Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിനീഷിന്റെ അറസ്റ്റിൽ കോടിയേരിയെ വീഴ്‌ത്തി; ഗോവിന്ദനെ സെക്രട്ടറിയാക്കാതെ വിജയരാഘവന് പാർട്ടി കസേര നൽകി; പൊലീസ് ആക്ട് ഭേദഗതിയെ പരസ്യമായി തള്ളി പറഞ്ഞ് 'ഡൽഹി പ്രഖ്യാപനവും'! ജനറൽ സെക്രട്ടറിക്ക് ഒപ്പം ബേബിയും എസ് ആർ പിയും; മാധ്യമ മാരണ ഭേദഗതിയിൽ ഇരട്ട ചങ്കൻ നേരിട്ടത് പിബിയിലെ ഒറ്റപ്പെടൽ; സ്വർണ്ണ കടത്തിലും യെച്ചൂരി അതൃപ്തൻ; അടുത്ത് വീഴുന്നത് പിണറായിയുടെ വിക്കറ്റോ?

ബിനീഷിന്റെ അറസ്റ്റിൽ കോടിയേരിയെ വീഴ്‌ത്തി; ഗോവിന്ദനെ സെക്രട്ടറിയാക്കാതെ വിജയരാഘവന് പാർട്ടി കസേര നൽകി; പൊലീസ് ആക്ട് ഭേദഗതിയെ പരസ്യമായി തള്ളി പറഞ്ഞ് 'ഡൽഹി പ്രഖ്യാപനവും'! ജനറൽ സെക്രട്ടറിക്ക് ഒപ്പം ബേബിയും എസ് ആർ പിയും; മാധ്യമ മാരണ ഭേദഗതിയിൽ ഇരട്ട ചങ്കൻ നേരിട്ടത് പിബിയിലെ ഒറ്റപ്പെടൽ; സ്വർണ്ണ കടത്തിലും യെച്ചൂരി അതൃപ്തൻ; അടുത്ത് വീഴുന്നത് പിണറായിയുടെ വിക്കറ്റോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം കേന്ദ്ര നേതൃത്വം തള്ളിയത് പുതിയ പൊലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല. ഈ ഭേദഗതി സംബന്ധിച്ച് ഉയർന്നു വരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളെയും നിർദ്ദേശങ്ങളെയും സർക്കാർ തീർച്ചയായും പരിഗണിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ദേശീയ തലത്തിൽ പൊലീസ് ആക്ട് ഭേദഗതിക്കെതിരെ ഉയർന്ന ആരോപണത്തെ സിപിഎം കേന്ദ്രനേതൃത്വം ഗൗരവത്തോടെ കണ്ടു. ഇതോടെയാണ് പരസ്യ പ്രതികരണത്തിലൂടെ ആക്ടിനെ സിപിഎം ദേശീയ നേതൃത്വം തള്ളി പറഞ്ഞത്.

നേരത്തെ ലഹരി മരുന്നു കേസിൽ മകൻ കുടങ്ങിയെങ്കിലും സിപിഎം സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തുടരാൻ അനുവദിച്ചത് പിണറായി ആയിരുന്നു. തുടക്കത്തിൽ കേന്ദ്ര നേതൃത്വം നിസ്സഹായരായിരുന്നു. എന്നാൽ ബീഹാർ തെരഞ്ഞെടുപ്പിൽ ഇടത് രാഷ്ട്രീയത്തിന് മുൻതൂക്കം കിട്ടി. ഇതോടെ കോടിയേരിയോട് മാറാൻ യെച്ചൂരി ആവശ്യപ്പെട്ടു. അതിന് ശേഷമായിരുന്നു അവധി എടുക്കൽ. സ്വർണ്ണ കടത്തിലും കിഫ്ബി വിവാദത്തിലും എല്ലാം സിപിഎം കേന്ദ്ര നേതൃത്വം ആശങ്കയിലാണ്. പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബിയും നിരാശയിൽ. എസ് രാമചന്ദ്രൻ പിള്ളയും വീഴ്ചയുണ്ടായി എന്ന വിലയിരുത്തലിൽ എത്തി. ഇതോടെയാണ് കേരളത്തിൽ കടുത്ത ഇടപെടലിന് യെച്ചൂരി എത്തുന്നത്. പ്രകാശ് കാരാട്ടിനൊപ്പമായിരുന്നു എന്നും പിണറായി. യെച്ചൂരി ജനറൽ സെക്രട്ടറിയാകുന്നത് തടയാനും ശ്രമിച്ചു. എന്നാൽ ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടപ്പെട്ടതോടെ യെച്ചൂരിയും ദേശീയ നേതൃത്വവും ദുർബലമായി.

ഭരണ തുടർച്ചയുടെ മുദ്രാവാക്യവുമായി പിണറായി മുന്നേറുകയും ചെയ്തു. അതുകൊണ്ട് തന്നെ പിണറായിയെ തിരുത്താൻ യെച്ചൂരിക്ക് കഴിയുമായിരുന്നില്ല. മയക്കു മരുന്ന് കേസിൽ ബിനീഷ് അറസ്റ്റിലായതോടെ സിപിഎം കേന്ദ്ര നേതൃത്വവും വെട്ടിലായി. ഇതോടെയാണ് ഉറച്ച നിലപാടുകൾ യെച്ചൂരി എടുക്കാൻ തുടങ്ങിയത്. സ്വർണ്ണ കടത്തിലെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയാൽ പിണറായിയോട് രാജിയും യെച്ചൂരി ആവശ്യപ്പെട്ടേക്കും. ഇതിന്റെ സൂചന കൂടിയാണ് പൊലീസ് ആക്ടിൽ സർക്കാരിനെ തള്ളി പറയുന്ന ജനറൽ സെക്രട്ടറിയുടെ സ്റ്റൈലൻ ഇടപെടൽ. സംസ്ഥാനത്ത് തിരുത്തൽ ഉണ്ടാകുമെന്ന സൂചനയാണ് യെച്ചൂരി നൽകുന്നത്.

കണ്ണൂരിൽ നിന്ന് പാർട്ടി സെക്രട്ടറിയെ കൊണ്ടു വരാനായിരുന്നു പിണറായിയുടെ മോഹം. എംവി ഗോവിന്ദനെ കോടിയേരിക്ക് പകരം നിയമിക്കാനും ശ്രമിച്ചു. അതും യെച്ചൂരി വെട്ടി. ഇതിന്റെ ഭാഗമായിരുന്നു എ വിജയരാഘവന്റെ നിയമനം. കൊടുവള്ളിയിൽ സ്വർണ്ണ കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസൽ ഇടത് സ്ഥാനാർത്ഥിയായതും നേതൃത്വത്തിന്റെ അറിവോടെയായിരുന്നു. വിജയരാഘവൻ എത്തിയതോടെ കരാട്ടിനെ മുന്നണിയിൽ നിന്നും പുറത്താക്കി. ഇതിന്റെ തുടർച്ചയാണ് പൊലീസ് ആക്ടിലെ ഇടപെടലും. ഇത് പിണറായിക്ക് കടുത്ത വെല്ലുവിളിയാണ്. ഇരട്ട ചങ്കന് ഒറ്റ ദിവസം കൊണ്ടു തന്നെ ഭേദഗതി നടപ്പാക്കില്ലെന്ന് പറയേണ്ടി വന്നു.

ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും പരിധിക്കുള്ളിൽ നിന്ന് എത്ര ശക്തമായ വിമർശനം നടത്താനും ആർക്കും സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തെ പുതിയ ഭേദഗതി ഒരുവിധത്തിലും ബാധിക്കില്ല. നല്ല അർത്ഥത്തിൽ എടുത്താൽ ആർക്കും ഇതിൽ സ്വാതന്ത്ര്യലംഘനം കാണാനാവില്ല. മറ്റുള്ളവരുടെ ജീവിതം തകർക്കലാണ് തന്റെ സ്വാതന്ത്ര്യം എന്നു കരുതുന്നവർക്കു മാത്രമേ ഇതിൽ സ്വാതന്ത്ര്യലംഘനം കാണാനാകൂ. അതാകട്ടെ ലോകത്ത് ഒരു പരിഷ്‌കൃത ജനസമൂഹം അനുവദിക്കുന്നതുമല്ലെന്നും മുഖ്യമന്ത്രി ഇന്നലെ പൊലീസ് ആക്ടിനെ ന്യായീകരിച്ചിരുന്നു. ഇതാണ് ഒറ്റ ദിവസം കൊണ്ട് തള്ളി പറയുന്നത്.

പോളിറ്റ് ബ്യൂറോയിൽ ആരും പിണറായിയെ മാധ്യമ മാരണ ഓർഡിനൻസിൽ പിന്തുച്ചില്ല. അക്ഷരാർത്ഥത്തിൽ കേന്ദ്ര നേതൃത്വത്തിൽ പിണറായി ഒറ്റപ്പെട്ടു. പലപ്പോഴും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി പിണറായിയെ കണ്ണടച്ചു പിന്തുണച്ചിരുന്നു. എന്നാൽ വിജയരാഘവൻ പിണറായിയെ കണ്ണടച്ച് പിന്തുണയ്ക്കില്ല. പാർട്ടിയെ തെറ്റു തിരുത്തലിന്റെ വഴിയിലൂടെ കൊണ്ടു പോയി ഭരണ തൂടർച്ചയിലേക്ക് കാര്യങ്ങളെത്തിക്കാനാണ് യെച്ചൂരിയുടെ ശ്രമം. ഒരു സംസ്ഥാനത്തിലും ഭരണമില്ലാത്ത അവസ്ഥ ഒഴിവാക്കാനാണ് ഇത്. ആവശ്യമെങ്കിൽ പിണറായിയേയും മാറ്റും.

വിവാദമായ പൊലീസ് നിയമ ഭേദഗതിയിൽ സംസ്ഥാന സർക്കാരിനെ തിരുത്തി സിപിഎം കേന്ദ്ര നേതൃത്വം നാടകീയമായി രംഗത്ത് വരികയായിരുന്നു. നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. നിയമഭേദഗതിക്കെതിരേ വലിയ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ജനറൽ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. നിയമ ഭേദഗതിയുമായി ഉയർന്നുവന്ന എല്ലാ ആശങ്കകളും പാർട്ടി വിശദമായി പരിഗണിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. വിവിധ കോണുകളിൽ നിന്നും വലിയ വിമർശനം ഉയർന്നിട്ടും ഓർഡിനൻസ് പിൻവലിക്കേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞ ദിവസവും സംസ്ഥാന സർക്കാർ പ്രതികരിച്ചിരുന്നത്. യെച്ചൂരിയുടെ വാക്കുകൾക്ക് പിന്നാലെ പിണറായിയും നിലപാട് മാറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP