Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സഭയിൽ വോട്ടവകാശം ഇല്ലാത്ത കെ എം ഷാജിക്ക് അടിയന്തര പ്രമേയം അവതരിപ്പിക്കാനാവില്ലെന്ന് മന്ത്രി; ഇത് നിയമ വിരുദ്ധവും ചട്ടവിരുദ്ധവുമാണെന്ന് എ കെ ബാലന്റെ പോയിന്റ് ഓഫ് ഓർഡർ; മന്ത്രിയെ തള്ളി ഷാജിയുടെ വോട്ടവകാശം മാത്രമാണ് സുപ്രീംകോടതി തടഞ്ഞിട്ടുള്ളൂവെന്ന് സഭയെ അറിയിച്ചു സ്പീക്കർ പി ശ്രീരാമകൃഷ്ണൻ; സെൻസസിലെ അടിയന്തര പ്രമേയം ലീഗ് എംഎൽഎ അവതരിപ്പിക്കുന്നതിനെ ചൊല്ലി സഭയിൽ വാക്‌പോര്; മുസ്ലിങ്ങളെ കെട്ടിപ്പിടിച്ചാൽ പ്രശ്നം തീരില്ല; സർക്കാരിന്റേത് ഭൂലോക തള്ളെന്ന് കെ എം ഷാജിയും

സഭയിൽ വോട്ടവകാശം ഇല്ലാത്ത കെ എം ഷാജിക്ക് അടിയന്തര പ്രമേയം അവതരിപ്പിക്കാനാവില്ലെന്ന് മന്ത്രി; ഇത് നിയമ വിരുദ്ധവും ചട്ടവിരുദ്ധവുമാണെന്ന് എ കെ ബാലന്റെ പോയിന്റ് ഓഫ് ഓർഡർ; മന്ത്രിയെ തള്ളി ഷാജിയുടെ വോട്ടവകാശം മാത്രമാണ് സുപ്രീംകോടതി തടഞ്ഞിട്ടുള്ളൂവെന്ന് സഭയെ അറിയിച്ചു സ്പീക്കർ പി ശ്രീരാമകൃഷ്ണൻ; സെൻസസിലെ അടിയന്തര പ്രമേയം ലീഗ് എംഎൽഎ അവതരിപ്പിക്കുന്നതിനെ ചൊല്ലി സഭയിൽ വാക്‌പോര്; മുസ്ലിങ്ങളെ കെട്ടിപ്പിടിച്ചാൽ പ്രശ്നം തീരില്ല; സർക്കാരിന്റേത് ഭൂലോക തള്ളെന്ന് കെ എം ഷാജിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.എം ഷാജിയുടെ എംഎ‍ൽഎ എന്ന നിലയിലുള്ള അവകാശങ്ങൾ സംബന്ധിച്ച് നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്ക്‌പോര്. സെൻസസ് ആശങ്കയെ കുറിച്ച് അടിയന്തര പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി കെ.എം ഷാജി നോട്ടീസ് നൽകിയതോടെയാണ് വാക്‌പോരിന് ഇടയാക്കിയ സംഭവം ഉണ്ടായത്. വോട്ടവകാശമില്ലാത്ത അംഗത്തിന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനാവില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി എ.കെ ബാലൻ പറഞ്ഞു. വോട്ടെടുപ്പിലേക്ക് പോകാൻ സാധ്യതയുള്ള പ്രമേയം എങ്ങനെ അവതരിപ്പിക്കാൻ സാധിക്കും. ഇത് നിയമ വിരുദ്ധവും ചട്ടവിരുദ്ധവുമാണെന്ന് പോയിന്റ് ഓഫ് ഓഡറിലൂടെ മന്ത്രി ബാലൻ ചൂണ്ടിക്കാട്ടി.

വിഷയത്തിൽ ഇടപെട്ട സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, കെ.എം ഷാജിയുടെ വോട്ടവകാശം മാത്രമാണ് സുപ്രീംകോടതി തടഞ്ഞിട്ടുള്ളൂവെന്ന് സഭയെ അറിയിച്ചു. സെൻസസ് ആശങ്കയെ കുറിച്ചുള്ള അടിയന്തര പ്രമേയം സഭയിൽ അവതരിപ്പിക്കാൻ കെ.എം ഷാജിക്ക് സ്പീക്കർ അനുമതിയും നൽകി. പാർലമെന്ററികാര്യ മന്ത്രി ബാലിശമായി സംസാരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭയിൽ പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിനോ, ചർച്ചയിൽ പങ്കെടുക്കുന്നതിനോ, ചോദ്യങ്ങൾ ചോദിക്കുന്നതിനോ തടസമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെന്നിത്തലയുടെ നിലപാടിനെ പിന്തുണച്ച് കെ.സി ജോസഫും വി.ഡി സതീശനും രംഗത്തെത്തി.

നിയമ മന്ത്രി എ.കെ ബാലന് അടിസ്ഥാന നിയമങ്ങൾ പോലും അറിയില്ലെന്ന് കെ.സി ജോസഫ് പറഞ്ഞു. നിയമം പഠിക്കാൻ പോയപ്പോൾ അദ്ദേഹം ക്ലാസിൽ കയറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.സി ജോസഫിന്റെ പരാമർശം ഭരണപക്ഷത്ത് നിന്നുള്ള പ്രതിഷേധത്തിന് കാരണമായി. പിന്നീട് വിവാദ പരാമർശം കെ.സി ജോസഫ് പിൻവലിച്ചു.

അതിനിടെ പ്രമേയം അവതരിപ്പിച്ച കെ എം ഷാജി സെൻസസ് നടപടിയിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന് സഹായകമായ വിവരങ്ങളാണ് സെൻസസിലൂടെ ശേഖരിക്കുന്നത്. ഇത് മുസ്ലിം വിഷയമല്ല, രാജ്യത്തെയാകെ ബാധിക്കുന്ന വിഷയങ്ങളാണെന്നും നോട്ടീസ് അവതരിപ്പിച്ച കെ എം ഷാജി അഭിപ്രായപ്പെട്ടു. മുസ്ലിങ്ങളെ കെട്ടിപ്പിടിച്ചതുകൊണ്ടുമാത്രം പ്രശ്നം ഇലലാതാകില്ല. നിലവിലെ സെൻസസ് പ്രക്രിയയിലൂടെ എൻപിആറിലേക്ക് പോകാൻ കഴിയും. സെൻസസ് മാത്രമേ ഉള്ളൂ, എൻപിആർ ഇല്ല എന്നുപറയുന്നത് ഭൂലോക തള്ളെന്നും ഷാജി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് സെൻസസ് നടപ്പാക്കുന്നതിൽ അപാകതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സെൻസസിൽ അപാതകയില്ല. നടപടികൾ നിർത്തിവെക്കാനാകില്ല. സെൻസസിന് ദേശീയ പൗരത്വ രജിസ്റ്ററിമായി (എൻപിആർ) ബന്ധമില്ല. സെൻസസ് നടപ്പാക്കുന്നതിൽ ജനങ്ങളിൽ ആശങ്കയുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും സംസ്ഥാനത്ത് സെൻസസിൽ നിന്ന് എൻപിആർ ബന്ധമുള്ള എല്ലാ ചോദ്യങ്ങളും ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ചെയ്യുന്നത് എന്താണെന്ന് ജനങ്ങൾക്ക് അറിയാം. പ്രതിപക്ഷം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആശങ്ക കൊണ്ടല്ല, മറ്റു പല ലക്ഷ്യങ്ങളുമായാണ് കെ എം ഷാജി അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങൾ നിങ്ങൾ എന്ന പേരിൽ ഷാജി വർഗീയത പടർത്തുന്ന തരത്തിൽ സംസാരിച്ചത് ഉചിതമായില്ല. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പ്രശ്നമായല്ല സർക്കാർ വിഷയം എടുത്തതെന്നും പിണറായി വിജയൻ പറഞ്ഞു. ഷാജിയുടെ വാക്കുകൾ എസ്ഡിപിഐയുടെ വാക്കുകളാണെന്ന് ചർച്ചയിൽ ഇടപെട്ട മന്ത്രി വി എസ് സുനിൽകുമാർ ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP