Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുലിന് പ്രിയങ്കരനായി കൂടുതൽ കരുത്തു നേടിയ കെ സി വേണുഗോപാലിന്റെ പുതുനിയമനം കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പു രാഷ്ട്രീയത്തിലും ചലനങ്ങൾ സൃഷ്ടിക്കും; ഏകീകൃത 'ഐ'യിലെ സമവാക്യങ്ങൾ മാറിമറിയുന്ന ആശങ്കയിൽ ഗ്രൂപ്പ് നേതാവ് ചെന്നിത്തല; പാളയത്തിൽ ഉള്ളവർ മറുകണ്ടം ചാടുമോ എന്ന് സംശയം; ഐയിലെ ചലനങ്ങൾക്ക് സാകൂതം കാതോർത്ത് എ ഗ്രൂപ്പും; മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ കണ്ണുവെച്ച് മറ്റൊരു നേതാവു കൂടി കോൺഗ്രസിനുള്ളിൽ ഉയർന്നുവരുമ്പോൾ

രാഹുലിന് പ്രിയങ്കരനായി  കൂടുതൽ കരുത്തു നേടിയ കെ സി വേണുഗോപാലിന്റെ പുതുനിയമനം കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പു രാഷ്ട്രീയത്തിലും ചലനങ്ങൾ സൃഷ്ടിക്കും; ഏകീകൃത 'ഐ'യിലെ സമവാക്യങ്ങൾ മാറിമറിയുന്ന ആശങ്കയിൽ ഗ്രൂപ്പ് നേതാവ് ചെന്നിത്തല; പാളയത്തിൽ ഉള്ളവർ മറുകണ്ടം ചാടുമോ എന്ന് സംശയം; ഐയിലെ ചലനങ്ങൾക്ക് സാകൂതം കാതോർത്ത് എ ഗ്രൂപ്പും; മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ കണ്ണുവെച്ച് മറ്റൊരു നേതാവു കൂടി കോൺഗ്രസിനുള്ളിൽ ഉയർന്നുവരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായുള്ള കെ.സി.വേണുഗോപാലിന്റെ നിയമനം അങ്ങ് ഡൽഹിയിലാണ് നടന്നതെങ്കിലും ഈ നിയമനം കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിക്കും. അതിന്റെ അലയൊലികൾ ഐ ഗ്രൂപ്പിൽ ഉയർന്നു തുടങ്ങിയതായാണ് ലഭിക്കുന്ന സൂചനകൾ. കരുണാകരനും ഉമ്മൻ ചാണ്ടിയും സജീവമായിരിക്കുമ്പോൾ തന്നെ വിശാല ഐയുടെ ഭാഗമായി ഐ ഗ്രൂപ്പിനെ നയിച്ചുകൊണ്ടിരിക്കുന്ന ചെന്നിത്തലയ്ക്ക് തന്നെയാണ് വേണുഗോപാലിന്റെ കയറ്റം ഭീഷണി സൃഷ്ടിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറിയായി ഡൽഹിയിൽ രാഷ്ട്രീയ നീക്കങ്ങൾ നടത്തുമ്പോഴും ഇപ്പോൾ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിതനൽകുമ്പോഴും വേണുഗോപാലിന്റെ കണ്ണ് കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ തന്നെയാണ്.

വിശാല ഐയെ ഇപ്പോഴും നയിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തനും കേരളത്തിൽ അങ്ങോളമിങ്ങോളം വേരുകൾ ഉള്ള നേതാവ് ആണെങ്കിലും പദവിയിൽ ഇപ്പോൾ കെ.സി.വേണുഗോപാൽ ചെന്നിത്തലയെക്കാൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒരു പടി മുകളിലാണ്. മുൻപേ ചെന്നിത്തലയെ വെട്ടി ഐ ഗ്രൂപ്പ് നേതൃത്വം പിടിച്ചെടുക്കാൻ കെ.സി.വേണുഗോപാൽ നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും അതെല്ലാം പരാജയമായിരുന്നു. ഇപ്പോൾ സംഘടനാപരമായി സർവ ശക്തനായി നിലകൊള്ളുമ്പോൾ പഴയ പോലെ വേണുഗോപാലിനെ വെട്ടി ചെന്നിത്തലയ്ക്ക് മുന്നോട്ടു പോകാൻ പ്രയാസമായ അവസ്ഥയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നണയുകയാണ്. മുന്നണികൾ തങ്ങളുടെ സ്ഥാനാർത്ഥികളെ തീരുമാനിച്ചുകൊണ്ടിരിക്കുകയാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇനിയുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും സംഘടനാപരമായ ജനറൽ സെക്രട്ടറി എന്ന പോസ്റ്റ് വളരെ പരമ പ്രധാനമായി മാറുക തന്നെ ചെയ്യും. ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ കെ.സി.വേണുഗോപാലിന്റെ പങ്ക് നിർണ്ണായകമാണെന്ന് വരുമ്പോഴാണ് ചെന്നിത്തല വേണുഗോപാലിനെ ഭയക്കേണ്ട സാഹചര്യം വരുന്നത്. സംഘടനാപരമായ സ്വാധീന ശക്തിയിൽ ഐ ഗ്രൂപ്പ് നേതാക്കൾ വേണുഗോപാലിന് മുകളിലാണെങ്കിലും ഡൽഹിയിൽ കാര്യങ്ങൾ നടക്കാൻ ഐ ഗ്രൂപ്പിന് വേണുഗോപാലിന്റെ കൂടി സഹായം കൂടി വേണം. അതുകൊണ്ട് തന്നെ നിർണ്ണായകമായ നീക്കങ്ങളിൽ സ്വയം മുഴുകുകയാണ് ഐ ഗ്രൂപ്പ് നേതാക്കൾ.

പുതിയ സ്ഥാനലബ്ധിയോടെ വേണുഗോപാലിന് ചുറ്റും നേതാക്കൾ കൂടും. ഇത് ചെന്നിത്തലയ്ക്ക് ക്ഷീണം ചെയ്യും. ചെന്നിത്തലയ്ക്കും വേണുഗോപാലിനെ പഴയപോലെ വെട്ടി മുന്നോട്ടു പോകാൻ കഴിയില്ല. കാരണം ഡൽഹിയിൽ വേണുഗോപാലിന്റെ സഹായം കൂടി വേണം. ഈ ഘട്ടത്തിലാണ് ഐ ഗ്രൂപ്പിലെ നീക്കങ്ങൾ രാഷ്ട്രീയ പ്രാധാന്യം വരുന്നത്. ചെറു ഗ്രൂപ്പുകൾ ഉള്ള വലിയ ഗ്രൂപ്പ് ആണ് ഐ ഗ്രൂപ്പ്. നിലവിൽ വിവിധ ഗ്രൂപ്പുകളെ നയിച്ചുകൊണ്ടാണ് ഓരോ ഐ ഗ്രൂപ്പ് നേതാവും നീങ്ങുന്നത്. കെ.മുരളീധരന് ഗ്രൂപ്പുണ്ട്, ചെന്നിത്തലയ്ക്ക് ഗ്രൂപ്പുണ്ട്.സുധാകരന് ഗ്രൂപ്പുണ്ട്. ഇങ്ങിനെ ഓരോ നേതാവിനെ എടുത്താലും എല്ലാവരും ഐയിലെ ചെറു ഗ്രൂപ്പുകളെ നയിച്ചുകൊണ്ടിരിക്കുകയാണ്.കെസിയുടെ പുതിയ സ്ഥാനലബ്ധിയോടെ ഈ ഗ്രൂപ്പുകൾ എങ്ങോട്ടു തിരിയും എന്നാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിലേക്ക് ഒരാൾ കൂടി ഉയർന്നുവരുമെന്ന ആശങ്കയും ശക്തമാണ്.

വേണുഗോപാൽ അല്ലാതെ തന്നെ ചെന്നിത്തലയ്ക്ക് മുന്നിൽ വേറെയും ഭീഷണികൾ ഉണ്ട്. മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി വേങ്ങരയിലെ നിയമസഭാ അംഗത്വം രാജിവെച്ച് മലപ്പുറത്ത് നിന്നും പാർലമെന്റിലേക്ക് പോയതിനു കാരണമായി പറഞ്ഞത് ചെന്നിത്തല നയിക്കുന്ന പ്രതിപക്ഷത്ത് നിൽക്കാൻ കഴിയില്ലാ എന്ന് പറഞ്ഞുകൊണ്ടാണ്. ബാർക്കോഴ കേസ് കത്തി നിൽക്കുമ്പോൾ ആഭ്യന്തര പദവിയിലിരുന്നു ചെന്നിത്തല കളിച്ച കളികളുടെ പേരിൽ കെ.എം.മാണിക്ക് കടുത്ത വൈരാഗ്യമാണ് ചെന്നിത്തലയ്ക്ക് നേരെയുള്ളത്. തത്വത്തിൽ യുഡിഎഫിലെ പ്രബല കക്ഷികളായ മുസ്ലിം ലീഗും കേരളാ കോൺഗ്രസും ചെന്നിത്തലയ്ക്ക് എതിരാണ്. പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെന്നിത്തല ശോഭിക്കുന്നില്ലെന്ന പരാതി കോൺഗ്രസിലും യുഡിഎഫിലും പ്രബലവുമാണ്. ഈ സാഹചര്യത്തിൽ ഐ ഗ്രൂപ്പ് ആണ് ചെന്നിത്തലയുടെ ശക്തമായ ആയുധം. ഈ ഗ്രൂപ്പിന്റെ മേധാവിത്തത്തിനു നേർക്കുള്ള ഭീഷണി അതുകൊണ്ട് തന്നെ ചെന്നിത്തലയ്ക്ക് നേരെയുള്ള വ്യക്തിപരമായ ഭീഷണികൂടിയാണ്. ഇതുകൊണ്ട് ചെന്നിത്തലയുടെ രാഷ്ട്രീയ നീക്കങ്ങൾക്കും വലിയ പ്രാധാന്യം കൈവരുന്ന ഘട്ടം കൂടിയാണിത്.

ചെന്നിത്തലക്കൊപ്പം മൂന്നാം ഗ്രൂപ്പിലും വിശാല ഐ ഗ്രൂപ്പിലും താഴെ നിന്ന വേണുഗോപാലാണ് ഇപ്പോൾ ചെന്നിത്തലയേക്കാളും വലിയ നേതാവാകുന്നത്. സ്വാഭാവികമായും ഐ ഗ്രൂപ്പ് എംഎൽഎമാർക്ക് ഒരാഭിമുഖ്യം വേണുഗോപാലിന് നേർക്ക് വരുകയും ചെയ്യും. ചെന്നിത്തല ഭയക്കേണ്ട സാഹചര്യം തന്നെയാണ് ഐ ഗ്രൂപ്പിൽ നിലനിൽക്കുന്നത്. മറുവശത്ത് ഐയ്ക്ക് എതിരായി നിൽക്കുന്നത് എ ഗ്രൂപ്പ് ആണ്. പക്ഷെ സംഘടനാപരമായി ഒരു ഏകശിലാ രൂപം എ ഗ്രൂപ്പിനുണ്ട്. ഉമ്മൻ ചാണ്ടി എഐസിസി ജനറൽ സെക്രട്ടറി ആയെങ്കിലും ഇപ്പോഴും എ ഗ്രൂപ്പിനെ നയിക്കുന്നത് ഉമ്മൻ ചാണ്ടി തന്നെയാണ്. പദവി ഉമ്മൻ ചാണ്ടിക്ക് പ്രശ്‌നവുമല്ല. കേരളത്തിലെ ഏറ്റവും സ്വാധീന ശക്തിയുള്ള നേതാവാണ് ഉമ്മൻ ചാണ്ടി. ഹൈക്കമാൻഡിലും ഉമ്മൻ ചാണ്ടിക്ക് പിടിപാടുണ്ട്. അതുകൊണ്ട് തന്നെ വിശാല ഐയെ നയിക്കുന്ന ചെന്നിത്തല നേരിടുന്ന പ്രശ്‌നം ഉമ്മൻ ചാണ്ടിക്ക് മുന്നിലില്ല. പ്രശ്‌നങ്ങൾ ഐ ഗ്രൂപ്പിലാണ് നിലനിൽക്കുന്നത്. അതിന് ആധാരമായ ഒട്ടുവളരെ കാര്യങ്ങൾ ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പിനും മുൻപേയുണ്ട്.

കേരളത്തിൽ നിന്ന് കോൺഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിച്ച എകെ ആന്റണിക്ക് പോലും സംഘടനാ ജനറൽ സെക്രട്ടറിയാകാൻ കഴിഞ്ഞിട്ടില്ല. ഉമ്മൻ ചാണ്ടിയും എഐസിസിയിൽ വെറും ജനറൽ സെക്രട്ടറിയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അപ്പുറത്തേക്കാണ് വേണുഗോപാൽ നീങ്ങുന്നത്. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒന്നാം നമ്പർ പദവിയിലേക്ക് എത്താനുള്ള ഹൈക്കമാണ്ട് പിൻബലം തനിക്കുണ്ടെന്ന് വേണുഗോപാൽ തെളിയിക്കുകയാണ്. അതുകൊണ്ട് തന്നെ പുതിയ സ്ഥാനാരോഹണത്തോടെ ഐ ഗ്രൂപ്പിൽ വേണുഗോപാൽ ശക്തിശ്രോതസ്സായി മാറുമോ എന്നതിലാണ് ഗ്രൂപ്പ് നേതാക്കളുടെ ശ്രദ്ധ പതിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP