Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രസിഡന്റിനെ നീക്കിയ ജനകീയ ഇടപെടൽ; നാടുവിട്ട ഗോട്ടബയ സിംഗപ്പൂരിൽ നിന്ന് ബാങ്കോക്കിലേക്ക്; നാട്ടിലുള്ള മറ്റുള്ളവർക്ക് രക്ഷപ്പെടാൻ കോടതി വിലക്കും; ശ്രീലങ്കയിൽ പ്രക്ഷോഭത്തിന് താൽകാലിക വിരാമം; പ്രസിഡൻഷ്യൽ ഭരണത്തിനെതിര പ്രചരണം തുടങ്ങാൻ സമരക്കാർ; ശ്രീലങ്ക പ്രതിസന്ധിയെ അതിജീവിക്കുമോ?

പ്രസിഡന്റിനെ നീക്കിയ ജനകീയ ഇടപെടൽ; നാടുവിട്ട ഗോട്ടബയ സിംഗപ്പൂരിൽ നിന്ന് ബാങ്കോക്കിലേക്ക്; നാട്ടിലുള്ള മറ്റുള്ളവർക്ക് രക്ഷപ്പെടാൻ കോടതി വിലക്കും; ശ്രീലങ്കയിൽ പ്രക്ഷോഭത്തിന് താൽകാലിക വിരാമം; പ്രസിഡൻഷ്യൽ ഭരണത്തിനെതിര പ്രചരണം തുടങ്ങാൻ സമരക്കാർ; ശ്രീലങ്ക പ്രതിസന്ധിയെ അതിജീവിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: ശ്രീലങ്കയിൽ പ്രക്ഷോഭത്തിന് താൽകാലിക വിരാമം. പ്രസിഡന്റിനെ നീക്കിയതിലൂടെ ലോകശ്രദ്ധ നേടിയ ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭത്തിനാണ് ഇന്നലെ ഔദ്യോഗിക പരിസമാപ്തിയായത്. ഗോൾഫെയ്‌സിലെ സമരവേദിയിൽ നിന്ന് പ്രക്ഷോഭകർ പിരിഞ്ഞു. പക്ഷേ കടുത്ത പ്രശ്‌നങ്ങൾ ഇപ്പോഴും ലങ്കയിലുണ്ട്. ഇത് എങ്ങനെ പരിഹരിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.

രാജ്യത്തെ വ്യവസ്ഥിതി മാറ്റാനുള്ള പ്രചാരണം തുടരുമെന്നും പ്രക്ഷോഭകാരികൾ വ്യക്തമാക്കി. അടിയന്തരാവസ്ഥ പിൻവലിക്കുക, പ്രസിഡൻഷ്യൽ സമ്പ്രദായം അവസാനിപ്പിക്കുക, പുതിയ തിരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ ആവശ്യങ്ങളിൽ നിന്നു പിന്നോട്ടില്ലെന്നും 123 ദിവസത്തെ സമരപരമ്പരയ്ക്ക് വിരാമമിട്ട് നേതാക്കൾ പറഞ്ഞു. അതിനിടെ രാജ്യത്തെ സാമ്പത്തിക രംഗം തകർത്തത് രാജപക്‌സെ കുടുംബവും ഉദ്യോഗസ്ഥരുമാണെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിലുള്ള ഹർജിയിൽ മഹിന്ദ രാജപക്‌സെയും സഹോദരൻ ബേസിലും രാജ്യം വിടുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് സെപ്റ്റംബർ 5 വരെ നീട്ടി.

അതിനിടെ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ തായ്‌ലൻഡിലേയ്ക്ക് മാറും. സിംഗപ്പൂരിൽ കഴിയുന്ന ഗോട്ടബയ താൽക്കാലികമായി താമസിക്കാൻ അനുവദിക്കണമെന്ന് തായ്‌ലൻഡിനോടഭ്യർത്ഥിച്ചു. അതീവ രഹസ്യമായാണ് ഗോട്ടബയ ശ്രീലങ്ക വിട്ടത്. അതിനിടെ ഗോട്ടബയ രാഷ്ട്രീയാഭയം തേടിയിട്ടില്ലെന്നും നയതന്ത്ര പാസ്‌പോർട്ടുമായി വരുന്ന അദ്ദേഹത്തിന് 90 ദിവസം രാജ്യത്ത് താമസിക്കാൻ തടസ്സമില്ലെന്നും തായ്ലൻഡ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ജൂലൈ 14 നാണ് ഗോട്ടബയ ഭാര്യയ്‌ക്കൊപ്പം സിംഗപ്പൂരിലെത്തിയത്. ഇനി ബാങ്കോക്കിലേക്കും.

ശ്രീലങ്കൻ സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഗോട്ടബയയ്ക്ക് നാട്ടിലേക്ക് വരാൻ സമയമായിട്ടില്ലെന്ന് പ്രസിഡന്റ് റനിൽ വിക്രമസിംഗെ കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. അദ്ദേഹം മടങ്ങിവരുന്നതായി സൂചനയൊന്നുമില്ലെന്നും വന്നാൽ മറ്റ് നിയമ പരിരക്ഷകളൊന്നും ലഭിക്കില്ലെന്നും റനിൽ ചൂണ്ടിക്കാട്ടിയിരുന്നു. പാപ്പരാണ് ശ്രീലങ്ക. രാജ്യം പാപ്പരായി എന്ന് റനിൽ വിക്രമസിംഗെ തന്നെയാണ് പ്രഖ്യാപിച്ചത്. ഖജനാവിൽ ആകെയുള്ളത് രണ്ടരക്കോടി ഡോളറിന്റെ (199 കോടി രൂപ) വിദേശനാണ്യം. ശ്രീലങ്കൻ രൂപയുടെ മൂല്യം 80 ശതമാനം താഴ്ന്നു. ഒരു ഡോളറിന് 360 ശ്രീലങ്കൻ രൂപ നൽകണമെന്ന സ്ഥിതി.

ഇന്ധനം, ആഹാരം, വൈദ്യുതി, ജീവൻരക്ഷാ മരുന്നുകൾ എല്ലാത്തിനും ക്ഷാമം. പണപ്പെരുപ്പം 40 ശതമാനം. ഭക്ഷ്യവിലക്കയറ്റം 5760 ശതമാനം. മാസങ്ങളായുള്ള ഈ ദുരിതമാണ് ശനിയാഴ്ച പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗികവസതികൾ കൈയേറാൻ ജനങ്ങളെ നിർബന്ധിതരാക്കിയത്. സ്വതവേ ഭക്ഷ്യക്ഷാമമേശാത്ത ശ്രീലങ്കയിൽ പത്തിൽ ഒമ്പതു കുടുംബങ്ങൾക്കും ഒരുനേരത്തെ ഭക്ഷണം ഉപേക്ഷിക്കേണ്ട സ്ഥിതിവിശേഷമാണെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതി പറയുന്നു.

ദ്രുതപരിഹാരം അസാധ്യമാംവിധം തരിപ്പണമായ സമ്പദ്വ്യവസ്ഥ. സഹിച്ചുമടുത്ത് അരിശംകൊണ്ടുനിൽക്കുന്ന ജനം. അടുത്ത ആറുമാസം പിടിച്ചുനിൽക്കണമെങ്കിൽ ശ്രീലങ്കയ്ക്ക് 600 കോടി ഡോളർ (47,690 കോടി രൂപ) വേണം. അന്താരാഷ്ട്ര നാണ്യനിധിയിലാണ് (ഐ.എം.എഫ്.) അവരുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP