Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോടിയേരിക്ക് പകരക്കാരനായെത്തി എകെജി സെന്ററിൽ നടത്തിയത് അതിവേഗ ഇടപെടലുകൾ; കണ്ണൂരിൽ 'തിരുത്തൽ ശക്തിയാകാനുള്ള' എംവി ഗോവിന്ദന്റെ മനസ്സ് തിരിച്ചറിഞ്ഞത് പയ്യന്നൂരിലെ നീക്കങ്ങളിൽ; പിജെയെ രംഗത്തിറക്കി ഇപിയെ തകർക്കാനുള്ള തന്ത്രവും തകർത്തു; 'ധാർമികതയിൽ' സജി ചെറിയാനെ കുടുക്കാനും അനുവദിച്ചില്ല; വിശ്വസ്തൻ മന്ത്രിയാകും; വീണ്ടും സിപിഎമ്മിൽ ഒന്നാമനായി പിണറായി

കോടിയേരിക്ക് പകരക്കാരനായെത്തി എകെജി സെന്ററിൽ നടത്തിയത് അതിവേഗ ഇടപെടലുകൾ; കണ്ണൂരിൽ 'തിരുത്തൽ ശക്തിയാകാനുള്ള' എംവി ഗോവിന്ദന്റെ മനസ്സ് തിരിച്ചറിഞ്ഞത് പയ്യന്നൂരിലെ നീക്കങ്ങളിൽ; പിജെയെ രംഗത്തിറക്കി ഇപിയെ തകർക്കാനുള്ള തന്ത്രവും തകർത്തു; 'ധാർമികതയിൽ' സജി ചെറിയാനെ കുടുക്കാനും അനുവദിച്ചില്ല; വിശ്വസ്തൻ മന്ത്രിയാകും; വീണ്ടും സിപിഎമ്മിൽ ഒന്നാമനായി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എകെജി സെന്ററിൽ സിപിഎം സെക്രട്ടറിയായി എത്തിയ എംവി ഗോവിന്ദൻ അതിവേഗ തിരുത്തലുകളാണ് നടത്തിയത്. പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം ഉൾപ്പെടെ ഗോവിന്ദൻ പൊളിച്ചു. പയ്യന്നൂരിലെ വിമതരെ പാർട്ടിയിൽ എത്തിക്കാനും ശ്രമിച്ചു. കണ്ണൂരിലെ രാഷ്ട്രീയത്തിൽ പുതിയ ചേരികളുണ്ടാക്കാനായിരുന്നു ഇതെല്ലാം. ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചു. ഇതോടെ ഗോവിന്ദൻ പാർട്ടിയിൽ സർവ്വ ശക്തനായെന്ന പ്രതീതിയുണ്ടായി. ഇതിനിടെയാണ് ഇപി ജയരാജനെതിരെ പി ജയരാജൻ ഉയർത്തിയ റിസോർട്ട് ആരോപണമെത്തിയത്. ഇതിനെ ആദ്യം ഗോവിന്ദൻ പിന്തുണച്ചുവെന്ന ചർച്ച എത്തി. എന്നാൽ മുഖ്യമന്ത്രി അതിവേഗ ഇടപെടൽ നടത്തി. ഇപിയ്‌ക്കെതിരായ നീക്കം മുളയിലേ നുള്ളി. അതിന് ശേഷം അതിവിശ്വസ്തനായ സജി ചെറിയാനെ മന്ത്രിയാക്കുകയാണ് വീണ്ടും. ഇതിലൂടെ താനാണ് സിപിഎമ്മിലെ ഒന്നാമനും അധികാര കേന്ദ്രവും എന്നും തെളിയിക്കുകയാണ് പിണറായി.

കോടിയേരിക്ക് പകരക്കാരനായെത്തി എകെജി സെന്ററിൽ എംവി ഗോവിന്ദൻ നടത്തിയത് പാർട്ടിയിലെ കൈപ്പിടിയിലൊതുക്കാനുള്ള അതിവേഗ ഇടപെടലുകളായിരുന്നു. ഇപി ജയരാജനേയും പി ശശിയേയും കെകെ രാഗേഷിനേയും വെട്ടി കണ്ണൂരിൽ 'തിരുത്തൽ ശക്തിയാകാനുള്ള' എംവി ഗോവിന്ദന്റെ മനസ്സ് തിരിച്ചറിഞ്ഞത് പയ്യന്നൂരിലെ നീക്കങ്ങളിലാണ്. പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ തിരിച്ചെത്തിക്കാനുള്ള നീക്കം സജീവമാക്കി പാർട്ടി സെക്രട്ടറി ചർച്ചകളെ പുതിയ തലത്തിലെത്തച്ചു. കുഞ്ഞികൃഷ്ണൻ പാർട്ടിയുമായി സഹകരിച്ച് തുടങ്ങിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനും വ്യക്തമാക്കി. ഫണ്ട് തിരിമറി ചോദ്യം ചെയ്തതിന് നടപടി നേരിട്ട കുഞ്ഞികൃഷ്ണൻ കഴിഞ്ഞ സെപ്റ്റംബറിലാണ് സജീവ രാഷ്ട്രീയം വിട്ടത്.

പയ്യന്നൂരിലെ പ്രാദേശിക സിപിഎം നേതാക്കൾ കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. നേതാക്കൾ കുഞ്ഞികൃഷ്ണനുമായി ചർച്ച നടത്തുന്നതിൽ അസ്വാഭാവികതയില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഇന്നു പറഞ്ഞു. വി.കുഞ്ഞികൃഷ്ണൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന ബോധ്യം പാർട്ടിക്കുണ്ട്. ഏരിയ സെക്രട്ടറി സ്ഥാനം ഉൾപെടെ ഏത് സ്ഥാനത്തും ആളുകൾക്ക് മടങ്ങിയെത്താം. ഫണ്ട് തിരിമറിയെന്നത് അടഞ്ഞ അധ്യായമാണെന്നും എം വി ജയരാജൻ വ്യക്തമാക്കിയിരുന്നു. ഇതിനെല്ലാം പിന്നിൽ എംവി ഗോവിന്ദനായിരുന്നു. പി ജയരാജന്റെ പിന്തുണയിലാണ് ഇതെല്ലാമെന്നും വ്യാഖ്യാനങ്ങളെത്തി. ഇതിനിടെയാണ് ഇപിയ്‌ക്കെതിരായ ആരോപണം ഉയരുന്നത്. ഇതിന് മുമ്പ് തന്നെ സജി ചെറിയാനെ ധാർമികതയിൽ കുടുക്കാനും ശ്രമം നടത്തി. മന്ത്രിയായി സജി ചെറിയാൻ തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് കേസുമാത്രമല്ല ധാർമികതയും പ്രശ്‌നമാണെന്ന് ഗോവിന്ദൻ പറഞ്ഞു വച്ചു. ഇതോടെ എല്ലാം നിശ്ചിക്കുന്നത് ഗോവിന്ദനാണെന്ന പൊതു ധാരണയും ഉണ്ടായി.

ഇത് മനസ്സിലാക്കി കൂടിയാണ് സജി ചെറിയാനെ മന്ത്രിസഭയിൽ എത്തിക്കാൻ പിണറായി തീരുമാനിക്കുന്നത്. ഇതിലൂടെ തനിക്ക് ഇഷ്ടമുള്ളതാണ് നടക്കുന്നതെന്ന സന്ദേശമാണ് പിണറായി നൽകുന്നത്. അതിന് അപ്പുറത്തേക്ക് ഒരു അധികാര കേന്ദ്രവുമില്ലെന്ന് കൂടി പറഞ്ഞു വയ്ക്കുന്നു. പി ജയരാജനെ പിണറായിയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി പിണറായി നേരിട്ട് ചർച്ച നടത്തിയിരുന്നു. ഇതു കാരണമാണ് ഇപിയ്‌ക്കെതിരായ പരാതി പിജെ എഴുതി നൽകാത്തതെന്നും സൂചനയുണ്ട്. ഇതുകൊണ്ട് കൂടിയാണ് പിന്നീട് ഇപിയ്‌ക്കെതിരായ അഴിമതി ആരോപണം ഗോവിന്ദൻ നിഷേധിച്ചത്. ഇതിന് പിന്നിലും പിണറായി വിജയന്റെ ഇടപെടലുണ്ടായിരുന്നു. ഒരു കാരണ വശാലും ഇപിയെ കൈവിടില്ലെന്ന സന്ദേശം പിണറായി എല്ലാവർക്കും നൽകി. ഇതിനൊപ്പം സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുകയാണ്. പാർട്ടി സെക്രട്ടറിയുടെ 'ധാർമികത' എന്ന വാദമാണ് ഇതോടെ പിണറായി പൊളിയുന്നത്. ഇനി പാർട്ടിയിലെ എല്ലാ കാര്യങ്ങളിലും ശക്തമായി ഇടപെടാൻ തന്നെയാണ് പിണറായിയുടെ തീരുമാനം.

രണഘടനയുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാൻ വീണ്ടും സംസ്ഥാന മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത് സെക്രട്ടറിയേറ്റ് തീരുമാനത്തിന്റെ പിൻബലത്തിലാണ്. കോടതി ക്ലീൻചിറ്റ് നൽകിയതിന്റെ സാഹചര്യത്തിലാണ് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. വിഷയത്തിൽ ധാർമികതയുണ്ടെന്ന പാർട്ടി സെക്രട്ടറിയുടെ വാദം സെക്രട്ടറിയേറ്റ് തള്ളുന്നുവെന്ന് സാരം. അടുത്ത നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. പഴയ വകുപ്പുകൾ തന്നെയായിരിക്കും സജി ചെറിയാന് നൽകുക. ഗവർണറുടെ സൗകര്യംകൂടി പരിഗണിച്ച് സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കുമെന്നാണ് വിവരം.

ജൂലായ് മൂന്നിന് സജി ചെറിയാൻ മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. 50 മിനിട്ട് 12 സെക്കൻഡാണ് സജി ചെറിയാൻ പ്രസംഗിച്ചത്. ഇതിൽ രണ്ടുമിനിറ്റ് വരുന്നഭാഗത്താണ് ഭരണഘടനയെപ്പറ്റി പരാമർശം ഉണ്ടായത്. ഇത് പിന്നീട് വിവാദമാകുകയും സജി ചെറിയാന്റെ രാജിയിലേക്ക് നീങ്ങുകയുമായിരുന്നു. പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തിരുന്നു. തൊഴിലാളികളെ സംബന്ധിച്ച് പ്രസംഗിച്ചുവന്നപ്പോൾ വിമർശനാത്മകമായി ഭരണഘടനയെ പരാമർശിക്കുകയായിരുന്നെന്നാണ് പൊലീസ് റിപ്പോർട്ട്.

പ്രസംഗത്തിൽ മനപ്പൂർവം ഭരണഘടനയെ അവഹേളിക്കാൻ സജിചെറിയാൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് പൊലീസ് അപേക്ഷയിൽ പറഞ്ഞിരുന്നത്. സജി ചെറിയാനെതിരായ കേസ് നിലനിൽക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകിയെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, കേസ് അവസാനിപ്പിക്കാൻ പൊലീസ് നൽകിയ അപേക്ഷയിൽ കോടതി തീരുമാനം ഇതുവരെ എടുത്തിട്ടില്ല. മാത്രമല്ല, കേസിൽ പരാതിക്കാരന് നോട്ടീസ് അയച്ചിരിക്കുകയുമാണ്. ഈ കേസിൽ അന്തിമ തീരുമാനമുണ്ടായ ശേഷം മതി ഗോവിന്ദനെ മന്ത്രിയാക്കേണ്ടത് എന്നായിരുന്നു പൊതു ധാരണ. ഇതാണ് പിണറായി മാറ്റി മറിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP