Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോവിന്ദന്റെ അമിതാവേശം കോൺഗ്രസിനെ ഉണർത്തി; ലീഗിന്റെ പ്ലഷർ യുഡിഎഫിന് നഷ്ടമാകുമെന്ന് കരുതിയുള്ള സിപിഎം കളി; ലീഗിന് ഗുഡ് സർട്ടിഫിക്കറ്റ് രാഷ്ട്രീയ എതിരാളികൾ നൽകുമ്പോൾ ഉണർന്ന് പന്തു തട്ടി കോൺഗ്രസും; തരൂരിനെ സെന്റർ ഫോർവേർഡാക്കി ട്വിസ്റ്റ്; ഇനി തരൂരിനെ കെപിസിസി അംഗീകരിക്കും; സതീശനും സുധാകര വഴിയിൽ; ലീഗ് രാഷ്ട്രീയ താരമാകുമ്പോൾ

ഗോവിന്ദന്റെ അമിതാവേശം കോൺഗ്രസിനെ ഉണർത്തി; ലീഗിന്റെ പ്ലഷർ യുഡിഎഫിന് നഷ്ടമാകുമെന്ന് കരുതിയുള്ള സിപിഎം കളി; ലീഗിന് ഗുഡ് സർട്ടിഫിക്കറ്റ് രാഷ്ട്രീയ എതിരാളികൾ നൽകുമ്പോൾ ഉണർന്ന് പന്തു തട്ടി കോൺഗ്രസും; തരൂരിനെ സെന്റർ ഫോർവേർഡാക്കി ട്വിസ്റ്റ്; ഇനി തരൂരിനെ കെപിസിസി അംഗീകരിക്കും; സതീശനും സുധാകര വഴിയിൽ; ലീഗ് രാഷ്ട്രീയ താരമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിനെ അനുസ്മരിപ്പിക്കും നീക്കങ്ങളാണ് യുഡിഎഫിന്റെ കെട്ടുറപ്പിന് വേണ്ടി കോൺഗ്രസ് നടത്തിയത്. പല വിഷയത്തിലും മുസ്ലിം ലീഗിന് കോൺഗ്രസിനോട് അതൃപ്തിയുണ്ട്. ഇത് മുതലെടുക്കാനുള്ള കൗണ്ടർ അറ്റാക്കിനായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ശ്രമം. എന്നാൽ അതിവേഗ നീക്കം കോൺഗ്രസിനെ ഉണർത്തി. ശശി തരൂരിന്റെ അനിവാര്യത അവർ തിരിച്ചറിഞ്ഞു. ശശി തരൂരിനെ സെൻട്രൽ ഫോവേർഡാക്കി കളി തിരിച്ചു പിടിക്കാനാണ് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയുടെ തീരുമാനം. എല്ലാ തന്ത്രങ്ങളും തരൂരിലൂടെ ഗോളാക്കി മാറ്റാനുള്ള ശ്രമം. അങ്ങനെ കോൺഗ്രസിൽ നിന്ന് ലീഗിന്റെ പ്ലഷർ നേടാനുള്ള കളിയിൽ കോൺഗ്രസ് തിരിച്ചടിച്ച് കളം പിടിക്കുകയാണ്.

ശശി തരൂരുമായി ബന്ധപ്പെട്ട് ഒരു വിവാദവുമില്ലെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പ്രഖ്യാപിച്ചതും ഈ കളിയുടെ ഭാഗമാണ്. തരൂർ പാർട്ടിയുടെ സ്വത്താണ്. തരൂരും പാർട്ടിയും ഒന്നിച്ചു പോകണമെന്നു നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം ഡൽഹിയിൽ വച്ചു തരൂരുമായി സംസാരിച്ചെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതിക്കു ശേഷം മാധ്യമപ്രവർത്തകരോടു സുധാകരൻ പറഞ്ഞു. പാർട്ടി നിർദ്ദേശങ്ങൾ പാലിച്ചു പാർട്ടിയെ ശക്തിപ്പെടുത്തും വിധം തരൂർ പ്രവർത്തിക്കും. തരൂരിനെ ഒറ്റപ്പെടുത്താൻ ആർക്കും കഴിയില്ല. പാർട്ടി ചട്ടക്കൂടിൽനിന്നു പ്രവർത്തിക്കാൻ എല്ലാ സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ടാവുമെന്നും സുധാകരൻ പറഞ്ഞു. അതായത് തരൂരിനെ കോൺഗ്രസ് പിണക്കില്ല. തരൂർ പിണങ്ങുമെന്നും അത് ലീഗിനെ സ്വാധീനിക്കുമെന്നും പ്രതീക്ഷിച്ചാണ് ഗോവിന്ദൻ ലീഗിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയത്. അത് വെറുതെയാകുന്നു. ഇനി ലീഗിന്റെ മതേതര പ്രതിച്ഛായ തിളങ്ങി നിൽക്കുകയും ചെയ്യും. കേരളത്തിൽ ബിജെപി ഒഴികെ എല്ലാ പാർട്ടിയും ലീഗിനെ മതേതര മുഖമായി കാണുന്നുവെന്നതാണ് വസ്തുത.

കേരളത്തിലെ തീരുമാനങ്ങൾ ഇനി കോൺഗ്രസ് സംസ്ഥാന തലത്തിൽ എടുക്കും. ഹൈക്കമാണ്ട് ഇടപെടലുകൾ കേരളത്തിലെ താൽപ്പര്യം ഹനിക്കുമെന്ന വിലയിരുത്തലിലാണ് ഇതെല്ലാം. തരൂരിനെ ഹൈക്കമാണ്ടിലുള്ളവർ എതിർത്താലും കേരളത്തിൽ അതിന്റെ പ്രതിഫലനം ഉണ്ടാകില്ല. തരൂരിനേയും ചേർത്തുകൊണ്ടു പോകും. തരൂർ പിണങ്ങുകയും ലീഗ് യുഡിഎഫിൽ കലഹമുണ്ടാക്കുകയും ചെയ്താൽ കേരളത്തിലെ രാഷ്ട്രീയം കോൺഗ്രസിന് എതിരാകും. തരൂർ വിഷയത്തിൽ ലീഗ് ഉറച്ച നിലപാടിലാണ്. അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തരൂരിനെയാണ് അവർ കാണുന്നത്. ഇതിനെ അംഗീകരിക്കാൻ ചില കോൺഗ്രസ് നേതാക്കൾക്ക് വിഷമമുണ്ട്. ഇത് പൊട്ടിത്തെറിയാകുമെന്നായിരുന്നു സിപിഎം പ്രതീക്ഷ. തൽകാലം തരൂരിനെ ചേർത്തു നിർത്തി ഈ വിഷയം സുധാകരനും സതീശനും പരിഹരിക്കും. തുടക്കം മുതൽ തരൂരിനെ സുധാകരൻ അംഗീകരിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉടക്കിലായിരുന്നു. അതും മാറുകയാണ്.

ഗവർണറുമായി ബന്ധപ്പെട്ട വിവാദത്തിലും വിഴിഞ്ഞത്തെ വിവാദപ്രസ്താവനയിലും ഉൾപ്പെടെ മുസ്ലിം ലീഗ് കൃത്യമായ നിലപാടു സ്വീകരിച്ചുവെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രശംസ. ആർഎസ്‌പി നിലപാടിനെയും ഗോവിന്ദൻ പ്രശംസിച്ചു. മന്ത്രി അബ്ദുറഹിമാനെതിരായ വർഗീയ പരാമർശത്തിൽ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ ശക്തമായ നിലപാടാണ് എടുത്തത്. എപ്പോഴൊക്കെ ലീഗ് ശരിയായ നിലപാടു സ്വീകരിക്കുന്നുവോ അപ്പോഴൊക്കെ അതിനെ സ്വാഗതം ചെയ്യും. മതനിരപേക്ഷമായ എല്ലാ നിലപാടുകളെയും സ്വാഗതം ചെയ്യും. എന്നാൽ, അതിനെ ഇടതുമുന്നണിയിലേക്കു സ്വാഗതം ചെയ്യുന്നുവെന്നു വ്യാഖ്യാനിക്കേണ്ടതില്ല. രാഷ്ട്രീയ സമീപനവും നയവും ഇല്ലാത്ത ആരെയും എൽഡിഎഫിൽ എടുക്കാറില്ല. ഇതു മുസ്ലിം ലീഗിന്റെ കാര്യത്തിലും ബാധകമാണ്. യുഡിഎഫിലുണ്ടായ അങ്കലാപ്പിന് ഇടതുപക്ഷം ഉത്തരവാദിയല്ലെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.

വാക്കുകളിൽ ഒളിപ്പിച്ചത് ലീഗിനുള്ള ഇടതു പക്ഷത്തേക്കുള്ള ക്ഷണമായിരുന്നു. കോഴിക്കോടും മലപ്പുറത്തും കണ്ണൂരിലും കാസർഗോഡും കരുത്ത് കൂട്ടാനുള്ള സിപിഎം തന്ത്രം. അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി ലീഗിനെ പുകഴ്‌ത്തി നടത്തിയ പ്രസ്താവനയിൽ സിപിഐ സംസ്ഥാന നേതൃത്വത്തിനു കടുത്ത അതൃപ്തിയുമുണ്ട്. ലീഗ് വർഗീയ പാർട്ടി ആണോ അല്ലയോ എന്നതല്ല പ്രശ്നമെന്നും അവർക്കു സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കുന്നതല്ല ഇടതുമുന്നണിയുടെ ജോലി എന്നുമുള്ള നിലപാടിലാണ് എൽഡിഎഫിലെ മുഖ്യ ഘടകകക്ഷിയായ സിപിഐ. ഇത് അടുത്ത ഇടതു യോഗത്തിൽ ചർച്ചയാക്കും. എന്നാൽ സിപിഎമ്മിന് സംസ്ഥാന രാഷ്ട്രീയത്തിലുള്ള കരുത്ത് കാരണം ഈ എതിർപ്പിന് വലിയ ഗുണവും ഉണ്ടാകില്ല. ഇത് അറിഞ്ഞാണ് കോൺഗ്രസും പ്രതിരോധം വിട്ട് തരൂരിനെ ഇറക്കി കളിച്ചതും. ഫലത്തിൽ ലീഗിന് മാത്രം നേട്ടമുള്ള കളിയായി ഇത് മാറുകയും ചെയ്തു.

യുഡിഎഫിന്റെ ഭാഗമായി നിൽക്കുന്ന ലീഗിനെ വർഗീയ പാർട്ടി അല്ലെന്നു പറഞ്ഞു പ്രശംസിച്ച പരാമർശം അനവസരത്തിലാണെന്നു സിപിഐ സംസ്ഥാന നേതൃത്വം കരുതുന്നു. യുഡിഎഫിന് ഒപ്പമെന്ന് ലീഗിന്റെ മറുപടി ചോദിച്ചു വാങ്ങിയതിലും സിപിഐക്ക് അമർഷമുണ്ട്. അതേസമയം, വർഗീയമായ ചില ചാഞ്ചാട്ടങ്ങൾ കാണിച്ചിട്ടുണ്ടെങ്കിലും ലീഗ് വർഗീയ പാർട്ടി അല്ലെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കൂടിയായ ബിനോയ് വിശ്വം പ്രതികരിക്കുകയും ചെയ്തു. ഇതും ലീഗിനാണ് രാഷ്ട്രീയ കരുത്ത് നൽകുന്നത്. സിപിഎമ്മിനു മുസ്ലിം ലീഗിനോടു പ്രേമമാണെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറയുന്നതും ശ്രദ്ധേയമാണ്.

രണ്ടു പേർക്കും ഇഷ്ടമുണ്ടായാലേ കാര്യമുള്ളു. ലീഗിനു തിരിച്ച് ഇഷ്ടമില്ല. അത് അവർതന്നെ വ്യക്തമാക്കിയിട്ടുണ്ട്. വർഗീയവാദികളെന്നു ലീഗിനെ പലവട്ടം വിളിച്ചവരാണു സിപിഎമ്മുകാർ. കോൺഗ്രസിന് അത് ആലോചിക്കാൻ പോലും കഴിയില്ലെന്നായിരുന്നു സുധാകരന്റെ മറുപടി. ഇത് ലീഗിനും ഇഷ്ടപ്പെട്ടിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP