Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാണിയും കുഞ്ഞാലിക്കുട്ടിയും എതിർത്തു; ഉമ്മൻ ചാണ്ടിക്കും താൽപ്പര്യമില്ല; സഭാ നേതൃത്വത്തിന്റെ പിന്തുണയോടെ യുഡിഎഫിൽ കയറാൻ പിസി ജോർജ് നടത്തിയ നീക്കം പൊളിഞ്ഞു; യുഡിഎഫ് യോഗത്തിൽ പിസി ജോർജിന്റെ അപേക്ഷ ചർച്ചയാക്കുക പോലും അരുതെന്ന് നിർദ്ദേശം; തൽകാലം ജോർജിന് എൻഡിഎ ക്യാമ്പിൽ തന്നെ തുടരേണ്ടി വരും

മാണിയും കുഞ്ഞാലിക്കുട്ടിയും എതിർത്തു; ഉമ്മൻ ചാണ്ടിക്കും താൽപ്പര്യമില്ല; സഭാ നേതൃത്വത്തിന്റെ പിന്തുണയോടെ യുഡിഎഫിൽ കയറാൻ പിസി ജോർജ് നടത്തിയ നീക്കം പൊളിഞ്ഞു; യുഡിഎഫ് യോഗത്തിൽ പിസി ജോർജിന്റെ അപേക്ഷ ചർച്ചയാക്കുക പോലും അരുതെന്ന് നിർദ്ദേശം; തൽകാലം ജോർജിന് എൻഡിഎ ക്യാമ്പിൽ തന്നെ തുടരേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: യു.ഡി.എഫിലേക്ക് തിരിച്ചുവരാനുള്ള ജനപക്ഷം ചെയർമാൻ പി.സി.ജോർജിന്റെ ശ്രമം പൊളിച്ചു. മുസ്ലിംലീഗും കേരളാ കോൺഗ്രസ് മാണി വിഭാഗവും എടുത്ത നിലപാടാണ് ഇതിന് കാരണം. കത്തോലിക്കാ സഭയുടെ പിന്തുണയോടോയാണ് യുഡിഎഫിലെത്താൻ ജോർജ് ശ്രമിച്ചത്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കിലന് അനുകൂലമയ നിലപാട് പിസി എടുത്തിരുന്നു. യുഡിഎഫിലെത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാൽ മാണിയുടെ നിലപാടിന് ലീഗ് പിന്തുണ കിട്ടിയതോടെ പിസി ജോർജിനെ യുഡിഎഫ് തള്ളിക്കളഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ജോർജിനോട് താൽപ്പര്യമില്ല.

ഈ സാഹചര്യത്തിൽ വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ്. യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യില്ല. കോൺഗ്രസുമായി സഹകരിക്കാനുള്ള താത്പര്യം അറിയിച്ച് പി.സി.ജോർജ് എംഎ‍ൽഎ. കത്ത് നൽകിയിട്ടുണ്ടെങ്കിലും ഇപ്പോൾ പരിഗണിക്കേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. പി.സി.ജോർജിന്റെ കത്ത് ലഭിച്ചകാര്യം കെപിസിസി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും യു.ഡി.എഫ്. കൺവീനർ ബെന്നി െബഹനാനും സ്ഥിരീകരിച്ചു. എന്നാൽ ഇക്കാര്യത്തിൽ എന്ത് തുടർനടപടി സ്വീകരിക്കുമെന്ന് ഇരുവരും വ്യക്തമാക്കിയില്ല. കത്ത് ലഭിച്ചു എന്ന കാര്യം യോഗത്തിൽ പരാമർശിക്കുക മാത്രമേയുണ്ടാകുകയുള്ളൂവെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ഇക്കാര്യത്തിൽ ചർച്ചയുണ്ടാവില്ല. ഇതോടെ ബിജെപിയുടെ എൻഡിഎയ്‌ക്കൊപ്പം പിസി ജോർജിന് തൽകാലമെങ്കിലും നിലയുറപ്പിക്കേണ്ടി വരും.

പി.സി.ജോർജിന്റെ നേതൃത്വത്തിലുള്ള പാർട്ടിയെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിനോട് കടുത്ത എതിർപ്പുള്ളവരാണ് കേരള കോൺഗ്രസ് (എം). മുസ്‌ലിം ലീഗും ഇതേനിലപാടാണ് സ്വീകരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവേ മുന്നണിയിലെ പ്രമുഖ ഘടകകക്ഷികളെ പ്രകോപിപ്പിക്കുന്ന ഒരുനീക്കത്തിനും കെപിസിസി നേതൃത്വം തയ്യാറല്ല. ജനപക്ഷത്തെ യു.ഡി.എഫിൽ ഉൾപ്പെടുത്തുന്നതിനോട് കോൺഗ്രസ് നേതൃത്വത്തിലെ പ്രബല വിഭാഗത്തിനും താത്പര്യമില്ല. മുൻകാലങ്ങളിൽ പി.സി.ജോർജ് സ്വീകരിച്ച നിലപാടുകളാണ് ഇവരുടെ അമർഷത്തിന് കാരണം. ഉമ്മൻ ചാണ്ടിയുടെ നിലപാടും നിർണ്ണായകമായി. ഇതോടെയാണ് പിസി ജോർജിന്റെ യുഡിഎഫ് പ്രവേശനം തടയപ്പെട്ടത്. ലീഗും കേരളാ കോൺഗ്രസും ഒരു സമയത്തും ജോർജിനെ അംഗീകരിക്കില്ല.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് എത്തിയിട്ടും പൂഞ്ഞാർ എംഎൽഎ പിസി ജോർജിനും അദ്ദേഹത്തിന്റെ ജനപക്ഷം പാർട്ടിക്കും ഇതുവരെ ഒരു മുന്നണിയിലും ഇടംപിടിക്കാൻ ആയിട്ടില്ല. ഇടത് മുന്നണിയിലേക്ക് പിസി ജോർജിന് അടുപ്പിക്കുന്നില്ല. പിസിക്ക് ആകെ ഇനി പ്രതീക്ഷ പഴയ തട്ടകമായ യുഡിഎഫ് തന്നെയാണ്. യുഡിഎഫിനൊപ്പം നിൽക്കുമെന്ന് പിസി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അക്കാര്യം അറിഞ്ഞിട്ടേ ഇല്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. യുഡിഎഫിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച് പിസി ജോർജ് കൺവീനർ ബെന്നി ബെഹനാന് കത്ത് നൽകിയിരുന്നു.

എന്നാൽ ബിജെപിയോട് സഹകരിച്ച വ്യക്തി ആയതുകൊണ്ടുതന്നെ പിസിയെ മുന്നണിയിൽ എടുക്കേണ്ട എന്നാണ് പൊതുവികാരം. കോൺഗ്രസ് നേതാക്കൾ, മുസ്ലിം ലീഗ് നേതാക്കൾ എന്നിവർ ഈ തീരുമാനത്തിലാണെന്നാണ് വിവരം. യൂത്ത് ലീഗിന്റെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പുണ്ടെന്നും സൂചനയുണ്ട്. പിസി ജോർജിനെ കോൺഗ്രസിന്റെ ഭാഗമാക്കുന്നതിനും ചില നീക്കങ്ങൾ നടക്കുന്നുണ്ടത്രെ. ചില മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണ് ഈ നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന ഈ നീക്കത്തിന് പക്ഷേ, സംസ്ഥാന പ്രമുഖരായ കോൺഗ്രസ് നേതാക്കളുടെ പിന്തുണയില്ല.

അതിനിടെ യുഡിഎഫിലേക്ക് കണ്ണ് നട്ടിരിക്കുന്ന പിസിക്കെതിരെ എൻഎസ്‌യു സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലെഴുതിയ കുറിപ്പ് വൈറലാവുകയാണ്. പി.സി ജോർജ്ജ് എന്നത് കേരള രാഷ്ട്രിയത്തിലെ തന്നെ മലീമസമായ ഒരു രാഷ്ട്രീയ വിസർജ്ജനമാണ്... മുൻപൊരിക്കൽ അതു നമ്മുടെ പറമ്പിൽ കിടന്ന് ചീഞ്ഞ് നാറി നമ്മളെക്കൊണ്ട് നാറ്റം സഹിക്ക വയ്യാതെ മൂക്ക് പൊത്തിച്ചതാണ്. മികച്ച രീതിയിൽ ജനാഭിപ്രായത്തോടെ മുന്നേറിയ ഉമ്മൻ ചാണ്ടി സാറിന്റെ ഗവൺമെന്റിനു ആദ്യ പ്രതിസന്ധി തീർത്തത് പൂഞ്ഞാറിൽ നിന്നും വന്ന ഉണ്ടയില്ലാ വെടികൾ തന്നെയായിരുന്നു. ആ വിഴുപ്പ് ദുർഗന്ധം വമിപ്പിച്ചുകൊണ്ടിരുന്നു.

ഫ്രാങ്കോയെ പിന്തുണച്ചും നീതി തേടി സമരം ചെയ്ത കന്യാസ്ത്രീകളെ കർത്താവും സാത്താനും കേട്ടാൽ അറയ്ക്കുന്ന അപരാധം പറഞ്ഞു ആ പൂഞ്ഞാർ അപാരത തുടർന്നു. നമ്മൾ ഇനി അതിന്റെ പേരിൽ സംപൂജ്യരായാലോ കോൺഗ്രസ്സ് പാർട്ടി തകർന്ന് അറബിക്കടലിൽ ഒലിച്ചുപോയാലോ സാരമാക്കണ്ടാ, അതാണ് അഭിമാനം. മറിച്ചുള്ള ഏതൊരു തീരുമാനവും, പട്ടിണിക്കും പ്രാരാബ്ദത്തിനുമിടയിൽ ഉള്ള കാശെടുത്ത് മക്കൾക്ക് അരി വാങ്ങുന്നതിനൊപ്പം പാർട്ടി പോസ്റ്ററൊട്ടിക്കാൻ മൈദമാവ് വാങ്ങുന്ന സാധാരണ പാർട്ടിക്കാരന്റെ അഭിമാന ബോധത്തിനെ വില്ക്കുന്നതിനു തുല്യമാണെന്നായിരുന്നു മാങ്കൂട്ടത്തിന്റെ വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP