Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജലീലോ രവീന്ദ്രനോ അറസ്റ്റിലായാൽ പിണറായിയുടെ വിക്കറ്റും യെച്ചൂരി എറിഞ്ഞിടും; ബേബിയും കാരാട്ടും എസ് ആർ പിയും ആഗ്രഹിക്കുന്നത് പിണറായിയെ മാറ്റി ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കാൻ; കോടിയേരിക്കൊപ്പം ചികിൽസാ മറവിൽ അമേരിക്കയിലേക്ക് പറക്കാനുള്ള സാധ്യത തേടി പിണറായിയും

ജലീലോ രവീന്ദ്രനോ അറസ്റ്റിലായാൽ പിണറായിയുടെ വിക്കറ്റും യെച്ചൂരി എറിഞ്ഞിടും; ബേബിയും കാരാട്ടും എസ് ആർ പിയും ആഗ്രഹിക്കുന്നത് പിണറായിയെ മാറ്റി ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കാൻ; കോടിയേരിക്കൊപ്പം ചികിൽസാ മറവിൽ അമേരിക്കയിലേക്ക് പറക്കാനുള്ള സാധ്യത തേടി പിണറായിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണ കടത്തും ലൈഫ് മിഷനും കൈകാര്യം ചെയ്തതിൽ മുഖ്യമന്ത്രി പിണറായി സർക്കാരിന് ഗുരുതര വീഴ്ചയുണ്ടായി എന്ന വിലയിരുത്തലിലാണ് സിപിഎം കേന്ദ്ര നേതൃത്വം. ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് ഭരണം നഷ്ടമായി. അതുകൊണ്ട് തന്നെ കേരളത്തിൽ കരുതലോടെ പോകണമെന്ന നിർദ്ദേശം കേന്ദ്ര നേതൃത്വം നൽകിയിരുന്നു. എന്നാൽ ഒരു കരുതലും ഉണ്ടായില്ലെന്ന വിലയിരുത്തലാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന് ഉള്ളത്. ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ കോടിയേരി ബാലകൃഷ്ണനും വീഴ്ചയുണ്ടായി. ഈ സാഹചര്യത്തിലാണ് കോടയേരിക്ക് പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായാൽ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പിണറായിയേയും കേന്ദ്ര നേതൃത്വം മാറ്റും.

ബീഹാറിലെ നേട്ടത്തോടെ സിപിഎമ്മിന് ദേശീയ തലത്തിൽ പ്രസക്തി കൂടി. ബംഗാളിലും മറ്റും തിരിച്ചെത്താൻ കഴിയുമെന്ന പ്രതീക്ഷയും സജീവമായി. ഈ സാഹചര്യത്തിലാണ് കേരളത്തിലും പിടിമുറുക്കുന്നത്. സ്വർണ്ണ കടത്തിലോ ലൈഫ് മിഷനിലോ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പ്രത്യക്ഷ അന്വേഷണം ഉണ്ടായാൽ പിണറായിയേയും മാറ്റും. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും എംഎ ബേബിയും ഇക്കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്. ആരോഗ്യമന്ത്രി കെകെ ശൈലജയെ പകരം മുഖ്യമന്ത്രിയാക്കും. അതുകൊണ്ടാണ് കണ്ണൂരിന് പുറത്തുള്ള എ വിജയരാഘവനെ സെക്രട്ടറിയാക്കുന്നതും. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും തൽകാലം ഒരു ജില്ലയിൽ നിന്ന് വേണ്ടെന്നതാണ് പാർട്ടിയുടെ നിലപാട്. ഈ വിഷയത്തിൽ എസ് രാമചന്ദ്രൻ പിള്ളയും പിണറായിക്ക് എതിരാണ്. അത്രയേറെ പ്രശ്‌നങ്ങൾ ഭരണത്തിലൂണ്ടായി എന്നാണ് എസ് ആർ പിയുടേയും പക്ഷം.

പിണറായി വിജയനെ പരസ്യമായി ആരും തള്ളി പറയില്ല. എന്നാൽ ഭരണ തുടർച്ചയുടെ സാധ്യത നിലനിർത്താൻ മുഖം മാറ്റം അനിവാര്യമാണെന്ന വിലയിരുത്തലാണ് സിപിഎം കേന്ദ്ര കമ്മറ്റിക്കുള്ളത്. ഇത് പിണറായിയും മനസ്സിലാക്കുന്നുണ്ട്. തന്ത്രപൂർവ്വം മുഖ്യമന്ത്രി സ്ഥാനം പിണറായി ഒഴിയുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ അവസാന നിമിഷം വരെ രാജി ഒഴിവാക്കാനും പിണറായി ശ്രമിക്കും. സിഎം രവീന്ദ്രൻ എന്ന മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനെ ഇഡി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. രവീന്ദ്രൻ കേസിൽ പ്രതിയാകുമെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പിന്നാലെ രവീന്ദ്രൻ കൂടി അറസ്റ്റിലായാൽ അത് പിണറായിക്ക് ക്ഷീണമാകും.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണ് എം ശിവശങ്കർ. സ്വർണ്ണ കടത്തിന് അപ്പുറം സിബിഐ അന്വേഷിക്കുന്ന ലൈഫ് മിഷനിലും ശിവശങ്കർ പ്രതിയാകും. ഇത് മുഖ്യമന്ത്രിക്ക് വിനായാണ്. മനിരീക്ഷണത്തിലാണ്. മന്ത്രി ജലീലും സംശയ നിഴലിലാണ്. ഇതെല്ലാം പിണറായിയെ ആണ് പ്രതികൂലമായി ബാധിക്കുന്നത്. പിണറായിയും കോടിയേരിയും സ്ഥാനം ഒഴിയേണ്ടതില്ലെന്ന് പരസ്യമായി പറയുമ്പോഴും സിപിഎം പോളിറ്റ് ബ്യൂറോയിൽ അടക്കം എതിർസ്വരങ്ങൾ ശക്തമാണ്. സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയും പ്രകാശ് കാരാട്ടും തീർത്തും നിരാശരാണ്. ഇത് പിണറായിയും മനസ്സിലാക്കുന്നു. ഈ സാഹചര്യത്തിലാണ് രാജിവയ്ക്കേണ്ടി വരുമെന്ന് പിണറായി തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ ആദ്യ വിക്കറ്റാണ് കോടിയേരിയുടേത്. ഏത് നിമിഷവും പിണറായിക്കും മാറേണ്ടി വരും.

മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊടുങ്കാറ്റ് വീശുമ്പോൾ രാജിവച്ച് മുങ്ങാൻ ഒരുങ്ങി പിണറായി വിജയൻ തന്ത്രങ്ങൾ മെനയുകയാണെന്നാണ് റിപ്പോർട്ട് സജീവമാണ്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖം രക്ഷിച്ച് ചികിൽസ തേടി അമേരിക്കയ്ക്ക് പോകാൻ പദ്ധതി ഒരുക്കുന്നുവെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഓഫിസിൽ കേന്ദ്ര ഏജൻസികൾ ഇനി ചോദ്യം ചെയ്യാൻ ഊഴം കാക്കുന്നത് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്ന് സൂചനയുണ്ട്. ശിവശങ്കറുമായി ആത്മബന്ധമാണ് രവീന്ദ്രനുള്ളത്. ഈ സഹാചര്യത്തിലാണ് രവീന്ദ്രനെതിരെ തെളിവ് ശേഖരണം.

ശിവശങ്കർ അറസ്റ്റിലായതിനു പിന്നാലെ, മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് പ്രമുഖർകൂടി അന്വേഷണവലയത്തിൽ എന്നും സൂചനയുണ്ട്. അതായത് രവീന്ദ്രനെ കൂടാതെ രണ്ട് പേർ കൂടി. എല്ലാവരേയും ഇ.ഡി) വൈകാതെ ചോദ്യംചെയ്യുമെന്നാണ് സൂചന. അഡീ. പ്രൈവറ്റ് സെക്രട്ടറിമാരുടെ പങ്ക് ശക്തമാണെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. ശിവശങ്കറിന്റെ പല ഇടപാടുകൾക്കും ഇവരുടെ സഹായം ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇടനിലക്കാരിയായ സർക്കാർ പദ്ധതികളിലും ഇടപാടുകളിലും ഇവർക്കു കമ്മീഷൻ ലഭിച്ചിട്ടുണ്ടെന്നും ഇ.ഡി. കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP