Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാഷ്ട്രവും രാഷ്ട്രീയവും രണ്ടാണ്; പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരായ പ്രമേയം ഭരണഘടനാ വിരുദ്ധം; മതത്തിന്റെ പേരിൽ ആർക്കും പൗരത്വം നിഷേധിക്കുന്നതല്ല നിയമം; നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടി; പൗരത്വം ഇന്ന ആൾക്ക് കൊടുക്കണം, ഇന്നയാൾക്ക് കൊടുക്കാൻ പാടില്ല എന്ന് ആരും വാദിച്ചിട്ടില്ല; മോദി പറയുന്നപോലെ എന്റെ ഗ്രന്ഥം വിശുദ്ധഗ്രന്ഥം ഭരണഘടനയാണ്; പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നിയമസഭ പാസാക്കിയ പ്രമേയത്തോട് വിയോജിച്ച ഒ രാജഗോപാൽ എംഎൽഎയുടെ വാദങ്ങൾ ഇങ്ങനെ

രാഷ്ട്രവും രാഷ്ട്രീയവും രണ്ടാണ്; പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരായ പ്രമേയം ഭരണഘടനാ വിരുദ്ധം; മതത്തിന്റെ പേരിൽ ആർക്കും പൗരത്വം നിഷേധിക്കുന്നതല്ല നിയമം; നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടി; പൗരത്വം ഇന്ന ആൾക്ക് കൊടുക്കണം, ഇന്നയാൾക്ക് കൊടുക്കാൻ പാടില്ല എന്ന് ആരും വാദിച്ചിട്ടില്ല; മോദി പറയുന്നപോലെ എന്റെ ഗ്രന്ഥം വിശുദ്ധഗ്രന്ഥം ഭരണഘടനയാണ്; പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നിയമസഭ പാസാക്കിയ പ്രമേയത്തോട് വിയോജിച്ച ഒ രാജഗോപാൽ എംഎൽഎയുടെ വാദങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭയിൽ അവതരിപ്പിച്ച പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തോട് വിയോജിച്ചു സഭയിലെ ഏക ബിജെപി എംഎൽഎ ഒ രാജഗോപാൽ. പാർലമെന്റ് പാസ്സാക്കിയ നിയമങ്ങൾക്കെതിരായ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് രാജഗോപാൽ പ്രതികരിച്ചു. മതത്തിന്റെ പേരിൽ ആർക്കും പൗരത്വം നിഷേധിക്കുന്നതല്ല നിയമം. നിയമത്തെ വ്യാഖ്യാനം ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കകുയാണ് ലക്ഷ്യമെന്ന് ഒ രാജഗോപാൽ ആരോപിച്ചു.

പൗരത്വനിയമം മുസ്ലിങ്ങൾക്കെതിരല്ല. രാഷ്ട്രവും രാഷ്ട്രീയവും രണ്ടും രണ്ടാണ്. മതത്തിന്റെ പേരിൽ രാഷ്ട്രത്തെ വിഭജിച്ചവരാണ് ഇപ്പോൾ വീരവാദം പറയുന്നതെന്നും രാജഗോപാൽ പറഞ്ഞു. പൗരത്വം എന്നു പറഞ്ഞാൽ അധികാരം കൊടുക്കലാണ്. ആ അധികാരം കൊടുക്കുന്ന അവസരത്തിൽ അത് ജാതിക്കും മതത്തിനും എല്ലാം അതീതമായി നമ്മുടെ നാട്ടിൽ ജീവിക്കുകയും ഈ രാജ്യത്തെ സ്നേഹിക്കുകയും, ഈ രാജ്യത്തിന്റെ സംസ്‌കാരത്തിൽ അഭിമാനം കൊള്ളുന്നവരൊക്കെ പൗരന്മാർ തന്നെയാണ്. അതിൽ ആർക്കാണ് വിരോധമുള്ളത്.

പൗരത്വം ഇന്ന ആൾക്ക് കൊടുക്കണം, ഇന്നയാൾക്ക് കൊടുക്കാൻ പാടില്ല എന്ന് ആരും വാദിച്ചിട്ടില്ല. അങ്ങനെ തെറ്റായിട്ട് വാദിച്ചു എന്ന് പറഞ്ഞ്, അതിന്റേ മേലേ കുതിരകയറാൻ നടക്കുന്ന ശ്രമങ്ങൾ വൃഥാവിലാണ്. നരേന്ദ്ര മോദി പറയുന്നപോലെ എന്റെ ഗ്രന്ഥം വിശുദ്ധഗ്രന്ഥം ഭരണഘടനയാണ്. ആ ഭരണഘടന അനുസരിച്ചിട്ടുള്ള കാര്യങ്ങൾ നടക്കണമെന്ന് മാത്രമാണ് ബിജെപിക്ക് ആഗ്രഹമുള്ളത്. അതിനെ തെറ്റായ തരത്തിൽ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നത് സങ്കുചിതമായ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടിയാണ്. രാഷ്ട്രത്തിന്റെ നന്മയ്ക്ക് വേണ്ടിയിട്ടല്ലെന്നും രാജഗോപാൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷത തകർക്കുന്ന പൗരത്വനിയമം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള നിയമസഭ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുന്നു എന്ന പ്രമേയമാണ് പിണറായി വിജയൻ അവതരിപ്പിച്ചത്. ചട്ടം 118 അനുസരിച്ചുള്ള സർക്കാർ പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. സർക്കാരിന്റെ പ്രമേയത്തെ, മുമ്പ് ബിജെപിക്കൊപ്പം നിന്ന ജനപക്ഷം പാർട്ടി നേതാവ് പി സി ജോർജ്ജ് പിന്തുണച്ചു. പ്രമേയത്തിനെതിരെ യോജിച്ച് പ്രക്ഷോഭം ഉണ്ടാകണമെന്നും പി സി ജോർജ്ജ് ആവശ്യപ്പെട്ടു.

അതിനിടെ സംസ്ഥാനത്തെ പൊലീസ് സേനയുടെ കൂറ് ആഎസ്എസിന്റെ ആസ്ഥാനം പ്രവർത്തിക്കുന്ന നാഗ്പൂരിലല്ലെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചു. യുഎപിഎയും എൻഐഎയും അനാവശ്യമായി കേരളത്തിലേക്ക് വലിച്ചിഴക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി വിഷയത്തിൽ മോദി സർക്കാരിനും ബിജെപിക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് അദ്ദേഹം സഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. ഭാരതീയന്റെ വിശുദ്ധ ഗ്രന്ഥം ഇന്ത്യയുടെ ഭരണഘടനയാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. ഇതിനെ തകർക്കാനുള്ള ശ്രമങ്ങൾ എന്ത് വിലകൊടുത്തും ചെറുക്കാനുള്ള ബാധ്യത എല്ലാവർക്കും ഉണ്ട്. ബിഹാറിലെ കോൺഗ്രസ് നേതാവ് രാകേഷ് കുമാർ യാദവ് ഉൾപ്പടെ എല്ലാവരും വീരചരമം പ്രാപിച്ചത് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിനിടയിലാണ്.'

സവർക്കറുടെയും ഭഗത് സിംഗിന്റെയും സ്വാതന്ത്ര്യസമരകാലത്തെ കത്തുകൾ പരാമർശിച്ചാണ് അദ്ദേഹം പ്രസംഗിച്ചത്. 'ഷൂ നക്കിയ സവർക്കരുടെ രാജ്യസ്‌നേഹം പിൻപറ്റുന്നവർ ഞങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്ന് ഈ നാട്ടിലെ വിദ്യാർത്ഥികളും ചെറുപ്പക്കാരും പറയുന്നു. ഞങ്ങളെ തൂക്കിക്കൊല്ലുന്നതിന് പകരം പട്ടാളക്കാരെ ഉപയോഗിച്ച് വെടിവച്ച് കൊല്ലണമെന്നാണ് ഭഗത്സിങ് തന്റെ കത്തിൽ ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരുന്നതിന്റെ കണക്കുകളാണ് സംഘികൾ നമ്മളോട് പറയുന്നത്. 3259 ദിവസം പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി മാപ്പും കോപ്പും എഴുതി കൊടുക്കാതെ തടവിൽ കിടന്നിട്ടുണ്ട്.'

'ഭരണഘടനയുടെ ആത്മാവിൽ പോലും വർഗീയത കലർത്താനുള്ള ശ്രമങ്ങളെ ചെറുത്തേ പറ്റൂ. അതിനും പിന്തുണ പ്രഖ്യാപിക്കുന്നവർ ഇവിടെയുമുണ്ട്. ഗവർണർ ഉൾപ്പടെയുള്ള സംവിധാനങ്ങൾ പറയുന്നത് ഇതാണ്. ഇന്ത്യയെ മറ്റൊരു പാക്കിസ്ഥാനാക്കി മാറ്റാനുള്ള ശ്രമമാണ് മോദിയും അമിത് ഷായും നടത്തുന്നത്. അവിടെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന നയങ്ങൾ ഇന്ത്യയുടെ മണ്ണിലും നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. സൈനിക മേധാവി രാഷ്ട്രീയം പറയുന്നത് പാക്കിസ്ഥാനിലാണ്. അത് ഇന്ത്യയിലും ആവർത്തിച്ചു.

കേരള ഗവർണർ യുപിയിലെ അബ്ദുള്ളക്കുട്ടിയാണെന്ന് പറയുന്നത് കേട്ടു. അദ്ദേഹം പലപാർട്ടികൾ മാറിവന്ന് ഈ പറയുന്ന വിവേചനത്തിന് കുട പിടിക്കുകയാണ് ചെയ്യുന്നത്. ഭരണഘടന പറയുന്നത് രാജ്യത്തിന് മതമില്ലെന്നാണ്. ഇന്ത്യയെ വിവേചനത്തിന്റെ മണ്ണാക്കി മാറ്റാൻ ശ്രമിക്കുന്നവർ ജിന്നയുടെ പിന്മുറക്കാർ. അവർ ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പിന്മുറക്കാരല്ല. ജിന്ന നടത്തിയതിനേക്കാൾ വലിയ വിഭജനത്തിനാണ് ഇപ്പോൾ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇന്ത്യയെന്നാൽ മോദിയും അമിത് ഷായും അല്ല. അത് ഇന്ത്യയിലെ കോടാനുകോടി ജനങ്ങളാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാതിയും മതവും നോക്കാതെ ഇന്ത്യയുടെ തെരുവുകളിലേക്ക് പോരാടാനിറങ്ങിയ ഇന്ത്യയിലെ വിദ്യാർത്ഥി സമൂഹത്തോട് കേരള നിയമസഭയുടെ ആദരം അർപ്പിക്കുന്നു,' എന്നും പ്രതിപക്ഷ എംഎൽഎ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP