Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇപിയെ കൈവിട്ടവർ എന്തിന് മലപ്പുറത്തെ മന്ത്രിയെ സംരക്ഷിക്കുന്നുവെന്ന ചോദ്യം നിർണ്ണായകമായി; ലോകായുക്താ വിധിയെ തള്ളി പറയുന്നതിനെതിരെ ബേബി വാളെടുത്തതും ആലോചിച്ചുറപ്പിച്ച്; കാനം എടുത്തതും അതിശക്തമായ നിലപാട്; ഒടുവിൽ രാജി ചോദിച്ചു വാങ്ങി സിപിഎം ഇടപെടൽ; പിണറായിക്ക് തെരഞ്ഞെടുപ്പിന് ശേഷം ഒരു മന്ത്രിയെ കൂടി നഷ്ടമാകുമ്പോൾ

ഇപിയെ കൈവിട്ടവർ എന്തിന് മലപ്പുറത്തെ മന്ത്രിയെ സംരക്ഷിക്കുന്നുവെന്ന ചോദ്യം നിർണ്ണായകമായി; ലോകായുക്താ വിധിയെ തള്ളി പറയുന്നതിനെതിരെ ബേബി വാളെടുത്തതും ആലോചിച്ചുറപ്പിച്ച്; കാനം എടുത്തതും അതിശക്തമായ നിലപാട്; ഒടുവിൽ രാജി ചോദിച്ചു വാങ്ങി സിപിഎം ഇടപെടൽ; പിണറായിക്ക് തെരഞ്ഞെടുപ്പിന് ശേഷം ഒരു മന്ത്രിയെ കൂടി നഷ്ടമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകായുക്തയെ തള്ളിപ്പറയുന്നത് രാഷ്ട്രീയ തിരിച്ചടിയായി ഭാവിയിൽ മാറുമെന്ന വിലയിരുത്തലിൽ സിപിഎം കെ ടി ജലീലിൽ നിന്ന് രാജി എഴുതി വാങ്ങി.. ഭരണ തുടർച്ച നഷ്ടപ്പെട്ട് പ്രതിപക്ഷത്ത് ഇരുന്നാൽ പിന്നീട് അധികാരത്തിൽ എത്തുന്ന സർക്കാരിനെ ലോകായുക്ത വിമർശിച്ചാലും അതിനെ ഉയർത്തി പ്രക്ഷോഭം നടത്താനാവാത്ത സാഹചര്യം ഉണ്ടാകും. അതുകൊണ്ട് തന്നെ ലോകായുക്ത വിധിയെ പരിഹസിക്കരുതെന്ന നിഗമനത്തിൽ സിപിഎം എത്തി. ഇത് മുഖ്യമന്ത്രി പിണറായി വിജയനും അംഗീകരിച്ചു. അങ്ങനെയാണ് ഹൈക്കോടതിയുടെ വിധി വരും മുമ്പേ കെടി ജലീൽ രാജിവയ്ക്കുന്നത്. ഇതോടെ മുഖ്യമന്ത്രിക്ക് മന്ത്രിസഭയിൽ നിന്ന് പുറത്താക്കുന്ന സാഹചര്യവും ഒഴിവായി. ഭരണതുടർച്ചയിലും ഇനി ജലീലിന് മന്ത്രിസ്ഥാനം നൽകില്ലെന്നാണ് സൂചന.

പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ആദ്യം രാജിവച്ചത് ഇപി ജയരാജനായിരുന്നു. ബന്ധു നിയമനമായിരുന്നു അതിന് കാരണം. രണ്ടാമത്തെ രാജി എകെ ശശീന്ദ്രനായിരുന്നു. ഹണിട്രാപ്പ് കേസായിരുന്ന ഇതിന് കാരണം. ജയരാജനും ശശീന്ദ്രനും പിന്നീട് വീണ്ടും മന്ത്രിസഭയിൽ എത്തി. തോമസ് ചാണ്ടിയും രാജിവച്ചു. ഇപ്പോൾ കെടി ജലീലും. അത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ജനവിധിക്ക് ശേഷമാണ്. ഇതും കേരള രാഷ്ട്രീയ ചരിത്രത്തിൽ അപൂർവ്വതയാണ്. ജനതാദൾ പ്രതിനിധിയായിരുന്ന മാത്യു ടി തോമസും രാജിവച്ചിരുന്നു. ഇത് ജനതാദള്ളിന്റെ സംഘടനാ തീരുമാന പ്രകാരമായിരുന്നു. കെ കൃഷ്ണൻകുട്ടി പകരം മന്ത്രിയാവുകയും ചെയ്തു.

ജലീലിനെ വഴിവിട്ടു സംരക്ഷിക്കേണ്ട കാര്യമില്ലെന്ന പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായമാണ് പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയുടെ വാക്കുകളിൽ നിറഞ്ഞിരുന്നത്. ഇക്കാര്യത്തിൽ പാർട്ടിയും സർക്കാരും ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നു തന്നെ ബേബി വെളിപ്പെടുത്തി. ലോകായുക്ത വിധിയെ തന്നെ ചോദ്യം ചെയ്തുള്ള മന്ത്രി എ.കെ. ബാലന്റെ വാദമുഖങ്ങൾ ബേബി തള്ളിയിരുന്നു. അതു നിയമമന്ത്രിയുടെ അഭിപ്രായം മാത്രമാണെന്നും പാർട്ടിയുടേതല്ലെന്നും പറഞ്ഞു. ഇതോടെ ബേബിയുടെ നിലപാട് ജലീലിന് എതിരാണെന്ന വാദം ശക്തമായി. സാമന ചിന്താഗതിക്കാരാണ് പാർട്ടിയിൽ കൂടുതലും. അത് കണ്ടില്ലെന്ന് നടിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് പിണറായിയും തിരിച്ചറിഞ്ഞു.

അഴിമതി, സ്വജനപക്ഷപാതം, ലോകായുക്ത എന്നിവയെക്കുറിച്ച് സിപിഎമ്മിന്റെ അടിസ്ഥാന നിലപാടുകളെ ചോദ്യം ചെയ്യുന്നതാണ് ജലീലിനു നൽകുന്ന സംരക്ഷണം എന്ന പ്രശ്നം ഗൗരവമായി തന്നെ ഇന്നലെ സിപിഎമ്മിൽ ഉയർന്നു. സിപിഐയും ജലീലിനെ പിന്തുണച്ചില്ല. ഇതോടെ ജലീലിന് രാജി കൊടുക്കേണ്ടി വന്നു. ഇതിനെല്ലാം കാരണം ഇപി ജയരാജന്റെ നിലപാട് കൂടിയാണ്. ബന്ധു നിയമനത്തിൽ തന്റെ രാജിവാങ്ങിയവർ എന്തുകൊണ്ട് ജലീലിനെ വെറുതെ വിടുന്നുവെന്ന ജയരാജന്റെ ചോദ്യത്തിന് സിപിഎമ്മിന് പോലും മറുപടിയില്ലായിരുന്നു.

സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി ആളെ നിയമിക്കുന്നത് രാഷ്ട്രീയമായ തീരുമാനമാണ്. അവിടെ ബന്ധുക്കൾ എത്തുന്നത് മുമ്പും സംഭവിച്ചിട്ടുള്ള കാര്യമാണ്. അതിന് വേണ്ടി ചട്ടങ്ങളൊന്നും ജയരാജൻ മാറ്റി എഴുതിയില്ല. എന്നിട്ടും ജയരാജൻ രാജിവച്ചു. ലോകായുക്ത വിമർശിച്ചിട്ടും ജലീലിന് സംരക്ഷണം. ഹണിട്രാപ് കേസിൽ കുടുങ്ങിയ എകെ ശശീന്ദ്രനും കിട്ടി സമാനമായ പരിഗണന. ഒടുവിൽ നിവർത്തിയില്ലാതെയാണ് ശശീന്ദ്രൻ രാജിവച്ചത്. എന്നാൽ ബന്ധുനിയമന വിവാദത്തിൽ മന്ത്രി ഇ.പി. ജയരാജന്റേതു നിർബന്ധിത 'രാജിസന്നദ്ധത' ആയിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ പിന്തുണ ലഭിക്കില്ലെന്നു ബോധ്യമായതോടെയുണ്ടായ നിരാശയും പ്രതിഷേധവുമാണു ജയരാജനെ രാജിയിലേക്കു നയിച്ചത്. എന്നാൽ ജലീലിനെ സംരക്ഷിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ ശ്രമം. ഇതോടെ ജയരാജൻ പ്രതിഷേധത്തിലേക്ക് നീങ്ങുകയും ചെയ്തു. ഇതെല്ലാം കൂടി തിരിച്ചറിഞ്ഞാണ് ജലീലിന്റെ രാജി സിപിഎം ചോദിച്ചു വാങ്ങുന്നത്.

ബന്ധുനിയമനത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും വഴി ജലീൽ സത്യപ്രതിജ്ഞ ലംഘനവം നടത്തിയതായി ലോകായുക്ത ഡിവിഷൻ ബെഞ്ച് വിധി പ്രഖ്യാപിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹരുൺ ഉൽ റഷീദും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ജലീലിന്റെ ജേഷ്ഠന്റെ മകൻ കെടി അദീപിനെ ന്യൂനപക്ഷ വികസന കോർപ്പറേഷൻ ജനറൽ മാനേജറായി നിയമിച്ചത് യോഗ്യതകളിൽ ഇളവ് നൽകിയാണെന്നും സ്വജനപക്ഷപാതം കാണിച്ച മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ചൂണ്ടിക്കാണിച്ച് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നൽകിയ പരാതിയിലാണ് വിധി. വിവാദം ഉടലെടുത്തപ്പോൾ തന്നെ കെടി അദീപ് സ്ഥാനം രാജിവച്ചിരുന്നു.

അദീപിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത് വന്നിരുന്നു. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ മുഖ്യമന്ത്രിയും ഒപ്പിട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. നിയമനത്തിനുള്ള യോഗ്യതയിൽ മാറ്റംവരുത്താനുള്ള ഉത്തരവിലാണ് മുഖ്യമന്ത്രി ഒപ്പിട്ടത്. 2016 ഓഗസ്റ്റ് ഒമ്പതിനാണ് മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടത്. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരെ നിയമിക്കുന്നതിന് നേരത്തെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. എന്നാൽ അദീപ് അഭിമുഖത്തിൽ ഹാജരായിരുന്നില്ല. പിന്നീട് ഈ തസ്തികയ്ക്ക് പുതിയ യോഗ്യത നിശ്ചയിക്കുകയായിരുന്നു. യോഗ്യതയിൽ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി കെ ടി ജലീൽ പൊതുഭരണ സെക്രട്ടറിക്ക് നൽകിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ഫയലിൽ ഒപ്പിട്ടിരുന്നു എന്ന വിവരം പുറത്തുവരുന്നത്. ഇതെല്ലാം മുഖ്യമന്ത്രിയേയും സംശയ നിഴലിൽ നിർത്തി. ഇതും ജലീലിനെ കൈവിടാൻ കാരണമായി. ഇതോടെ ഈ വിഷയത്തിലെ ചർച്ച കഴിയുമെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ.

2013 ജൂൺ 29നുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ ജനറൽ മാനേജരുടെ വിദ്യാഭ്യാസ യോഗ്യത, ബിരുദവും മാർക്കറ്റിങ് ആൻഡ് ഫിനാൻസിൽ സ്‌പെഷ്യലൈസേഷനുള്ള എം.ബി.എ അല്ലെങ്കിൽ സി.എസ്/സി.എ/ഐ.സി.ഡബ്ല്യു.എ.ഐ.യും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുമാണ്. ഇത് തിരുത്തി ബിരുദവും മാർക്കറ്റിങ് ആൻഡ് ഫിനാൻസിൽ സ്‌പെഷ്യലൈസേഷനുള്ള എം.ബി.എ. അല്ലെങ്കിൽ എച്ച്.ആർ./സി.എസ്./സി.എ./ഐ.സി.ഡബ്ല്യു.എ.ഐ./ബി.ടെക് വിത്ത് പി.ജി.ഡി.ബി.എ.യും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും എന്ന് മാറ്റി ഉത്തരവിറക്കാനാണ് ജലീൽ ആവശ്യപ്പെട്ടത്. ഇത് അദീപിനു വേണ്ടിയായിരുന്നു എന്നാണ് ആരോപണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP