Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏക ഉപമുഖ്യമന്ത്രി പദത്തെ എതിർത്ത സിദ്ധരാമ്മയ്ക്ക് മുമ്പിൽ ഡികെയോട് അനീതി കാട്ടാനാകില്ലെന്ന് തുറന്നു പറഞ്ഞു; സോണിയാ ഗാന്ധിയെ ചർച്ചകളിൽ സജീവമാക്കി മഞ്ഞുരുക്കൽ സാധ്യമാക്കി; കർണ്ണാടകത്തിൽ സത്യപ്രതിജ്ഞയ്ക്ക് ശേഷവും പൊട്ടിത്തെറിക്ക് സാധ്യത; ട്രബിൾഷൂട്ടറുടെ റോളിൽ ഇനിയും കെസിയുണ്ടാകും; ഡികെ വേദനയിൽ തന്നെ

ഏക ഉപമുഖ്യമന്ത്രി പദത്തെ എതിർത്ത സിദ്ധരാമ്മയ്ക്ക് മുമ്പിൽ ഡികെയോട് അനീതി കാട്ടാനാകില്ലെന്ന് തുറന്നു പറഞ്ഞു; സോണിയാ ഗാന്ധിയെ ചർച്ചകളിൽ സജീവമാക്കി മഞ്ഞുരുക്കൽ സാധ്യമാക്കി; കർണ്ണാടകത്തിൽ സത്യപ്രതിജ്ഞയ്ക്ക് ശേഷവും പൊട്ടിത്തെറിക്ക് സാധ്യത; ട്രബിൾഷൂട്ടറുടെ റോളിൽ ഇനിയും കെസിയുണ്ടാകും; ഡികെ വേദനയിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കർണാടകയിലെ മുഖ്യമന്ത്രിപ്പോര് രമ്യമായി പരിഹരിച്ചെങ്കിലും ഭാവിയിൽ എപ്പോൾ വേണമെങ്കിലും പ്രശ്‌നം തലപൊക്കാൻ സാധ്യത. .ബുധനാഴ്ച രാത്രി 7 മുതൽ ഇന്നലെ പുലർച്ചെ രണ്ടു വരെ മാരത്തൺ ചർച്ചകളാണു കോൺഗ്രസ് ദേശീയനേതൃത്വം നടത്തിയത്. ഹിമാചൽപ്രദേശിലെ ഷിംലയിലുള്ള സോണിയ ഗാന്ധിയും ഫോണിലൂടെ ഇടപെടൽ നടത്തി. എല്ലാം നിയന്ത്രിച്ചത് മലയാളിയായ കെസി വേണുഗോപാലും. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷവും കെസി വേണുഗോപാൽ നിരന്തര നിരീക്ഷണം തുടരും. വിഭാഗീയതയുണ്ടാകില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് നാലാം ദിനമാണ് പ്രശ്നം പരിഹാരത്തിന് വഴിതെളിഞ്ഞത്. എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരുമായി കെ.സി വേണുഗോപാൽ ചർച്ച നടത്തിയാണ് കർണാടകത്തിലെ മഞ്ഞുരുക്കലിന് വഴിയൊരുക്കിയ ഫോർമുല കണ്ടെത്തിയത്. ഗാന്ധി കുടുംബത്തിന്റെ നിർദ്ദേശം സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനേയും കെ.സി വേണുഗോപാൽ അറിയിച്ചു. ഇതോടെ ഇടഞ്ഞ് നിന്ന നേതാക്കൾ അനുരഞ്ജന ചർച്ചകൾക്ക് വഴങ്ങുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം കിട്ടാത്തതിൽ ഇപ്പോഴും ഡികെ വേദനയിലാണ്. പാർട്ടിക്ക് വേണ്ടി നിലപാട് മയപ്പെടുത്തുകയായിരുന്നു ഡികെ. അതുകൊണ്ട് തന്നെ ഭാവിയിലും പ്രശ്‌നങ്ങൾക്ക് സാധ്യത ഏറെയാണ്.

കീറാമുട്ടിയായി വഴിമുട്ടിപ്പോയ ചർച്ചകൾ പുനരുജ്ജീവിപ്പിച്ച് ഫലപ്രദമായ ചർച്ചകൾ നടന്നത് കെ.സി വേണുഗോപാലിന്റെ ഡൽഹിയിലെ 51 നമ്പർ ലോധി എസ്റ്റേറ്റിലെ വസതിയിൽ വച്ചായിരുന്നു. ദേശീയമാധ്യമങ്ങളുടെ ശ്രദ്ധകേന്ദ്രമായിരുന്നു ഈ വസതിയും കെ.സി വേണുഗോപാലും. രാത്രിയേറെ നീണ്ടുനിന്ന ചർച്ചകളിലൂടെയും ചടുലമായ നീക്കങ്ങളിലൂടെയുമാണ് കർണാടകത്തിൽ നീണ്ടുപോയ മന്ത്രിസഭാ രൂപീകരണ പ്രതിസന്ധിക്ക് അയവ് വരുത്തി പരിഹരിച്ചത്. പ്രശ്നപരിഹാരത്തിലെ കെ.സി ടച്ച് ഇതിലും പ്രകടമായിരുന്നു. ഗാന്ധി കുടുംബത്തിന് വിശ്വാസമുള്ള ട്രബിൾഷൂട്ടറുടെ റോളാണ് കെ.സി വേണുഗോപാലിനുള്ളത്. കർണ്ണാടകയിൽ ഇനിയും കെസി ഇടപെടൽ തുടരും.

സിദ്ധരാമയ്യയും ഡി.കെയും മുഖ്യമന്ത്രിപദത്തിനായുള്ള ആവശ്യത്തിൽ ഉറച്ചുനിന്നു. തുടർന്നാണ് സോണിയാ ഗാന്ധി ചർച്ചകളിൽ സജീവമായി ഇടപെട്ടത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കെ.സി വേണുഗോപാൽ തുടക്കം മുതലുള്ള ചർച്ചകളിൽ സജീവമായിരുന്നു. പ്രശ്നപരിഹാരം നീണ്ടുപോയതോടെ മധ്യസ്ഥ ദൗത്യം കേന്ദ്ര നേതൃത്വം കെ.സി വേണുഗോപാലിനെ ഏൽപ്പിച്ചു. ഇതോടെ സമയവായ ചർച്ചകൾക്ക് വേഗം കൂടി. മന്ത്രിസഭാ രൂപീകരണം നീണ്ടുപോകാൻ പാടില്ലെന്ന നിർദ്ദേശം മല്ലികാർജുന ഖാർഗെ കെ.സി വേണുഗോപാലിന് നൽകി. ഇതോടെ കർണാടക മന്ത്രിസഭാ രൂപീകരണ ചർച്ചകളുടെ ശ്രദ്ധാകേന്ദ്രം കെ.സി വേണുഗോപാലായി മാറി.

സിദ്ധരാമയ്യയെയും ഡി.കെയെയും ഒറ്റയ്ക്കും ഒരുമിച്ച് ഇരുത്തിയും അദ്ദേഹം ചർച്ചകൾ നടത്തി. ചർച്ചകൾ നീണ്ടുപോകുന്നതിലെ ഹൈക്കാമാൻഡിന്റെ അതൃപ്തി അദ്ദേഹം പരസ്യമാക്കുകയും ചെയ്തു. ഇരുവർക്കും തുല്യപരിഗണന നൽകി പ്രശ്നപരിഹാരം കാണുകയായിരുന്നു ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ എന്നിവർ ചേർന്ന് തയ്യാറാക്കിയ ഫോർമുല. സിദ്ധരാമയ്യ, ഡി.കെ കൂട്ടുകെട്ട് കർണാടകയിൽ ഫലപ്രദമാണെന്നും പർട്ടിയുടെ മുന്നോട്ടുള്ള കുതിപ്പിന് ഇത് ആവശ്യമാണെന്നും അദ്ദേഹം ഇരുവരെയും അറിയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് വരെ ഈ കൂട്ടുകെട്ട് ഫലം കാണുമെന്ന പ്രതീക്ഷ അദ്ദേഹം നേതാക്കളുമായി പങ്കുവെച്ചു.

തുടർന്ന് ഖാർഗെയുടെ വസതിയിൽ നിന്ന് മടങ്ങി ലോധി എസ്റ്റേറ്റിലെത്തിയ അദ്ദേഹം കർണാടക ചുമതലയുള്ള സുർജേവാലയെ വിളിച്ചുവരുത്തി ദേശീയ നേതൃത്വത്തിന്റെ തീരുമാനം ധരിപ്പിച്ചു. ശേഷം സിദ്ധരാമയ്യയും ഡി.കെ ശിവകുമാരും കെ.സി വേണുഗോപാലിന്റെ വസതിയിലെത്തി. ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഇരുനേതാക്കളെയും കെ.സി വേണുഗോപാൽ അറിയിച്ചു. തുടർന്ന് നടത്തിയ ചർച്ചകളിലൂടെയാണ് പ്രതിസന്ധി അയഞ്ഞ് പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞത്.

പരസ്പരവിരുദ്ധവും അവാസ്തവവുമായ വാർത്തകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് പലപ്പോഴും ചർച്ചകൾക്ക് പ്രതിസന്ധി സൃഷ്ടിച്ചു. ഡൽഹിയിൽ ചർച്ചകൾ പുരോഗമിക്കെ ഏകപക്ഷീയമായി ഒരാളുടെ പേര് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിച്ചെന്ന വാർത്തകൾ ബിജെപി കേന്ദ്രങ്ങൾ പ്രചരിച്ചപ്പോൾ കർണാടകയുടെ ചുമതലവഹിക്കുന്ന സുർജേവാലയെ ഇറക്കി അത് നിരസ്സിച്ച് വ്യാജവാർത്തകൾക്ക് അന്ത്യം കുറിച്ചു. ഉൾപ്പാർട്ടി പോര് രൂക്ഷമാണെന്നും നേതാക്കൾ തമ്മിലുള്ള അസ്വാരസ്യം വർധിച്ചെന്നുമുള്ള തരത്തിൽ ബിജെപിയും എതിരാളികളും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രചരണം നടത്തിയപ്പോഴും അതിന് മറുപണിയായി രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും നർമ്മം പങ്കുവെച്ച് ചിരിച്ച് ഉല്ലസിക്കുന്ന ചിത്രം പുറത്ത് വിട്ട് ഐക്യത്തിന്റെ സന്ദേശം പ്രചരിപ്പിച്ച ബുദ്ധികേന്ദ്രവും 51 നമ്പർ ലോധി എസ്റ്റേറ്റിലെ കെ.സി തന്നെയാണ്.

മന്ത്രിസഭയിൽ ഏക ഉപമുഖ്യമന്ത്രിയായി ശിവകുമാർ വരുന്നതിനോടു സിദ്ധരാമയ്യയ്ക്കു വിയോജിപ്പുണ്ടായിരുന്നു. ലിംഗായത്ത് ഉൾപ്പെടെ മറ്റു സമുദായങ്ങൾക്കും ഉപമുഖ്യമന്ത്രി പദത്തിൽ പ്രാതിനിധ്യം വേണമെന്നു നിലപാട്. ശിവകുമാറിന്റെ പ്രാധാന്യം കണക്കിലെടുത്ത് മറ്റുള്ളവർക്കൊപ്പം ഉപമുഖ്യമന്ത്രി സ്ഥാനം പങ്കിടാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നത് അനീതിയാണെന്ന് വേണുഗോപാൽ നിലപാട് എടുത്തു. ഏക ഉപമുഖ്യമന്ത്രി എന്ന പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും അറിയിക്കുന്നു. പിന്നീട് ശിവകുമാറിനെ വേണുഗോപാൽ പാർട്ടി തീരുമാനം അറിയിച്ചപ്പോൾ തിരഞ്ഞെടുപ്പു വിജയത്തിനായുള്ള അധ്വാനം വിവരിച്ച് ശിവകുമാർ വികാരാധീനനാകുന്നു. മറ്റു മാർഗമില്ലെന്നും വഴങ്ങണമെന്നുമുള്ള ഹൈക്കമാൻഡ് നിലപാട് ഒടുവിൽ അംഗീകരിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP