Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വി എസ് ശിവകുമാറിനും ഇബ്രാഹിംകുഞ്ഞിനെയും വിജിലൻസ് പൂട്ടിട്ട പിണറായി കക്ഷത്തിലുള്ള വെള്ളാപ്പള്ളി ചാടിപ്പോകാതിരിക്കാൻ തയ്യാറാക്കി ഒരു കരുതൽ പൂട്ടും; കൊല്ലം എസ്എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് തിരിമറി നടത്തിയ കേസിൽ വെള്ളാപ്പള്ളിക്കെതിരായ അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മേധാവിക്ക് സമർപ്പിച്ചു; കേസിൽ കുറ്റപത്രം നൽകണോ കൂടുതൽ അന്വേഷണം വേണമോ എന്ന് ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും; പന്ത് സർക്കാർ കോർട്ടിലേക്ക് നീങ്ങിയതോടെ ബിജെപി പാളയത്തോടെ അകലം പാലിക്കാൻ വെള്ളാപ്പള്ളി

വി എസ് ശിവകുമാറിനും ഇബ്രാഹിംകുഞ്ഞിനെയും വിജിലൻസ് പൂട്ടിട്ട പിണറായി കക്ഷത്തിലുള്ള വെള്ളാപ്പള്ളി ചാടിപ്പോകാതിരിക്കാൻ തയ്യാറാക്കി ഒരു കരുതൽ പൂട്ടും; കൊല്ലം എസ്എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് തിരിമറി നടത്തിയ കേസിൽ വെള്ളാപ്പള്ളിക്കെതിരായ അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മേധാവിക്ക് സമർപ്പിച്ചു; കേസിൽ കുറ്റപത്രം നൽകണോ കൂടുതൽ അന്വേഷണം വേണമോ എന്ന് ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും; പന്ത് സർക്കാർ കോർട്ടിലേക്ക് നീങ്ങിയതോടെ ബിജെപി പാളയത്തോടെ അകലം പാലിക്കാൻ വെള്ളാപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു വർഷത്തോളം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ സാഹചര്യത്തിൽ ഭരണം നിലനിർത്താൻ വേണ്ടിയുള്ള പരിശ്രമങ്ങളിലേക്ക് ഇടതു സർക്കാർ കടന്നു കഴിഞ്ഞു. അവസാനത്തെ സമ്പൂർണ ബജറ്റിൽ നടത്തിയ ജനപ്രിയ പ്രഖ്യാപനങ്ങളെല്ലാം തെരഞ്ഞെടുപ്പു കൂടി ലക്ഷ്യമിട്ടു കൊണ്ടുള്ളതായിരുന്നു. ഇതിന് പിന്നാലെ ഇതുവരെ അനങ്ങാതിരുന്ന വിജിലൻസിനെ ഉപയോഗിച്ചുള്ള രാഷ്ട്രീയ നീക്കങ്ങളിലേക്കും സർക്കാർ കടന്നിട്ടുണ്ട്. മുന്മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് പാലാരിവട്ടം പാലം അഴിമതിയുടെ പേരിലും മറ്റൊരു മുന്മന്ത്രി വികെ ശിവകുമാറിനെ അഴിമതി കേസിലും അന്വേഷണം മുന്നോട്ടു പോകുകയാണ്. ആവശ്യമെങ്കിൽ പ്രഖ്യാപിക്കാനുള്ള ആയുധങ്ങൾ എന്ന നിലയിലാണ് ഈ കേസുകളെ ഇടതു മുന്നണി കാണുന്നതും.

അതേസമയം ബിജെപിയുടെ രാഷ്ട്രീയനീക്കങ്ങൾ കൂടി മുന്നിൽ കണ്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഒരു രാഷ്ട്രീയ പൂട്ടുകൂടി പിണറായി വിജയൻ പണിതോ എന്ന ചോദ്യമാണ് ഉയരുന്നത്. കൊല്ലം എസ്.എൻ. കോളേജ് സുവർണ ജൂബിലി ഫണ്ട് തിരിമറി കേസിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ അന്വേഷണ റിപ്പോർട്ട് അന്തിമ അനുമതിക്കായി ക്രൈം ബ്രാഞ്ച് മേധാവിക്ക് സമർപ്പിച്ചതോടെയാണ് ഈ ചോദ്യം ഉയരുന്നത്. കേസിൽ കുറ്റപത്രം നൽകണോ അതോ കൂടുതൽ അന്വേഷണം വേണോ എന്ന് ക്രൈം ബ്രാഞ്ച് മേധാവിയുടെ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും. ചുരുക്കത്തിൽ ഇക്കാര്യത്തിൽ രാഷ്ട്രീയതീരുമാനത്തിന് ഏറെ പ്രാധാന്യം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇപ്പോൾ തന്നെ എസ്എൻഡിപിയുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങൾ സുഭാഷ് വാസുവും കൂട്ടരും വെള്ളാപ്പള്ളിക്കെതിരെ ഉയർത്തിയിട്ടുണ്ട്. ശാശ്വതീകാനന്ദയുടെ കൊലപാതക കേസിൽ പുനരന്വേഷണം വേണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉയരുന്നുമുണ്ട്. ഇതിനിടെയാണ് വെള്ളാപ്പള്ളിക്കെതിരെ മറ്റൊരു കേസുകൂടി ഉണ്ടായിരിക്കുന്നത്.

കൊല്ലം എസ്.എൻ. കോളേജിലെ സുവർണ ജൂബിലി ഫണ്ട് വകമാറ്റിയെന്നാണ് വെള്ളാപ്പള്ളി നടേശനെതിരായ ആരോപണം. 2004ൽ കോടതി നിർദ്ദേശപ്രകാരം തുടങ്ങിയ അന്വേഷണമാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. അന്തിമ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മേധാവിയുടെ അനുമതിക്കായി സമർപ്പിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് ഇടക്കാല ഉത്തരവിൽ കോടതി രേഖപ്പെടുത്തി. ക്രൈം ബ്രാഞ്ച് മേധാവിയുടെ അനുമതിയോടെ കേസിൽ തുടർനടപടികൾ ഉണ്ടാകും. കുറ്റപത്രത്തിന് അനുമതി ലഭിച്ചാൽ വെള്ളാപ്പള്ളി നടേശന് എതിരായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. മറിച്ച് കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന ശുപാർശയാണ് വരുന്നതെങ്കിൽ അക്കാര്യം ഹൈക്കോടതിയെ അറിയിക്കും.

കേസ് അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എത്തിയെങ്കിലും തുടർനടപടികൾ വൈകിയതിനെ തുടർന്നാണ് ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി വന്നത്. അന്തിമ റിപ്പോർട്ട് തയ്യാറായതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചതോടെ, അന്വേഷണത്തിലെ കണ്ടെത്തലുകൾ അടക്കമുള്ള റിപ്പോർട്ട് കൈമാറാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. 1997-98ൽ കൊല്ലം എസ്.എൻ. കോളേജിന്റെ സുവർണ ജൂബിലി ആഘോഷിച്ചപ്പോൾ ഓഡിറ്റോറിയവും ലൈബ്രറി കോംപ്ളക്സും നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പണം കണ്ടെത്താൻ എക്സിബിഷനും പിരിവും നടത്തി. കൊല്ലം സൗത്ത് ഇന്ത്യൻ ബാങ്കിൽ നിക്ഷേപിച്ചിരുന്ന സുവർണ ജൂബിലി ഫണ്ട് വെള്ളാപ്പള്ളി നടേശൻ വകമാറ്റിയെന്നാണ് പരാതി. പതിനഞ്ചു വർഷം മുമ്പ് തുടങ്ങിയ അന്വേഷണമാണ് ക്രൈം ബ്രാഞ്ച് പൂർത്തിയാക്കിയിരിക്കുന്നത്.

അന്വേഷണം ഇപ്പോൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചിരുന്നു എന്ന സൂചനയുമുണ്ട്. മുൻ ഡിജിപി ടി പി സെൻകുമാറും സുഭാഷ് വാസുവും ചേർന്ന് വെള്ളാപ്പള്ളിക്കും എസ്എൻഡിപിക്കും എതിരായ കേസുകൾ ഓരോന്നായി കുത്തിപ്പൊക്കുന്നുണ്ട്. ഇവർക്ക് പിന്നിൽ ബിജെപി ഉണ്ടെന്ന ആക്ഷേപവുമുണ്ട്. ബിജെപിക്ക് പുതിയ അധ്യക്ഷനായി കെ സുരേന്ദ്രൻ കൂടി എത്തിയതോടെ വെള്ളാപ്പള്ളിയുടെ മനസ്സ് അങ്ങോട്ടും പോകുമെന്ന സൂചനയുണ്ട്. പൊതുവേ ചാഞ്ചാട്ടക്കാരനായ വെള്ളാപ്പള്ളിക്ക് മകൻ തുഷാർ വെള്ളാപ്പള്ളിയെ കൈവിടാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിനെ നയിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകേണ്ടതുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി തന്നെ ബിഡിജെഎസിന് വേണ്ടി പ്രചരണ രംഗത്തു ഉണ്ടായിരുന്നു. ഇക്കുറി വെള്ളാപ്പള്ളി ആ വഴിയിലേക്ക് നീങ്ങാതിരിക്കാനുള്ള ശ്രമങ്ങളുടെ കൂടി ഭാഗമായാണ് ക്രൈംബ്രാഞ്ച് കേസിലെ അന്വേഷണ റിപ്പോർട്ടെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ നൽകിയ സൂചനയും.

അതേസമയം വെള്ളാപ്പള്ളിക്ക് ഇപ്പോൾ പല കോണുകളിൽ നിന്നും ശത്രുക്കളെ നേരിടേണ്ടതുണ്ട്. എസ്എൻഡിപി യോഗത്തിൽനിന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പണം തട്ടിയെന്ന ആരോപണവുമായി മുൻ ഡിജിപി ടി പി സെൻകുമാർ രംഗത്തുവന്നിരുന്നു. എസ്എൻ മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂൾ, കോളജ് അഡ്‌മിഷനും നിയമനങ്ങൾക്കുമായി വാങ്ങിയ 1600 കോടി രൂപ കാണാതായിട്ടുണ്ടെന്നും സെൻകുമാർ ആരോപിച്ചിരുന്നു. എസ്എൻ ട്രസ്റ്റിന്റെ പണമിടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്തകാലത്തായി ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിശ്വസ്തരായി മാറിയവരാണ് സുഭാഷ് വാസുവും ടി പി സെൻകുമാറും. അതുകൊണ്ട് തന്നെ ഇവരെ മുന്നിൽ നിർത്തി എസ്എൻഡിപി യോഗം പിളർത്താനുള്ള നീക്കങ്ങൾ നടക്കുന്നുമുണ്ട്. സെൻകുമാറിനെ മുന്നിൽനിർത്തിയുള്ള നീക്കത്തിന് ബിജെപി. ദേശീയ നേതൃത്വത്തിന്റെ പിന്തുണയുമുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. വെള്ളാപ്പള്ളി എസ്.എൻ.ഡി.പി. യോഗനേതൃത്വം ഒഴിയണമെന്ന് ഇവർ ആവശ്യപ്പെടുന്നു. എസ്.എൻ.ട്രസ്റ്റിൽ വൻ സാമ്പത്തികക്രമക്കേടും അഴിമതിയും നടക്കുന്നുവെന്ന ആക്ഷേപം ഉന്നയിക്കുന്നു. എസ്എൻഡിപി യോഗത്തിന്റെ സ്വത്തുക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കം കൈകാര്യം ചെയ്യുന്നത് എസ്എൻ ട്രസ്റ്റാണ്. ഈ ട്രസ്റ്റിൽ നിർവാഹകസമിതിയംഗംകൂടിയായ സുഭാഷ് വാസു. ബിജെപി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമാണ് സുഭാഷ് വാസുവിനുള്ളതും. ഈ ട്രസ്റ്റിൽ കാര്യക്കാരായി ഉള്ളത് വെള്ളാപ്പള്ളിയും മകൻ തുഷാർ വെള്ളാപ്പള്ളിയും ഭാര്യ പ്രീതി നടശേനും അടക്കമുള്ളവരാണ്. അതുകൊണ്ട് തന്നെ 'ഞാനും അപ്പനും സുഭദ്രയും' മോഡൽ ഭരണമാണ് ട്രസ്റ്റിലെന്ന ആക്ഷേപവും ശക്തമായിരുന്നു. ഈ കുടുംബാധിപത്യത്തിനെതിരെയാണ് ഇപ്പോൾ വീണ്ടുമൊരു കരുനീക്കം ഉണ്ടാകുന്നത്.

ബി.ഡി.ജെ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും സുഭാഷ് വാസുവിനെ നേരത്തെ പുറത്താക്കിയിരുന്നു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ അടക്കം വെള്ളാപ്പള്ളി പരസ്യമായി സിപിഎമ്മിനെ പിന്തുണയ്ക്കുന്ന അവസ്ഥ വന്നു. പിണറായി വിജയൻ മുന്നോട്ടു വെക്കുന്ന നവോത്ഥാന വഴിയിലാണ് അടുത്തകാലത്തായി വെള്ളാപ്പള്ളിയുടെ യാത്ര. ഇത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ബിഡിജെഎസിനെ ഇടതു മുന്നണിയിലേക്ക് കൊണ്ടുപോകാൻ വെള്ളാപ്പള്ളി ശ്രമിക്കുമെന്ന് ബിജെപി നേതാക്കൾ കരുതുന്നുണ്ട്. ബിജെപിയുടെ സമ്മർദ്ദത്തിൽ വെള്ളാപ്പള്ളി വീണ്ടും മറുകണ്ടം ചാടാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുന്നതിന്റെ ഭാഗമായി പല കേസുകളും ഇപ്പോൾ ഇടതു മുന്നണിക്ക് മുന്നിലുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP