Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവർത്തക സമിതിയിൽ സ്ഥാനം ഉറപ്പിച്ചു രമേശ് ചെന്നിത്തല; തരൂരിനെ വെട്ടാൻ കെസിയും ആർസിയും ഒറ്റക്കെട്ട്; പ്രസ്താവന വിവാദങ്ങളിൽ താരിഖ് അൻവറിന്റെ റിപ്പോർട്ടും തരൂരിന് എതിരെ; നാമനിർദ്ദേശം ചെയ്യാതെ തഴഞ്ഞാൽ മത്സരിക്കാൻ കരുനീക്കങ്ങളുമായി തരൂരും; കേരളത്തിൽ ജനപിന്തുണ കൂടിയ നേതാവിന് റായ്പൂർ സമ്മേളനത്തിൽ എന്തു സംഭവിക്കും?

പ്രവർത്തക സമിതിയിൽ സ്ഥാനം ഉറപ്പിച്ചു രമേശ് ചെന്നിത്തല;  തരൂരിനെ വെട്ടാൻ കെസിയും ആർസിയും ഒറ്റക്കെട്ട്; പ്രസ്താവന വിവാദങ്ങളിൽ താരിഖ് അൻവറിന്റെ റിപ്പോർട്ടും തരൂരിന് എതിരെ; നാമനിർദ്ദേശം ചെയ്യാതെ തഴഞ്ഞാൽ മത്സരിക്കാൻ കരുനീക്കങ്ങളുമായി തരൂരും; കേരളത്തിൽ ജനപിന്തുണ കൂടിയ നേതാവിന് റായ്പൂർ സമ്മേളനത്തിൽ എന്തു സംഭവിക്കും?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഫെബ്രുവരിയിൽ റായ്പൂരിൽ കോൺഗ്രസിന്റെ പ്ലീനറി സമ്മേളനം നടക്കുകയാണ്. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെ ശ്രദ്ധാകേന്ദ്രമാക്കിയ തിരുവനന്തപുരം എം പി ശശി തരൂർ തന്നെ ഇവിടെയും ശ്രദ്ധാകേന്ദ്രമാകുമെന്ന കാര്യം ഉറപ്പാണ്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് ആയിരത്തിലേറെ വോട്ടുകൾ നേടിയ തരൂർ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള തന്റെ സ്ഥാനം ജനപിന്തുണയുടെ ബലത്തിൽ അവകാശപ്പെടാൻ തന്നെയാണ് ഒരുങ്ങുന്നത്. കേരളത്തിൽ കൂടുതൽ സജീവമാകാൻ ഒരുങ്ങിയപ്പോൾ തരൂരിനെ മെരുക്കാൻ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ ഒരുമിച്ചു കഴിഞ്ഞു. ചെന്നിത്തലയും കെ സി വേണുഗോപാലുമെല്ലാം ഇക്കാര്യത്തിൽ ഒറ്റക്കെട്ടായാണ് നിൽക്കുന്നത്.

കേരളത്തിൽ അങ്ങോളമിങ്ങോളം തരൂർ യാത്ര ചെയ്‌തെങ്കിലും ചെന്നിത്തലയുടെയും കെ സിയുടെയും തട്ടകമായ ആലപ്പുഴയിൽ തരൂരിന് ഇതുവരെ കാലു കുത്താൻ സാധിച്ചിട്ടില്ല. ഇത് തരൂരിനെ തടയാൻ പുതിയ കൂട്ടുകെട്ട് ഉണ്ടായതിന്റെ സൂചനയാണ് താനും. മറ്റു ജില്ലകളിലൊക്കെ വിവിധ പരിപാടികൾ സംഘടിപ്പിച്ചാണ് അനുഭാവികൾ തരൂരിനെ എത്തിച്ചത്. കോട്ടയടത്തടക്കം പല ജില്ലകളിലും എ ഗ്രൂപ്പിന്റെ പരോക്ഷപിന്തുണ തരൂരിനു കിട്ടി. ഈരാറ്റുപേട്ടയിൽ യൂത്തുകോൺഗ്രസ് നൽകിയ സ്വീകരണത്തിന്റെ മുഖ്യസംഘാടകൻ ഉമ്മൻ ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ കുര്യൻ ജോയിയുടെ മകൻ ചിന്റു കുര്യൻ ജോയിയായിരുന്നു. ആലപ്പുഴയിലാകട്ടെ ചെന്നിത്തലയുടെയും വേണുഗോപാലിന്റെയും ഗ്രൂപ്പുകാരാണ് നേതാക്കളിൽ ബഹുഭൂരിപക്ഷവും.

ജില്ലയിൽ എ ഗ്രൂപ്പ് തകർച്ചയിലാണ്. പറയാവുന്ന പേര് എം ലിജുവിന്റേതു മാത്രം. ഡിസിസി പ്രസിഡന്റ് ബാബുപ്രസാദ് ചെന്നിത്തലയുടെ ഉറ്റ അനുയായിയാണ്. ചെന്നിത്തല വാശിപിടിച്ച് വാങ്ങിയെടുത്തതാണിത്. രമേശ് ചെന്നിത്തല വിഭാഗത്തിനൊപ്പമാണ് ഷാനിമോൾ ഉസ്മാൻ. തരൂരിന്റെ ഉയർച്ചയിൽ കുറേക്കാലമായി ആശങ്കയിലാണ് കെ സി വേണുഗോപാൽ. എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തരൂർ വരുന്നതു തടയാൻ തന്റെ ഡൽഹി സ്വാധീനം വേണുഗോപാൽ ഉപയോഗിച്ചിരുന്നു. ഇപ്പോൾ ഇരുകൂട്ടരും ഒരുമിച്ചു പരിശ്രമിക്കുന്നത് തരൂരിനെ പ്രവർത്തക സമിതിയിലേക്ക് കൊണ്ടുവരാതിരിക്കാനാണ്.

ശശി തരൂരിന് പകരം രമേശ് ചെന്നിത്തലയായിരിക്കും പ്രവർത്ത സമിതിയിൽ അംഗമാവുക എന്നതാണ് ഇപ്പോൾ ലഭിക്കുന്നു സൂചന. അങ്ങിനെ വരികയാണെങ്കിൽ പ്രവർത്തക സമിതിയിലേക്ക് മൽസരിക്കാനാണ് ശശി തരൂർ തെയ്യാറെടുക്കുന്നതെന്നാണ് വിവരം. ശശി തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾക്കൊള്ളിക്കുന്നതിനെതിരെ കടുത്ത എതിർപ്പാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഉയർത്തിയത്. കേരളത്തിന്റെ ചുമതലയുള്ള ഐ ഐ സി സി ജനറൽ സെക്രട്ടരി താരിഖ് അൻവറോട് കേരളാനേതാക്കൾ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. ഗ്രൂപ്പ് ഭേദമന്യേ ശശി തരൂരിനെതിരെ ശക്തമായ വികാരമാണ് ഉയർന്നത്.

കെ മുരളീധരനെപോലുള്ള ഏതാനും ചില എം പിമാർ മാത്രമാണ് തരൂരിനൊപ്പം നിലകൊള്ളുന്നതെന്നും ബാക്കിയുള്ള നേതാക്കളെല്ലാം തരൂരിനെ ശക്തമായി എതിർക്കുന്നവരാണെന്നും താരിഖ് അൻവർ കേന്ദ്ര നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. കെ മുരളീധരൻ അടക്കം തരൂരിനെ പിന്തുണച്ചു കൊണ്ടു രംഗത്തു വന്നിരുന്നു. പരസ്യ പ്രസ്താവനകളും നടത്തിയിരുന്നു. ഇതിന്റെ പേരിൽ മുരളീധരനെതിരെ മൃദു സമീപനമാണ് എഐസിസിക്ക്. താരിഖ്് അൻവർ എഐസിസിക്ക് കേരളത്തിലെ സാഹചര്യങ്ങളിൽ റിപ്പോർട്ടു സമർപ്പിച്ചിട്ടുണ്ട്. ഇത് തരൂരിന് എതിരായാണ് എന്നാണ് സൂചന.

ഇപ്പോഴത്തെ സാഹചര്യത്തിൽ റായ്പൂരിലെ കോൺഗ്രസ് പ്ളീനറി സമ്മേളനത്തിലേക്കാണ് എല്ല കണ്ണുകളും. വർക്കിങ് കമ്മിറ്റിയിലേക്കുള്ള നാമനിർദ്ദേശവും അപ്പോഴായിരിക്കും. തന്നെ വർക്കിങ് കമ്മിറ്റിയിലേക്ക് നിയോഗിച്ചില്ലങ്കിൽ മൽസരിക്കാനാണ് തരൂരിന്റെ തിരുമാനം. വർക്കിംഗ കമ്മിറ്റിയിലേക്ക് മൽസരം ഉണ്ടായാൽ അത് വീണ്ടും കോൺഗ്രസ് നേതൃത്വത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. കോൺഗ്രസ് ദേശീയ നേതൃത്വം പൂർണ്ണമായി തരൂരിന് എതിരാവുകയും ചെയ്യും. അപ്പോൾ തരൂർ എന്തു നിലപാട് സ്വീകരിക്കും എന്നതും ഏവരെയും ആശങ്കയിലാക്കുന്നുണ്ട്.

നിലവിൽ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവരാണ് പ്രവർത്തകസമിതി അംഗങ്ങളായുള്ളത്. ആന്റണി ദേശീയരാഷ്ട്രീയത്തിലെ തന്റെ റോളിന് വിരാമമിട്ട് തിരുവനന്തപുരത്തേക്ക് താമസം മാറി. ആരോഗ്യപ്രശ്നങ്ങൾ ഉമ്മൻ ചാണ്ടിയെയും അലട്ടുന്നുണ്ട്. ഇവർ രണ്ടുപേരും ഒഴിയാനാണ് സാധ്യത. പകരം രമേശ് ചെന്നിത്തല വന്നേക്കാം. സംഘടനാച്ചുമതലയുള്ള ജനറൽസെക്രട്ടറിയായ കെ.സി. വേണുഗോപാൽ ഉറപ്പായും ഉണ്ടാകും. 25 അംഗ പ്രവർത്തകസമിതിയിൽ 12 പേർ മത്സരത്തിലൂടെയും 11 പേർ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യുന്നതിലൂടെയും എത്തും. കോൺഗ്രസ് പ്രസിഡന്റും പാർലമെന്ററി പാർട്ടി നേതാവുമാണ് മറ്റു രണ്ടുപേർ.

നാമനിർദ്ദേശം ചെയ്യപ്പെട്ടില്ലെങ്കിൽ ഹൈക്കമാൻഡ് അവതരിപ്പിക്കുന്ന പാനലിനെതിരേ മത്സരിച്ച് ജയിക്കണം. പ്രസിഡന്റായി മത്സരിക്കുകയും 12 ശതമാനം വോട്ട് നേടുകയുംചെയ്ത തരൂരിനെ പ്രവർത്തക സമിതിയിലേക്ക് നാമനിർദ്ദേശംചെയ്യണമെന്ന വികാരം പങ്കിടുന്നവർ സംസ്ഥാനനേതൃത്വത്തിലുണ്ട്. പ്രത്യേകിച്ചും മത, സാമുദായിക വിഭാഗങ്ങളിൽനിന്ന് അദ്ദേഹത്തിന് ലഭിക്കുന്ന സ്വീകാര്യത കാണാതെ പോകരുതെന്നാണ് ഇവരുടെ ന്യായം. എന്നാൽ സംസ്ഥാനപര്യടനം നടത്തിവരുന്ന തരൂർ നേതൃത്വവുമായി അകൽച്ചയിലായതിനാൽ സംസ്ഥാനഘടകം അത്തരമൊരാവശ്യവുമായി മുന്നോട്ടുവന്നേക്കില്ല. പകരം തരൂർ ഉന്നത പദവിയിൽ എത്താതിരിക്കാനുള്ള മാർഗ്ഗങ്ങളാണ് ഇവർ തേടുന്നത്.

കോൺഗ്രസിലെ യുവാക്കളും എ ഗ്രൂപ്പും തരൂരിനെ പിന്തുണക്കുന്നുണ്ട്. രാഹുൽ ഗാന്ധിയും കടുത്ത അസന്തുഷ്ടിയിലാണ്. ഈ സാഹചര്യത്തിൽ തരൂരിനെ എളുപ്പം അവഗണിക്കുക നേതൃത്വത്തിന് മുന്നിലെ വലിയ വെല്ലുവിളിയാണ് താനും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവേ തരൂർ ഇടഞ്ഞാൽ അതും സാരമായി തന്നെ ബാധിക്കുമെന്ന് ഉറപ്പാണ്. മധ്യകേരളത്തിൽ പലയിടത്തും കോൺഗ്രസിനും യുഡിഎഫിലെ ചില ഘടകകക്ഷികൾക്കും നേരിയ മുൻതൂക്കമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അതിൽ കാര്യമായ മാറ്റമുണ്ടെന്നാണ് എഐസിസി വിലയിരുത്തൽ. പല നിയമസഭാ മണ്ഡലങ്ങളിലും സ്ഥിതി മാറി. ക്രൈസ്തവ സമുദായത്തിൽ വോട്ട് ചോർത്താനുള്ള നീക്കം ബിജെപി നടത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ തരൂരിനെ പോലെ സമുദായ പിന്തുണയുള്ളവരെ പിണക്കുന്നത് പാർട്ടിക്ക് ഗുണകരമാകില്ലെന്ന് ഉറപ്പാണ്.

ശശി തരൂരിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ കോൺഗ്രസിനെ തകർക്കുമെന്ന് വിലയിരുത്തിാണ് കേന്ദ്ര നേതൃത്വം എല്ലാ പരസ്യപ്രസ്താവനകളും വിലക്കിയത്. തരൂരോ, മറ്റ് നേതാക്കളോ പരസ്പര വിമർശനങ്ങൾ ഉന്നയിക്കരുതെന്നാണ് എഐസിസി നേതൃത്വത്തിന്റെ നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP