Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം; അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം നിരന്തരം നിഷേധിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ്; ചോദ്യോത്തരവേള റദ്ദാക്കി നിയമസഭ പിരിഞ്ഞു; അടിയന്തര പ്രമേയമെല്ലാം അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി; സ്പീക്കർ വിളിച്ച സർവകക്ഷി യോഗത്തും രൂക്ഷമായ വാക്‌പോര്

നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം; അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം നിരന്തരം നിഷേധിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ്; ചോദ്യോത്തരവേള റദ്ദാക്കി നിയമസഭ പിരിഞ്ഞു; അടിയന്തര പ്രമേയമെല്ലാം അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി; സ്പീക്കർ വിളിച്ച സർവകക്ഷി യോഗത്തും രൂക്ഷമായ വാക്‌പോര്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടർന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തരവേള റദ്ദാക്കിയാണ് നിയമസഭ പിരിഞ്ഞത്. ഇന്നലെ സഭയിലുണ്ടായ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അവകാശം നിരന്തരം നിഷേധിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ബഹളത്തെ തുടർന്ന് സഭ പിരിയുകയായിരുന്നു.

സ്പീക്കർ എ.എൻ. ഷംസീർ സഭയിലെത്തിയത് മുതൽ പ്രതിപക്ഷം പ്രതിഷേധിക്കാൻ തുടങ്ങി. ഇതോടെ സ്പീക്കർ സംസാരിച്ചു. ഇന്നലെ സഭക്കകത്തും പുറത്തുമുണ്ടായത് നിർഭാഗ്യകരമായ സംഭവങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ ചരിത്രത്തിലില്ലാത്ത രീതിയിൽ സ്പീക്കറുടെ ചേംബർ തന്നെ ഉപരോധിക്കുന്ന സാഹചര്യമുണ്ടായി. തുടർന്ന് കക്ഷിനേതാക്കളുടെ യോഗം വിളിച്ചു. എല്ലാവരും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.

അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം നിരന്തരം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സ്പീക്കറുടെ ചേംബറിൽ ഒരു പ്രശ്‌നവുമുണ്ടാക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല. വാച്ച് ആൻഡ് വാർഡ് മനഃപൂർവം ഉപദ്രവിക്കുകയായിരുന്നു. വനിത എംഎ‍ൽഎയെ അടക്കം ഉപദ്രവിച്ചെന്നും വി.ഡി. സതീശൻ പറഞ്ഞു.

പ്രതിപക്ഷ എംഎ‍ൽഎമാരെ ആക്രമിച്ച സംഭവത്തിൽ ഡെപ്യൂട്ടി ചീഫ് മാർഷലിനെതിരെയും രണ്ട് ഭരണപക്ഷ എംഎ‍ൽഎമാർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, ഇത് അംഗീകരിക്കാതെ ചോദ്യോത്തര വേളയിലേക്ക് കടന്നതോടെ പ്രതിപക്ഷം ബഹളമുയർത്തി. പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തര വേള റദ്ദാക്കി സഭ പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിക്കുകയായിരുന്നു.

സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ രൂക്ഷമായ വാക പോരുണ്ടായി. എല്ലാ വിഷയത്തിലും അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാൻ ആകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഭ നടക്കില്ല എന്ന് വി ഡി സതീശൻ നിലപാട് എടുത്തു. പ്രതിപക്ഷ നേതാവ് വൈകാരികമായും പ്രകോപനപരവുമായി സംസാരിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് ആരാണ് ബാലൻസ് തെറ്റി സംസാരിക്കുന്നത് എന്ന് വി ഡി സതീശൻ തിരിച്ചടിച്ചു.

ജൂനിയർ എംഎൽഎ മാത്യു കുഴൽ നാടൻ സംസാരിച്ചപ്പോൾ എത്ര തവണ മുഖ്യമന്ത്രി ഇടപെട്ടു എന്ന് വി ഡി സതീശൻ ചോദിച്ചു. കക്ഷി നേതാക്കളുടെ യോഗത്തിൽ ഒരുതരത്തിലും വിട്ടു വീഴചയ്ക്കില്ലെന്ന് ഭരണ പ്രതിപക്ഷം നിലപാടെടുത്തതോടെ നിയമസഭ സുഗമമായി മുന്നോട്ട് പോകില്ലെന്ന് ഉറപ്പായി. യോഗത്തിന് ശേഷം സഭാതലത്തിലെത്തിയ പ്രതിപക്ഷം പ്രതിഷേധം തുടർന്നു. സ്പീക്കറിന്റെ ഡയസിനു താഴെ പ്രതിഷേധം തുടരുന്നതിനിടെ ആദ്യം സ്പീക്കർ ചോദ്യോത്തര വേള സസ്‌പെൻഡ് ചെയ്തു. തുടർന്ന് നടപടി ക്രമങ്ങൾ വേഗത്തിലാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP