Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈഫ് അഴിമതിയിൽ സിബിഐ പ്രതിക്കൂട്ടിലാക്കുക ആരൊയെക്കെ? മുഖ്യമന്ത്രി ചെയർമാനായ പദ്ധതിക്കെതിരായ ആരോപണം ചെന്നു തറയ്ക്കുന്നത് പിണറായിയിൽ തന്നെ; നുണപ്രചരണമെന്ന സർക്കാരിന്റെ പ്രതിരോധം തീർത്തും ദുർബലം; കേന്ദ്ര സർക്കാറിന്റെ 'ഫാസിസ'ത്തിനെതിരെ സിപിഎം തെരുവിലേക്ക് നീങ്ങും; ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട് ആരോപിച്ചു ഒത്തുകളി ആരോപിക്കും; രാഷ്ട്രീയ ചക്രവ്യൂഹത്തിൽ നിൽക്കുന്ന പിണറായി വിജയൻ ലൈഫിനെയും പ്രതിരോധിക്കുക 'ലാവലിൻ' മോഡലിലോ?

ലൈഫ് അഴിമതിയിൽ സിബിഐ പ്രതിക്കൂട്ടിലാക്കുക ആരൊയെക്കെ? മുഖ്യമന്ത്രി ചെയർമാനായ പദ്ധതിക്കെതിരായ ആരോപണം ചെന്നു തറയ്ക്കുന്നത് പിണറായിയിൽ തന്നെ; നുണപ്രചരണമെന്ന സർക്കാരിന്റെ പ്രതിരോധം തീർത്തും ദുർബലം; കേന്ദ്ര സർക്കാറിന്റെ 'ഫാസിസ'ത്തിനെതിരെ സിപിഎം തെരുവിലേക്ക് നീങ്ങും; ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട് ആരോപിച്ചു ഒത്തുകളി ആരോപിക്കും; രാഷ്ട്രീയ ചക്രവ്യൂഹത്തിൽ നിൽക്കുന്ന പിണറായി വിജയൻ ലൈഫിനെയും പ്രതിരോധിക്കുക 'ലാവലിൻ' മോഡലിലോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതു സർക്കാറിന്റെ സുപ്രധാന പദ്ധതിയായ ലൈഫ് മിഷനിൽ സിബിഐ അന്വേഷണം എത്തുന്നതോടെ സംസ്ഥാന സർക്കാർ ശരിക്കും ചക്രവ്യൂഹത്തിൽ പെട്ട അവസ്ഥയിലാണ്. സർക്കാറിനെ പിടിച്ചു കുലുക്കിയ വിവാദത്തിലെ കേന്ദ്ര അന്വേഷണത്തെ എങ്ങനെ ചെറുക്കും എന്ന ചോദ്യമാണ് ഇനി ഉയരുന്നത്. റെഡ് ക്രസന്റുമായി കരാർ ഒപ്പിടുന്നതിനു കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം. മാത്രമല്ല, പാവങ്ങളെ സഹായിക്കാനുള്ള ലൈഫിനെതിരെ നുണപ്രചരണമാണ് നടക്കുന്നതെന്നും അദ്ദേഹം തന്റെ വാർത്താസമ്മേളനങ്ങളിൽ എടുത്തു പറഞ്ഞു. എന്നാൽ, ഈ പ്രതിരോധമെല്ലാം പാളുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

മുഖ്യമന്ത്രി ചെയർമാനായ പദ്ധതിയിലേക്കാണ് ആരോപണങ്ങൾ നീങ്ങുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം രാജിവെക്കണമെന്ന ആവശ്യം ഇപ്പോൾ തന്നെ ഉയർന്നിട്ടുണ്ട്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും ആവശ്യപ്പെട്ടു. ലൈഫ് മിഷനും യുഎഇയിലെ റെഡ് ക്രസന്റും ചേർന്നു നിർമ്മിക്കുന്ന ഫ്‌ളാറ്റിനെക്കുറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും നിക്ഷിപ്ത താൽപര്യക്കാർ നുണപ്രചരണം നടത്തുകയാണെന്നുമാണു മുഖ്യമന്ത്രി ആവർത്തിച്ചിരുന്നത്. സിബിഐ അന്വേഷണം ആരംഭിച്ചതോടെ മുഖ്യമന്ത്രിക്ക് ഈ വാദം തുടരാനാവില്ല.

സിബിഐ അന്വേഷണം മുന്നിൽ കണ്ടാണു സർക്കാർ അവസാന നിമിഷം വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്ന ആരോപണവും ശക്തമായി. വിദേശ ഏജൻസിയുമായി പദ്ധതി ആലോചിക്കുംമുൻപ് കേന്ദ്ര സർക്കാർ അനുമതി നേടണമെന്നാണു ചട്ടം. ഇത് സംസ്ഥാന സർക്കാർ പാലിച്ചില്ല. വിദേശത്തുനിന്ന് ഏതെങ്കിലും പദ്ധതിക്കു സഹായം ലഭിച്ചാൽ അതും കേന്ദ്ര അനുമതിയോടെ മാത്രമേ സ്വീകരിക്കാനാവൂ. ഇതിലും വീഴ്ച വന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐയുടെ ഏത് നീക്കവും സർക്കാരിന് വലിയ വെല്ലുവിളി ഉയർത്തും. പ്രതികളുടെ പേരില്ലാതെയാണു സിബിഐ കേസ് എടുത്തതെങ്കിലും ആരെയൊക്കെ ചോദ്യം ചെയ്യുമെന്നതാണു സർക്കാരിന്റെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നത്. സിബിഐ രംഗത്തെത്തിയതോടെ സംസ്ഥാനം പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണത്തിന്റെ പ്രസക്തിയും നഷ്ടപ്പെട്ടു. സിബിഐ വിചാരിച്ചാൽ മുഖ്യമന്ത്രിയിലേക്ക് നേരിട്ട് അന്വേഷണം എത്തിക്കാൻ സാധിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

അതേസമയം രാഷ്ട്രീയമായി ചക്രവ്യൂഹത്തിൽ പെട്ട് എൽഡിഎഫും പിണറായി വിജയനും രാഷ്ട്രീയമായി തന്നെ പ്രതിരോധം തീർക്കാൻ ഒരുങ്ങുകയാണ്. മുമ്പ് ലാവലിൻ കേസിലെ സിബിഐ അന്വേഷണകാലത്തെ പ്രതിരോധ മാതൃകയാണ് സിപിഎം സ്വീകരിക്കുക. അന്ന് പിണറായി വിജയന് വേണ്ടി പ്രതിരോധം തീർക്കാൻ തെരുവിൽ ഇറങ്ങുകയായിരുന്നു സിപിഎം. ഇത്തവണ ബിജെപി-കോൺഗ്രസു കൂട്ടുകെട്ടാണെന്ന ആരോപണവും അദ്ദേഹം ഉന്നയിക്കും. ലൈഫ് മിഷനെ സംബന്ധിച്ച് കോൺഗ്രസ് എംഎൽഎയുടെ പരാതിയിൽ കേസെടുത്ത സിബിഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചിട്ടുണ്ട്. ഇതിൽ നിന്നും സിപിഎമ്മിന്റെ രാഷ്ട്രീയ പ്ലാൻ എന്താണെന്ന് വ്യക്തമാകും.

ലെഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സിബിഐ പ്രവർത്തിച്ചത്. ഈ നടപടി അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാവിലെ ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രഖ്യാപിച്ച കാര്യമാണു മണിക്കൂറുകൾക്ക് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവർത്തിച്ചത്. കോൺഗ്രസ് എംഎൽഎ നൽകിയ പരാതിയിലാണു സാധാരണ കീഴ്‌വഴക്കങ്ങൾ ലംഘിച്ച് സിബിഐ കേസെടുത്തിരിക്കുന്നത്.

കോൺഗ്രസ്- ബിജെപി കൂട്ടുകെട്ട് ഏതറ്റം വരെ പോയിരിക്കുന്നു എന്നതിന്റെ തെളിവാണിത്. അഖിലേന്ത്യാ തലത്തിൽ സിബിഐയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് കേരളത്തിൽ സിബിഐയുടെ സ്തുതിപാഠകരാണെന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ്, ലീഗ് നേതാക്കൾ പ്രതികളായ ടൈറ്റാനിയം, മാറാട് കേസുകൾ വർഷങ്ങളായിട്ടും സിബിഐ ഏറ്റെടുക്കാത്തതും ഈ അവിശുദ്ധ സഖ്യത്തിന്റെ തീരുമാന പ്രകാരമാണ്. സാധാരണഗതിയിൽ സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടെയോ വിധികളുടെ അടിസ്ഥാനത്തിലും സംസ്ഥാനങ്ങളിൽ നടന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് സിബിഐക്ക് അന്വേഷണം നടത്താം.

ഇവിടെ ഫെറ കേന്ദ്ര നിയമമാണെന്ന സാങ്കേതികത്വത്തിൽ നടത്തിയ ഇടപെടൽ യഥാർഥത്തിൽ നിയമവിരുദ്ധവും അധികാര ദുർവിനിയോഗവുമാണ്. സമീപകാലത്ത് സൃഷ്ടിക്കപ്പെട്ട വിവാദങ്ങളെ സംബന്ധിച്ച് ഏതന്വേഷണവും ആകാമെന്ന നിലപാടാണ് സംസ്ഥാന സർക്കാരും എൽഡിഎഫും സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, അത് സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നടപടി ആകുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും സിപിഎം അഭിപ്രായപ്പെട്ടു.

സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ., കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ അന്വേഷണം നടക്കുന്നതിനിടെയാണ് നാലാമതായി ലൈഫ് മിഷൻ ഇടപാടിനെക്കുറിച്ചുള്ള സിബിഐ. അന്വേഷണം എത്തിയത്. മതഗ്രന്ഥവിതരണത്തിന്റെ മറവിൽ നിയമവിരുദ്ധ നടപടി നടന്നോയെന്ന അന്വേഷണം സമാന്തരമായി ഈ ഏജൻസികൾതന്നെ നടത്തുന്നു. രാഷ്ട്രീയമായി എതിർചേരിയിൽ നിൽക്കുന്ന കേന്ദ്രസർക്കാരിന്റെ കീഴിലുള്ള വിവിധ കേന്ദ്രഏജൻസികൾ ഒരുമിച്ച് ഒരു സംസ്ഥാന സർക്കാരിനെ ഇതുപോലെ വളഞ്ഞിട്ടുപിടിക്കുന്ന സംഭവം ഇതാദ്യമാകാം. സംശയനിഴലിലായി അന്വേഷണ ഏജൻസികൾക്കുമുമ്പിൽ ചോദ്യംചെയ്യലിന് വിധേയമായിനിൽക്കുന്നത് ഒരു മന്ത്രിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥരുമാണെന്നത് സർക്കാരിനെ മുൾമുനയിലാക്കുന്നു.

സ്വർണക്കടത്ത് കേസിലടക്കമുള്ള അന്വേഷണം ശരിയായ ദിശയിലാണെന്നായിരുന്നു ഇതുവരെ മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ, അന്വേഷണം മന്ത്രി കെ.ടി. ജലീലിലെത്തിയതോടെ അന്വേഷണ ഏജൻസികൾക്കെതിരേ സിപിഎം. തിരിഞ്ഞിരുന്നു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ലോക്കറിൽ കണ്ടെത്തിയ ഒരു കോടിരൂപയുടെ ഉറവിടം ലൈഫ് പദ്ധതിയിലെ കമ്മിഷനാണെന്ന് വെളിപ്പെടുത്തിയതാണ് പുതിയ തട്ടിപ്പിലേക്ക് അന്വേഷണസംഘത്തെ നയിച്ചത്. കമ്മിഷൻ ഒരു കോടിയല്ല, നാലരക്കോടിയാണെന്ന് ധനമന്ത്രികൂടി പങ്കെടുത്ത പാർട്ടിചാനലിലെ ചർച്ചയിൽ മുഖ്യമന്ത്രിയുടെ മാധ്യമഉപദേഷ്ടാവ് വെളിപ്പെടുത്തിയതോടെ വിവാദം കനത്തു.

ലൈഫ് ഇടപാട് സിബിഐ. അന്വേഷിക്കണമെന്ന് മുറവിളി പ്രതിപക്ഷമുയർത്തി. വിജിലൻസ് അന്വേഷണം ഉണ്ടാകുമെന്ന് സിപിഎം. സൂചന നൽകിയെങ്കിലും മുഖ്യമന്ത്രി ആദ്യം പ്രഖ്യാപിച്ചില്ല. കഴിഞ്ഞ ദിവസം അന്വേഷണം വിജിലൻസിന് വിട്ടത് സിബിഐ. അന്വേഷണം വരുമെന്ന സൂചനയെത്തുടർന്നാണെന്നാണ് പ്രതിപക്ഷ വിമർശനം. കോൺസുലേറ്റ് നടപ്പാക്കുന്ന പദ്ധതിയാണെങ്കിലും ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിൽ കരാർ ഒപ്പുവച്ചതാണ് സർക്കാരിനെ കുഴക്കുന്നത്. വിദേശസ്ഥാപനവുമായുള്ള സാമ്പത്തികഇടപാടിൽ വേണ്ടനടപടികൾ എത്രത്തോളം പാലിച്ചു എന്നതും അന്വേഷണത്തിൽ നിർണായകമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP