Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടുംബത്തിലേക്ക് അഴിമതി ആരോപണം എത്തിയതോടെ വാർത്താസമ്മേളനം ഉപേക്ഷിച്ചു മുഖ്യമന്ത്രി; സർക്കാറിന്റെ അഴിമതികൾ എണ്ണിപ്പറഞ്ഞു 'കമ്മീഷൻ സർക്കാർ' മുദ്രാവാക്യം വ്യാപകമാക്കാൻ പ്രതിപക്ഷ തന്ത്രവും; കർണാടകയിലെ വിജയം നൽകിയ ആവേശത്തിൽ യോജിപ്പോടെ യുഡിഎഫ്; സെക്രട്ടറിയേറ്റ് വളയൽ സമരവും വിജയമെന്ന് വിലയിരുത്തൽ

കുടുംബത്തിലേക്ക് അഴിമതി ആരോപണം എത്തിയതോടെ വാർത്താസമ്മേളനം ഉപേക്ഷിച്ചു മുഖ്യമന്ത്രി; സർക്കാറിന്റെ അഴിമതികൾ എണ്ണിപ്പറഞ്ഞു 'കമ്മീഷൻ സർക്കാർ' മുദ്രാവാക്യം വ്യാപകമാക്കാൻ പ്രതിപക്ഷ തന്ത്രവും; കർണാടകയിലെ വിജയം നൽകിയ ആവേശത്തിൽ യോജിപ്പോടെ യുഡിഎഫ്; സെക്രട്ടറിയേറ്റ് വളയൽ സമരവും വിജയമെന്ന് വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി സർക്കാറിന്റെ രണ്ടാം വാർഷികാഘോഷമാണ് ഇന്നലെ ആഘോഷപൂർവ്വം കടന്നുപോയത്. രണ്ട് വർഷം കൊണ്ട് എന്തു നേട്ടം എന്നു ചോദിച്ചാൽ എടുത്തുപറയാൻ ഒന്നും സർക്കാറിന്റെ അക്കൗണ്ടിലില്ല. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നടപ്പിലാക്കുമെന്ന് പറഞ്ഞ കെ ഫോണിനെ വീണ്ടും പൊടിതട്ടി ആഘോഷമാക്കുന്ന കാഴ്‌ച്ചയാണ് കണ്ടതും. അതേസമയം പ്രതിപക്ഷം സർക്കാറിനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് വരെ അഴിമതി ആരോപണം നീണ്ടതോടെ സർക്കാർ പ്രതിരോധത്തിലായിരുന്നു. ഈ പ്രതിരോധം വ്യക്തമാകുന്നത് മുഖ്യമന്ത്രിയുടെ മൗനത്തിലൂടെയാണ്. നൂറ് ദിവസത്തിലേറെയായി മാധ്യമങ്ങളെ കാണാതിരിക്കുകയാണ് പിണറായി വിജയൻ. മുമ്പെല്ലാം പതിവു വാർത്താസമ്മേളനങ്ങളിലൂടെ താരമായ പിണറായി, ഇപ്പോൾ സർക്കാറിന്റെ രണ്ടാം വാർഷികത്തിൽ പോലും മാധ്യമങ്ങളെ കാണാൻ തയ്യാറായില്ല.

എഐ ക്യാമറാ വിവാദത്തിൽ അടക്കം ചോദ്യങ്ങൾ നേരിടേണ്ടി വരുമെന്നതു കൊണ്ടു കൂടിയാണ് മുഖ്യമന്ത്രി മാധ്യമങ്ങളിൽ നിന്നും അകലം പാലിക്കുന്നതെന്ന ആരോപണവും ശക്തമാണ്. സർക്കാറിനെതിരായ ആരോപണങ്ങളിൽ ചോദ്യങ്ങൾ നേരിടാൻ പിണറായി തയ്യാറല്ല. മോദി മോദിൽ ചോദ്യങ്ങൾക്ക് സ്വീകരിക്കാതെ റേഡിയോ മാർഗ്ഗമാണ് പിണറായി സ്വീകരിക്കുന്നതെന്ന ആരോപണം ശക്തമാണ്.

മറുവശത്ത് പിണറായി സർക്കാറിന്റെ അഴിമതിമകൾ എണ്ണിപ്പറഞ്ഞു കൊണ്ട് കോൺഗ്രസ് കേരളത്തിൽ തെരഞ്ഞെടുപ്പിനു അടുപ്പു കൂട്ടുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പാണ് യുഡിഎഫിന് മുന്നിലുള്ള പ്രധാന ലക്ഷ്യം. ഇന്നലെ നടന്ന യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ സമരം വിരൽ ചൂണ്ടുന്നതും സർക്കാറിനെതിരായി പോരാട്ടം കടുപ്പിക്കനാണ്. ഇന്നലത്തെ സമരം വിജയമാണെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്.

കർണ്ണാടകയിൽ കോൺഗ്രസ് നേടിയ വിജയാവേശത്തിൽ യുഡിഎഫും യോജിപ്പോടെ കേരളത്തിൽ അണിനിരക്കുകയാണ്. പിണറായി സർക്കാർ കമ്മീഷൻ സർക്കാരാണെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയുടെ മുദ്രാവാക്യത്തിലൂന്നിയായിരിക്കും ഇനിയുള്ള പ്രവർത്തനങ്ങൾ. കൂടാതെ കർണാടകത്തിൽ 40 ശതമാനം കമ്മീഷൻ സർക്കാരായിരുന്നുവെങ്കിൽ കേരളത്തിൽ 80 ശതമാനം കമ്മീഷൻ സർക്കാരാണ് ഭരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.

എന്തായാലും രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം വാർഷികത്തിൽ സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് തീർത്തത് വൻ പ്രതിരോധം തന്നെയാണ്. ഐഎഎസ് ഉദ്യോഗസ്ഥനെയടക്കം പ്രതിഷേധക്കാർ തടഞ്ഞു. അതേസമയം പിണറായി സർക്കാരിന് പാസ് മാർക്ക് പോലും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. അരി ചാമ്പാൻ അരിക്കൊമ്പനും ചക്ക ചാമ്പാൻ ചക്കക്കൊമ്പനുമെന്ന പോലെ കേരളം ചാമ്പാൻ ഇരട്ടച്ചങ്കനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പരിഹസിച്ചു.

ഒരു വശത്ത് പ്രോഗ്രസ് കാർഡുമായി സർക്കാറിന്റെ വലിയ ആഘോഷം, മറുവശത്ത് കുറ്റപത്രകവുമായി സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിപക്ഷം. സർക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് വളയലിന് അതിരാവിലെ മുതൽ പ്രവർത്തകരെത്തി. കന്റോൺമെന്റ് ഗേറ്റൊഴികെയുള്ള ഗേറ്റുകൾ രാവിലെ മുതൽ വിവിധ ജില്ലകളിലെ പ്രവർത്തകർ വളഞ്ഞു. സംസ്ഥാനത്തെ എല്ലാ നേതാക്കളും ഒുമിച്ചു കൊണ്ടായിരുന്നു യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ സമരം. ഈ സമരം വിജയമായെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.

അതേസമയം സർക്കാർ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കൊണ്ടാണ് രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്. പ്രതിസന്ധികളും കേന്ദ്ര അവഗണനയും അതിജീവിച്ച് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നടപ്പാക്കുന്നതിൽ സർക്കാർ ശ്രദ്ധ പതിപ്പിച്ചു. 900 വാഗ്ദാനങ്ങൾ നൽകിയതിൽ രണ്ട് വർഷത്തിനിടെ 809 ഉം നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. വിലക്കയറ്റം പിടിച്ചുനിർത്തിയും തൊഴിലവസരം പരമാവധി സൃഷ്ടിച്ചും വയോജനങ്ങളെ ചേർത്തുപിടിച്ചും ഭക്ഷ്യ- ആരോഗ്യ രംഗത്ത് ഏറ്റവും സാധാരണക്കാരെ കരുതിയുമാണ് സമഗ്രമായ നയപരിപാടി നടപ്പാക്കുന്നത്. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ സമാപനചടങ്ങിൽ ചീഫ് സെക്രട്ടറി വി പി ജോയിക്ക് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി.

പ്രത്യക്ഷത്തിൽ എടുത്തു പറയാൻ സാധിക്കുന്ന പദ്ധതികളൊന്നും പ്രോഗ്രസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞവർഷം നടപ്പാക്കിയ വികസന ക്ഷേമ പദ്ധതികളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി 90 അധ്യായങ്ങളിലായി 300 പേജുള്ളതാണ് പ്രോഗ്രസ് റിപ്പോർട്ട്. സാമ്പത്തിക അച്ചടക്കം കർശനമായി പാലിച്ചാണ് ധനകാര്യത്തിൽ നേട്ടം കൊയ്തത്. പ്രൈമറി വിദ്യാഭ്യാസം മുതൽ ഉന്നതവിദ്യാഭ്യാസംവരെ ചെലവ് കുറച്ചും മികച്ച നിലവാരത്തിലുമാണ് നൽകുന്നത്. അവകാശപ്പെട്ട തുക കേന്ദ്ര സർക്കാർ തടഞ്ഞതുമൂലമുള്ള പ്രതിസന്ധികളുണ്ടായിട്ടും ക്ഷേമ പെൻഷനുകളെയോ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടികളെയോ ബാധിച്ചില്ലെന്നാണ് അവകാശവാദം.

അഭ്യസ്തവിദ്യരായ 20 ലക്ഷം പേർക്ക് ഡിജിറ്റൽ രംഗത്ത് തൊഴിലെന്ന വാഗ്ദാനം നടപ്പാക്കുന്നത് മികച്ചനിലയിലാണ് മുന്നേറുന്നത്. നോളജ് ഇക്കണോമിയിൽ ഇതിനകം 13.58 ലക്ഷംപേർ രജിസ്റ്റർ ചെയ്തു. പങ്കാളികളുമായി സഹകരിച്ച് നേടിയതുൾപ്പെടെ 5.18 ലക്ഷം പേർക്ക് തൊഴിൽ സമാഹരിക്കാൻ കഴിഞ്ഞുവെന്ന് അഴകാശപ്പെടുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നടപ്പാക്കുമെന്ന് പറഞ്ഞ കെ ഫോൺ ജൂൺ അഞ്ചിന് ഉദ്ഘാടനം ചെയ്യുമെന്നകാണ് ഒരു നേട്ടമായി അവകാശപ്പെടുന്നത്.

അതേസമയം എഐ ക്യാമറാ വിവാദത്തിൽ അടക്കം പിണറായിയും സർക്കാറും പ്രതിരോധത്തിലാണ്. വ്യവസായ വകുപ്പിൽനിന്നും മാറ്റിയ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിന് വീണ്ടും വ്യവസായ വകുപ്പിന്റെ ചുമതല നൽകിയത് അടക്കം വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. റോഡ് ക്യാമറാ വിവാദത്തിൽ സർക്കാറിന് ക്ലീൻചിറ്റ് നല്കി റിപ്പോർട്ടു നൽകിയതിന് പിന്നാലെയാണ് ഹനീഷ് സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. ഇത് മുഖ്യമന്ത്രിയുടെ കുടുംബതാൽപ്പര്യം സംരക്ഷിച്ചതു കൊണ്ടാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം റോഡ് ക്യാമറ ഇടപാട് സംബന്ധിച്ച റിപ്പോർട്ട് ഹനീഷ് സർക്കാരിനു കൈമാറിയിരുന്നു. ഇടപാടിൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ നിർദ്ദേശങ്ങൾ കെൽട്രോൺ പാലിച്ചതായാണ് ഹനീഷിന്റെ കണ്ടെത്തൽ. ഇത് തെറ്റാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. റോഡ് ക്യാമറ വിവാദം അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്ഥാനമാറ്റം.

എ.ഐ ക്യാമറ വിവാദത്തിൽ കെൽട്രോണിനെ വെള്ളപൂശിയാണ് വ്യവസായ വകുപ്പിന്റെ റിപ്പോർട്ട്. നടപടികൾ എല്ലാം സുതാര്യമായിരുന്നുവെന്നും ഉയർന്നു വന്ന ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും വ്യവസായമന്ത്രി പി രാജീവ് പറഞ്ഞിരുന്നു. പ്രസാഡിയോ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ പരിശോധിക്കേണ്ടതില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. സംസ്ഥാനമുടനീളം എ.ഐ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് സർക്കാർ തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന മുഹമ്മദ് ഹനീഷ് തയ്യാറാക്കിയ റിപ്പോർട്ട് കൈമാറുകയും ചെയതിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP