Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫ്രാങ്കോയെ തുണച്ച് കത്തോലിക്കാ സഭയുടെ പിന്തുണയോടെ കോൺഗ്രസുകാരനാകാനുള്ള പിസിയുടെ മോഹവും നടക്കില്ല; മാണി സാറിനെ പിണക്കിയൊരു കളിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും; കെപിസിസി അധ്യക്ഷന്റെ നിലപാടിന് ഉമ്മൻ ചാണ്ടിയുടേയും പിന്തുണ; പൂഞ്ഞാർ നേതാവിന് ആകെയുള്ള രക്ഷ എൻഡിഎ തന്നെ; സ്ഥിരമായി മലക്കം മറിയുന്ന നേതാവിനെ കരുതലോടെ കൈകാര്യം ചെയ്യാൻ ബിജെപിയും; പിസി ജോർജിന്റെ യുഡിഎഫ് മോഹം അടയുമ്പോൾ

ഫ്രാങ്കോയെ തുണച്ച് കത്തോലിക്കാ സഭയുടെ പിന്തുണയോടെ കോൺഗ്രസുകാരനാകാനുള്ള പിസിയുടെ മോഹവും നടക്കില്ല; മാണി സാറിനെ പിണക്കിയൊരു കളിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും; കെപിസിസി അധ്യക്ഷന്റെ നിലപാടിന് ഉമ്മൻ ചാണ്ടിയുടേയും പിന്തുണ; പൂഞ്ഞാർ നേതാവിന് ആകെയുള്ള രക്ഷ എൻഡിഎ തന്നെ; സ്ഥിരമായി മലക്കം മറിയുന്ന നേതാവിനെ കരുതലോടെ കൈകാര്യം ചെയ്യാൻ ബിജെപിയും; പിസി ജോർജിന്റെ യുഡിഎഫ് മോഹം അടയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കത്തോലിക്കാ സഭ ആവശ്യപ്പെട്ടാലും പിസി ജോർജിനെ കോൺഗ്രസ് സഹകരിപ്പിക്കില്ല. ജോർജിനെ ഒപ്പം കൂട്ടിയാൽ മുന്നണി വിടുമെന്ന് കേരളാ കോൺഗ്രസ് മാണി വിഭാഗം നിലപാട് എടുത്തതോടെ യുഡിഎഫിൽ ആരും പിസിയെ പിന്തുണച്ചില്ല. ജനപക്ഷത്തെ മുന്നണിയിലെടുക്കുന്നതിനോട് കേരള കോൺഗ്രസും മുസ്ലിംലീഗും അതിശക്തമായി വിയോജിച്ചു. ജോർജിന്റെ അപേക്ഷ കോൺഗ്രസ് സഹകരണത്തിനാണെന്ന് വ്യക്തമായതോടെ അത് ആ പാർട്ടി തീരുമാനിക്കട്ടെയെന്നും മുന്നണി നേതൃയോഗം അഭിപ്രായപ്പെട്ടു. എന്നാൽ സഹകരണവും വേണ്ടെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കി. രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നാണ് ജോർജ് നൽകിയ അപേക്ഷയിൽ പറയുന്നതെന്ന് ചെന്നിത്തല പറഞ്ഞു. അങ്ങനെയൊരു അപേക്ഷ മുന്നണിയിൽ ചർച്ചചെയ്യേണ്ട കാര്യമില്ല. അത് കെപിസിസി. പ്രസിഡന്റും കോൺഗ്രസും തീരുമാനിക്കേണ്ട കാര്യമാണ്. തന്റെ തോന്നലുകൾക്ക് ഇക്കാര്യത്തിൽ പ്രസക്തിയില്ല. ജോർജിന്റെ കത്തിലെ പ്രസക്തഭാഗം യു.ഡി.എഫ്. കൺവീനർ ബെന്നി ബഹനാൻ പുറത്ത് വിടുകയും ചെയ്തു. എന്നാൽ പിസിയെ വേണ്ടെന്ന നിലപാട് മുല്ലപ്പള്ളി എടുത്തു കഴിഞ്ഞു. യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിലെ സഹകരണം ഒരിടത്തും ഉണ്ടാകില്ല.

അതിനിടെ പിസിയുടെ ആവശ്യം കോൺഗ്രസിൽ ചേരാനാണെന്ന അഭിപ്രായവും സജീവമാണ്. രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് ജോർജ് പറയുന്നതിന്റെ അർത്ഥം കോൺഗ്രസിൽ ചേരാമെന്നാണെന്ന വാദവും ഉയർന്നു കഴിഞ്ഞു. കോൺഗ്രസിലെത്തി പൂഞ്ഞാറിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാനാണ് ജോർജിന്റെ ശ്രമമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ ജോർജിനെ പോലൊരാളെ പാർട്ടിയിൽ എടുക്കുന്നത് മറ്റ് സംഘടനാ വിഷയങ്ങൾക്ക് വഴി വയ്ക്കുമെന്ന നിലപാട് ഉമ്മൻ ചാണ്ടിക്കുണ്ട്. രാഹുൽ ഗാന്ധിയെ കണ്ട് കോൺഗ്രസിലേക്ക് തന്ത്രപരമായി എത്താനുള്ള നീക്കങ്ങളും കെപിസിസി തടയും. പിസിയുടെ കാര്യത്തിലെ തീരുമാനം കേരള നേതൃത്വത്തിന് വിടണമെന്നാണ് കെപിസിസിയുടെ ആവശ്യം.

അതിനിടെ ജലന്ധർ ബിഷപ്പും പീഡനക്കേസിൽ കുടുങ്ങിയ മെത്രാനുമായ ഫ്രാങ്കോ മുളയ്ക്കലാണ് പിസിയെ കോൺഗ്രസിലെത്തിക്കാൻ കരുക്കൾ നീക്കുന്നതെന്നാണ് സൂചന. കോൺഗ്രസ് ഹൈക്കമാണ്ടിലെ പ്രധാനികളുമായി ഫ്രാങ്കോയ്ക്ക് ബന്ധമുണ്ട്. ഡൽഹിയിലെ ഈ ബന്ധങ്ങളിൽ പ്രതീക്ഷ അർപ്പിച്ചാണ് പിസി കോൺഗ്രസിലേക്ക് ചേക്കേറാൻ കരുക്കൾ നീക്കുന്നത്. എന്നാൽ മാണിയുടെ എതിർപ്പ് അതിശക്തമാണ്. മാണിക്കൊപ്പം മുസ്ലിം ലീഗും നിൽക്കും. മാണിയെ യുഡിഎഫിലേക്ക് തിരിച്ചെത്തിച്ചത് ലീഗാണ്. അതുകൊണ്ട് തന്നെ മാണിയുടെ വികാരത്തിന് മുറിവേൽക്കുന്നതൊന്നും ചെയ്യാനാകില്ലെന്നാണ് ലീഗിന്റെ നിലപാട്. ഇടതുപക്ഷത്ത് പോകാൻ അവസരമുണ്ടായിട്ടും വേണ്ടെന്ന് വച്ചാണ് മാണി യുഡിഎഫിൽ മടങ്ങിയെത്തിയത്. എന്നാൽ പിസിക്ക് ഒരിടവുമില്ലാത്ത അവസ്ഥയും.

കോൺഗ്രസും കൈമലർത്തുന്നതോടെ എൻ ഡി എ പാളയത്തിലേക്ക് പിസിക്ക് പോകേണ്ടി വരും. എന്നാൽ കോൺഗ്രസുമായി അടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട പിസിയെ ഇനി കാര്യമായി ബിജെപിയും പരിഗണിക്കില്ല. പിസിയുടെ മകൻ ഷോൺ ജോർജിന് കോട്ടയം സീറ്റ് മത്സരിക്കാനും നൽകാനിടയില്ല. ഇതിലെല്ലാം ഇനി വിശദ ചർച്ചകൾ വേണമെന്നാണ് ബിജെപി പക്ഷം. എൻ എസ് എസും പിസിക്ക് അനുകൂലമല്ല. ഈ സാഹചര്യവും ബിജെപി പരിഗണിക്കും. അതുകൊണ്ട് തന്നെ ബിജെപിയിലും ഇനി പിസിക്ക് വലിയ പ്രാധാന്യം ലഭിക്കാനിടയില്ല.

പിസി ജോർജിനെ യുഡിഎഫിൽ വേണ്ടെന്നും ജോർജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടതില്ലെന്നും യുഡിഎഫ് യോഗത്തിൽ ഭൂരിപക്ഷാഭിപ്രായം ഉയർന്നിരുന്നു. ബിജെപിയേയും എൻഡിഎയെയും തള്ളിപ്പറഞ്ഞ പിസി ജോർജ് യുഡിഎഫിലേക്ക് തിരിച്ചുവരുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ യുഡിഎഫ് യോഗത്തിൽ ജോർജിനെതിരെ ശക്തമായ വിമർശനം ഉയരുകയായിരുന്നു. ലോക്സഭാ സീറ്റ് വിഭജനത്തിൽ ഉഭയകക്ഷി ചർച്ച നിർബന്ധമാണെന്നും യോഗത്തിൽ ഘടകകക്ഷികൾ നിലപാടെടുത്തു. ജനപക്ഷം സംസ്ഥാന സമിതി യോഗത്തിലായിരുന്നു പിസിജോർജ് യുഡിഎഫിലേക്ക് തിരിച്ചുവരുന്നതായി പ്രഖ്യാപിച്ചത്. പ്രവേശന വിഷയത്തിൽ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയതായും പിസി ജോർജ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിനുപിന്നാലെയാണ് യുഡിഎഫ് യോഗത്തിൽ പിസി ജോർജിനെ പൂർണമായി തള്ളിയത്

നിയമസഭയിൽ ബിജെപിയുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നു പറഞ്ഞ ജോർജ് കഴിഞ്ഞ ജനപക്ഷം സംസ്ഥാന സമിതി യോഗത്തിന് ശേഷം ബിജെപിയെയും എൻഡിഎയും തള്ളിപ്പറഞ്ഞിരിരുന്നു. ഈ യോഗത്തിലാണ് യുഡിഎഫുമായി സഹകരിക്കാൻ പാർട്ടിയിൽ തീരുമാനമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP