Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പാലായുടെ നാഥനായി ഇനി മാണി സി കാപ്പൻ; അരനൂറ്റാണ്ടു കാലത്തിന് ശേഷം പാലായുടെ എംഎൽഎയായി രണ്ടാമനെത്തുന്നു; നിയമസഭയിൽ മാണി സി കാപ്പന്റെ സത്യപ്രതിജ്ഞയ്ക്ക് എത്തിയത് മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കൾ

പാലായുടെ നാഥനായി ഇനി മാണി സി കാപ്പൻ; അരനൂറ്റാണ്ടു കാലത്തിന് ശേഷം പാലായുടെ എംഎൽഎയായി രണ്ടാമനെത്തുന്നു; നിയമസഭയിൽ മാണി സി കാപ്പന്റെ സത്യപ്രതിജ്ഞയ്ക്ക് എത്തിയത് മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കൾ

സ്വന്തം ലേഖകൻ

പാലാ: പാലാ നിയമസഭാ മണ്ഡലത്തിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട മാണി സി കാപ്പൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.30-ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും എം എൽ എമാരും പാർട്ടി, മുന്നണി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. മാണി സി കാപ്പന്റെ ഭാര്യ ആലീസ്, മക്കളായ ടീന, ദീപ, സഹോദരങ്ങൾ, ബന്ധുക്കൾ, പാലായിൽ നിന്നുള്ള പാർട്ടി, മുന്നണി പ്രവർത്തകരും സുഹൃത്തുക്കളും ചടങ്ങിനു സാക്ഷ്യം വഹിച്ചു.

കെ എം മാണിയുടെ നിര്യാണത്തെത്തുടർന്നാണ് പാലായിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. പാലാ മണ്ഡലം രൂപീകരിച്ചതിനുശേഷം നടന്ന 13 തെരഞ്ഞെടുപ്പുകളിലും വിജയിച്ച കെ എം മാണിയുടെ വിയോഗത്തിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം മാണി സി കാപ്പൻ നേടുകയായിരുന്നു. ഇതിനു മുമ്പ് നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും കെ എം മാണിയുടെ എതിരാളിയായിരുന്ന മാണി സി കാപ്പൻ ഓരോ തവണയും മാണിയുടെ ഭൂരിപക്ഷം കുറച്ചു കൊണ്ടുവന്നിരുന്നു. പാലായുടെ ചരിത്രത്തിലെ രണ്ടാമത്തെ എം എൽ എന്ന സ്ഥാനത്തോടെയാണ് മാണി സി കാപ്പന്റെ സത്യപ്രതിജ്ഞ ചെയ്യുന്നത്.

1956-ലായിരുന്നു മാണി സി കാപ്പന്റെ ജനനം. സ്വാതന്ത്ര്യ സമര സേനാനിയും മുൻ കോൺഗ്രസ് എം പിയും മുൻ എം എൽ എയും പാലാ നഗരസഭ മുൻ ചെയർമാനുമായിരുന്ന അന്തരിച്ച ചെറിയാൻ ജെ.കാപ്പന്റെ പുത്രനാണ്. മാതാവ് ആലപ്പുഴ മലയിൽ പരേതയായ ത്രേസ്യാമ്മ. പ്രാഥമിക വിദ്യാഭ്യാസം പാലാ സെന്റ് മേരീസ് എൽ പി സ്‌കൂളിൽ. പാലാ സെന്റ് തോമസ് ഹൈസ്‌കൂൾ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, ഗവൺമെന്റ് കോളജ് മടപ്പള്ളി എന്നിവിടങ്ങളിൽ തുടർ വിദ്യാഭ്യാസം നടത്തി.

മുൻ ഇന്ത്യൻ ഇന്റർ നാഷണൽ വോളിബോൾ താരമായിരുന്ന മാണി സി. കാപ്പൻ കാലിക്കട്ട് യൂണിവേഴ്‌സിറ്റി ടീമിലൂടെയാണ് കായികരംഗത്ത് വന്നത്. യൂണിവേഴ്‌സിറ്റി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. മൂന്നു വർഷം കേരളാ ടീമിനുവേണ്ടി കളിച്ചു. 1977 കാലഘട്ടത്തിൽ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് താരമായിരുന്നു. 1978ൽ യു എ ഇലെ അബുദാബി സ്‌പോർട്ട്‌സ് ക്ലബ്ബിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 82 വരെ വോളിബോളിലെ എക്കാലത്തെയും പ്രമുഖ താരമായിരുന്ന ജിമ്മി ജോർജ്, അബ്ദുൾ ബാസിദ്, സുരേഷ്മിത്ര, ബ്ലസൻ ജോർജ് തുടങ്ങിയവർക്കൊപ്പമായിരുന്നു കളിച്ചിരുന്നത്. തിരികെ കേരളത്തിൽ എത്തി കാർഷിക രംഗത്ത് സജീവമായി.

1993-ൽ മേലേപറമ്പിൽ ആൺവീട് എന്ന സൂപ്പർ ഹിറ്റ് ചിത്രം നിർമ്മിച്ചുകൊണ്ട് മലയാള സിനിമാരംഗത്ത് സജീവമായി. തുടർന്നു 12 ഓളം ചിത്രങ്ങളുടെ നിർമ്മാതാവായി. സംവീധായകനായും തിരക്കഥാകൃത്തായും മലയാള സിനിമാരംഗത്ത് ശോഭിച്ചു. മലയാളം,തമിഴ്, തെലുങ്ക്, ആസാമീസ് തുടങ്ങിയ ഭാഷകളിലായി 25-ൽ പരം ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചു. 2000 മുതൽ 2005 വരെ പാലാ ടൗൺ വാർഡിൽ മുനിസിപ്പൽ കൗൺസിലർ ആയി പ്രവർത്തിച്ചിട്ടുണ്ട്. കോക്കനട്ട് ഡെവലപ്പ്‌മെന്റ് ബോർഡ് ദേശീയ വൈസ് ചെയർമാൻ, സെൻട്രൽ മറൈൻ ഫിഷറീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് കമ്മിറ്റി അംഗം, മീനച്ചിൽ ഫൈൻ ആർട്ട്‌സ് സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

എൻ സി പി സംസ്ഥാന ട്രഷറർ ആയി ദീർഘകാലം പ്രവർത്തിച്ചു. എൻ സി പി ദേശീയ പ്രസിഡന്റ് ശരത്പവാറുമായി അടുത്ത ബന്ധം പുലർത്തുന്ന മാണി സി. കാപ്പൻ ഇപ്പോൾ പാർട്ടി ദേശീയ വർക്കിങ് കമ്മിറ്റി അംഗമാണ്. ഇപ്പോൾ മേഘാലയയിൽ മഞ്ഞളിന്റെയും കൂവയുടെയും കൃഷിയും അതിന്റെ പ്രോസസിംഗും വിപണനവും നടത്തിവരികയാണ്. 2006ലും 2011ലും 2016 ലും പാലായിൽ കെ എം മാണിക്കെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു. കെ എം മാണിയുടെ ഭൂരിപക്ഷം 24000 നിന്നും 7500 പിന്നീട് യഥാക്രമം 5500, 4700 എന്ന നിലയിലേക്ക് താഴ്‌ത്താൻ മാണി സി.കാപ്പന് കഴിഞ്ഞിരുന്നു. ചങ്ങനാശ്ശേരി പാലത്തിങ്കൽ കുടുംബാഗമായ ആലീസ് ആണ് ഭാര്യ. ഇവർക്ക് മൂന്ന് മക്കൾ. ഏകപുത്രൻ ചെറിയാൻ മാണി കാപ്പൻ ക്യാനഡയിൽ മെക്കാനിക്കൽ എഞ്ചിനീയറാണ്. ടീന, ദീപ എന്നിവരാണ് മറ്റു മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP