Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയിൽ വേവിച്ച വിവാദമല്ല; സർക്കാരിന് അസാധാരണ വെപ്രാളമാണ്; രഹസ്യമൊഴി അന്വേഷിക്കാനുള്ള അസാധാരണ തിടുക്കം എന്തിനാണ്? മുഖ്യമന്ത്രി എന്തുകൊണ്ട് മാനനഷ്ടക്കേസ് നൽകുന്നില്ല; ബാഗ് മറന്നിരുന്നവെന്ന് ശിവശങ്കറിന്റെ മൊഴിയുണ്ട്; അപ്പോൾ കള്ളം പറയുന്നതാര്? അടിയന്തര പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പിൽ

സ്വർണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയിൽ വേവിച്ച വിവാദമല്ല; സർക്കാരിന് അസാധാരണ വെപ്രാളമാണ്; രഹസ്യമൊഴി അന്വേഷിക്കാനുള്ള അസാധാരണ തിടുക്കം എന്തിനാണ്? മുഖ്യമന്ത്രി എന്തുകൊണ്ട് മാനനഷ്ടക്കേസ് നൽകുന്നില്ല; ബാഗ് മറന്നിരുന്നവെന്ന് ശിവശങ്കറിന്റെ മൊഴിയുണ്ട്; അപ്പോൾ കള്ളം പറയുന്നതാര്? അടിയന്തര പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്ത് വിഷയത്തിൽ നിയമസഭയിൽ ചർച്ച തുടങ്ങി. രണ്ടുമണിക്കൂർ നേരം സഭ നിറുത്തിവച്ചുകൊണ്ടായിരിക്കും പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയം ചർച്ച ചെയ്യുന്നത്. ഇന്നു രാവിലെ പ്രതിപക്ഷത്തുനിന്ന് ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേരളവും പൊതുസമൂഹവും അറിയാൻ താത്പര്യപ്പെടുന്ന വിഷയമാണിതെന്ന് ഷാഫി പറഞ്ഞു.

സ്വർണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയിൽ വച്ച് വേവിച്ച വിവാദമല്ലെന്ന് ഷാഫി അടിയന്തര പ്രമേയം അവതരിപ്പിച്ചു കൊണ്ട് ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ച. സ്വർണക്കടത്ത് കേസ് അട്ടിമറിച്ചെന്നാരോപിച്ച് സഭയിൽ നൽകിയ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. സ്വപ്നയുടെ ആരോപണങ്ങൾ തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിക്കാത്തതെന്നും എന്തുകൊണ്ട് മുഖ്യമന്ത്രി മാനനഷ്ടക്കേസ് നൽകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ഇക്കാര്യം ശ്രദ്ധയിൽ പെട്ടില്ലെങ്കിൽ മുഖ്യമന്ത്രി ശ്രദ്ധിക്കണം. രഹസ്യമൊഴി എങ്ങനെ കലാപാഹ്വാനം ആകും. സർക്കാരിന് അസാധാരണ വെപ്രാളമാണ്. രഹസ്യമൊഴി അന്വേഷിക്കാനുള്ള അസാധാരണ തിടുക്കം എന്തിനാണാണെന്നും ഷാഫി പറമ്പിൽ ചോദിച്ചു. ഈ കേസിലൂടെ അവതാരങ്ങളുടെ ചാകര ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണം ഉണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചർച്ചയ്ക്ക് എടുത്തത് തെറ്റായി പോയെന്ന് തോന്നുണ്ടെങ്കിൽ അത് പറയണം. എം.ആർ അജിത്ത് കുമാറിന് ഷാജ് കിരണുമായി എന്താണ് ബന്ധം.

ഷാജിന് പൊലീസിൽ ഇത്ര സ്വാധിനം ഉണ്ടായത് എങ്ങനെയെന്നും ഷാഫി ചോദ്യം ഉന്നയിച്ചു. മുഖ്യമന്ത്രിയെ കുറിച്ച് മോശപ്പെട്ട കാര്യങ്ങൾ പറഞ്ഞെങ്കിൽ എന്തുകൊണ്ട് ഷാജിനെ അറസ്റ്റ് ചെയ്തില്ല. ബാഗ് മറന്നിരുന്നവെന്ന് ശിവശങ്കറിന്റെ മൊഴിയുണ്ട്. അത് വിദേശത്ത് എത്തിച്ചുവെന്ന് പറഞ്ഞു. അപ്പോൾ കള്ളം പറയുന്നതാര് തുടങ്ങിയ ചോദ്യങ്ങളും ഷാഫി പറമ്പിൽ ഉന്നയിച്ചു.

ഷാഫി പറമ്പിൽ ഉന്നയിച്ച പ്രധാന പരാമർശങ്ങൾ:

സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലുകൾ പ്രതിപക്ഷത്തിന്റെ അജണ്ടയല്ല.
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിൽ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരേ ഗുരുതര പരാമർശങ്ങളുണ്ടെന്ന് മാധ്യമറിപ്പോർട്ടുകളുണ്ട്. ആ ആരോപണം തെറ്റാണെങ്കിൽ എന്തുകൊണ്ട് സർക്കാരും മുഖ്യമന്ത്രിയും മാനനഷ്ടത്തിന് കേസു കൊടുക്കുന്നില്ല?
സ്വപ്നയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ സരിത്തിനെ ബലമായി പിടിച്ചു കൊണ്ടുപോയ കാര്യം ശ്രദ്ധയിൽപ്പെട്ടോ എന്ന് പ്രതിപക്ഷം ചോദിച്ചപ്പോൾ, ശ്രദ്ധയിൽപ്പെട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുന്നില്ലെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്റെ ശ്രദ്ധ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

പാലക്കാട്ടെ വിജിലൻസിന് സരിത്തിനെ അറസ്റ്റ് ചെയ്യാൻ ആര് അധികാരം കൊടുത്തു?
സ്വപ്നയ്ക്കെതിരേ ജലീൽ പരാതി നൽകി. 164 കൊടുത്തതിന്റെ പേരിൽ എന്തിനാണ് കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കേസ് എടുക്കുന്നത്? എന്തിനായിരുന്നു സർക്കാരിന്റെ ആ വെപ്രാളം?
ഭരണത്തിന്റെ ഇടനാഴിയിൽ അവതാരങ്ങളുണ്ടാകില്ലെന്ന് മുൻപ് പിണറായി വിജയൻ പറഞ്ഞിരുന്നു. ഭരണത്തിന്റെ ഇടനാഴികളിൽ അവതാരങ്ങളില്ല. അവതാരങ്ങളുടെ ചാകര മുഖ്യമന്ത്രിയുടെ ഓഫീസും വകുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായി.
ആരാണ് ഷാജ് കിരൺ, ആരാണ് വ്യവസായി ഇബ്രാഹിം? ഇവർക്കെന്താണ് കേസിൽ താൽപര്യം, എന്തിനാണ് അവർ 164 തിരുത്താൻ ശ്രമിക്കുന്നത്.
ഷാജ് കിരൺ മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനെതിരേയും ആരോപണം ഉന്നയിച്ചിട്ട് എന്തുകൊണ്ട് കേസ് എടുത്തില്ല?

വിജിലൻസ് മേധാവിസ്ഥാനത്തുനിന്ന് എം.ആർ. അജിത് കുമാറിനെ എന്തുകൊണ്ട് മാറ്റി? 30-ൽ അധികം തവണ തമ്മിൽ സംസാരിക്കാൻ അജിത്കുമാറിനും ഷാജ് കിരണിനും എന്താണ് ബന്ധം? വിജിലൻസ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയിട്ട് പുതിയതസ്തിക സൃഷ്ടിച്ച് നിയമിച്ചത് എന്തിന്?
സർവീസ് ചട്ടം ലംഘിച്ച് പുസ്തകം എഴുതിയ ശിവശങ്കറിനെതിരേ എന്തുകൊണ്ട് നടപടി എടുത്തില്ല?
ഏതെങ്കിലും പൈങ്കിളിക്കഥകൾക്ക് പിന്നാലെയല്ല പ്രതിപക്ഷം
സ്വപ്നയ്ക്ക് ക്രെഡിബിലിറ്റി സർട്ടിഫിക്കറ്റ് കൊടുക്കാൻ മത്സരിക്കുന്നവരല്ല പ്രതിപക്ഷം
സ്വപ്ന സുരേഷിന് ക്രെഡിബിലിറ്റി സർട്ടിഫിക്കറ്റ് കൊടുത്തത്, അവർ പറയുന്നത് കേൾക്കൂ എന്ന് കേരളത്തോട് ആദ്യം പറഞ്ഞത് എൽ.ഡി.എഫാണ്.

മുഖ്യമന്ത്രിക്ക് നേരെ ഇ.ഡി വരുമ്പോൾ ആഹാ... രാഹുലിന് നേരെ വരുമ്പോൾ ഓഹോ...: കെ കെ ശൈലജ

അതേസമയം മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷത്തെ പരിഹസിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയും രംഗത്തുവന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണമുൾപ്പെടെയുള്ള കാര്യങ്ങളിൽ കോൺഗ്രസിന് രണ്ട് നിലപാടാണെന്ന് അവർ ആരോപിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു തെളിവും ഇല്ലാതെ ഏജൻസികൾ മടങ്ങിപ്പോയി. മുഖ്യമന്ത്രിക്ക് നേരെ ഇ.ഡി വരുമ്പോൾ ആഹാ... രാഹുലിന് നേരെ വരുമ്പോൾ ഓഹോ...എന്നതാണ് കോൺഗ്രസിന്റെ നിലപാട്. രാഹുലിന്റെ കാര്യത്തിൽ ഇ.ഡിക്കെതിരെ സമരം ചെയ്യുന്നവർ ഇവിടെ അവരുടെ വക്താക്കളാകുന്നുവെന്നും ശൈലജ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനേയും ശൈലജ വിമർശിച്ചു. സതീശൻ എത്രമാത്രം തരംതാഴാൻ കഴിയുന്നുവോ അത്രമാത്രം തരംതാഴുന്നു. തൃക്കാക്കര തിരഞ്ഞെടുപ്പ് ജയം കോൺഗ്രസിനെ അഹങ്കാരികളാക്കി മാറ്റിയിരിക്കുന്നു. കോൺഗ്രസിന്റെ സിറ്റിങ് മണ്ഡലമാണ് അത്. അവർക്ക് ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ വിജയിച്ചപ്പോൾ മുങ്ങുന്ന കപ്പലിന് ഒരു കച്ചിത്തുരുമ്പാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. പി.ടി തോമസിന്റെ മരണത്തിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പ്, അദ്ദേഹത്തിന്റെ ഭാര്യ സ്ഥാനാർത്ഥിയായി മത്സരിച്ചു തുടങ്ങിയ ചില ഘടകങ്ങളും അതിലുണ്ട്.

തൃക്കാക്കര ജയത്തിൽ ആഹ്‌ളാദിക്കാൻ മാത്രം ഉണ്ടോയെന്ന് കോൺഗ്രസുകാർ ആലോചിക്കണം. അതിന്റെ പേരിൽ എല്ലാം നേടി എന്ന് കരുതുമ്പോൾ ജനങ്ങളിൽനിന്ന് എത്ര അകലെയാണ് എന്ന യാഥാർഥ്യം മനസ്സിലാക്കിയില്ലെങ്കിൽ സർവനാശം സംഭവിക്കുമെന്ന് ഓർമ്മിക്കാനും ശൈലജ കോൺഗ്രസ് നേതാക്കളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോൾ പണം കൊടുത്ത് ജയിക്കും എന്ന പ്രസംഗം കെപിസിസി പ്രസിഡന്റ് നടത്തിയെന്നും പ്രസംഗം പകുതിയായപ്പോൾ ആരോ തടഞ്ഞുവെന്നും അവർ പറഞ്ഞു.

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിൽ എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയ അതിക്രമത്തെ അവർ അപലപിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ എസ്.എഫ്.ഐ കയറിയത് തെറ്റ്. രാഷ്ട്രീയ പാർട്ടികളുടെ ഓഫീസ് അക്രമിക്കുന്നത് തെറ്റാണ്. അത് കോൺഗ്രസിന്റെ രീതിയാണ്. അതിനെ അംഗീകരിക്കാത്തതുകൊണ്ടാണ് എസ്എഫ്‌ഐയുടെ പ്രവർത്തിയെ അപലപിച്ചതും തള്ളിപ്പറഞ്ഞതും. അതിന്റെ പേരിൽ സിപിഎം പാർട്ടി ഓഫീസുകൾ അതിക്രമിക്കുന്നത് കോൺഗ്രസ് സ്വീകരിക്കുന്ന അപകടകരമായ നിലപാടാണ്.

വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ച സംഭവത്തെ അപലപിക്കാൻ ഒരു കോൺഗ്രസ് നേതാവും തയ്യാറായില്ലെന്നും അവർ പറഞ്ഞു. യൂത്ത് കോൺഗ്രസുകാരായ പ്രതിഷേധക്കാർ വിമാനത്തിനുള്ളിൽ കാണിച്ചതെന്താണ്. രാഷ്ട്രീയ മാന്യതയുണ്ടെങ്കിൽ ആ വിഷയത്തിനെ തള്ളി പറയാൻ കഴിഞ്ഞോ. തള്ളിപ്പറഞ്ഞില്ലെന്ന് മാത്രമല്ല മാലയിട്ട് സ്വീകരിക്കുകയും ചെയ്തു.മുഖ്യമന്ത്രിയെ ആക്രമിക്കാനും അപായപ്പെടുത്താനും യൂത്ത് കോൺഗ്രസുകാർക്ക് പണം കൊടുത്ത് ടിക്കറ്റ് എടുത്ത് പറഞ്ഞ് വിട്ടു. മുഖ്യമന്ത്രിയെ പ്രതിരോധിക്കുകയാണ് പ്രതിഷേധക്കാരെ തടഞ്ഞ് ഇ.പി ജയരാജൻ ചെയ്തത്. കേരളത്തിന്റെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ആക്രോശിച്ച് പാഞ്ഞെത്തുന്നവരെ പിന്നെ എന്ത് ചെയ്യണമായിരുന്നുവെന്നും ശൈലജ ചോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP