Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അട്ടം പരതി ഗോപാലനെ അറിയുമോ സഖാക്കളെ ? അയാൾക്ക് പണ്ട് അട്ടം തപ്പലാണ് പണി. ഒരു തരം കൂട്ടികൊടുപ്പ്! അച്ഛനെ അധിക്ഷേപിച്ചതിലും അപ്പുറത്തേക്ക് കടന്ന് സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി മുല്ലപ്പള്ളിയെ ചിത്രീകരിച്ച് പിണറായിയുടെ മാസ് ഡയലോഗ്; മുഖ്യമന്ത്രിയുടെ പടപ്പുറപ്പാട് കോവിഡ് പ്രതിരോധം പാളിയതിലെ ജാള്യമെന്ന തിരിച്ചടിച്ച് മുല്ലപ്പള്ളിയും; കണ്ടാൽ മിണ്ടാത്ത നേതാക്കളായ മുല്ലപ്പള്ളിയും പിണറായിയും വീണ്ടും നേർക്കു നേർ; കുഞ്ഞനന്തൻ രാഷ്ട്രീയം ചർച്ചയാക്കാൻ കോൺഗ്രസും

അട്ടം പരതി ഗോപാലനെ അറിയുമോ സഖാക്കളെ ? അയാൾക്ക് പണ്ട് അട്ടം തപ്പലാണ് പണി. ഒരു തരം കൂട്ടികൊടുപ്പ്! അച്ഛനെ അധിക്ഷേപിച്ചതിലും അപ്പുറത്തേക്ക് കടന്ന് സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി മുല്ലപ്പള്ളിയെ ചിത്രീകരിച്ച് പിണറായിയുടെ മാസ് ഡയലോഗ്; മുഖ്യമന്ത്രിയുടെ പടപ്പുറപ്പാട് കോവിഡ് പ്രതിരോധം പാളിയതിലെ ജാള്യമെന്ന തിരിച്ചടിച്ച് മുല്ലപ്പള്ളിയും; കണ്ടാൽ മിണ്ടാത്ത നേതാക്കളായ മുല്ലപ്പള്ളിയും പിണറായിയും വീണ്ടും നേർക്കു നേർ; കുഞ്ഞനന്തൻ രാഷ്ട്രീയം ചർച്ചയാക്കാൻ കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം ചർച്ചയാക്കി കണ്ണൂരിൽ നിന്ന് ലോക്‌സഭാ അംഗമായ മുല്ലപ്പള്ളി രാമചന്ദ്രൻ. അത്ഭുത കുട്ടിയായി അബ്ദുള്ള കുട്ടി എത്തും വരെ മുല്ലപ്പള്ളി കണ്ണൂരിലെ എംപിയായി. പിന്നീട് ചുവടു മാറിയത് വടകരയിലേക്ക്. പാർട്ടി ശക്തി കേന്ദ്രത്തിൽ തുടർച്ചയായ വിജയങ്ങൾ. ഒടുവിൽ കെ മുരളീധരനെ അപ്രതീക്ഷിത സ്ഥാനാർത്ഥിയാക്കി വടകരയെ ചുവപ്പിക്കാനുള്ള ഇടത് നീക്കവും പൊളിഞ്ഞു. രാഷ്ട്രീയത്തിൽ നിന്നും സിപിഎം വിരുദ്ധതയായിരുന്നു മുല്ലപ്പള്ളിയുടെ കരുത്ത്. വിമർശിക്കുന്നതിലെ സൂക്ഷമത പലപ്പോഴും സിപിഎമ്മിന് തലവേദനയായി. പക്ഷേ ചിലപ്പോഴെല്ലാം നാവ് പിഴച്ചു. പലതും മനപ്പൂർവ്വം പറഞ്ഞതാണെന്നും വിലയിരുത്തലെത്തി. മന്ത്രി കെ.കെ. ശൈലജയെ 'നിപ രാജകുമാരി'യെന്നും 'കോവിഡ് റാണി'യെന്നും പരിഹസിച്ച പ്രസ്താവനയെച്ചൊല്ലി കൊമ്പുകോർത്ത് മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വീണ്ടും ചർച്ചകളിൽ എത്തുന്നു.

പരാമർശത്തിൽ മാപ്പു പറയില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. മന്ത്രി ശൈലജയെ പരിഹസിച്ച മുല്ലപ്പള്ളിക്ക് എന്തെല്ലാമോ വിഭ്രാന്തി വന്നുപെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. തനിക്കെതിരായ മുഖ്യമന്ത്രിയുടെ പടപ്പുറപ്പാട് കോവിഡ് പ്രതിരോധം പാളിയതിലെ ജാള്യം മറയ്ക്കാനാണെന്ന് മുല്ലപ്പള്ളിയും തിരിച്ചടിച്ചു. സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി കെപിസിസി. പ്രസിഡന്റ് മാറി. ആരോഗ്യമന്ത്രിക്കെതിരായ ആക്രോശം പ്രത്യേക മനോനിലയുടെ പ്രതിഫലനമാണ്. അത് സ്ത്രീവിരുദ്ധവുമാണ്. 'റോക്കിങ് സ്റ്റാർ' എന്ന വാക്കിന് 'നർത്തകി' എന്ന പരിഭാഷ മുല്ലപ്പള്ളിക്ക് എവിടുന്നുകിട്ടി? എന്നതാണ് പിണറായിയുടെ വിമർശനം. മ്ലേച്ഛമായ പദപ്രയോഗം എതിരാളിക്കെതിരേ ഉപയോഗിക്കുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയെപ്പോലെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരായി തുടരെ സ്വഭാവഹത്യ നടത്തിയ നേതാവിനെ ഇന്നുവരെ കേരളം കണ്ടിട്ടില്ല. എന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്ന സിപിഎം. നേതാക്കൾ എത്രയോ തവണ സ്ത്രീവിരുദ്ധപരാമർശങ്ങൾ നടത്തിയവരാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറയുന്നു. അങ്ങനെ കോവിഡിൽ ചർച്ച പുതിയ തലത്തിലെത്തുകയാണ്. പദപ്രയോഗങ്ങൾ അതിരുവിടുമ്പോഴും പിണറായിയെ നേരിടാൻ താനുണ്ടെന്ന സന്ദേശമാണ് മുല്ലപ്പള്ളി നൽകുന്നത്.

കോവിഡിൽ പ്രവാസികൾക്ക് വിമാനയാത്രയ്ക്ക് മുമ്പ് പരിശോധന ഏർപ്പെടുത്തിയത് കേരള സർക്കാരിനെ വെട്ടിലാക്കിയിരുന്നു. ഇതിനെ സമർത്ഥമായി നേരിടാൻ പ്രതിപക്ഷത്തിനായി. ഇതിനിടെയാണ് മുല്ലപ്പള്ളി വിവാദം ഉയരുന്നത്. ഇതോടെ ചർച്ച മറ്റൊരു വഴിക്കായി. ഇതിനെ പ്രതിരോധിക്കാൻ ടിപി വധക്കേസ് പ്രതിയെ പുകഴ്‌ത്തിയ പിണറായിയുടെ വാക്കുകൾ ചർച്ചയാക്കാനാണ് നീക്കം. കുഞ്ഞനന്തേട്ടൻ എന്ന് വിളിച്ച ആരോഗ്യമന്ത്രി കെകെ ശൈലജയുടെ വാക്കുകളും ഉയർത്തിക്കാട്ടും. രാഷ്ട്രീയ വിഭ്രാന്തിക്ക് തെളിവാണ് കുഞ്ഞനന്തന്റെ കരുതലിനെ തിരിച്ചറിഞ്ഞ പിണറായിയുടെ പ്രസ്താവനയെന്ന വാദവും കോൺഗ്രസ് ശക്തമാക്കും.

കോവിഡ് സംബന്ധിച്ച പത്ര സമ്മേളനങ്ങളിൽ താൻ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാറില്ലെങ്കിലും അതിൽ മാറ്റം വേണമെന്നു തോന്നുന്നു എന്ന മുഖവുരയോടെയാണു മുഖ്യമന്ത്രി കടന്നാക്രമിച്ചത്. മന്ത്രി ശൈലജയെ നിപ്പ റാണി, കോവിഡ് രാജകുമാരി എന്നു മുല്ലപ്പള്ളി പരിഹസിച്ചതിന്റെ പേരിലായിരുന്നു വിമർശനം. മുല്ലപ്പള്ളിയുടെ പരാമർശങ്ങളെക്കുറിച്ചു മലയാള മനോരമ എഴുതിയ മുഖപ്രസംഗവും തുടരെ ഉദ്ധരിച്ചു. 'സ്വന്തം നാവിന്റെ വിലയും നിലയും അവനവൻ തിരിച്ചറിയേണ്ട കാര്യമാണ്. സർക്കാർ നിലപാടുകളിലുള്ള വിയോജിപ്പു പറയുന്നതു ജനാധിപത്യപരമായ അന്തസ്സോടെയും അപരബഹുമാനത്തോടെയും ആകണം.' ഇതൊന്നും താൻ ഉന്നയിക്കുന്ന വിമർശനമല്ലെന്നും മുഖപ്രസംഗത്തിലെ വാചകങ്ങളാണെന്നും കൂട്ടിച്ചേർത്തായിരുന്നു മുല്ലപ്പള്ളിക്കുള്ള വിമർശനം. ഇതിന് പിന്നിൽ പതിറ്റാണ്ടുകളുടെ രാഷ്ട്രീയ വിരോധത്തിന്റെ കാരണങ്ങളുണ്ടെന്നതാണ് വസ്തുത.

കുടിപ്പക പോലുള്ള ഒരു വിരോധമാണ് മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും തമ്മിൽ നിലനിൽക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു പോരാണ് കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കി ഇപ്പോഴും വെളിയിൽ വരുന്നത്. വലിയ ഒരു ചരിത്രം തന്നെ ഈ പോരിനു പിന്നിലുണ്ട്. അറിയാക്കഥകളും കാണാക്കഥകളുമുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയും മുല്ലപ്പള്ളി കെപിസിസി അധ്യക്ഷനുമായി നിലകൊള്ളുമ്പോൾ ഇവർ തമ്മിലുള്ള പോരിന്റെ രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്. ഒട്ടനവധി സമാനതകളും സ്വഭാവ സവിശേഷതകളുമാണ് ഇരുവർക്കും സ്വന്തമായുള്ളതും. രണ്ടു പേരും കണ്ണൂർ രാഷ്ട്രീയ തട്ടകത്തിൽ വളർന്നവരാണ്. മുല്ലപ്പള്ളി വടകരക്കാരൻ ആയിരുന്നെങ്കിലും കണ്ണൂരിലായിരുന്നു അദ്ദേഹത്തിന്റെ ദ്വീർഘകാല തട്ടകം. വ്യക്തിപരമായ സൗഹൃദം പുലർത്തുന്നതിൽ രണ്ടുപേരും വിമുഖർ. ആരെയും സ്വാഗതം ചെയ്യാത്ത സ്വഭാവമാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. പിണറായിയുടെ എതിർ ചേരിയിൽ നിൽക്കുമ്പോൾ മുല്ലപ്പള്ളിയും പ്രകടമാക്കുന്നത് ഇതേ സ്വഭാവ സവിശേഷതകൾ തന്നെയാണ്.

പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്ന ദീർഘകാലവും മുല്ലപ്പള്ളി രാമചന്ദ്രൻ എംപിയും ആഭ്യന്തര സഹമന്ത്രിയുമായിരുന്ന കാലത്ത് പോലും ഇതിനു മാറ്റമുണ്ടായില്ല, വിവിധ പദവികളിൽ ഇരുവരും തുടർന്നപ്പോഴും ഈ ഈ അസ്വാരസ്യത്തിനു മാറ്റമുണ്ടായില്ല. വിചിത്രമായ ഒരു രാഷ്ട്രീയ വിരോധത്തിന്റെ കഥയാണ് പിണറായി-മുല്ലപ്പള്ളി ബന്ധം പറയുന്നത്. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിളിക്കുന്ന സർവകക്ഷി യോഗത്തിൽ പോലും ഒരുമിച്ച് ഇരിക്കാനുള്ള അന്തരീക്ഷം മുല്ലപ്പള്ളി നിലനിർത്താറില്ല. നേരിട്ട് പങ്കെടുക്കില്ല. പകരം കോൺഗ്രസ് നേതാക്കളിൽ ആരെയെങ്കിലും വിടുകയാണ് പതിവ്. ഇത് മുഖ്യമന്ത്രി ഗൗനിക്കാറുമില്ല. പക്ഷെ കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ തെന്നല ബാലകൃഷ്ണപിള്ളയുടെ നവതി ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തപ്പോൾ പോലും ആ ചടങ്ങിൽ കെപിസിസി പ്രസിഡന്റ് ആയിട്ടുകൂടി മുല്ലപ്പള്ളി സംബന്ധിച്ചിരുന്നില്ല.

പിണറായിയെ വിമർശിക്കുമ്പോൾ മുഖം നോക്കാതെ കടുത്ത വിമർശനം തന്നെ മുല്ലപ്പള്ളി അഴിച്ചു വിടുകയും ചെയ്യും. കൊറോണ പ്രശ്നത്തിലും പിണറായിക്ക് തലവേദനയായത് കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ മുല്ലപ്പള്ളിയുടെ വിമർശനമായിരുന്നു. പ്രളയ ഫണ്ട് വകമാറ്റിയ സിപിഎം പ്രവർത്തകർക്കെതിരെ നടപടി എടുത്ത ശേഷമാണ് കോവിഡ് നേരിടാൻ സഹായമഭ്യർത്ഥിച്ചിരുന്നതെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വിശ്വാസ യോഗ്യമായെനെ എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കാശില്ലാത്ത അവസ്ഥയിലാണ് കേരള ഖജനാവ്. കോടിക്കണക്കിന് രൂപ ചെലവിട്ടാണ് മുഖ്യമന്ത്രി ഉപദേശകരെ തീറ്റിപോറ്റുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി വാങ്ങാനിരിക്കുന്ന ഹെലികോപ്റ്റർ പദ്ധതി ഉപേക്ഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം മുന്നിൽ നിൽക്കെയാണ് സംയുക്ത വാർത്താ സമ്മേളനം ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ചെന്നിത്തലയും നടത്തിയപ്പോഴും ഇതിൽ മുല്ലപ്പള്ളിയെ മാത്രം തിരഞ്ഞു പിടിച്ച് മുഖ്യമന്ത്രി ആക്രമിക്കുന്നത്. പരസ്പരം മുഖം നോക്കാതെ വിമർശിക്കുമെങ്കിലും ചില സമാനതകൾ ഇരുവർക്കും സ്വന്തമായിട്ടുണ്ട്. വലിയ ഒരു ഭാഗ്യം ഇരുകൂട്ടർക്കും സ്വന്തമായിട്ടുണ്ട്. കോൺഗ്രസിൽ പലരും ഒതുക്കപ്പെട്ടപ്പോഴും ലീഡർ കെ.കരുണാകരൻ അടക്കമുള്ളവർ പോലും പാർട്ടിയിൽ നിന്ന് പുറന്തള്ളപ്പെട്ടപ്പോഴും മുല്ലപ്പള്ളിയെ ഒന്നും ബാധിച്ചില്ല. നിരവധി തവണ എംപിയും ആഭ്യന്തര സഹമന്ത്രി വരെയുള്ള പദവികളും ഒടുവിൽ കെപിസിസി അധ്യക്ഷ സ്ഥാനവും മുല്ലപ്പള്ളിയെ തേടിയെത്തുക തന്നെ ചെയ്തു.

എന്താണ് പിണറായി-മുല്ലപ്പള്ളി രസക്കേടിന്റെ പിന്നിലെ കഥ എന്ന് തിരക്കിയാൽ ഈ കഥയ്ക്ക് പുറമേ കണ്ണൂരിലെ രാഷ്ട്രീയ കുടിപ്പകയ്ക്ക് ഒരു നിർണ്ണായക റോളുണ്ടെന്നു കാണാം. ഇതിൽ കേരളാ പൊലീസിനും മുല്ലപ്പള്ളി രാമചന്ദ്രനുണ്ടായിരുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി പദവിക്കും ടിപിയുമായി മുല്ലപ്പള്ളിക്കുണ്ടായിരുന്ന ബന്ധത്തിനുമൊക്കെ റോളുകളുണ്ട്. മുല്ലപ്പള്ളിയുടെ വീടായ വടകര ചോമ്പാലിൽ നിന്ന് വലിയ ദൂരമില്ല ടി.പി.യുടെ വീട്ടിലേക്കും ആർഎംപി ഭരിക്കുന്ന ഒഞ്ചിയം പഞ്ചായത്തിലേക്കും. ഈ അടുപ്പം മുല്ലപ്പള്ളിയും ടിപിയും തമ്മിലുമുണ്ടായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ ആഭ്യന്തര സഹമന്ത്രിയായിരിക്കെ, കേരളത്തിൽ യുഡിഎഫ് ഭരണം നടക്കുമ്പോഴാണ് 51വെട്ടുകൾ വെട്ടി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സിപിഎം കൊലയാളി സംഘം ടിപിയെ വകവരുത്തുന്നത്. അന്ന് പാർട്ടി സെക്രട്ടറി പിണറായി വിജയനും.

എകെജി സെന്ററിൽ വിളിച്ചു ചേർത്ത മാധ്യമ സമ്മേളനത്തിൽ പിണറായി പറഞ്ഞത് ഒരേ ഒരു വാക്കാണ് ടിപി വധത്തിൽ സിപിഎമ്മിന് പങ്കില്ല. പക്ഷെ ടിപി വധത്തിൽ സിപിഎമ്മിന്റെ പങ്കു വെളിപ്പെടുത്തി ആദ്യം രംഗത്ത് വന്നത് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളിയായിരുന്നു. ടിപി വധത്തിൽ സിപിഎം കൊലയാളി സംഘത്തെ വലയിലാക്കിയ മുടക്കോഴി മലയിലെ ഓപ്പറേഷനും ഒരു വലിയ പങ്കുണ്ട്. അന്ന് കേരളത്തിൽ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂരും ഡിജിപിയായിരുന്ന സെൻകുമാറും കേന്ദ്രമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും കൈകോർത്തപ്പോൾ പിടിയിലായത് കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ ഏറ്റവും വലിയ ക്രിമിനൽ സംഘമായിരുന്നു. എത്രയോ ചോരപുരണ്ട ഓപ്പറേഷനുകൾ നടത്തിയ കൊടി സുനിയും ടി.കെ.രജീഷും, ഷാഫി, കിർമ്മാണി മനോജും അടക്കമുള്ള വലിയ സംഘം ഒറ്റയടിക്കാണ് കേരള പൊലീസിന്റെ വലയിൽപ്പെട്ടത്. ഇതിൽ മുംബൈ-ഗോവാ അതിർത്തിയിൽ നിന്നാണ് രജീഷിനെ പൊക്കുന്നത്. ഇതിന് പിന്നിലും മുല്ലപ്പള്ളിയുടെ ഇടപെടലുണ്ടായിരുന്നു.

ടിപി വധാന്വേഷണത്തിൽ മുല്ലപ്പള്ളി ചെലുത്തിയ സ്വാധീനം അത് പാർട്ടി സെക്രട്ടറിയെന്ന നിലയിൽ പിണറായിക്ക് മറക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് മാത്രമല്ല പിണറായിക്കുള്ള അലോസരത്തിനു കാരണം. ഇത് ഇന്നും തുടരുന്നു. അതുകൊണ്ട് തന്നെ മുല്ലപ്പള്ളിയുടെ നാക്കു പിഴകൾക്ക് രാഷ്ട്രീയം പറഞ്ഞ് മുഖ്യമന്ത്രി മറുപടി നൽകും. 2018 സെപ്റ്റംബർ 20ന് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി. പ്രസിഡണ്ടായപ്പോൾ അഭിവാദ്യമർപ്പിച്ച് അന്നെഴുതിയതാണ് ... ''അട്ടം പരതി ഗോപാലനെ അറിയുമോ സഖാക്കളെ ? അയാൾക്ക് പണ്ട് അട്ടം തപ്പലാണ് പണി. ഒരു തരം കൂട്ടികൊടുപ്പ്!''-ഈയിടെ സോഷ്യൽ മീഡിയയിലായിരുന്നു ഈ പ്രതികരണങ്ങൾ ചർച്ചയായത്. ഇത്തരം പിണറായിയുടെ പ്രസ്താവനകൾ മുല്ലപ്പള്ളിയെ കടുത്ത പിണറായി വിരുദ്ധനുമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP