Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളത്തിൽ തടങ്കൽ പാളയങ്ങൾ ഉണ്ടാകില്ല; അതിനുള്ള ഒരു നടപടിയും സർക്കാർ സ്വീകരിക്കില്ല; സെൻസസ് ഇപ്പോഴത്തെ മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തുന്നതിൽ ആശങ്കയുണ്ട്; പൗരത്വ ഭേദഗതി നിയമം മൗലിക അവകാശമായ സമത്വത്തിന്റെ ലംഘനം; മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വനിർണയം മതനിരപേക്ഷതയ്ക്ക് കടകവിരുദ്ധം; നിയമം ലക്ഷ്യം വെക്കുന്നത് മതരാഷ്ട്രമെന്ന സങ്കൽപ്പം; ഭരണഘടനാമൂല്യം തകർന്നാൽ രാഷ്ട്രം ശിഥിലമാകും പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ

കേരളത്തിൽ തടങ്കൽ പാളയങ്ങൾ ഉണ്ടാകില്ല; അതിനുള്ള ഒരു നടപടിയും സർക്കാർ സ്വീകരിക്കില്ല; സെൻസസ് ഇപ്പോഴത്തെ മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തുന്നതിൽ ആശങ്കയുണ്ട്; പൗരത്വ ഭേദഗതി നിയമം മൗലിക അവകാശമായ സമത്വത്തിന്റെ ലംഘനം; മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വനിർണയം മതനിരപേക്ഷതയ്ക്ക് കടകവിരുദ്ധം; നിയമം ലക്ഷ്യം വെക്കുന്നത് മതരാഷ്ട്രമെന്ന സങ്കൽപ്പം; ഭരണഘടനാമൂല്യം തകർന്നാൽ രാഷ്ട്രം ശിഥിലമാകും പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭയിൽ സർക്കാർ പ്രമേയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷത തകർക്കുന്ന പൗരത്വനിയമം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള നിയമസഭ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുന്നു എന്ന പ്രമേയമാണ് പിണറായി വിജയൻ അവതരിപ്പിച്ചത്. ചട്ടം 118 അനുസരിച്ചുള്ള സർക്കാർ പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്.

പൗരത്വഭേദഗതി നിയമം മൗലികാവകാശമായ സമത്വത്തിന്റെ ലംഘനമാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വനിർണയം മതനിരപേക്ഷതയ്ക്ക് കടകവിരുദ്ധമാണ്. പൗരത്വനിയമം ഭരണഘടനയുടെ അടിസ്ഥാനഘടനയുമായി പൊരുത്തപ്പെടുന്നില്ലെന്നും പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നിയമം ലക്ഷ്യം വെക്കുന്നത് മതരാഷ്ട്രമെന്ന സങ്കൽപ്പമാണ്. ഭരണഘടനാമൂല്യം തകർന്നാൽ രാഷ്ട്രം ശിഥിലമാകുമെന്നും പിണറായി വിജയൻ പറഞ്ഞു.

പൗരത്വം രാഷ്ട്രസ്വഭാവത്തിന്റെയും അതിന്റെ ഘടനയെയും നിർണയിക്കുന്നു. ഒരു വിഭാഗത്തെ അനുകൂലിക്കുന്നതും എതിർക്കുന്നതും മതനിരപേക്ഷ ഘടനയെ ബാധിക്കും. തടങ്കൽപാളയങ്ങൾ കേരളത്തിലുണ്ടാവില്ല. അതിനുള്ള ഒരു നടപടിയും സർക്കാർ സ്വീകരിക്കില്ല. സെൻസസ് ഇപ്പോഴത്തെ മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തുന്നതിൽ ആശങ്കയുണ്ട്. ഭരണഘടനാമൂല്യങ്ങളോട് കൂറുപുലർത്തുന്നതിനാലാണ് പ്രമേയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്റെ പൂർണരൂപം ഇങ്ങനെ:

2019ലെ പൗരത്വ ഭേദഗതി ബിൽ പാർലമെന്റിലെ ഇരു സഭകളും അംഗീകരിച്ചതിനെത്തുടർന്ന് സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ആശങ്കകൾ രൂപപ്പെടുകയും രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ പൊതുവിൽ സമാധാനപരമായ പ്രതിഷേധം ഒറ്റക്കെട്ടായി ഉയർന്നുവന്നിട്ടുണ്ട്. പൗരത്വം നൽകുന്നതിനായി പുതിയ വ്യവസ്ഥകൾ ഉൾക്കൊള്ളിക്കുന്ന, 2019ലെ പൗരത്വഭേദഗതി നിയമം നമ്മുടെ ഭരണഘടനയിലെ പാർട്ട് 3 ലെ മൗലികാവകാശമായ സമത്വതത്വത്തിന്റെ ലംഘനമാണ്.

ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം വിവിധ ധാരകളുടെ സമന്വയം കൂടിയായിരുന്നു.അവ മുന്നോട്ടുവച്ച ആധുനിക ജനാധിപത്യത്തെയും മതനിരപേക്ഷ കാഴ്ചപ്പാടിനെയും ഉൾക്കൊണ്ടുകൊണ്ടാണ് ഇന്ത്യൻ ഭരണഘടന രൂപപ്പെട്ടുവന്നത്. പൗരാവകാശങ്ങൾക്കും സമത്വത്തിലധിഷ്ടിതമായ സമൂഹത്തിനും വേണ്ടിയുള്ള പോരാട്ടത്തിലെ ഒരു നാഴികക്കല്ലായി രൂപീകരിക്കപ്പെട്ട നമ്മുടെ ഭരണഘടന ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സമത്വത്തിലും ശാസ്ത്രീയമനസ്ഥിതിയിലും അധിഷ്ഠിതമായ ഒന്നുകൂടിയാണ്.

വിവിധ ജനവിഭാഗങ്ങളുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഉൾക്കൊണ്ടുകൊണ്ട് രൂപപ്പെട്ടതാണ് ഇന്ത്യൻ ദേശീയത. നാനാത്വത്തിൽ ഏകത്വം എന്ന വീക്ഷണത്തിന്റെ അടിത്തറ അതുകൊണ്ടുതന്നെയാണ് ഭരണഘടന ഉൾക്കൊണ്ടിട്ടുള്ളത്. 2019ലെ പൗരത്വഭേദഗതി നിയമം പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് 2014 ഡിസംബർ 31 നു മുൻപ് കുടിയേറിപ്പാർത്ത ഹിന്ദു, സിഖ് , ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ മതവിശ്വാസികൾക്ക് പൗരത്വം നൽകുന്നതും മുസ്ലീങ്ങളെ അതിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്യുന്ന വ്യവസ്ഥ ഉൾപ്പെടുന്ന ഒന്നാണ്.

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കപ്പെടുമ്പോൾ മതരാഷ്ട്ര സമീപനമാണ് അതിൽ ഉൾച്ചേർന്നിരിക്കുന്നത്. ഇത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിന് കടകവിരുദ്ധമായതിനാൽ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നില്ല. ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള കൂട്ടായ പരിശ്രമം എല്ലാ മതവിഭാഗങ്ങളുടെയും മതനിരപേക്ഷ കാഴ്ചപ്പാടുള്ളവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ട സന്ദർഭമാണിത്.

നമ്മുടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളിൽ ഉയർന്നുവരുന്ന ആശങ്കകൾ കണക്കിലെടുത്തുകൊണ്ട് പൗരത്വം നൽകുന്നതിൽ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴി വയ്ക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകർക്കുന്നതുമായ 2019ലെ പൗരത്വഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള നിയമസഭ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുന്നു. '

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP