Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ലോക്കപ്പിനുള്ളിലിട്ട് തല്ലുകയും കൊല്ലുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കില്ല' ;പീരുമേട് സംഭവത്തിൽ പൊലീസുകാർ കുറ്റക്കാരെങ്കിൽ സർവീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ; 'വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച കേസിലെ എല്ലാ പ്രതികളും പൊലീസ് സർവീസിലുണ്ടെന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്'; പിണറായിയുടെ വാക്കിനും കീറച്ചാക്കിനും ഒരേ വിലയാണെന്നും ചെന്നിത്തല

'ലോക്കപ്പിനുള്ളിലിട്ട് തല്ലുകയും കൊല്ലുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കില്ല' ;പീരുമേട് സംഭവത്തിൽ പൊലീസുകാർ കുറ്റക്കാരെങ്കിൽ സർവീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ; 'വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച കേസിലെ എല്ലാ പ്രതികളും പൊലീസ് സർവീസിലുണ്ടെന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്'; പിണറായിയുടെ വാക്കിനും കീറച്ചാക്കിനും ഒരേ വിലയാണെന്നും ചെന്നിത്തല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പീരുമേട്ടിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ട സംഭവത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി. ആളുകളെ ലോക്കപ്പിനുള്ളിൽ വെച്ച് തല്ലുകയും കൊല്ലുകയും ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനേയും സംരക്ഷിക്കില്ലെന്നും അത്തരം ഉദ്യോഗസ്ഥർ സർവീസിലുണ്ടാകില്ലെന്നും ഉറപ്പിച്ച് പറഞ്ഞ് പിണറായി വിജയൻ. സംഭവത്തിൽ കേസ് ദുർബലമാക്കുവാൻ ശ്രമം നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വി.ഡി സതീശന്റെ അടിയന്ത്ര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ ഇടുക്കി എസ്‌പിക്ക് നേരെ കൃത്യമായ അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ അനുമതി ലഭിക്കാഞ്ഞതിൽ പ്രതിഷേധിച്ച് സഭയിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. എന്നാൽ മുഖ്യമന്ത്രിയുടെ വാക്കിന് ഒരു വിലയുമില്ലെന്നും വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച കേസിലെ എല്ലാ പ്രതികളും ഇപ്പോൾ പൊലീസ് സർവീസിലുണ്ടെന്ന കാര്യം മുഖ്യമന്ത്രി മറക്കരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. വരാപ്പുഴ കസ്റ്റഡി മരണത്തിന് നേതൃത്വം കൊടുത്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥാനകയറ്റം നൽകി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി താങ്കൾ നിയമിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കിനും കീറച്ചാക്കിനും ഒരേ വിലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുമാർ തീരെ അവശനായിരുന്നെന്നു സഹതടവുകാർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവശനായിട്ടും എന്തുകൊണ്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കാത്തതെന്നു മനസിലാകുന്നില്ല. 19, 20 തീയതികളിൽ കുമാറിനെ പീരുമേട്ടിൽനിന്ന് കോട്ടയം മെഡിക്കൽ കോളജിൽ കൊണ്ടുവന്നിട്ടുണ്ട്. ആരോഗ്യസ്ഥിതി മോശമാണെന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് ഇത്രയും ദൂരം യാത്ര ചെയ്ത് കോട്ടയത്തുകൊണ്ടുവന്നതെന്ന് മനസിലാകുന്നില്ല. കോട്ടയത്ത് അഡ്‌മിറ്റ് ചെയ്യാനും ഉദ്യോഗസ്ഥർ തയാറായില്ല. 21ന് രാവിലെയാണ് കുമാർ മരിക്കുന്നത്.

എറണാകുളം റേഞ്ച് ഐജിയാണ് കേസിന്റെ മേൽനോട്ടം വഹിക്കുന്നത്. പ്രാഥമിക അന്വേഷണം പൂർത്തിയായശേഷം തുടർനടപടികൾ സ്വീകരിക്കും. കുറ്റക്കാരെ ആരെയും സർക്കാർ സംരക്ഷിക്കില്ല. കസ്റ്റഡി മരണത്തിൽ വിട്ടുവീഴ്ച ഇല്ല. ദിവസങ്ങളോളം കുമാർ കസ്റ്റഡിയിൽ കഴിഞ്ഞ കാര്യം ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞിരിക്കണം. അക്കാര്യവും അന്വേഷിക്കും. ഉദ്യോഗസ്ഥരെ ന്യായീകരിക്കേണ്ട കാര്യം സർക്കാരിനില്ല. ജനങ്ങളെ തല്ലിക്കൊല്ലുന്നവർ സർവീസിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാട്ടുകാരാണ് കുമാറിനെ മർദിച്ചതെന്നു വരുത്തിത്തീർത്ത് കേസ് ദുർബലമാക്കാനാണ് സർക്കാരും പൊലീസും ശ്രമിക്കുന്നതെന്നു വി.ഡി.സതീശൻ ആരോപിച്ചു. കുമാറിനൊപ്പം പൊലീസ് പിടികൂടിയ ശാലിനി, മഞ്ചു എന്നിവരെ പൊലീസ് പിറ്റേദിവസം റിമാൻഡ് ചെയ്തു. എന്നാൽ കുമാറിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. നാട്ടുകാരാണ് കുമാറിനെ മർദിച്ചതെങ്കിൽ കസ്റ്റഡിയിൽ എടുക്കുമ്പോൾതന്നെ നാട്ടുകാർക്കെതിരെ പൊലീസ് കേസ് എടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല.

നാട്ടുകാർ കുമാറിനെ മർദിച്ചതായി പഞ്ചായത്ത് അംഗം ആലീസ് തോമസ് എസ്‌പിക്കു പരാതി നൽകിയത് ഫാക്‌സിലാണ്. കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അവർ പരാതി നൽകിയത്. ഇതിൽ ദുരൂഹതയുണ്ട്. 1000 രൂപ നൽകിയാൽ ഒരു ലക്ഷം രൂപ വായ്പ ലഭിക്കുമെന്നു വാഗ്ദാനം നൽകിയാണ് ജനങ്ങളിൽനിന്ന് കുമാർ പണം വാങ്ങിയത്. പട്ടം കോളനി സഹകരണ സംഘത്തിലാണ് കുമാർ പൈസ നിക്ഷേപിച്ചിരുന്നത്. എല്ലാ ദിവസവും വൈകിട്ട് പണം പിൻവലിച്ചിരുന്നു. ഭരണസമിതി അറിയാതെ ഇതു നടക്കില്ല. സിപിഎം നേതാവ് നേതൃത്വം നൽകുന്ന സഹകരണ ബാങ്കാണിത്.

പണത്തട്ടിപ്പ് പുറത്തുകൊണ്ടുവരാനല്ല, പണം തട്ടിയെടുക്കാനാണ് നെടുങ്കണ്ടം പൊലീസ് ശ്രമിച്ചത്. ഇതേ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മുൻപ് ഒരാൾ ആത്മഹത്യ ചെയ്തപ്പോൾ മുറിയിലുണ്ടായിരുന്ന 2 ലക്ഷം രൂപ അടിച്ചു മാറ്റിയിരുന്നു. ആത്മഹത്യ ചെയ്ത ആളിന്റെ മകൻ പരാതിപ്പെട്ടപ്പോൾ കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകിയപ്പോഴാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്. ഇപ്പോൾ ക്രൈം ബ്രാഞ്ച് സംഘത്തിലുള്ള ഡിവൈഎസ്‌പി പണത്തട്ടിപ്പു കേസിൽ നടപടി നേരിട്ടയാളാണെന്നു വി.ഡി.സതീശൻ ആരോപിച്ചു.

ജീവിച്ചിരിക്കുന്നവരുടേയും മരിച്ചവരുടേയും ആത്മഹത്യ ചെയ്തവരുടേയും പോക്കറ്റിലെ പണത്തിലാണ് പൊലീസിന്റെ കണ്ണ്. ആർക്കും നിയന്ത്രണമില്ലാത്ത പൊലീസ് നയമാണ് ഇതിനെല്ലാം കാരണം. ഇങ്ങനെ പോയാൽ ആശുപത്രികളിൽ 'ടോർച്ചർ മെഡിസിൻ' എന്ന ശാഖ തുടങ്ങേണ്ടിവരും. മന്ത്രി എം.എം.മണി മുൻപ് 1,2,3.. പറഞ്ഞു പാർട്ടി കൊന്നവരെ പറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതിൽ നാലാമത്തെ ആളാണോ കുമാറെന്നു വ്യക്തമാക്കണം. ഉന്നത ഉദ്യോഗസ്ഥർ അറിയാതെ കസ്റ്റഡി മരണം നടക്കില്ല. നരനായാട്ട് നടത്തുകയാണ് ഇടുക്കി എസ്‌പിയെന്നും വി.ഡി.സതീശൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP