Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർവ്വകലാശാല ബില്ലിലും സർക്കാർ നടത്തിയത് ലീഗിനെ പുകഴ്‌ത്തി വരുതിയിലാക്കൽ തന്ത്രം; പ്രതിപക്ഷം മുന്നോട്ടു വെച്ച ബദൽ നിർദ്ദേശത്തിൽ തന്ത്രം പൊളിഞ്ഞു; ലീഗിനെ ചേർത്തു പിടിച്ച് യുഡിഎഫിനെ ഒറ്റക്കെട്ടാക്കി ഇഞ്ച്വറി ടൈമിൽ ഗോളടിച്ചു താരമായി സതീശൻ; പ്രതിപക്ഷ പിന്തുണ പ്രതീക്ഷിച്ചിടത്ത് കണക്കുകൂട്ടൽ തെറ്റി പിണറായിയും

സർവ്വകലാശാല ബില്ലിലും സർക്കാർ നടത്തിയത് ലീഗിനെ പുകഴ്‌ത്തി വരുതിയിലാക്കൽ തന്ത്രം; പ്രതിപക്ഷം മുന്നോട്ടു വെച്ച ബദൽ നിർദ്ദേശത്തിൽ തന്ത്രം പൊളിഞ്ഞു; ലീഗിനെ ചേർത്തു പിടിച്ച് യുഡിഎഫിനെ ഒറ്റക്കെട്ടാക്കി ഇഞ്ച്വറി ടൈമിൽ ഗോളടിച്ചു താരമായി സതീശൻ; പ്രതിപക്ഷ പിന്തുണ പ്രതീക്ഷിച്ചിടത്ത് കണക്കുകൂട്ടൽ തെറ്റി പിണറായിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർവകലാശയിലെ ചാൻസർ പദവിയിൽ നിന്നും ഗവർണറെ നീക്കാൻ ലക്ഷ്യം വെച്ചുള്ള ബിൽ പാസാക്കുക എന്നതായിരുന്നു ഈ സഭാ സമ്മേളനത്തിൽ ഭരണപക്ഷം പ്രധാനമായും ലക്ഷ്യമിട്ട കാര്യം. ഇക്കാര്യത്തിൽ പ്രതിക്ഷത്തിനെ കൂടി മുതലെടുക്കുക എന്ന തന്ത്രം തുടക്കത്തിൽ തന്നെ ഭരണകക്ഷി പയറ്റിയിരുന്നു. കാരണം ഗവർണരെ പിന്തുണക്കുന്ന വിധത്തിലാകരുത് പ്രതിപക്ഷ നിലപാട് എന്ന് ലീഗും നിലപാട് സ്വീകരിച്ചതോടെ സഭയ്ക്കുള്ളിൽ ലീഗിനെ തങ്ങളുടെ പക്ഷത്ത് എത്തിക്കുക എന്ന തന്ത്രമായിരുന്നു സർക്കാർ പയറ്റിയത്.

എന്നാൽ, ഇതിനെ സമർത്ഥമായി തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മറികടന്നു. ബില്ലിൽ യുഡിഎഫ് മുന്നോട്ടു വെച്ച ബദലിൽ തട്ടിയാണ് ഭരണപക്ഷ തന്ത്രം പൊളിഞ്ഞത്. ഇതോടെ ഈ സമ്മേളനത്തിന്റെ ഇഞ്ച്വറി ടൈമിൽ ഗോളടിച്ചു താരമായി സതീശൻ. ആദ്യ ഘട്ടത്തിൽ പ്രതിരോധത്തിൽ ഊന്നിക്കളിച്ച പ്രതിപക്ഷം അവസാന നിമിഷം കുതിച്ചു കയറി ഗോളടിക്കുകയായിരുന്നു. ഇതോടെ പ്രതിപക്ഷത്ത് ഭിന്നതയുണ്ടാക്കാനുള്ള പിണറായിയുടെ ശ്രമവും വൃഥാവിലായി.

സർക്കാരും ഗവർണറും ഒന്നിച്ച് തെറ്റ് ചെയ്തെന്ന ആരോപണമാണ് തുടക്കം മുതൽക്കെ പ്രതിപക്ഷം ഉന്നയിച്ചത്. ഇവർ ഒന്നിച്ച് ചേർന്നാണ് യുജിസി നോട്ടിഫിക്കേഷന് വിരുദ്ധമായി വൈസ് ചാൻസലർമാരെ നിയമിച്ചത്. എല്ലാ വൈസ് ചാൻസലർമാരുടെ നിയമനങ്ങളും ചട്ടങ്ങൾക്ക് അനുസൃതമാണെന്ന സർവകലാശാലയുടെ അതേ നിലപാടാണ് സുപ്രീം കോടതിയിൽ ഗവർണറും സ്വീകരിച്ചത്. വി സിമാരുടെ നിയമനം തെറ്റാണെന്ന് സുപ്രീം കോടതി നിലപാടെടുത്തതോടെ പരാജയപ്പെട്ടത് സർക്കാരും ഗവർണറുമായിരുന്നു.

അവിടെ പ്രതിപക്ഷ നിലപാടാണ് കോടതിയും അംഗീകരിച്ചത്. ഇക്കാര്യം വി ഡി സതീശൻ സഭയിൽ ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തു. സർവകലാശാലകളിൽ സർക്കാരും ഗവർണറും ചേർന്ന് നടപ്പാക്കിയ അനധികൃത നിയമനങ്ങളും ചട്ടവിരുദ്ധമായ നടപടികളുമാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധിയുണ്ടാക്കിയത്. സർക്കാരും ഗവർണറും തമ്മിലുള്ള ധാരണ തെറ്റിയപ്പോഴാണ് ചാൻസലറെ മാറ്റാനുള്ള നിയമനിർമ്മാണവുമായി സർക്കാർ മുന്നോട്ടുവന്നത്.

ഗവർണറെയല്ല, സുപ്രീം കോടതി വിധിയെയാണ് പ്രതിപക്ഷവും യു.ഡി.എഫും അനുകൂലിച്ചത്. അതേ നിലപാട് തന്നെയാണ് അന്നും ഇന്നും. ഗവർണറോടുള്ള വിരോധം കൊണ്ട് സർവകലാശാലകളിൽ മാർക്സിസ്റ്റുവത്ക്കരിക്കാനുള്ള നീക്കമാണ് സർക്കാർ ഈ ബില്ലിലൂടെ നടത്തുന്നത്. ഇഷ്ടക്കാരെ ചാൻസലർമാരാക്കാൻ വേണ്ടി പാകപ്പെടുത്തിയെടുത്തതാണ് ഈ നിയമം. കേന്ദ്ര സർക്കാർ നടത്തുന്ന സംഘിവത്ക്കണത്തെ പോലെ തന്നെ മാർക്സിസ്റ്റ് വൽക്കരണ നീക്കത്തോടും യോജിക്കാനാകില്ലെന്നും വിയോജന കുറിപ്പിൽ സതീശൻ വ്യക്തമാക്കി.

നേരത്തെ സബ്ജക്ട് കമ്മറ്റിക്ക് വിട്ട ബിൽ ഇന്ന് വീണ്ടും ചർച്ചക്കെടുത്തപ്പോൾ പ്രതിപക്ഷം നിർദ്ദേശിച്ച ബദലാണ് സർക്കാറിനെ വെട്ടിലാക്കിയത്. പതിനാല് സർവകലാശാലകളിലേക്കും ഒരു ചാൻസലർ മതി, വിരമിച്ച സുപ്രീംകോടതി ജഡ്ജി അല്ലെങ്കിൽ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ചാൻസലറാക്കണം, ഇതിലൂടെ പ്രോട്ടോകോൾ ലംഘനം ഒഴിവാക്കാം, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർ ഉൾപ്പെടുന്ന സെലക്ഷൻ കമ്മിറ്റിയുടെ ഭൂരിപക്ഷ തീരുമാനം അനുസരിച്ച് ചാൻസലറെ തെരഞ്ഞെടുക്കണം എന്നീ നിർദ്ദേശങ്ങളാണ് പ്രതിപക്ഷം മുന്നോട്ടു വെച്ചത്. ഈ നിർദ്ദേശം സർക്കാറിന്റെ താൽപ്പര്യത്തിന് അനുസൃതമായിരുന്നില്ല. അതുകൊണ്ട് തന്നെ അംഗീകരിച്ചുമില്ല.

എന്തുകൊണ്ടാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടു വെച്ചതെന്ന് സതീശൻ വിശദീകരിക്കുകയും ചെയ്തു. വിരമിച്ച സുപ്രീംകോടതി ജഡ്ജി അല്ലെങ്കിൽ മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ചാൻസലറാക്കണമെന്ന ഭേദഗതിയാണ് പ്രതിപക്ഷം മുന്നോട്ടുവച്ചത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുമ്പോൾ ആ സ്ഥാനത്തേക്ക് അതുപോലെ പ്രധാനപ്പെട്ട ആളുകളാണ് വരേണ്ടത്. സർവകലാശാലകളുടെ സ്വയംഭരണാവകാശവും സംരക്ഷിക്കപ്പെടുകയും സർക്കാർ ഇടപെടലുകൾ ഉണ്ടാകാതിരിക്കുകയും ചെയ്യണം. എന്നാൽ പ്രതിപക്ഷ ഭേദഗതി തള്ളി സർക്കാരിന് ഇഷ്ടമുള്ളവരെ ചാൻസലർമാരാക്കുന്നതോടെ കേരളത്തിലെ സർവകലാശാലകളുടെ ചരിത്രവും പാരമ്പര്യവും കളങ്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലീഗിനെ പുകഴ്‌ത്തിക്കൊണ്ട് പിന്തുണ തേടാനുള്ള ശ്രമവും ബിൽ അവതരിപ്പിക്കവേ പി രാജീവ് നടത്തിയിരുന്നു. എന്നാൽ, ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി തന്നെ ഇതിനെ തള്ളിക്കളഞ്ഞു. സർക്കാരിന് ഇഷ്ടമുള്ളവരെ ചാൻസലറാക്കുമ്പോൾ സർവകലാശാലകളിൽ മാർക്സിസ്റ്റുവത്ക്കരണം നടക്കുമെന്ന ഭയമുള്ളതുകൊണ്ടാണ് യു.ഡി.എഫ് ബദൽ നിർദ്ദേശം മുന്നോട്ടുവച്ചതെന്നാണ് സതീശൻ പറഞ്ഞത്. നിയമസർവകലാശാല ഒഴിച്ചുള്ള മറ്റെല്ലാ സർവകലാശാലകൾക്കും ഓരോ ചാൻസലറെ നിയമിക്കുന്നത് സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതുകൊണ്ടാണ് 14 സർവകലാശലകൾക്കും ഒരു ചാൻസലർ മതിയെന്ന് പ്രതിപക്ഷം നിർദ്ദേശിച്ചത്. ഇഷ്ടക്കാരെ നിയമിച്ച് സർവകലാശാലകളെ സർക്കാർ ഡിപ്പാർട്ട്മെന്റുകളാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കോൺഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ലീഗിനെ കുറിച്ച് മുഖ്യമന്ത്രിക്കുണ്ടായിരുന്ന അഭിപ്രായം തിരുത്തിപ്പറഞ്ഞത്. അവാസനം അത് സിപിഎമ്മിന് തന്നെ ബൂമറാങായായെന്നാണ് സതീശൻ വിലയിരുത്തുന്നത്. ഇപ്പോൾ പടയൊരുക്കം ഇടത് പാളയത്തിലാണെന്ന് കാനം രാജേന്ദ്രന്റെ പ്രസ്താവനയിൽ നിന്നും വ്യക്തമായിരിക്കുകയാണ്. അത് പരിഹരിക്കാൻ ഉഭയകക്ഷി ചർച്ചകൾ നടത്തേണ്ട അവസ്ഥയിലാണ് സിപിഎമ്മെന്നും സതീശൻ കുറ്റപ്പെടുത്തുകയുണ്ടായി.

യു.ഡി.എഫിലെ എല്ലാ കക്ഷികളും ചേർന്ന് കൂടിയാലോചന നടത്തിയാണ് ചാൻസലർ നിയമനം സംബന്ധിച്ച ബദൽ നിർദ്ദേശം പ്രതിപക്ഷം മുന്നോട്ടുവച്ചത്. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലുണ്ടായ നിർദ്ദേശം യു.ഡി.എഫ് നേതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ച് ഘടകകക്ഷികളുടെ കൂടി അഭിപ്രായങ്ങൾ പരിഗണിച്ചാണ് നിയമസഭയിൽ അവതരിപ്പിച്ചത്. യു.ഡി.എഫ് നിയമസഭയിൽ ഒറ്റ അഭിപ്രായമാണ് പറഞ്ഞത്. അത് ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നം സതീശൻ വ്യക്തമാക്കി.

ലീഗിനെ ഉന്നമുട്ടുള്ള നീക്കങ്ങൾ പൊളിക്കുന്ന വിധത്തിലാണ് ഇന്നുണ്ടായ സഭയിലെ രാഷ്ട്രീയ നീക്കങ്ങൾ. സഭ പാസാക്കിയ ബിൽ ഇനി ഗവർണറുടെ കോർട്ടിലാണ്. ആരിഫ് മുഹമ്മദ് ഖാൻ ബില്ലിൽ ഒപ്പുവെക്കുമോ എന്ന ആകാംക്ഷ അവശേഷിക്കുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ ബില്ലിൽ ഒപ്പുവെക്കാനുള്ള സാധ്യത വളരെ കുറവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP