Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശത്തുള്ളവർ വൈദ്യപരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നത് മനുഷ്യത്വവിരുദ്ധം; ഇറ്റലിയിൽ നിന്നും വിമാനടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഇതുമൂലം വിമാനത്തിൽ കയറാൻ സാധിക്കുന്നില്ല; കേന്ദ്രം ഉത്തരവ് പിൻവലിക്കണം; പ്രവാസികളുടെ ആശങ്ക പരിഹരിക്കാൻ ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കി സർക്കാർ

വിദേശത്തുള്ളവർ വൈദ്യപരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നത് മനുഷ്യത്വവിരുദ്ധം; ഇറ്റലിയിൽ നിന്നും വിമാനടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഇതുമൂലം വിമാനത്തിൽ കയറാൻ സാധിക്കുന്നില്ല; കേന്ദ്രം ഉത്തരവ് പിൻവലിക്കണം; പ്രവാസികളുടെ ആശങ്ക പരിഹരിക്കാൻ ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് 19 ഭീതിയിൽ വിദേശത്തു നിന്നും എത്തുന്നവർ വൈദ്യപരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് കേന്ദ്രസർക്കാർ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേരള നിയമസഭയിൽ സർക്കാർ പ്രമേയം പാസാക്കി. വിദേശത്തുള്ളവർ നാട്ടിലെത്തുന്നത് തടഞ്ഞുകൊണ്ടുള്ള സർക്കുലർ സർക്കാർ പിൻവലിക്കണമെന്നും പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കൊവിഡ് 19 രോഗബാധയുടെ സാഹചര്യത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തുമ്പോഴും പ്രമേയം അവതരിപ്പിക്കുമ്പോഴും പ്രതിപക്ഷം പ്രതിഷേധത്തിലായിരുന്നു.

കൊവിഡ് -19 ലോകത്തിലെ പല രാജ്യങ്ങളിലും വ്യാപകമായതിനെ തുടർന്ന് യാത്രചെയ്യുന്നവർ, പ്രത്യേകിച്ച് രാജ്യന്തര യാത്രക്കാർ ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി മുഖ്യമന്ത്രി പ്രമേയത്തിലൂടെ അറിയിച്ചു. ഇന്ത്യക്കാരായ പ്രവാസികൾ വളരെ വിഷമകരമായ സാഹചര്യം പലയിടത്തും നേരിടുന്നതായാണ് അറിയുന്നത്. കേന്ദ്രസർക്കാർ രോഗം പടരാതിരിക്കുന്നതിനുള്ള സുരക്ഷ ഒരുക്കുകയും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയും വേണം. ഇതിനായി അടിയന്തരമായി ഇടപെടണം. അതിനു പകരം ചട്ടങ്ങളുടെ കാഠിന്യം കൂട്ടുന്ന നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുന്നത് ഉത്കണ്ഠാജനകമാണ്. ഇത് തീർത്തും ഒഴിവാക്കപ്പെടേണ്ടതാണ്.

ചൈനയിൽ വുഹാൻ പ്രവിശ്യയിലുള്ള വിദ്യാർത്ഥികൾക്ക് യാത്രചെയ്ത് നാട്ടിലേക്ക് വരാൻ സൗകര്യങ്ങൾ ഒരുക്കണമെന്ന് സംസ്ഥാന സർക്കാർ ശക്തമായി ആവശ്യപ്പെട്ടതാണ്. അതിനെ തുടർന്ന് അവർക്ക് നാട്ടിലേക്ക് വരാൻ സൗകര്യമുണ്ടാക്കുകയും അവരെ മെഡിക്കൽ പരിശോധനക്കായി പ്രത്യേക സ്ഥലത്ത് പാർപ്പിക്കുകയും ചെയ്തിരുന്നു. പരിശോധനയ്ക്കുശേഷം രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ അവരുടെ താമസസ്ഥലത്തേക്ക് പോകാൻ അനുവദിക്കുകയാണ് ഉണ്ടായത്.

പരീക്ഷിച്ച് വിജയിച്ച ഈ നടപടിക്രമം നിലവിലിരിക്കെയാണ് കേന്ദ്രവ്യോമയാന മന്ത്രാലയം 05-03-2020-ന് ഇതിന് വിരുദ്ധമായ ഒരു സർക്കുലർ പുറപ്പെടുവിച്ചത്. ഇറ്റലിയിൽ നിന്നും റിപ്പബ്ലിക്ക് ഓഫ് കൊറിയയിൽ നിന്നും യാത്ര പുറപ്പെടുന്നവർക്കും ആ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും കൊവിഡ്-19 ന്റ ലക്ഷണങ്ങൾ ഇല്ലായെന്ന വൈദ്യപരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഇന്ത്യയിൽ പ്രവേശനം ഉള്ളൂ എന്നാണ് നിഷ്‌കർഷിച്ചിട്ടുള്ളത്. മാർച്ച് 10 അർദ്ധരാത്രി 12 മണി മുതലാണ് 4/1/2020കഞ എന്ന നമ്പറിലുള്ള ഈ സർക്കുലർ പ്രാബല്യത്തിൽ വന്നിട്ടുള്ളത്. അടിസ്ഥാനപരമായി ഇത് മനുഷ്യത്വവിരുദ്ധമാണ്. പ്രവാസികളായ ഇന്ത്യക്കാരെ നിഷ്‌ക രുണം കൈവിടുന്നതിനു തുല്യമാണ്.

ഇറ്റലിയിൽ നിന്നും വിമാനടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഇതുമൂലം വിമാനത്തിൽ കയറാൻ സാധിക്കുന്നില്ല. ഇത് ഇവർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇറ്റലിയിൽ ഇവരെയെല്ലാം വൈദ്യപരിശോധനയ്ക്ക് വിധേയരാക്കാനുള്ള സംവിധാനങ്ങൾ ഇപ്പോൾ ഇല്ലായെന്നാണ് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് വൈദ്യപരിശോധന നിർബന്ധമാക്കുന്നത് ന്യായയുക്തമല്ല എന്നും ഇവരെ യാത്രചെയ്ത് നാട്ടിലേക്ക് വരാൻ അനുവദിക്കണമെന്നും ഇവിടെയെത്തിയ ശേഷം ആവശ്യമായ വൈദ്യപരിശോധന പ്രോട്ടോക്കോൾ നിബന്ധനകൾ പ്രകാരം നടപടികൾ സ്വീകരിക്കാവുന്നതാണെന്നും ചൂണ്ടിക്കാണിച്ച് ഇന്നലെ തന്നെ സംസ്ഥാന സർക്കാർ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് സന്ദേശം അയച്ചിട്ടുണ്ട്.

പ്രവാസികളായ നമ്മുടെ നാട്ടുകാരെ ഇത്തരം പ്രതിസന്ധിഘട്ടത്തിൽ കൂടുതൽ വിഷമസന്ധിയിലാക്കുന്നത് കാലങ്ങളായി നാം സ്വീകരിച്ചുവരുന്ന സമീപനത്തിന് കടകവിരുദ്ധമാണ്. നമ്മുടെ നാടിന്റെ വികസനത്തിനും സമ്പദ് ഘടനയുടെ ശാക്തീകരണത്തിനും വിജ്ഞാനവർദ്ധനയ്ക്കും പ്രവാസി സമൂഹം നൽകുന്ന സംഭാവനകൾ അമൂല്യമാണ്. അവരെ പ്രതിസന്ധിഘട്ടത്തിൽ ഈ രീതിയിൽ അധിക വൈഷമ്യത്തിലാക്കുന്ന സമീപനത്തിനെതിരെ ഈ സഭ ഏകകണ്ഠമായി അഭിപ്രായം രേഖപ്പെടുത്തുന്നു. നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകൾക്കും സംഭാവന നൽകുന്ന വിദേശത്തുള്ള നമ്മുടെ നാട്ടുകാരെ ഇവിടേക്കു വരുന്നതിൽ നിന്നും ഫലത്തിൽ വിലക്കുന്ന സർക്കുലർ ഉടൻ പിൻവലിക്കണമെന്ന് ഈ സഭ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നു.

ഇതോടൊപ്പം തന്നെ വിവിധ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾ നാട്ടിൽ നിന്നും തിരിച്ചുപോയി ജോലിയിൽ പ്രവേശിക്കാൻ അതതു രാജ്യങ്ങളിലെ പലതരം നിബന്ധനകൾ കാരണം പ്രയാസങ്ങൾ നേരിടുകയാണ്. ഇതിനിടെയാണ് നമ്മുടെ ഭാഗത്തുനിന്നും കൂടി ചട്ടങ്ങൾ കർക്കശ്ശമാക്കുന്നത്. ഇത് പ്രവാസികളെ വല്ലാതെ വലയ്ക്കുന്നു. രോഗം പടരുന്നില്ല എന്ന് ഉറപ്പാക്കിക്കൊണ്ട് തന്നെ ഈ ചട്ടങ്ങളിൽ ഇളവുവരുത്താൻ കേന്ദ്രം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിക്ക് തിരികെയെത്താൻ കഴിയാതെ വിഷമിക്കുന്നവർക്ക് വിസാ കാലാവധി, ജോലിക്ക് തിരികെ ചേരാനുള്ള കാലാവധി തുടങ്ങിയവ നീട്ടിക്കിട്ടുന്നതിന് ആവശ്യമായ നടപടികൾ കേന്ദ്ര ഗവൺമെന്റ് നയതന്ത്രതലത്തിൽ നീക്കമുണ്ടാകണമെന്നും ഈ സഭ ആവശ്യപ്പെടുന്നുവെന്നാണ് പ്രമേയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP