Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയ്യപ്പപ്പണിക്കരുടെ 'കടുക്ക' കവിത ആസ്പദമാക്കി 'വ്യവസ്ഥ' ചെയ്തപ്പോൾ അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ അവാർഡ്; അഞ്ചാമത് ചെയ്ത 'വെയിൽമാന'ത്തിനു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മികച്ച തിരക്കഥയ്ക്കുള്ള അംഗീകാരവും; ഓട്ടോ ഓടിക്കുന്ന ഇടവേളകളിൽ പൂർത്തിയാക്കിയ പുതിയ സ്‌ക്രിപ്റ്റ് സിനിമയുമാക്കുന്നു; വിനീത് ശ്രീനിവാസനെ നായകനാക്കാൻ ആശിച്ചപ്പോൾ നിരാശയും; ഓട്ടോ ഡ്രൈവർ ആയ ബാബുമോൻ ആനക്കോട്ടൂർ ശ്രദ്ധ പിടിച്ചുപറ്റുന്നത് ഇങ്ങനെ

അയ്യപ്പപ്പണിക്കരുടെ 'കടുക്ക' കവിത ആസ്പദമാക്കി 'വ്യവസ്ഥ' ചെയ്തപ്പോൾ അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ അവാർഡ്; അഞ്ചാമത് ചെയ്ത 'വെയിൽമാന'ത്തിനു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മികച്ച തിരക്കഥയ്ക്കുള്ള അംഗീകാരവും; ഓട്ടോ ഓടിക്കുന്ന ഇടവേളകളിൽ പൂർത്തിയാക്കിയ പുതിയ സ്‌ക്രിപ്റ്റ് സിനിമയുമാക്കുന്നു; വിനീത് ശ്രീനിവാസനെ നായകനാക്കാൻ ആശിച്ചപ്പോൾ നിരാശയും; ഓട്ടോ ഡ്രൈവർ ആയ ബാബുമോൻ ആനക്കോട്ടൂർ ശ്രദ്ധ പിടിച്ചുപറ്റുന്നത് ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: അതിശയിപ്പിക്കുന്ന കയ്യടക്കത്തോടെ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്യുന്ന തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവർ ശ്രദ്ധേയനാകുന്നു. ചുരുങ്ങിയ കാലത്തിനിടയിൽ അഞ്ചു ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്താണ് ഓട്ടോ ഡ്രൈവർ ആയ ബാബുമോൻ ആനക്കോട്ടൂർ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പരിസ്ഥിതിയുമായും സാമൂഹിക വ്യവസ്ഥയുമായും ഒട്ടി നിൽക്കുന്നതാണ് ബാബുമോന്റെ ഹ്രസ്വ ചിത്രങ്ങൾ എന്നത് ഇവയുടെ പ്രാധാന്യവും വർധിപ്പിക്കുന്നു. ഏറ്റവും ഒടുവിൽ ചെയ്ത വെയിൽമാനമാണ് ബാബുമോന്റെ സംവിധാനമികവിനും പ്രകൃതിയോടുള്ള കൂറിനും നിദർശനമായി മാറുന്നത്. ഇപ്പോൾ വെയിൽമാനത്തിനു ശേഷം സിനിമാ സംവിധാനത്തിലേക്ക് തിരിയാനാണ് ബാബുമോൻ ആഗ്രഹിക്കുന്നത്. അതിന്റെ തിരക്കഥയും കയ്യിലുണ്ട്. ഈ തിരക്കഥ സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് ബാബുമോൻ ഇപ്പോൾ.

പാരിസ്ഥിതികമായ തിരിച്ചറിവുകൾ പകർന്നു നൽകുന്ന ഹ്രസ്വചിത്രം എന്ന നിലയിലാണ് ബാബുമോന്റെ വെയിൽമാനം ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയത്. ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് യുട്യൂബിലാണ് വെയിൽമാനത്തിന്റെ റിലീസ് നടന്നത്. പ്രകൃതിയോട് മനുഷ്യൻ ചെയ്യുന്ന ക്രൂരതകൾ പ്രളയവും കാലാവസ്ഥാ വ്യതിയാനവുമായി തിരിച്ചടിക്കുമ്പോൾ പാരിസ്ഥിതികാവബോധത്തിന്റെ പുത്തൻ പാഠങ്ങൾ ആണ് വെയിൽമാനം പകർന്നു നൽകുന്നത്. അതുകൊണ്ട് തന്നെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് ഇക്കുറി വെയിൽമാനത്തിനു നേടാനായത്.

തിരുവനന്തപുരം സിറ്റിയിൽ ഓട്ടോ ഓടിച്ച് നടക്കവേ തന്നെയാണ് ബാബുമോന്റെ മനസ്സിൽ ഡോക്യുമെന്ററികൾ സ്ഥാനം പിടിക്കുന്നത്. ഡോക്യുമെന്ററികൾ ആഗ്രഹവും ഇച്ഛയുമായി മനസ്സിൽ നിറഞ്ഞപ്പോൾ ഓട്ടോ ഓടിക്കലിനൊപ്പം ഹ്രസ്വ ചിത്ര നിർമ്മാണത്തിലും ബാബുമോൻ ശ്രദ്ധയൂന്നുകയായിരുന്നു. ന്യൂ തിങ്ക്, കോൾ, സകുവും ശിവയും, വ്യവസ്ഥ എന്നിവയാണ് ബാബുമോന്റെ ഹ്രസ്വചിത്രങ്ങൾ. വ്യവസ്ഥ ആനുകാലിക രാഷ്ട്രീയം കേന്ദ്രമാക്കി എടുത്ത ചിത്രമാണ്. വികല മനസിന്റെ ചിന്താഗതിയാണ് സകുവും ശിവയും. വാഹനങ്ങൾ ഓടിക്കുമ്പോൾ ഫോൺ ചെയ്യുന്നത് തെറ്റാണെന്ന സന്ദേശമാണ് കോൾ നൽകുന്നത്. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ അവാർഡ് ലഭിച്ച ഹ്രസ്വ ചിത്രമാണ് വ്യവസ്ഥ. അയ്യപ്പപ്പണിക്കരുടെ കടുക്ക എന്ന കവിതയാണ് വ്യവസ്ഥയ്ക്ക് ആധാരമായത്. വെയിൽമാനത്തിനു പക്ഷെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അവാർഡ് തന്നെ തേടിവരുകയും ചെയ്തു. മികച്ച തിരക്കഥയ്ക്കുള്ള അവാർഡാണ് വെയിൽമാനത്തിനു ലഭിച്ചത്.

ഓട്ടോ ഡ്രൈവർ എന്ന നിലയിൽ നിന്ന് ഹ്രസ്വചിത്ര സംവിധായകനായും ഇപ്പോൾ സിനിമാ സംവിധായകനാകും മാറാൻ ആഗ്രഹിക്കുന്ന ബാബുക്കുട്ടൻ മറുനാടൻ മലയാളിയോട് സംസാരിച്ചു ഓട്ടോയാത്രയ്ക്കിടെ തന്നെ.

അഭിമുഖത്തിലേക്ക്

ഓട്ടോ ഡ്രൈവറാണ് ഇതിന്നിടയിൽ തന്നെ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്യുന്നു. എങ്ങിനെയാണ് ഹ്രസ്വചിത്രങ്ങളിലേക്ക് തിരിയുന്നത്?

കലയോടുള്ള ആത്മസമർപ്പണം തന്നെയാണ് ഹ്രസ്വ ചിത്ര നിർമ്മിതികൾക്ക് പിന്നിൽ. അമച്വർ നാടകങ്ങൾ ചെയ്യുകയും അതിൽ അഭിനയിക്കുകയും ചെയ്ത പരിചയങ്ങളിൽ നിന്നാണ് ഹ്രസ്വചിത്ര നിർമ്മാണത്തിനു പിന്നിൽ. ഹ്രസ്വചിത്രങ്ങൾ ആത്മവിശ്വാസം പകർന്നു നൽകി. സിനിമ ചെയ്യുന്നതിന് മുന്നോടിയായാണ് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു തുടങ്ങിയത്. സംവിധാനത്തിനുള്ള ഒരുക്കം തന്നെയാണ് ഞാൻ തുടങ്ങിയത്. അഞ്ചാമത്തെ ഹ്രസ്വചിത്രമാണ് വെയിൽ മാനം എന്ന ചിത്രം.

വെയിൽമാനത്തിന്റെ പ്രതിപാദ്യമെന്താണ്?

പ്രകൃതിക്ക് വേണ്ടിയുള്ള കരുതൽ ആണ് വെയിൽമാനം. പ്രകൃതിയെ സ്‌നേഹിക്കാനുള്ള ആഹ്വാനം തന്നെയാണ് വെയിൽ മാനം മുഴക്കുന്നത്. ഈ തലമുറയ്ക്ക് ഒരു ഓർമ്മപ്പെടുത്തലും വളർന്നു വരുന്ന കുട്ടികൾക്ക് ഒരു തിരിച്ചറിവ് നൽകലുമാണ് വെയിൽമാനം കൊണ്ട് ഉദ്ദേശിച്ചത്. വെയിൽമാനം സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ചെറിയ രീതിയിൽ വെയിൽമാനം അതിന്റെ സഞ്ചാരം തുടർന്നുകൊണ്ടിരിക്കുകയാണ്. പ്രകൃതിയാണ് പ്രതിപാദ്യം എന്നതിനാൽ ശ്രദ്ധിക്കപ്പെടേണ്ട ഹ്രസ്വചിത്രമാണ് വെയിൽമാനം. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞ സിനിമയാണ് വെയിൽ മാനം. വെയിൽ മാനം കണ്ടശേഷം ഒരുപാട് പേർ എന്നെ വിളിച്ചു. ഇതെല്ലാം വെയിൽ മാനത്തിനുള്ള അംഗീകാരം കൂടിയാണ്. ആരും വെയിൽമാനം ഇഷ്ടപ്പെടാതിരുന്നിട്ടില്ല.

വെയിൽമാനത്തിനു മുൻപ് ചെയ്ത ഷോട്ട് ഫിലിമുകൾ ഏതൊക്കെയാണ്?

ന്യൂ തിങ്ക് ആണ് ആദ്യ ഷോട്ട് ഫിലിം. ആരോടും ഒന്നിനോടും താത്പര്യമില്ലാതിരുന്ന ആളുടെ ഒരു ദിവസത്തെ ജീവിതമാണ് ന്യൂ തിങ്ക്. അയാൾക്ക് എന്ത് സംഭവയ്ക്കുന്നു എന്ന കഥയാണ് ന്യൂ തിങ്ക് പറയുന്നത്. കോൾ. സകുവും ശിവയും, വ്യവസ്ഥ. അതിനുശേഷമാണ് വെയിൽമാനം ചെയ്യുന്നത്. വെയിൽമാനത്തിനു കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ അവാർഡും ലഭിച്ചു. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് ആണ് ലഭിച്ചത്. ചെറിയ ബഡ്ജറ്റിൽ പൂർത്തിയാക്കിയ ഹ്രസ്വചിത്രമാണ് വെയിൽമാനം.

ബിഗ് സ്‌ക്രീനിലേക്ക് നീങ്ങുന്നു എന്ന് പറയുന്നു? എന്താണ് വിശദാംശങ്ങൾ?

സ്‌ക്രിപ്റ്റ് റെഡിയായി ഇരിക്കുകയാണ്. വിവിധ നിർമ്മാതാക്കളുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. അവർക്ക് കഥ വേണം. പക്ഷെ എനിക്ക് സംവിധാനം കൂടി ചെയ്യണം. അതിനാലാണ് സിനിമ നീണ്ടുപോകുന്നത്. ഓട്ടോയുടെ ഓട്ടത്തിനിടയിൽ വെയിറ്റിങ്ങിന്നിടയിൽ എന്റെ മനസ്സിൽ വന്ന കാര്യങ്ങളും കഥകളും കോർത്തിണക്കിയാണ് ഈ സ്‌ക്രിപ്റ്റ് പൂർത്തീകരിച്ചത്. പൂർണമായും ഓട്ടോയിൽ ഇരുന്നു പൂർത്തിയാക്കിയ സ്‌ക്രിപ്റ്റ് എന്ന പ്രത്യേകയുള്ള സ്‌ക്രിപ്റ്റ് കൂടിയാണിത്. അതുകൊണ്ട് സ്‌ക്രിപ്റ്റ് മാത്രമായി ഞാൻ ആർക്കും നൽകില്ല. അത് എനിക്ക് തന്നെ സംവിധാനം ചെയ്യണം. ഈ ആഗ്രഹമാണ് മനസിലുള്ളത്. ഇതുകൊണ്ട് തന്നെയാണ് പല ആളുകൾ വന്നിട്ടും ഈ സ്‌ക്രിപ്റ്റ് ഞാൻ കൈമാറാതിരുന്നത്. സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടുചോദിച്ചവരാണ് ഏറെപ്പേർ. പക്ഷെ ഞാൻ അത് ആർക്കും നൽകിയിട്ടില്ല. എല്ലാ മനുഷ്യർക്കും സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ട്. സാഹചര്യങ്ങൾക്കൊണ്ടോ സമ്മർദ്ദം കൊണ്ടോ നമ്മൾ വേറെ വഴിയിൽ യാത്ര ചെയ്യേണ്ടി വരുന്നു. ഈ യാത്ര വിജയമാകാം, അല്ലെങ്കിൽ പരാജയമാകാം. ചിലപ്പോൾ നമ്മൾ തുടങ്ങിയ അവസ്ഥയിൽ തന്നെ തിരിച്ചത്തുകയും ചെയ്യും. ഇത് എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കഥയാണ്. ഒരു യുവാവിന്റെ ജീവിതത്തിലൂടെ ഞാൻ ഈ കഥ പറയുകയാണ്.

ഈ സിനിമയിൽ ആര് നായകനാകണം എന്നാണ് ആഗ്രഹിക്കുന്നത്?

വിനീത് ശ്രീനിവാസൻ നായകനാകണമെന്നാണ് എന്റെ ആഗ്രഹം. ഞാൻ ഇത് അന്വേഷിച്ചിരുന്നു. പക്ഷെ തീയതി ഇല്ലാത്ത പ്രശ്‌നം വന്നു. എന്നെപ്പോലെ ഒരു ഓട്ടോ ഡ്രൈവർ വന്നാൽ തീയതി നൽകാനും ഒരു പക്ഷെ മടിച്ചേക്കും. അതിനാൽ പുതുമുഖങ്ങളെ വെച്ച് ഈ സിനിമ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ചെറിയ ബഡ്ജറ്റിൽ വലിയ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ഇങ്ങിനെ ചെറിയ ബജറ്റിലുള്ള വലിയ സിനിമയാകും എന്റെ ആദ്യ സംരംഭം.

മറ്റു ഓട്ടോ ഡ്രൈവർമാർ ഈ സിനിമാ സംരംഭങ്ങളെ എങ്ങിനെ കാണുന്നു?

തിരുവനന്തപുരം സിറ്റിയിൽ ഒരു പാട് ഓട്ടോ ഡ്രൈവർമാരുണ്ട്. എല്ലാവർക്കും എന്നെ പരിചയമില്ല. പരിചയമുള്ളവർ ഒരുപാട് പ്രോത്സാഹനം നൽകാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP