Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകായുക്ത ബിൽ നിയമസഭയിൽ; ജുഡീഷ്യൽ സംവിധാനത്തിന്റെ അധികാരം എക്‌സിക്യൂട്ടിവ് കവരുകയാണെന്ന് വി ഡി സതീശൻ; ലോകായുക്തയുടെ പല്ലും നഖവും പറിച്ചെടുക്കാൻ സർക്കാർ ശ്രമിക്കരുതെന്ന് കുറ്റപ്പെടുത്തൽ; ലോകായുക്ത അന്വേഷണ സംവിധാനം; നീതീന്യായ കോടതിയല്ലെന്ന് മന്ത്രി പി രാജീവും; സഭയിൽ പോരടിച്ചു പ്രതിപക്ഷ നേതാവും നിയമ മന്ത്രിയും

ലോകായുക്ത ബിൽ നിയമസഭയിൽ; ജുഡീഷ്യൽ സംവിധാനത്തിന്റെ അധികാരം എക്‌സിക്യൂട്ടിവ് കവരുകയാണെന്ന് വി ഡി സതീശൻ; ലോകായുക്തയുടെ പല്ലും നഖവും പറിച്ചെടുക്കാൻ സർക്കാർ ശ്രമിക്കരുതെന്ന് കുറ്റപ്പെടുത്തൽ; ലോകായുക്ത അന്വേഷണ സംവിധാനം; നീതീന്യായ കോടതിയല്ലെന്ന് മന്ത്രി പി രാജീവും; സഭയിൽ പോരടിച്ചു പ്രതിപക്ഷ നേതാവും നിയമ മന്ത്രിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകായുക്ത ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി നിയമമന്ത്രി പി.രാജീവാണ് ബിൽ അവതരിപ്പിച്ചത്. ലോകായുക്ത അന്വേഷണസംവിധാനമാണ്, നീതീന്യായ കോടതിയല്ലെന്ന് മന്ത്രി പറഞ്ഞു. നിയമത്തിലെവിടെയെങ്കിലും കോടതിയെന്ന് പറയുന്നുണ്ടോ എന്നും ചോദിച്ചു. ലോകായുക്ത അന്വേഷണ ഏജൻസി മാത്രമെന്ന് മന്ത്രി ആവർത്തിച്ചു. അതേസമയം ബില്ലിനെ പ്രതിപക്ഷം എതിർത്തു.

ജുഡീഷ്യറിയുടെ മുകളിൽ എക്‌സിക്യൂട്ടീവ് വരും, 'ജുഡിഷ്യൽ ബോഡി' എന്ന പരാമർശം ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് വാദിച്ചു. ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണ്, പതിനാലാം അനുഛേദത്തിന്റെ ലംഘനമെന്നും സുപ്രീംകോടതി വിധിന്യായങ്ങൾ ഉദ്ധരിച്ച് വി.ഡി.സതീശൻ സഭയിൽ പറഞ്ഞു.

ജുഡീഷ്യൽ സംവിധാനത്തിന്റെ അധികാരം എക്‌സിക്യൂട്ടിവ് കവരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഒരാൾ അയാൾക്കെതിരായ കേസിൽ വിധി നിർണയിക്കാനാവില്ലെന്ന് ഭരണഘടനയിൽ പറയുന്നുണ്ട്. അതിന്റെ ലംഘനമാണ് ദേദഗതി. ലോക്പാൽ നിയമത്തിനു വിരുദ്ധമായത് ഭേദഗതിയുണ്ട്. പുതിയ ഭേദഗതിയോടെ പൊതു പ്രവർത്തകർക്കെതിരായ കേസുകളൊന്നും നിലനിൽക്കില്ല.

22 വർഷത്തിനു ശേഷം ലോകായുക്തയുടെ പല്ലും നഖവും പറിച്ചെടുക്കാൻ സർക്കാർ ശ്രമിക്കരുത്. പല്ലും നഖവുമുള്ള നിയമമാണ് നിലവിൽ കേരളത്തിലെ ലോകായുക്ത നിയമം. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന അഴിമതി നിരോധന നിയമം ഈ ബില്ലോടെ ഇല്ലാതാകുകയാണ്. ഈ നീക്കത്തിനു സിപിഐ വഴങ്ങരുതായിരുന്നു. ഭേദഗതിയിൽ ഭരണഘടനാ വിരുദ്ധതയും നിയമവിരുദ്ധതയും ഉണ്ടെന്നു വി.ഡി.സതീശൻ പറഞ്ഞു.

പുതിയ ഭേദഗതിയിലൂടെ കേരളത്തിനു തലകുനിക്കേണ്ട സാഹചര്യമാണെന്നു കെ.ബാബു പറഞ്ഞു. ബിൽ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് എൻ.ഷംസുദ്ദീൻ പറഞ്ഞു. അന്വേഷണം നടത്താൻ മാത്രമാണ് ലോകായുക്തയ്ക്ക് അധികാരമെന്നും ജുഡീഷ്യൽ അധികാരമില്ലെന്നും ബിൽ അവതരിപ്പിച്ചു കൊണ്ട് നിയമന്ത്രി പി.രാജീവ് പറഞ്ഞു. ലോകായുക്ത ജുഡീഷ്യൽ സംവിധാനമാണെന്ന വാക്ക് നിലവിലെ നിയമത്തിലുണ്ടോ എന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നതായും മന്ത്രി പറഞ്ഞു.

നിരവധി ഭേദഗതികളാണ് ലോകായുക്ത ബില്ലിൽ വരുത്തിയിരിക്കുന്നത്. പൊതുപ്രവർത്തകർക്കെതിരെ ലോകായുക്ത പരാമർശം ഉണ്ടായാൽ രാജിവയ്ക്കണമെന്നാണ് നിലവിലെ നിയമം. ഭേദഗതി അനുസരിച്ച് സർക്കാരിന് ലോകായുക്ത ഉത്തരവ് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധിയുണ്ടായാൽ ഇനി മുതൽ ഗവർണറല്ല നിയമസഭയായിരിക്കും അപ്ലറ്റ് അഥോറിറ്റി.

മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രിയും എംഎൽഎമാരുടെ കാര്യത്തിൽ സ്പീക്കറുമായിരിക്കും അപ്ലറ്റ് അഥോറിറ്റി. ലോകായുക്ത വിധി നടപ്പിലാക്കാൻ സർക്കാർ നിർബന്ധിതരാകുന്ന സാഹചര്യം ബിൽ പാസാകുന്നതോടെ ഇല്ലാതാകും. ബില്ലിൽ ഗവർണർ ഒപ്പിട്ടാലേ നിയമമാകൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP