Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

2014ൽ മോദിയെ അധികാരത്തിലെത്തിച്ച കൂർമ്മ ബുദ്ധി; വെല്ലുവിളിയെ മറികടന്ന് നിതീഷിനെ മുഖ്യമന്ത്രിയാക്കിയ പ്രചരണ മികവ്; ആന്ധ്രയിൽ ജഗൻ തരംഗം ആഞ്ഞു വീശിയ തെരഞ്ഞെടുപ്പ് കാറ്റിന് പിന്നിലെ ചാലക ശക്തി; ഏറ്റുമുട്ടൽ ഉപേക്ഷിച്ച് വികസന നായകനായി സ്വയം പുനർനാമകരണം ചെയ്യാൻ കെജ്രിവാളിന് തുണയായതും ഈ ഇലക്ഷൻ ഗുരു; ഡൽഹി മാജിക്കിന് ശേഷം ഇനി ദീദിക്കും സ്റ്റാലിനുമൊപ്പം; പ്രശാന്ത് കിഷോർ ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അനിഷേധ്യനാകുമ്പോൾ

2014ൽ മോദിയെ അധികാരത്തിലെത്തിച്ച കൂർമ്മ ബുദ്ധി; വെല്ലുവിളിയെ മറികടന്ന് നിതീഷിനെ മുഖ്യമന്ത്രിയാക്കിയ പ്രചരണ മികവ്; ആന്ധ്രയിൽ ജഗൻ തരംഗം ആഞ്ഞു വീശിയ തെരഞ്ഞെടുപ്പ് കാറ്റിന് പിന്നിലെ ചാലക ശക്തി; ഏറ്റുമുട്ടൽ ഉപേക്ഷിച്ച് വികസന നായകനായി സ്വയം പുനർനാമകരണം ചെയ്യാൻ കെജ്രിവാളിന് തുണയായതും ഈ ഇലക്ഷൻ ഗുരു; ഡൽഹി മാജിക്കിന് ശേഷം ഇനി ദീദിക്കും സ്റ്റാലിനുമൊപ്പം; പ്രശാന്ത് കിഷോർ ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അനിഷേധ്യനാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയുടെ വികസന ലക്ഷ്യങ്ങൾ ഊന്നിപ്പറഞ്ഞ് ജനനായകനായി അരവിന്ദ് കെജ്രിവാൾ മൂന്നാംതവണയും ജയിച്ചു കയറി.' ഡൽഹിക്ക് വേണ്ടി രാവും പകലും അധ്വാനിച്ചതിനാണോ എന്നെ തീവ്രവാദിയെന്ന് വിളിക്കുന്നതെ'ന്ന് വികാരഭരിതനായി കെജ്രിവാൾ ചോദിച്ചപ്പോൾ കെജ്രിവാളിന്റെ മകൾ ഹർഷിത എത്തിയത് അതിനേക്കാൾ മികച്ച വിശദീകരണവുമായാണ്. കുടുംബാംഗങ്ങളെ അതിരാവിലെ എഴുന്നേൽപ്പിച്ച് ഗീത വായിക്കാൻ നിർബന്ധിക്കുകയും ഗീത പഠിപ്പിക്കുകയും ചെയ്ത അച്ഛൻ തീവ്രവാദി ആകുമോ എന്നായിരുന്നു ഹർഷിത ചോദിച്ചത്. ഇവിടെ ഹിന്ദുവിന്റെ വികാരം കെജ്രിവാളിനൊപ്പമായി. ഗുജറാത്തിൽ നിന്നും മോദിയെ ഹിന്ദുത്വത്തിന്റെ രക്ഷകനായി അവതരിപ്പിച്ച പ്രശാന്ത് കിഷോറായിരുന്നു കെജ്രിവാളിന്റെ ഇമേജ് മാറ്റത്തിനും പിന്നിൽ.

ഡൽഹിയിൽ പ്രശാന്ത് കിഷോർ എന്ന തിരഞ്ഞെടുപ്പ് വിദഗ്ധന്റെ തന്ത്രങ്ങൾ കൂടിയാണ്. ഡൽഹി ജനതയോട് ഹൃദയത്തിന്റെ ഭാഷയിൽ കെജ് രിവാൾ നന്ദി രേഖപ്പെടുത്തിയപ്പോൾ ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കുന്നതിനായി നിലകൊണ്ട ഡൽഹിക്ക് നന്ദിയെന്ന് പ്രശാന്തും ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ആറുമാസമായി കെജ്രിവാളിനൊപ്പം പ്രശാന്ത് കിഷോർ പ്രവർത്തിക്കുന്നുണ്ട്. ഏറ്റുമുട്ടൽ ഉപേക്ഷിച്ച് വികസന നായകനായി സ്വയം പുനർനാമകരണം ചെയ്യുക എന്ന ഉപദേശമാണ് കെജ്രിവാളിന് പ്രശാന്ത് കിഷോർ നൽകിയത്. മോദിയെ ലക്ഷ്യമിട്ടുള്ള പ്രത്യക്ഷ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക എന്നുള്ളതായിരുന്നു പ്രശാന്തിന്റെ തന്ത്രങ്ങളിൽ പ്രധാനപ്പെട്ടത്. കാരണം ആം ആദ്മിക്ക് ധാരാളം ബിജെപി വോട്ടുകൾ ലഭിക്കാനുണ്ടെന്നും അതിനാൽ അവർക്കെതിരെ തിരിയുന്നതിൽ അർഥമില്ലെന്നുള്ളതുമായിരുന്നു അതിനുപിന്നിലെ വാദം. ഇതും ഡൽഹിയിൽ വിജയം കണ്ടു. അങ്ങനെ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി വീണ്ടും പ്രശാന്ത് കിഷോറിനെ മാറ്റുകയാണ് ഡൽഹി തെരഞ്ഞെടുപ്പ്.

2014ൽ നരേന്ദ്ര മോദിയെയും ബിജെപിയെയും അധികാരത്തിലെത്തിക്കാൻ അണിയറയിൽ തന്ത്രങ്ങളൊരുക്കിയ 'രാഷ്ട്രീയ തന്ത്രജ്ഞൻ' എന്ന നിലയിലാണ് പ്രശാന്ത് കിഷോർ പ്രശസ്തനായത്. ഇക്കഴിഞ്ഞ തിരഞ്ഞടുപ്പിൽ തെലുങ്കാനയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ പ്രചാരണ ചുമതലയേറ്റെടുത്ത പ്രശാന്തിന്റെ തന്ത്രങ്ങൾ അത്ഭുത വിജയമാണ് റെഡ്ഡിക്കു സമ്മാനിച്ചത്. 175ൽ 150 സീറ്റിലും മിന്നും ജയം കരസ്ഥമാക്കിയാണ് റെഡ്ഡി അധികാരത്തിലേറിയത്. അതിന് പിന്നാലെയാണ് ഡൽഹിയിലെ നേട്ടം. ഇതോടെ ഇലക്ഷൻ ഗുരുവെന്ന പേരിന് താൻ അർഹനാണെന്ന് പ്രശാന്ത് തെളിയിക്കുകയാണ്. ജന മനസ്സുകളിലേക്ക് നേതാക്കളെ കയറ്റി വിടുന്ന തന്ത്രജ്ഞൻ.

തികഞ്ഞ അച്ചടക്കത്തിലൂടെ ആത്മസംയമനത്തോടെയാണ് ഓരോ ആം ആദ്മി നേതാവും ഡൽഹിയിൽ പ്രചാരണത്തിന് ഇറങ്ങിയത്. അതിന്റെ മുഴുവൻ ക്രെഡിറ്റും ബുദ്ധികേന്ദ്രമായ പ്രശാന്ത് കിഷോറിനുള്ളതാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയും പാർട്ടി തീരുമാനങ്ങൾക്കെതിരെയും പരസ്യ നിലപാടെടുത്തതിന് ജെഡിയു ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രശാന്ത് കിഷോറിനെ പുറത്താക്കിയതും എഎപിക്ക് ഗുണമായി മാറി. ഇനി തമിഴ്‌നാട്ടിലേക്കും ബംഗളാലികേകും പ്രശാന്ത് കിഷോർ പോകും. ബിജെപിയെ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിച്ച പ്രശാന്ത് ഇപ്പോൾ ഓടി നടക്കുന്നത് അവരെ അധികാരത്തിൽ നിന്ന് പുറത്താക്കാനും. ഇനി പ്രശാന്തിന് മുന്നിലുള്ളത് മമതയുടെ തിരഞ്ഞെടുപ്പാണ്. കെജ്രിവാളിന് പുറമേ മമത ബാനർജിയുടെയും എം.കെ.സ്റ്റാലിന്റെയും തിരഞ്ഞെടുപ്പ് ഉപദേശകനാണ് പ്രശാന്ത്. പശ്ചിമ ബംഗാൾ ബിജെപിയുടെ ശവപ്പെട്ടിയിൽ അവസാന ആണിയടിക്കുമെന്ന് മമത പ്രഖ്യാപിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ അടുത്ത വർഷം പ്രശാന്തിന് മുന്നിലുള്ളത് വലിയ വെല്ലുവിളി തന്നെയാണ്.

2014 ൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച പ്രചാരണ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ചാണ് പ്രശാന്ത് കിഷോർ ചർച്ചയായത്. മോദി തരംഗം ആഞ്ഞടിച്ചതിന് പിന്നിൽ പ്രശാന്ത് കിഷോറൊരുക്കിയ പ്രചരണ വാക്യങ്ങളായിരുന്നു. ഇതിന് ശേഷം പലയിടത്തും ഈ പരീക്ഷണം വിജയിച്ചു. എന്നാൽ കോൺഗ്രസിനായി നടത്തിയ ശ്രമങ്ങൾ പാളുകളും ചെയ്തു. അതുകൊണ്ട് തന്നെ പ്രാദേശിക കക്ഷികളുടെ പ്രചരണത്തിൽ പ്രശാന്ത് കിഷോർ പിന്നീട് ശ്രദ്ധ നൽകി. അതും വിജയം കണ്ടു. രാഷ്ട്രീയ നേതാക്കളുടെ പ്രതിച്ഛായ അഥവാ ഇമേജ് ബിൽഡിംഗിൽ മികവ് തെളിയിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോർ. മമതയും തന്റെ പ്രതിച്ഛായ നഷ്ടം മാറ്റാനാണ് ശ്രമിക്കുന്നത്. ലോക്സഭയിലെ തിരിച്ചടി നിയമസഭയിൽ ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാനാണ് നീക്കം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മമതയുടെ തൃണമൂൽ കോൺഗ്രസിന് ബിജെപിയിൽനിന്ന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുഴുവൻ ശ്രദ്ധയും ബംഗാളിലാണ്. നോർത്ത് ഈസ്റ്റിൽ നേട്ടമുണ്ടാക്കിയ അതേ വഴിയേ ബംഗാളിലും ഒന്നാമനാകാനാണ് ബിജെപിയുടെ ശ്രമം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതിന്റെ സൂചനകളുമെത്തി. ബംഗാളിൽ 18 സീറ്റിലാണ് ബിജെപി ജയിച്ചത്. ഇത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കടുത്ത തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് ഭരണ നേട്ടങ്ങളെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാനുള്ള പി ആർ തന്ത്രങ്ങൾക്ക് പിറകേ മമതയും പോകുന്നത്. ഇതിന് വേണ്ടിയാണ് പ്രശാന്ത് കിഷോറിനെ കൊൽക്കത്തയിൽ എത്തിയച്ചത്. ആന്ധ്രാപ്രദേശിൽ ജഗന്മോഹൻ റെഡ്ഡിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചതും പ്രശാന്ത് കിഷോറായിരുന്നു. 2014 ൽ നരേന്ദ്ര മോദിക്കുവേണ്ടിയും 2015 ൽ നിതീഷ് കുമാറിനു വേണ്ടിയും അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾക്ക് രൂപംനൽകിയിരുന്നു. ഇതോടെയാണ് ദേശീയ രാഷ്ട്രീയം പ്രശാന്ത് കിഷോറിനെ ശ്രദ്ധിച്ചു തുടങ്ങിയത്.

ഗുജറാത്തിൽ 2011 ൽ നരേന്ദ്ര മോദിയുടെ പ്രചാരണ തന്ത്രങ്ങൾ ആവിഷ്‌കരിച്ചതോടെയാണ് പ്രശാന്ത് ശ്രദ്ധയിലേക്കുയർന്നത്. 2014ലെ വിജയത്തിനുശേഷം അമിത് ഷായും പ്രശാന്ത് കിഷോറും തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ലായിരുന്നു. പാർട്ടിയിൽ കാര്യമായ സ്ഥാനം വേണമെന്ന പ്രശാന്തിന്റെ ആവശ്യം അമിത് ഷാ തള്ളിയതോടെ ബിജെപി വിട്ടു. ഡൽഹിയിൽ ഹാട്രിക് വിജയം നേടിയ ആപ്പിന് അഭിനന്ദനവുമായി എത്തിയ ആദ്യത്തെ ആളുകളിലൊന്ന് പ്രശാന്ത് കിഷോർ ആയിരുന്നു. സി.എ.എ നിയമത്തോടുള്ള എതിർപ്പ് മൂലം നിതീഷ് കുമാറുമായി പിരിഞ്ഞ പ്രശാന്ത് കിഷോറായിരുന്നു ഡൽഹിയിൽ ആപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിച്ചത്. മുസ്ലിം ഭൂരിപക്ഷ അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്ലിംകൾക്ക് മാത്രം പൗരത്വം നൽകാൻ സർക്കാരിനെ പ്രാപ്തരാക്കുന്ന പൗരത്വ നിയമത്തെ നിശിതമായി വിമർശിക്കുന്നവരിൽ ഒരാളാണ് പ്രശാന്ത് കിഷോർ.

നിർദ്ദിഷ്ട പൗരന്മാരുടെ രജിസ്റ്ററുമായി ചേർന്നുള്ള പൗരത്വ നിയമം മുസ്ലിം സമുദായത്തിൽ നിന്നുള്ള ആളുകളെ ഉപദ്രവിക്കാനുള്ള സാധ്യതയുണ്ടെന്ന് അടിവരയിട്ട ഒരാളായിരുന്നു കിഷോർ. ഭാരതീയ ജനതാ പാർട്ടിക്കെതിരായ ഈ നിലപാടിനോടുള്ള എതിർപ്പാണ് നിതീഷ് കുമാറുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അവസാനിപ്പിക്കാൻ കാരണമായത്. പ്രത്യേകിച്ചും ജെഡിയു, ഡൽഹി തിരഞ്ഞെടുപ്പിനു വേണ്ടി ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായതിനുശേഷം. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കിഷോറിന്റെ നീക്കങ്ങൾക്ക് പ്രധാന്യമേറെയാണ്. 2015ലെ ബിഹാർ നിയമസഭാ ഇലക്ഷനിൽ മഹാ സഖ്യത്തെ അധികാരത്തിലേറാൻ സഹായിച്ചതും പ്രശാന്തിന്റെ തന്ത്രങ്ങളായിരുന്നു. 2020ൽ ആപ്പിന്റെ ഉജ്ജ്വല വിജയത്തോടെ പ്രശാന്ത് കിഷോറിന്റെ പ്രസക്തി വീണ്ടും ചർച്ചാ വിഷയമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP