Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനാധിപത്യവും സ്വേച്ഛാധിപത്യവും ഇന്ത്യയിൽ മുഖാമുഖം നിൽക്കുകയാണെന്ന് ആമുഖമായി പറഞ്ഞുകൊണ്ട് മന്ത്രിയുടെ ബജറ്റ് പ്രസംഗം: കവർ ചിത്രമായി ടോം വട്ടക്കുഴിയുടെ പ്രസിദ്ധമായ "ഡെത്ത് ഓഫ് ഗാന്ധി"; ബജറ്റ് പ്രസംഗത്തിൽ ആനന്ദ് മുതൽ ടാഗോർ വരെയുള്ളവരുടെ വാക്കുകൾ; സമകാലീന എഴുത്തുകാരുടെ ഫാസിസത്തിന് എതിരെയുള്ള വാക്കുകൾ കൊണ്ട് പ്രസംഗം സമ്പന്നമാക്കി ധനമന്ത്രി തോമസ് ഐസക്ക്

ജനാധിപത്യവും സ്വേച്ഛാധിപത്യവും ഇന്ത്യയിൽ മുഖാമുഖം നിൽക്കുകയാണെന്ന് ആമുഖമായി പറഞ്ഞുകൊണ്ട് മന്ത്രിയുടെ ബജറ്റ് പ്രസംഗം: കവർ ചിത്രമായി ടോം വട്ടക്കുഴിയുടെ പ്രസിദ്ധമായ

മറുനാടൻ മലയാളി ബ്യൂറോ

''ജനാധിപത്യവും സ്വേച്ഛാധിപത്യവും ഇന്ത്യയിൽ മുഖാമുഖം നിൽക്കുകയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ മാത്രം സംസാരിക്കുന്ന കേന്ദ്രഭരണാധികാരികൾ. അക്രമവും ഹിംസയുമാണ് കർമ്മം എന്നു വിശ്വസിക്കുന്ന അണികൾ. വർഗ്ഗീയവൽക്കരണത്തിനു പൂർണ്ണമായി കീഴ്‌പ്പെട്ട ഭരണസംവിധാനം. ഇതാണ് സാമാന്യമായി പറഞ്ഞാൽ ഇന്നത്തെ ഇന്ത്യ. '' എന്ന വാചകങ്ങളിൽ സമകാലിക ഇന്ത്യയെ വരച്ചിട്ടാണ് ധനമന്ത്രി ഡോ ടി എം തോമസ് ഐസക്ക് തന്റെ അഞ്ചാം ബജറ്റ് പ്രസംഗം തുടങ്ങുന്നത് .തുടർന്ന് പലഘട്ടങ്ങളിലും പ്രമുഖ എഴുത്തുകാർ മുതൽ വിദ്യാർത്ഥികളുടെ വരെ സാഹിത്യ സൃഷ്ടികളിൽ നിന്ന് ഉദ്ധരണികകളുമായാണ് ബജറ്റ് പ്രസംഗം പുരോഗമിക്കുന്നത് .

198 പേജുള്ള മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ കവർ ചിത്രമായി വന്നത് ടോം വട്ടക്കുഴിയുടെ പ്രസിദ്ധമായ ഡെത്ത് ഓഫ് ഗാന്ധി എന്ന് പെയിന്റിങും. ഗാന്ധി വെടിയേറ്റ് കിടക്കുന്ന കവർ ചിത്രം വന്നതോടെ വർഗീയതയ്ക്ക് എതിരെ ഇടത് സർക്കാരിന്റെ നിലപാട് തുറന്നുകാട്ടലായി ഇത്. ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു പിണറായി സർക്കാരിന്റെ അഞ്ചാം ബജറ്റ്. ആമുഖമായി ഐസക്ക് പറഞ്ഞ് തുടങ്ങിയത് തൊട്ടുപിന്നാലെ സമകാലീന എഴുത്തുകാരുടെ ഫാസിസത്തിന് എതിരെയുള്ള വാക്കുകൾ വന്നതോടെ സഭ ഏറെ സമ്പന്നമാക്കി. ഇക്കാലമത്രയും ബജറ്റ് പ്രസംഗങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനമുന്നയിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് പ്രത്യക്ഷമായിട്ടുള്ള വർഗീയതയ്‌ക്കെതിരെയുള്ള തുറന്നടിയാണ് ഇടത് സർക്കാരിന്റെ നേത്യത്വത്തിൽ ഇന്ന് സഭയിൽ ഉന്നയിച്ചത്.

'ഒരു രാജ്യത്തിന്റെ മുന്നിലെ പഥങ്ങൾ'' എന്ന ലേഖനത്തിൽ ആനന്ദ് ഉന്നയിച്ച സംശയം ഐസക്ക് ഉദ്ധരിക്കുന്നു .''അഭ്യസ്തവിദ്യരും ബൗദ്ധികരംഗത്ത് മുന്നിൽ നിൽക്കുന്നതുമായ ഒരു സമൂഹം എങ്ങനെയാണ് പെട്ടെന്ന് ഒരു ജനതയുടെയാകെ നേരെയുള്ള വെറുപ്പിനാൽ ആവേശിക്കപ്പെടുകയും അവിശ്വസനീയമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നത്?''

അൻവർ അലിയെയാണ് പിന്നീട് ധനമന്ത്രി സഭയിൽ ഉദ്ധരിക്കുന്നത് .
''മനസ്സാലെ നമ്മൾ
നിനയ്ക്കാത്തതെല്ലാം
കൊടുങ്കാറ്റുപോലെ
വരുന്ന കാല''ത്താണ്ഇന്നു നമ്മൾ ജീവിക്കുന്നത്.

പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും രാജ്യത്ത് പടർത്തുന്ന ആശങ്ക വാക്കുകൾക്കതീതമാണ് എന്ന് സൂചിപ്പിക്കാൻ ധനമന്ത്രി കടമെടുത്തത് വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്‌കൂളിലെ ദ്രുപത് ഗൗതം കുറിച്ചിട്ട 'ഭയം ഒരു രാജ്യമാണ് അവിടെ നിശ്ശബ്ദത ഒരു(ആ)ഭരണമാണ്' എന്ന തീഷ്ണമായ വാക്കുകൾ. കേന്ദ്രസർക്കാരിനും സംഘപരിവാറിനും എതിരെയുള്ള കടുത്ത രാഷ്ട്രീയ വിമർശനങ്ങൾ നിറഞ്ഞു നിന്ന പ്രസംഗത്തിൽ അൻവർ അലിയും പി എൻ ഗോപീകൃഷ്ണനും റഫീഖ് അഹമ്മദും വരികളായി കടന്നുവന്നു.

'മുല്ലപ്പൂ നിറമുള്ള പകലുകൾ' എന്ന നോവലിൽ 'ഫ്രീഡം' എന്ന അധ്യായത്തിൽ ബെന്ന്യാമിൻ കുറിച്ച 'ഉച്ച കഴിഞ്ഞ് മൂന്നു മണിയായപ്പോഴേക്കും ജനങ്ങൾ തെരുവിലൂടെ പതിയെപ്പതിയെ ഒഴുകാൻ തുടങ്ങി...ചിലർ രാജ്യത്തിന്റെ ദേശീയ പതാകയും ചിലർ സമാധാനത്തിന്റെ വെള്ളക്കൊടിയും പിടിച്ചിട്ടുണ്ടായിരുന്നു. ചിലരാകട്ടെ, ദേശീയപതാക പുതച്ചുകൊണ്ടാണ് നടന്നത്. ഈ രാജ്യം മറ്റാരുടേതുമല്ല, ഞങ്ങളുടെ സ്വന്തമാണ് എന്ന സന്ദേശമാണ് അവർ അതിലൂെട നൽകിയത്'. എന്ന വരികളാണ് റിപ്പബ്ലിക് ദിനത്തിൽ എൽഡിഎഫ് നടത്തിയ മനുഷ്യച്ചങ്ങലയെക്കുറിച്ച് സൂചിപ്പിക്കാൻ ധനമന്ത്രി പ്രയോഗിച്ചത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ സർക്കാരും പ്രതിപക്ഷവും ഒന്നിച്ചിറങ്ങിയപ്പോൽ ബിജെപി ഇതര സംസ്ഥാനങ്ങൾ വളരെ ആവേശകരമായിട്ടാണ് കണ്ടത്. തുടർന്ന് ഈ വർഗീയ ഭേദഗതിക്കെതിരെ ഏകകണ്ഠമായി കേരള നിയമസഭ നിയമം പാസാക്കി. കേന്ദ്രസർക്കാരിനെതിരെ സുപ്രീംകോടതിയിൽ ആർട്ടിക്കിൾ 130പ്രകാരം കേസു കൊടുത്തേപ്പാഴും നാം ഒറ്റെക്കട്ടായിരുന്നു.'- ഐസക് പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്നും ബജറ്റ് വേളയിൽ രൂക്ഷമായി വിമർശിച്ചു സംസാരിച്ചു. രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയിലെ വരികൾ ഉദ്ധരിച്ചാണ് അദ്ദേഹം രണ്ടര മണിക്കൂർ നീണ്ടുനിന്ന തന്റെ പതിനൊന്നാം ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്:
എവിടെ മനം ഭയശൂന്യം
എവിടെ ശീർഷമനീതം
എവിടെ സ്വതന്ത്രം ജ്ഞാനം...
അതാണ് സ്വാതന്ത്ര്യത്തിന്റെ സ്വർഗ്ഗം, ഇന്ത്യക്കാരെ അവിടേയ്ക്ക് വിളിച്ചുണർത്തണേ എന്നായിരുന്നു ടാഗോറിന്റെ പ്രാർത്ഥന. സ്വാതന്ത്ര്യത്തിന്റെ ആ സ്വർഗ്ഗത്തിനുവേണ്ടി പ്രക്ഷോഭരംഗത്ത് നിലയുറപ്പിച്ച യുവപോരാളികൾക്ക് ഒരിക്കൽക്കൂടി അഭിവാദ്യം അർപ്പിച്ചുകൊണ്ട് ഞാൻ ഈ ബജറ്റ് അവതരിപ്പിക്കുന്നു.''

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP