Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉമ്മൻ ചാണ്ടി സർക്കാർ നിർമ്മിച്ച വീടെത്ര? വെറും 3,724 വീടുകളെന്ന പച്ചക്കള്ളം പറഞ്ഞ് മന്ത്രി എം വി ഗോവിന്ദൻ; തെളിവ് സഹിതം പ്രതിപക്ഷ നേതാവ് വസ്തുത ചൂണ്ടിക്കാട്ടിയപ്പോൾ അച്ചടിപ്പിശകു മൂലമെന്ന് മന്ത്രി; ഭരണപക്ഷത്തിന്റെ കള്ളക്കണക്കുകൾ പൊളിച്ച് സഭയിൽ വീണ്ടും സ്റ്റാറായി സതീശൻ

ഉമ്മൻ ചാണ്ടി സർക്കാർ നിർമ്മിച്ച വീടെത്ര? വെറും 3,724 വീടുകളെന്ന പച്ചക്കള്ളം പറഞ്ഞ് മന്ത്രി എം വി ഗോവിന്ദൻ; തെളിവ് സഹിതം പ്രതിപക്ഷ നേതാവ് വസ്തുത ചൂണ്ടിക്കാട്ടിയപ്പോൾ അച്ചടിപ്പിശകു മൂലമെന്ന് മന്ത്രി; ഭരണപക്ഷത്തിന്റെ കള്ളക്കണക്കുകൾ പൊളിച്ച് സഭയിൽ വീണ്ടും സ്റ്റാറായി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഏറെ കൊട്ടിദ്‌ഘോഷിക്കപ്പെട്ടതാണ് ലൈഫ് പദ്ധതിയെ കുറിച്ച്. വലിയ വാഗ്ദാനങ്ങളായിരുന്നു പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. എന്നാൽ, ഈ പദ്ധതിയുടെ നേട്ടത്തിനായി ഉമ്മൻ ചാണ്ടി സർക്കാറിന്റെ നേട്ടങ്ങളെ തള്ളിപ്പറയുകയാണ് സംസ്ഥാന സർക്കാർ ചെയ്തിരുന്നത്. ഇത്തരമൊരു നീക്കത്തെ തള്ളിപ്പറഞ്ഞു കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശിൻ ഇന്നലെ സഭയിൽ ശോഭിച്ചു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു ഭവന രഹിതർക്കായി നിർമ്മിച്ച വീടുകളുടെ എണ്ണത്തെച്ചൊല്ലി നിയമസഭയിൽ തർക്കം. യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്തു സഭയിൽ അന്നത്തെ മുഖ്യമന്ത്രി നൽകിയ കണക്കനുസരിച്ച് 3,724 വീടുകൾ മാത്രമാണു വിവിധ ഭവന പദ്ധതികൾ വഴി പൂർത്തിയാക്കിയതെന്നു മന്ത്രി എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടിയതു പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി.

സഭയിലുണ്ടായിരുന്ന ഉമ്മൻ ചാണ്ടി പ്രതികരിച്ചില്ല. എന്നാൽ വാദത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദ്യം ചെയ്തു. ഉമ്മൻ ചാണ്ടി സർക്കാർ 2011 മുതൽ 2016 വരെ 4.34 ലക്ഷം വീടുകളാണു നിർമ്മിച്ചു നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. 2017 ൽ അന്നത്തെ തദ്ദേശ മന്ത്രി കെ.ടി.ജലീൽ സഭയിൽ നൽകിയ ഉത്തരത്തിൽ ഇതു വ്യക്തമാണ്. ഇന്ദിരാ ആവാസ് യോജന വഴി 2.74 ലക്ഷവും ഫിഷറീസ് വകുപ്പ് പദ്ധതി പ്രകാരം 19,000 വീടും പൂർത്തിയാക്കി. പട്ടിക വിഭാഗ പദ്ധതികളിൽ അടക്കമാണു മറ്റു വീടുകൾ പൂർത്തിയാക്കിയതെന്നും സതീശൻ പറഞ്ഞു.

ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഒമ്പതു ലക്ഷം അപേക്ഷകരിൽ നിന്നും ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഒന്നര വർഷമായിട്ടും പ്രസിദ്ധീകരിക്കാത്തതിനെ തുടർന്ന് ലക്ഷക്കണക്കിന് ഭവനരഹിതർക്കുണ്ടായ ആശങ്ക ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് അംഗം പി.കെ ബഷീർ നൽകിയ അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മന്ത്രി എം.വി ഗോവിന്ദൻ കള്ളക്കണക്കുകൾ നിരത്തിയത്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 3074 വീടുകൾ മാത്രമാണ് പൂർത്തിയാക്കിയിട്ടുള്ളന്ന് പഴയൊരു നിയമസഭാ രേഖ മുൻ നിർത്തി പറഞ്ഞാണ് മന്ത്രി സഭയിൽ രാഷ്ട്രീയ നാടകം കളിച്ചത്. എന്നാൽ പിണറായി സർക്കാരിന്റെ കാലത്ത് ഇതേ ചോദ്യത്തിന് മന്ത്രി കെ.ടി ജലീൽ നൽകിയ മറുപടിയുടെ പകർപ്പ് സഭയിൽ ഉയർത്തിക്കാട്ടി പ്രതിപക്ഷം തിരിച്ചടിച്ചു.

ആ മറുപടിയിൽ 2011 മുതൽ 2016 വരെ 4,34,0000 വീടുകൾ ഉമ്മൻ ചാണ്ടി സർക്കാർ നിർമ്മിച്ചു നൽകിയതിന്റെ വിശദാംശങ്ങൾ പ്രതിപക്ഷ നേതാവ് വിവരിച്ചു. അതേസമയം, ആസൂത്രണ ബോർഡിന്റെ കണക്കിലെ പിശകാണ് അത്തരമൊരു രേഖയ്ക്ക് ആധാരമായതെന്ന് ചൂണ്ടിക്കാട്ടി എം.വി ഗോവിന്ദൻ ഉരുണ്ടു കളിക്കാൻ ശ്രമിച്ചെങ്കിലും നിയമസഭാ രേഖയുടെ ആധികാരികത ഉറക്കെപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് മന്ത്രിയുടെ വായടച്ചു. അഞ്ചുവർഷത്തിനിടെ അഞ്ചുലക്ഷം വീടുകൾ നിർമ്മിച്ചു നൽകുമെന്ന് അവകാശപ്പെട്ട പിണറായി സർക്കാർ ഇതുവരെ നൽകിയ വീടുകളുടെ എണ്ണവും യുഡിഎഫ് സർക്കാർ നിർമ്മിച്ചു നൽകിയ വീടുകളുടെ യഥാർത്ഥ കണക്കുകളും പ്രതിപക്ഷ നേതാവ് അവതരിപ്പിച്ചു. ഇതോടെ ഭരണപക്ഷം സമ്പൂർണമായി പ്രതിരോധത്തിലായി. അച്ചടിപ്പിശകാണ് സംഭവിച്ചതെന്നാണ് എം വി ഗോവിന്ദൻ സഭയിൽ പറഞ്ഞത്. ഒടുവിൽ, അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

കേരളം ഭരിക്കുന്ന ഇ.എം.എസിന്റെ പാർട്ടി അധികാര വികേന്ദ്രീകരണം എന്ന ആശയത്തെ അട്ടിമറിച്ച് കേന്ദ്രീകരണത്തിലേക്ക് മാറിയെന്ന് നോട്ടീസ് അവതരിപ്പിച്ച പി.കെ ബഷീർ പറഞ്ഞു. ത്രിതല പഞ്ചായത്തുകൾ വഴി നടപ്പാക്കിയ വീട് നിർമ്മാണം ലൈഫ് എന്ന് പേരിട്ട് സർക്കാർ സ്വന്തമാക്കി മേനി നടിക്കുകയാണ്. 2020 ആകുമ്പോഴേക്കും സംസ്ഥാനത്ത് ഭവന രഹിതരുണ്ടാവില്ലെന്നാണ് അധികാരത്തിലേറിയപ്പോൾ പിണറായി വിജയൻ പ്രഖ്യാപിച്ചത്. എന്നാൽ ഇതുവരെ രണ്ടര ലക്ഷത്തോളം വീടുകൾ പോലും നൽകാനായില്ലെന്ന് പി.കെ ബഷീർ കുറ്റപ്പെടുത്തി. നേരത്തെ ത്രിതല പഞ്ചായത്തുകളും പട്ടികജാതി, വർഗ വകുപ്പും ഫിഷറീസ് വകുപ്പുമൊക്കെ നിർമ്മിച്ചു നൽകിയ വീടുകളുടെ എണ്ണം ചേർത്താണ് സർക്കാർ ലൈഫ് മിഷൻ വീടുകളുടെ കണക്ക് ഒപ്പിക്കുന്നത്. ഇപ്പോൾ പദ്ധതി സ്തംഭനത്തിലാണ്.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി അപേക്ഷ ക്ഷണിച്ചിട്ട് 17 മാസം കഴിഞ്ഞിട്ടും നടപടികൾ പോലും പൂർത്തിയാക്കിയിട്ടില്ല. ജില്ലാ തലത്തിൽ യോഗങ്ങളോ മോണിറ്ററിങ് കമ്മിറ്റികളോ ചേരുന്നുപോലുമില്ലെന്ന് ബഷീർ കുറ്റപ്പെടുത്തി. ഇപ്പോൾ പഞ്ചായത്ത് സെക്രട്ടറിമാർക്കും പ്രസിഡന്റുമാർക്കും പരിശീലനം നൽകാനൊരുങ്ങുകയാണ് സർക്കാർ. അതുവഴി അനാവശ്യ ചെലവുണ്ടാക്കാനാണ് ശ്രമം. പാർട്ടിയിൽ മുഖ്യമന്ത്രിക്ക് ഒഴികെ മറ്റുള്ളവർക്കെല്ലാം ക്ലാസ് എടുക്കുന്ന എം.വി ഗോവിന്ദൻ ലൈഫ് മിഷൻ പദ്ധതി സ്തംഭിച്ചത് കാര്യ കാരണ സഹിതം സൂക്ഷ്മമായി വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിന് മറുപടി നൽകിയ മന്ത്രി എംവി ഗോവിന്ദൻ, ലൈഫ് മിഷൻ ഭവന പദ്ധതിയുടെ പട്ടിക ഡിസംബർ ഒന്നിന് പ്രസിദ്ധീകരിക്കുമെന്ന് സഭയെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് കാരണമാണ് പദ്ധതി വൈകിയതെന്നും അർഹരായവർക്കെല്ലാം വീട് നൽകുകയാണ് സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP