Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുൽ ഗാന്ധിയെ കോൺഗ്രസ് അദ്ധ്യക്ഷൻ ആക്കരുതെന്നും ഗാന്ധി കുടുംബത്തിന് പുറത്തുള്ള ആൾ വേണമെന്നും പ്രശാന്ത് കിഷോർ നിർദ്ദേശിച്ചോ? സോണിയയ്ക്ക് സമർപ്പിച്ച മെഗാ പ്ലാനിൽ അങ്ങനെ ഒന്നില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ; പ്രശാന്തിന്റെ പ്ലാൻ കിടിലൻ എന്നും ബിജെപി ഞെട്ടും എന്നും നേതാക്കൾ

രാഹുൽ ഗാന്ധിയെ കോൺഗ്രസ് അദ്ധ്യക്ഷൻ ആക്കരുതെന്നും ഗാന്ധി കുടുംബത്തിന് പുറത്തുള്ള ആൾ വേണമെന്നും പ്രശാന്ത് കിഷോർ നിർദ്ദേശിച്ചോ? സോണിയയ്ക്ക് സമർപ്പിച്ച മെഗാ പ്ലാനിൽ അങ്ങനെ ഒന്നില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ; പ്രശാന്തിന്റെ പ്ലാൻ കിടിലൻ എന്നും ബിജെപി ഞെട്ടും എന്നും നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: കാര്യമൊക്കെ ശരി. പ്രശാന്ത് കിഷോർ മിടുക്കനായ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ഒക്കെ തന്നെ. കോൺഗ്രസിനായി ഒരു ഗംഭീര പുനരുദ്ധാരണ പാക്കേജും തയ്യാറാക്കി. അക്കാര്യത്തിൽ, പാർട്ടി ഉടൻ തീരുമാനമെടുക്കും. അതവിടെ നിൽക്കട്ടെ. പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുന്നതിനോട് ചില നേതാക്കൾക്ക് എതിർപ്പുണ്ടോ? പ്രശാന്ത് കിഷോർ വന്നാലും ഇല്ലെങ്കിലും മധ്യപ്രദേശിൽ തങ്ങൾ ആരെയും ആശ്രയിച്ചല്ല, നിൽക്കുന്നതെന്ന് കമൽ നാഥ് തുറന്നടിച്ചതാണ് സംശയത്തിന് കാരണം. പിന്നാലെ ദിഗ് വിജയ് സിങ് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലും, പ്രശാന്തിനോട് ഒരുപൂർണ അനുഭാവം പ്രകടിപ്പിച്ചില്ല.

ചില സംശയങ്ങൾ ഉണ്ടെങ്കിലും പ്രശാന്തിനെ പാർട്ടിയിൽ എടുക്കുന്നതിൽ തുറന്ന മനസ്സെന്നാണ് ദിഗ് വിജയ് സിങ് പറഞ്ഞത്. പ്രശാന്ത് കിഷോറിന്റെ പുനരുദ്ധാരണ പദ്ധതിയെ കുറിച്ച് ആലോചിക്കാൻ സോണിയ രൂപീകരിച്ച സമിതിയിലെ അംഗമാണ് ദിഗ് വിജയ് സിങ്. പ്രശാന്തിന്റെ മെഗാ പ്ലാൻ കിടിലൻ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'പ്രശാന്ത് ഒരു സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധനാണ്. പലതും നമുക്ക് അറിയാത്ത കാര്യങ്ങൾ അല്ല. അദ്ദേഹത്തെ പാർട്ടിയിൽ എടുക്കുന്നതിൽ ആർക്കും എതിർപ്പൊന്നും ഇല്ല. ഏതറ്റം വരെ, എങ്ങനെ, എന്ത് എന്നൊക്കെയാണ് ചോദ്യങ്ങൾ', ദിഗ്‌വിജയ് സിങ് പറഞ്ഞു. പ്രശാന്ത് വരുന്നതിനോട് ചെറിയ വിമുഖതയുള്ള നേതാവാണ് സിങ്ങെന്നാണ് പിന്നാമ്പുറ സംസാരം.

അതേസമയം, സോഷ്യൽ മീഡിയയിൽ പ്രശാന്ത് കിഷോറിന്റെ പുനരുദ്ധാരണ പാക്കേജ് കറങ്ങി നടക്കുന്നുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുള്ള ആളെ നിയോഗിക്കണമെന്നാണ് പ്രശാന്തിന്റെ മുഖ്യ നിർദ്ദേശം. സോണിയ ഗാന്ധി അദ്ധ്യക്ഷ പദവി ഒഴിഞ്ഞാൽ, രാഹുൽ ഗാന്ധിയെ പകരം നിയോഗിക്കരുത്. നിർത്തലാക്കിയ കോൺഗ്രസ് പാർലമെന്ററി ബോർഡ് പുനഃസ്ഥാപിച്ച് അതിന്റെ തലപ്പത്ത് രാഹുലിനെ നിയമിക്കണം. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും പണ്ട് വഹിച്ചിരുന്ന പദവിയാണിത്.

ഗാന്ധി കുടുംബം ഇല്ലാതെ എങ്ങനെ?

ബിജെപിയെയാണ് ഇക്കാര്യത്തിൽ പ്രശാന്ത് റോൾ മോഡലാക്കുന്നത്. ജെപി നഡ്ഡ മോഡൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് ബിജെപിയെ യഥാർത്ഥത്തിൽ ഭരിക്കുന്നതെങ്കിലും, നഡ്ഡയാണ് പാർട്ടി പ്രസിഡന്റ്. പാർട്ടിയുടെ ഉന്നത സ്ഥാനത്ത് എത്താൻ, എല്ലാവർക്കും അവസരം നൽകുന്ന പാർട്ടി എന്ന പ്രതിച്ഛായ നഡ്ഡ മോഡൽ ബിജെപിക്ക് നൽകുന്നു. ഒരു ബൂത്ത് തല പ്രവർത്തകന് വരെ പാർട്ടി അദ്ധ്യക്ഷൻ ആകാമെന്ന സന്ദേശം ഇതിലൂടെ നൽകുന്നു. അവരത് ആയാലും ഇല്ലെങ്കിലും, പൊതുജനത്തിന് കിട്ടുന്ന സന്ദേശം അതാണ്.

പാർട്ടിയെ നയിക്കുന്ന ആളാവരുത് പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്നാണ് പ്രശാന്ത് കിഷോറിന്റെ നയം. രണ്ടും രണ്ടുപണിയാണെന്ന് ചുരുക്കം. ഒരു കുടുംബം നയിക്കുന്ന പാർട്ടി എന്ന ഇമേജുമായി ഒരു മുഖ്യ രാഷ്ട്രീയ ശക്തിയായി ദീർഘനാൾ നിൽക്കാനാവില്ല, പ്രശാന്ത് കിഷോർ പറയുന്നു. രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനായി മടങ്ങി എത്തിയാൽ തന്നെ അദ്ദേഹം ആയിരിക്കരുത്, പ്രധാനമന്ത്രി സ്ഥാനാർത്ഥി. പ്രശാന്ത് പറയുന്നതൊക്കെ കോൺഗ്രസ് അംഗീകരിക്കുമോ എന്ന് കണ്ടറിയണം. നഡ്ഡ മോഡൽ കോൺഗ്രസും പിന്തുടർന്നാൽ, വരിക വലിയൊരു മാറ്റമായിരിക്കും. കുടുംബാധിപത്യ പാർട്ടി എന്ന ബിജെപി ആരോപണത്തിന്റെ മുന ഒടിക്കാനും കഴിയും.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന പ്രശാന്ത് കിഷോറിന്റെ പുനരുദ്ധാരണ പദ്ധതി ഒരുവർഷം മുമ്പ് സമർപ്പിച്ച പഴയ രേഖയാണെന്നും സൂചനയുണ്ട്്. അത് വ്യാജ-പഴയ രേഖ ആണെന്നും ഇപ്പോൾ നടക്കുന്ന ചർച്ചകളുമായി ബന്ധമില്ലെന്നുമാണ് പ്രശാന്ത് ദി ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞത്. ഇപ്പോൾ സമർപ്പിച്ച പുതിയ രേഖയിൽ ചില കൂട്ടിച്ചേർക്കലുകളും, ഒഴിവാക്കലുകളും ഉണ്ടെന്ന് പറയുന്നു.

എന്തായാലും സ്വകാര്യ സംഭാഷണങ്ങളിൽ ഗാന്ധി കുടുംബത്തിന് പുറത്തുള്ള പ്രസിഡന്റ് വേണമെന്നും, രാഹുൽ ഗാന്ധി ലോക്‌സഭാ നേതാവായി തിളങ്ങണമെന്നുമാണ് പ്രശാന്ത് പറയാറുള്ളത്. എന്നാൽ ഗാന്ധി കുടുംബത്തിന് പുറത്തുള്ള ആളെ അദ്ധ്യക്ഷ പദവിയിൽ നിയോഗിക്കണമെന്ന് പ്രശാന്ത് പുതിയ രേഖയിൽ നിർദ്ദേശിച്ചിട്ടില്ല എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.

കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണം

1985 ന് ശേഷം കോൺഗ്രസ് തുടർച്ചയായ തകർച്ചയെ നേരിടുകയാണെന്ന് പ്രശാന്തിന്റെ അവതരണത്തിൽ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതം കുത്തനെ ഇടിഞ്ഞു. നാല് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്: ദീർഘനാൾ ഭരണത്തിൽ ഇരുന്നതിന്റെ കോട്ടങ്ങൾ, സംഘടിത പ്രക്ഷോഭങ്ങൾ (ജെപി പ്രസ്ഥാനം, ബോഫോഴ്‌സ് കോഴ വിവാദം, മണ്ഡൽ പ്രക്ഷോഭം, രാമജന്മഭൂമി പ്രസഥാനം, ഇന്ത്യ എഗൻസറ്റ് കറപ്ഷൻ പ്രസ്ഥാനം, മോദിയുടെ ഉയർച്ച എന്നിവയെല്ലാം ബാധിച്ചു) നേട്ടങ്ങൾ അനുകൂലമാക്കുന്നതിലെ പരാജയം, ഘടനാപരമായ ദൗർബല്യം, ജനങ്ങളുമായി ഉള്ള ബന്ധത്തിലെ പോരായ്മ.

നേതൃത്വം കഴിഞ്ഞ 25 വർഷത്തിനിടെ ഒരു സംഘടിതമായ അഖിലേന്ത്യ അംഗത്വ പ്രചാരണം നയിച്ചിട്ടില്ല. 118 കേന്ദ്ര നേതാക്കളിൽ 23 പേർ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടവർ. 66 പ്രവർത്തക സമിതി അംഗങ്ങളിൽ രണ്ടുപേർ മാത്രമാണ് 45 ൽ താഴെ പ്രായമുള്ളവർ. നിലവിലുള്ള എഐസിസി പ്രതിനിധികളിലും, ജില്ല, ബ്ലോക്ക് പ്രസിഡന്റുമാരിലും 72 ശതമാനം പേരും, രണ്ടാം തലമുറയിലോ, മൂന്നാം തലമുറയിലോ പെട്ടവരാണ്.

2014 ന് ശേഷം 24 മണിക്കൂറിൽ അധികം നീണ്ടുനിൽക്കുന്ന ഒരു ദേശവ്യാപക പ്രതിഷേധമോ, പ്രക്ഷോഭമോ പാർട്ടി സംഘടിപ്പിച്ചില്ല. ഏറ്റവും ഒടുവിലത്തേത് രാജീവ് ഗാന്ധി 1990 ൽ സംഘടിപ്പിച്ച ഭാരത യാത്ര ആയിരുന്നു.

നേതൃത്വ പ്രശ്‌നം എങ്ങനെ പരിഹരിക്കാം

രണ്ടുമോഡലുകളാണ് പ്രശാന്ത് മുന്നോട്ട് വയ്ക്കുന്നത്. സോണിയ പാർട്ടി അദ്ധ്യക്ഷയായി തുടരുക. രാഹുൽ ഗാന്ധി പാർലമെന്ററി ബോർഡ് നേതാവാകുക. പ്രിയങ്കയെ ജനറൽ സെക്രട്ടറി കോർഡിനേഷൻ ആക്കുക. ഗാന്ധി കുടുബത്തിൽ നിന്നല്ലാത്ത ഒരാളെ വർക്കിങ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആക്കുക. മുൻകാല കോൺഗ്രസ് നേതാവിനെ യുപിഎ ചെയർപേഴ്‌സണായും നിയോഗിക്കുക. പാർലമെന്ററി ബോർഡ് പുനരുജ്ജീവിപ്പിക്കുക എന്നത് ജി-23 നേതാക്കളുടെ മുഖ്യആവശ്യങ്ങളിൽ ഒന്നുകൂടിയാണ്.

ബദൽ പ്ലാൻ പ്രകാരം, ഗാന്ധി കുടുംബത്തിൽ നിന്ന പുറത്തുള്ള ആളെ അദ്ധ്യക്ഷ പദവിയിൽ ഇരുത്തുക. സോണിയ യുപിഎ ചെയർപേഴ്‌സണും, രാഹുൽ പാർലമെന്ററി ബോർഡ് നേതാവും, പ്രിയങ്ക ജനറൽ സെക്രട്ടറി കോർഡിനേഷനും ആകുക. ഈ മോഡൽ വലിയ ഫലമുണ്ടാക്കുമെന്നാണ് പ്രശാന്ത്് കിഷോറിന്റെ വാദം. പാർലമെന്റിലും പുറത്തും മോദിക്കെതിരെ ജനങ്ങളുടെ ശബ്ദം ഫലപ്രദമായി ഉയർത്താൻ പാർലമെന്ററി പാർട്ടി നേതൃസ്ഥാനം വഴി രാഹുലിന് കഴിയുമെന്നാണ് വിലയിരുത്തൽ.

370 പാർലമെന്റ് മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് പ്രശാന്ത് കിഷോറിന്റെ മുഖ്യനിർദ്ദേശം. യുപിയിലും ബിഹാറിലും ഒഡിഷയിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണം. തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും, മഹാരാഷ്ട്രയിലും സഖ്യം രൂപീകരിക്കണം. രാഹുൽ ഗാന്ധി പ്രശാന്തിന്റെ പോയിന്റുകളോട് യോജിച്ചുവെന്നാണ് സൂചന.

രണ്ടുവർഷമായി ചർച്ച തുടരുന്നു

രണ്ടുവർഷമായി പ്രശാന്ത് കിഷോറും ഗാന്ധി കുടുംബവുമായി ചർച്ച തുടങ്ങിയിട്ട്. 90 ശതമാനം പ്രശ്നങ്ങളിലും ഇരുകൂട്ടരും യോജിച്ചു. 10 ശതമാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സെപ്റ്റംബറിൽ ചർച്ച മുറിഞ്ഞത്. ഇപ്പോൾ വീണ്ടും ചർച്ച സജീവമായിരിക്കുന്നു.

പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേർന്നാൽ, ഗാന്ധി കുടുംബത്തിന്റെ മേലുള്ള വലിയൊരു സമ്മർദ്ദം ഒഴിവാകും. തിരഞ്ഞെടുപ്പിൽ മാജിക് വാൻഡുണ്ടെന്ന് പലരും വിശ്വസിക്കുന്ന പ്രശാന്തിന്റെ സാന്നിധ്യം, കോൺഗ്രസിനെ എഴുതി തള്ളിയവരെ പോലും ഇരുത്തി ചിന്തിപ്പിക്കുമെന്നാണ് പ്രതീക്ഷ. എന്തായാലും പ്രശാന്ത് കോൺഗ്രസിൽ ചേർന്നാൽ, അദ്ദേഹത്തിന്റെ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടി വരും. വൈഎസ്ആർ കോൺഗ്രസുമായും, ടിആർഎസുമായും ഐപിഎസി ചില കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ വൈരുദ്ധ്യങ്ങളെ പ്രശാന്ത് കിഷോറിന് നേരിടേണ്ടി വരും. കോൺഗ്രസിൽ ചേർന്നാൽ, മറ്റുപാർട്ടികൾക്ക് വേണ്ടി ഐപിഎസിക്ക് പ്രവർത്തിക്കാനും ആകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP