Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തീവ്രമായ വേദന കടിച്ചമർത്തി ഒരുപാട് ദിവസം തീ തിന്ന വലിയൊരു ജനവിഭാഗത്തിന്റെ പ്രതിഷേധം അറിയക്കരുതെന്ന് പറയുന്നത് നീതി യുക്തമോ? അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതിൽ ശരിയുണ്ടോ? കപട മുഖങ്ങളെ തിരിച്ചറിഞ്ഞു ജനാധിപത്യത്തിന് പുതിയ മാനം നൽകാൻ വേണ്ടിയല്ലേ ഓരോ തിരഞ്ഞെടുപ്പും? ചില പ്രത്യേക വിഷയങ്ങൾ തിരഞ്ഞെടുപ്പ് ഓഫീസർ സ്വന്തമായി തിരഞ്ഞെടുത്ത് 'ഇത് പറയാം', 'ഇത് പറയരുത്' എന്നൊക്കെ കൽപ്പിക്കുന്നത് അമിതാധികാര പ്രയോഗമല്ലേ

തീവ്രമായ വേദന കടിച്ചമർത്തി ഒരുപാട് ദിവസം തീ തിന്ന വലിയൊരു ജനവിഭാഗത്തിന്റെ പ്രതിഷേധം അറിയക്കരുതെന്ന് പറയുന്നത് നീതി യുക്തമോ? അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതിൽ ശരിയുണ്ടോ? കപട മുഖങ്ങളെ തിരിച്ചറിഞ്ഞു ജനാധിപത്യത്തിന് പുതിയ മാനം നൽകാൻ വേണ്ടിയല്ലേ ഓരോ തിരഞ്ഞെടുപ്പും? ചില പ്രത്യേക വിഷയങ്ങൾ തിരഞ്ഞെടുപ്പ് ഓഫീസർ സ്വന്തമായി തിരഞ്ഞെടുത്ത് 'ഇത് പറയാം', 'ഇത് പറയരുത്' എന്നൊക്കെ കൽപ്പിക്കുന്നത് അമിതാധികാര പ്രയോഗമല്ലേ

അഞ്ജന ഭാസ്‌കരൻ

ന്ന് രണ്ടു കാര്യങ്ങൾ ചോദിച്ചോട്ടെ,ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കരുതെന്ന് പറയാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് എന്താണ് അധികാരം ഉള്ളത്?പ്രചാരണത്തിൽ ഏതൊക്കെ വിഷയങ്ങൾ ഉന്നയിക്കാം ഏതൊക്കെ വിഷയങ്ങൾ ഉന്നയിക്കേണ്ട എന്നത് മത്സരിക്കുന്ന പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും വിവേചനാധികാരവും സ്വാതന്ത്ര്യവുമാണ്.ഇവിടെ നിലനിൽക്കുന്ന ലിഖിത ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തിൽ പെടുന്ന ഒന്ന് തന്നെയാണ് അതും. അതിന് പരിധി നിർണ്ണയിക്കുന്ന ഒരു പൊതു മാനദണ്ഡമാണ് പെരുമാറ്റ ചട്ടം.അതിനെയും മറികടന്നു ചില പ്രത്യേക വിഷയങ്ങൾ തിരഞ്ഞെടുപ്പ് ഓഫീസർ സ്വന്തമായി തിരഞ്ഞെടുത്ത് 'ഇത് പറയാം', 'ഇത് പറയരുത്' എന്നൊക്കെ കൽപ്പിക്കുന്നത് അമിതാധികാര പ്രയോഗമാണ്.അധികാരം കയ്യേറി അതിന്റെ ദുർവിനിയോഗമാണ് കാണാൻ സാധിക്കുന്നത്

വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ മതം, വംശം, ജാതി, സമുദായം, ഭാഷ ഇത്യാദി വിഷയങ്ങളുടെ പേരിൽ ശത്രുതയോ വെറുപ്പോ വളർത്തുന്ന തരത്തിൽ സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ അവരുടെ അറിവോടെയും സമ്മതത്തോടെയും മറ്റാരെങ്കിലുമോ പ്രചരണം നടത്തുന്നതിനെ ആണ് ജനപ്രാതിനിധ്യ നിയമം കുറ്റകരമായി വിലയിരുത്തിയിട്ടുള്ളത്.
അതിന് കൂച്ചു വിലങ്ങിടാനാണ് ഇവിടെയുള്ള കമ്മീഷൻ ശ്രമിക്കേണ്ടത്.
അങ്ങനെയെങ്കിൽ ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാനും തീർത്ഥാടനം ദുസ്സഹമാകാനും കാരണമായ സർക്കാരിന്റെ നയങ്ങൾ തുറന്ന് കാണിക്കുന്നതിൽ എവിടെയാണ് തെറ്റുള്ളത്?
ഇതൊരിക്കലും

വ്യത്യസ്ത മത സമുദായങ്ങൾക്കിടയിൽ വെറുപ്പോ വിദ്വേഷമോ ജനിപ്പിക്കുന്ന വർഗ്ഗീയ സ്വഭാവമുള്ള പ്രചരണം അല്ല.ഹിന്ദു മത വിശ്വാസികളുടെ ആഭ്യന്തര കാര്യവും, അവർ നേരിട്ട അനീതിയുടെയും നെറികേടിന്റെയും ഓർമ്മപ്പെടുത്തലും, സമാന സാഹചര്യം ഭാവിയിൽ ഉണ്ടാവുന്നത് ഒഴിവാക്കാനുള്ള ജാഗ്രത സൃഷ്ടിക്കലും ആണ്.തീവ്രമായ വേദന കടിച്ചമർത്തി ഒരുപാട് ദിവസം തീ തിന്ന വലിയൊരു ജനവിഭാഗത്തിന്റെ പ്രതിഷേധം മാത്രമാണ്.

മാസങ്ങളോളം ഈ വിഭാഗത്തെ ഒറ്റ തിരിഞ്ഞാക്രമിക്കുകയും വളഞ്ഞിട്ട് ദ്രോഹിക്കുകയും ചെയ്തിട്ട് അവർക്ക് അതിനൊക്കെ മറുപടി പറയാൻ ഒരവസരം വരുമ്പോൾ അക്കാര്യം മാത്രം മിണ്ടി പോകരുതെന്ന് പറയുന്നത് നീതി കേടാണ്.തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം മൃദു സമീപനവുമായി വരുന്ന ഓരോ പാർട്ടിക്കാർക്കും തങ്ങൾ അനുഭവിച്ച ദുരവസ്ഥയുടെ ചിത്രം വരച്ചു കൊടുക്കാൻ ഉള്ള ഒരു അവസരം കൂടിയായി അവർ കണക്കാക്കിയിരിക്കണം. തങ്ങൾ ശീലിച്ചും പാലിച്ചും പോന്നിരുന്ന കാര്യങ്ങൾക്ക് ഏറ്റ ക്ഷതമാണ് ഓരോ സാധാരണക്കാരനായ വിശ്വാസിയും ഇവിടെ ചർച്ച ചെയ്യുന്നുള്ളൂ...

അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതിൽ ശരിയുണ്ടോ ?
അല്ലെങ്കിൽ, 27 കൊല്ലമായി ബാബരി മസ്ജിദ് പറയുന്ന നാട്ടിൽ, 17 കൊല്ലമായി ഗുജറാത്തും ഗർഭിണിയും ഭ്രൂണവും പറയുന്ന നാട്ടിൽ, അഞ്ചു കൊല്ലം തുടർച്ചയായി അഖ്ലാക്കും ജുനൈദും ഗോമാതയും ഹിന്ദുത്വവും മാത്രം പറയുന്ന നാട്ടിൽ ശബരിമല പറഞ്ഞാൽ മാത്രം തിരഞ്ഞെടുപ്പിന്റെ മതേതര സ്വഭാവം തകരും എന്ന് പറയുന്നത് പരിശുദ്ധമായ ഹാസ്യവുമാണ്.ഇത് ജനാധിപത്യത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലാണ്. ഒന്ന് ചെയ്യാൻ സാധിക്കുമെന്നും, മറ്റേത് പാടില്ലെന്നും പറയുന്നതിലെ ന്യായം എന്താണ്??

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട വിഷയം ശബരിമല തന്നെയാണ്.ദേശീയ മാധ്യമങ്ങളും രാജ്യം ഒന്നാകെയും കേരളത്തിലേക്ക് ഉറ്റു നോക്കിയിരുന്നത് ഇടത് സർക്കാരിന്റെ ഭരണ മഹത്വം കാണാൻ ആയിരുന്നില്ല, ശബരിമല പ്രക്ഷോഭം കാണാനായിരുന്നു.ശബരിമല തന്നെയായിരുന്നു, ആണ്, കേരളത്തിലെ ഏറ്റവും പ്രധാന വിഷയം.സ്വാഭാവികമായും തിരഞ്ഞെടുപ്പിലും അത് ചർച്ചയാവുക തന്നെ ചെയ്യും.പിന്നെ ശബരിമലയിലേത് കോടതി വിധി ആയതുകൊണ്ട് അത് ചർച്ച ചെയ്യുന്നത് കോടതിയലക്ഷ്യം ആവുമെന്നൊക്കെ തിരഞ്ഞെടുപ്പ് ഓഫീസർ പറയുന്നതിന്റെ പൊരുൾ എത്ര ആലോചിച്ചും മനസ്സിലാക്കാൻ സാധിക്കുന്നില്ല.

ഇവിടെ ജുഡീഷ്യൽ ഫാസിസമാണോ അരങ്ങേറുന്നത് ?

സ്വയ വിമര്ശനത്തിനും പരോക്ഷ വിമര്ശനത്തിനും പൂർണാധികാരമുള്ള ഒരു ജനതക്ക് ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യാനും അധികാരമുണ്ട്.
അത് തന്നെയല്ലേ കാതലായ ജനാധിപത്യത്തിന്റെ സത്ത എന്ന് പറയുന്നത്.
കോടതീയലക്ഷ്യം നിർണയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് അധികാരമില്ല. പിന്നെ ഏത് അർഥത്തിലാണ് ഇങ്ങനൊരു പ്രവചനം?

ജനാധിപത്യത്തിന്റെ ഉത്സവമാണ് പൊതു തിരഞ്ഞെടുപ്പ്.

ഓരോ സാധാരണ പൗരനും തന്റെ പരമാധികാരം ബാലറ്റിലൂടെ പ്രകടിപ്പിക്കാനുള്ള ഒരേയൊരു വേദി. അതിന്റെ നീതി പൂർവ്വകമായ നടത്തിപ്പ് ജനാധിപത്യ അവകാശങ്ങളുടെ കൊരവള്ളി പൊട്ടിച്ചല്ല യാഥാർഥ്യമാക്കേണ്ടത്.ഇവിടെ ചർച്ച ചെയ്യേണ്ടത് ജനങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകൾ തന്നെയാണ്... ദുരിതപൂർണമായ ദിനങ്ങൾ ആണ്... കപട മുഖങ്ങളെ തിരിച്ചറിഞ്ഞു ജനാധിപത്യത്തിന് പുതിയ മാനം നൽകാൻ വേണ്ടിയാണ് ഓരോ തിരഞ്ഞെടുപ്പും.
സ്വാതന്ത്ര്യം ഉപയോഗിച്ച് സംസാരിക്കാനുള്ള ജനങ്ങൾക്കുള്ള ദിവസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP