Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹണിട്രാപ്പിൽ പൂച്ചക്കൂട്ടി; ചാണ്ടി കൈയേറ്റത്തിൽ കുടുങ്ങിയതും മൊഴി മാറ്റവും തുണച്ചു; കാപ്പനെ പുറത്താക്കിയും തോമസ് കെ തോമസിനെ വെട്ടിയും രണ്ടാം വെർഷനിലും മന്ത്രിയായി; 'ധർമ്മടം ചതിയെ' അതിജീവിച്ചപ്പോൾ വീണ്ടും മൊബൈൽ! ശശീന്ദ്രനെ സിപിഎം ഗെറ്റൗട്ട് അടിക്കുമോ?

ഹണിട്രാപ്പിൽ പൂച്ചക്കൂട്ടി; ചാണ്ടി കൈയേറ്റത്തിൽ കുടുങ്ങിയതും മൊഴി മാറ്റവും തുണച്ചു; കാപ്പനെ പുറത്താക്കിയും തോമസ് കെ തോമസിനെ വെട്ടിയും രണ്ടാം വെർഷനിലും മന്ത്രിയായി; 'ധർമ്മടം ചതിയെ' അതിജീവിച്ചപ്പോൾ വീണ്ടും മൊബൈൽ! ശശീന്ദ്രനെ സിപിഎം ഗെറ്റൗട്ട് അടിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഫോൺകെണി കേസിൽ കുറ്റവിമുക്തനായി എ.കെ. ശശീന്ദ്രൻ വീണ്ടും മന്ത്രിപദത്തിലേക്കെത്തിയത് നിരവധി നാടകീയ നീക്കങ്ങളിലൂടെയാണ്. ആദ്യ പിണറായി സർക്കാരിൽ ഇടതുപക്ഷത്തിന് നാണക്കേടുണ്ടാക്കിയ മന്ത്രി. ചാനൽ പ്രവർത്തകയുടെ മൊഴിമാറ്റമാണ് പൂച്ചക്കുട്ടി വിവാദത്തിൽ ശശീന്ദ്രന് തുണയായത്. രണ്ട് എംഎൽഎമാരാണ് 2016ലും എൻസിപിക്കുണ്ടായിരുന്നത്. എകെ ശശീന്ദ്രനും തോമസ് ചാണ്ടിയും. ശശീന്ദ്രൻ പൂച്ചക്കെണിയിൽ കുടുങ്ങിയപ്പോൾ തോമസ് ചാണ്ടി മന്ത്രിയായി. തോമസ് ചാണ്ടി കുട്ടനാട്ടിലെ കൈയേറ്റത്തിൽ പെട്ടപ്പോൾ ശശീന്ദ്രന് കോളടിച്ചു.

തോമസ് ചാണ്ടിയുടെ മരണത്തോടെ ശശീന്ദ്രന് എൻസിപിയിൽ ഒന്നാം സ്ഥാനമായി. പാലായിൽ മാണി സി കാപ്പനെ ഇടതുപക്ഷം കൈവിട്ടതും ശശീന്ദ്രനിലുള്ള താൽപ്പര്യം കൊണ്ട്. അങ്ങനെ പാലായെ യുഡിഎഫിൽ നിന്ന് മാണി സി കാപ്പൻ പിടിച്ചപ്പോൾ പിഴക്കാത്ത ചുവടുമായി ശശീന്ദ്രൻ വീണ്ടും മന്ത്രിയായി. തോമസ് ചാണ്ടിയുടെ അനുജൻ തോമസ് കെ തോമസിന്റെ ക്ലെയിമിനെ സിപിഎം പിന്തുണയോടെ തള്ളി. വനം വകുപ്പിൽ എത്തിയപ്പോൾ ആദ്യ മരം മുറി വിവാദമെത്തി. ദീപക് ധർമ്മടം എന്ന മാധ്യമ പ്രവർത്തകനാണ് ചതിച്ചതെന്ന പരോക്ഷ സൂചനകളുമായി ശശീന്ദ്രൻ മുട്ടിലിൽ രക്തസാക്ഷി പരിവേഷത്തോടെ രക്ഷപ്പെട്ടു. പിണറായി വിജയന്റെ അതിവിശ്വസ്‌നായി അഭിനയിക്കുന്ന ദീപക് ധർമ്മടമാണ് ചതിച്ചതെന്ന് മന്ത്രിയും തിരിച്ചറിഞ്ഞിരുന്നു.

മരം മുറിയിലെ പ്രത്യേക സാഹചര്യം ശശീന്ദ്രന് തുണയായി. റവന്യൂ വകു്പ്പിന്റെ ഉത്തരവും പഴയ മന്ത്രിയുടെ ഉത്തരവും ചർച്ചയായതും ശശീന്ദ്രന് വിനയായി. അതിനിടെ ഉടൻ ഒരു മന്ത്രിയുടെ വിക്കറ്റ് തെറിക്കുമെന്ന പ്രഖ്യാപനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എത്തി. അത് ആരുടേതെന്ന ചർച്ചകൾക്കിടയിലാണ് പീഡനക്കേസ് ഒതുക്കൽ വാർത്ത എത്തുന്നത്. ഇതിൽ ബിജെപി അനുഭാവിയാണ് ഇര. തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി. അതുകൊണ്ട് തന്നെ ആ വിക്കറ്റ് പൂച്ചക്കുട്ടിയിൽ ഔട്ടായ ശശീന്ദ്രനാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

എൻസിപിയെ ഇപ്പോൾ നയിക്കുന്നത് പിസി ചാക്കോയാണ്. ഈ വിഷയത്തിൽ ചാക്കോയുടെ നിലപാട് നിർണ്ണായകമാകും. നേരത്തെ സംസ്ഥാന അധ്യക്ഷനായിരുന്ന ടിപി പീതാംബരൻ മാസ്റ്റർ ശശീന്ദ്രന്റെ പ്രതിയോഗിയായിരുന്നു. സിപിഎം പിന്തുണയോടെയാണ് എൻസിപിയിൽ പീതാംബരൻ മാസ്റ്ററെ ശശീന്ദ്രൻ അപ്രസക്തനാക്കിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പിസി ചാക്കോയുടെ നിലപാടാകും നിർണ്ണായകം. എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി അടുത്ത ബന്ധം ചാക്കോയ്ക്കുണ്ട്. അതുകൊണ്ട് തന്നെ ചാക്കോയുടെ നിലപാട് ശശീന്ദ്രന് നിർണ്ണായകമാണ്.

ഒന്നാം പിണറായി സർക്കാരിൽ ശശീന്ദ്രൻ തിരിച്ചെത്തിയത് പൂച്ചക്കുട്ടി പരാതി പിൻവലിച്ചതോടെയാണ്. കോടതി കേസ് എഴുതിത്ത്ത്ത്തള്ളി. മന്ത്രിമന്ദിരത്തിൽ വച്ചു ശശീന്ദ്രൻ തന്നോടു മോശമായി പെരുമാറിയതായി ഓർക്കുന്നില്ലെന്നും ഫോണിൽ നിരന്തരം അശ്ലീലസംഭാഷണം നടത്തിയതു ശശീന്ദ്രനാണെന്ന് ഉറപ്പില്ലെന്നുമുള്ള ചാനൽ പ്രവർത്തകയുടെ മൊഴി മാറ്റത്തെത്തുടർന്ന് ശശീന്ദ്രനെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനിടെ തോമസ് ചാണ്ടി കുട്ടനാട്ട് കയ്യേറ്റത്തിൽ കുടുങ്ങുകയും ചെയ്തു.

അഭിമുഖത്തിനായി ചാനൽ പ്രവർത്തക ഔദ്യോഗിക വസതിയിലെത്തിയപ്പോൾ മോശമായി പെരുമാറിയെന്നും തുടർന്നു ഫോണിൽ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു കേസ്. ഫോൺവിളി സംഭവം ചാനലിന്റെ ആദ്യവാർത്തയായി പുറത്തുവന്നതോടെ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ചു. പരാതിക്കാരി ഡിജിപിയെ സമീപിച്ചെങ്കിലും കേസെടുത്തില്ല. തുടർന്നാണു സിജെഎം കോടതിയിൽ പരാതി നൽകിയത്. ചാനലിലെ രണ്ടു വനിതാ സഹപ്രവർത്തകരെ സാക്ഷിയാക്കി.

മൂവരുടെയും മൊഴിയെത്തുടർന്നു സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനു ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി എടുത്ത കേസിനാണ് നാടകീയ പര്യവസാനം അന്നുണ്ടായത്. ഇപ്പോൾ ശശീന്ദ്രനെ വെട്ടിലാക്കുന്നതും ഫോൺ വിളിയാണ്. പൂച്ചക്കൂട്ടി വിവാദത്തിൽ പ്രതിക്കൂട്ടിലാക്കിയത് സ്ത്രീയുമായുള്ള സംഭാഷണമാണെങ്കിൽ ഇപ്പോൾ ഇരയുടെ അച്ഛനുമായാണ് വിവാദ ഫോൺ സംഭാഷണം. മന്ത്രിയെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതാണ് ഇതെന്ന വാദം ശക്തമാണ്.

നിയമസഭ ചേരാനിരിക്കെയാണ് പുതിയ വിവാദം വരുന്നത്. അതുകൊണ്ട് തന്നെ സഭയ്ക്കുള്ളിൽ സിപിഎം എടുക്കുന്ന നിലപാടും നിർണ്ണായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP