വീട് സന്ദർശിച്ചു. ആ സമയത്ത് എടുത്ത ഫോട്ടോ മോൻസൺ ദുരുപയോഗം ചെയ്തു. ഇതിന് പിന്നാലെയാണ് മോൻസണിനെതിരെ രഹസ്യവിവരം ലഭിക്കുകയും ഇന്റജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതും. ബീറ്റ് ബോക്‌സ് അടക്കം മോൻസണിന്റെ വീട്ടിൽ പൊലീസ് സ്ഥാപിക്കുകയും സംരക്ഷണം ഒരുക്കുകയും ചെയ്‌തെന്നും പി.ടി. തോമസ് ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP