Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാഞ്ചാടി നിന്ന ലീഗ് മനസ് ഇനി കോൺഗ്രസിനൊപ്പം അടിയുറച്ചു നിൽക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പിനെ പുത്തൻ ഉണർവോടെ നേരിടും; ഐക്യത്തോടെ നീങ്ങാൻ നേതാക്കളും നിർബന്ധിതരാകും; ന്യൂനപക്ഷ സംരക്ഷകരെന്ന സിപിഎം വാദം പൊള്ളയെന്ന് വാദിക്കാൻ കർണാടകം ഉദാഹരണമാക്കും; കന്നഡ മണ്ണിലെ വിജയം കേരള കോൺഗ്രസിനും ആത്മവിശ്വാസം നൽകും

ചാഞ്ചാടി നിന്ന ലീഗ് മനസ് ഇനി കോൺഗ്രസിനൊപ്പം അടിയുറച്ചു നിൽക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പിനെ പുത്തൻ ഉണർവോടെ നേരിടും; ഐക്യത്തോടെ നീങ്ങാൻ നേതാക്കളും നിർബന്ധിതരാകും; ന്യൂനപക്ഷ സംരക്ഷകരെന്ന സിപിഎം വാദം പൊള്ളയെന്ന് വാദിക്കാൻ കർണാടകം ഉദാഹരണമാക്കും; കന്നഡ മണ്ണിലെ വിജയം കേരള കോൺഗ്രസിനും ആത്മവിശ്വാസം നൽകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിയെ തകർത്തു തരിപ്പണമാക്കി കർണാടക തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയത് കേരളത്തിലെ കോൺഗ്രസിലും യുഡിഎഫിനും ഏറെ ആശ്വസമായി. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ വിജയിക്കാമെന്ന മോഹവും എളുപ്പമാക്കില്ല. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി കുറഞ്ഞുവെന്ന് വാദിക്കുന്നവരാണ് സിപിഎമ്മുകാർ. എന്നാൽ, ഇന്നലെ ബിജെപിയെ നേർക്കുനേർ നിന്ന് പോരാടി വീഴ്‌ത്തിയതോടെ കോൺഗ്രസിന് ഈ വാദങ്ങളെ തള്ളാൻ സാധിക്കും.

കർണാടക ഇഫക്ടിൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 2019ലേതിന് സമാനമായ വിജയം ആവർത്തിക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. കർണാടക വിജയം മതന്യൂനപക്ഷങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ബിജെപി ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ ഇടപെടലുകൾ ശക്തമാക്കിയിരിക്കെ പ്രത്യേകിച്ചും. കർണാടകത്തിൽ ഒമ്പത് മുസ്ലിം എംഎൽഎമാരാണ് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചു കയറിയത്. അതുകൊണ്ട് തന്നെ മുസ്ലിം മനസിലേക്ക് കോൺഗ്രസ് കൂടുതൽ നടന്നു കയറുകയാണ്. ഇത് കേരളത്തിൽ യുഡിഎഫിനും തുണയായി മാറും.

2021ലെ നിയമസഭാ തോൽവിക്ക് ശേഷം മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികൾ കോൺഗ്രസിന്റെ പ്രവർത്തനത്തിൽ അതൃപ്തരായിരുന്നു. ഇടക്കാലം കൊണ്ട് പിണറായിയെ പുകഴ്‌ത്തിക്കൊണ്ട് ലീഗ് നേതാക്കൾ നിരന്തരം രംഗത്തുവരികയും ചെയ്യുന്നു. മുന്നണി വിടുമെന്നവിധത്തിൽ വാർത്തകൾ വരുമ്പോഴാണ് കർണാടകയിലെ കണ്ണഞ്ചിപ്പിക്കുന്ന വിജയവും ഉണ്ടായിരിക്കുന്നത്. ഇതോടെ ലീഗ് കോൺഗ്രസിനൊപ്പം അടിയുറച്ചു നിൽക്കുമെന്ന് ഉറപ്പായി.

വയനാട്ടിലെ ലീഡേഴ്‌സ് മീറ്റിലൂടെ കോൺഗ്രസ് നേതാക്കൾക്കിടയിലെ അകൽച്ച കുറയുന്ന പശ്ചാത്തലത്തിൽ വന്ന കർണാടക ഫലം ചൂണ്ടിക്കാട്ടി പാർട്ടിയുടെ പ്രതാപം വീണ്ടെടുക്കാമെന്നാണ് പ്രതീക്ഷ. നേതാക്കളുടെ ഐക്യമാണ് കർണാടകയിലെ വിജയത്തിൽ ഏറ്റവും പ്രധാനമായത്. അതുകൊണ്ട് തന്നെ കെ സുധാകരനും വിഡി സതീശനും രമേശ് ചെന്നിത്തലയും അടക്കം ഒരുമയോടെ മുന്നോട്ടു പോകേണ്ട അവസരമാണ് ഒരുങ്ങുന്നത്.

കർണാടകയിൽ ന്യൂനപക്ഷ, പിന്നാക്ക, ദളിത് പിന്തുണ ലഭിച്ചതാണ് വിജയത്തിലേക്ക് നയിച്ചത്. വയനാട് ലീഡേഴ്‌സ് മീറ്റിന്റെ തുടർച്ചയായി മത,ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് കോൺഗ്രസ് നീക്കം. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള അകൽച്ച മാറ്റാൻ ഹൈക്കമാൻഡിന് കഴിഞ്ഞതാണ് പാർട്ടിക്ക് കരുത്തായത്. വയനാട്ടിൽ സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റിലൂടെ കേരളത്തിലും അതിനുള്ള സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. ബിജെപി സർക്കാരിനെതിരായ അഴിമതിയാരോപണങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ട് ഭരണവിരുദ്ധവികാരം അനുകൂലമാക്കിയത് കർണാടകത്തിൽ കോൺഗ്രസിന് ഗുണം ചെയ്തു. കേരളത്തിലും ഇടതുസർക്കാരിനെതിരായ അഴിമതിയാരോപണവും ഭരണവിരുദ്ധവികാരവും മുതലെടുത്ത് പ്രചാരണം നടത്തിയാൽ ഫലമുണ്ടാവും.

ഭാരത് ജോഡോ യാത്രയിലൂടെ കർണാടകത്തിൽ ആവേശവും പാർട്ടിയിൽ ഐക്യവും വിതറിയ രാഹുൽ ഗാന്ധിക്ക് ഇമേജ് ബൂസ്റ്റർ കൂടിയാണ് ഫലം. കോടതിയൽ നിന്നും ഇനി അനുകൂല വിധി കൂടി രാഹുൽ നേടായാൽ അത് കോൺഗ്രസിന് പുത്തൻ ഉണർവ്വാകുമെന്ന കാര്യം ഉറപ്പാണ്ട്. കോൺഗ്രസിനൊരു ചരിത്ര ദിവസമാണ് കർണാടകം സമ്മാനിച്ചത്. ഫലം മറ്റൊന്നായാൽ, കളം കൈവിട്ടു പോയെന്ന മട്ടിൽ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കും നീളുന്ന ദൂരവ്യാപക പ്രത്യാഘാതം കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ഒരുപോലെ ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു.

ഇനിയങ്ങോട്ട് ഒരു വർഷം നീളുന്ന പോരാട്ട ദിനങ്ങളിലേക്ക് അതുകൊണ്ടു തന്നെ, ഉത്തേജക മരുന്നാകാൻ കർണാടകത്തിനായി. രണ്ടു പ്രത്യേക സാഹചര്യങ്ങൾക്കിടയിലാണ് കർണാടകം കോൺഗ്രസിനെ സഹായിച്ചത്. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വത്തിന് അയോഗ്യത കൽപിച്ചും നെഹ്‌റു കുടുംബത്തെ അന്വേഷണങ്ങളിൽ തളച്ചിട്ടും ആത്മവീര്യം ചോർത്തി 'കോൺഗ്രസ് മുക്തഭാരത'മെന്ന ലക്ഷ്യവുമായി നീങ്ങുന്ന ബിജെപി ഒരു വശത്ത്. ബിജെപി വിരുദ്ധചേരിയെ നയിക്കാൻ കോൺഗ്രസിനുള്ള അവകാശവും കഴിവും വിവിധ പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്യുകയും, മാറ്റിനിർത്തി ബദൽ ചേരി രൂപവത്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യം മറുവശത്ത്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയ മല്ലികാർജുൻ ഖാർഗെ, ഭാരത് ജോഡോ യാത്ര നടത്തിയ രാഹുൽ ഗാന്ധി, രാഷ്ട്രീയ നിലനിൽപ്പിന്റെ തന്നെ പ്രശ്‌നം നേരിടുന്ന ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ, സംഘാടന മികവു തെളിയിക്കേണ്ട കെ.സി. വേണുഗോപാൽ തുടങ്ങി കോൺഗ്രസ് കേന്ദ്ര-സംസ്ഥാന നേതൃനിരക്കാകെ കർണാടക ജയം അത്രമേൽ പ്രധാനമായിരുന്നു.

മോദി-അമിത് ഷാമാർ നയിക്കുന്ന ബിജെപിയുടെ കാവിരാഷ്ട്രീയത്തിനു മുന്നിൽ രാജ്യം കീഴടങ്ങിപ്പോയെന്ന ചിന്താഗതി ലോക്‌സഭ തെരഞ്ഞെടുപ്പു പ്രവണതകളിലേക്ക് പടരുന്ന ഘട്ടത്തിലാണ് കർണാടകം തടയണ തീർത്തത്. മോദിയെയും സംഘ്പരിവാർ വിഭാഗീയ രാഷ്ട്രീയത്തെയും കൈവിടുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന വ്യക്തമായ സൂചനയാണ് കർണാടകം. കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നും, തോൽപിക്കാൻ കഴിയാത്ത അജയ്യത ബിജെപിക്ക് കൽപിച്ചു കൊടുക്കേണ്ടതില്ലെന്നുമുള്ള ആത്മവിശ്വാസം സംഭരിക്കാൻ കർണാടക ഫലത്തിലൂടെ കാവിവിരുദ്ധ രാഷ്ട്രീയചേരിക്ക് സാധിച്ചു.

ഇത് പ്രതിപക്ഷ ഐക്യ നീക്കങ്ങൾക്ക് ഗതിവേഗം പകരും. നവംബർ, ഡിസംബറിലായി നടക്കേണ്ട മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, തെലങ്കാന, മിസോറം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ആത്മവിശ്വാസം നൽകും. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതടക്കം, മോദി സർക്കാറിന്റെ വേട്ടയാടൽ പ്രതിപക്ഷ ഐക്യം അനിവാര്യമാക്കി മാറ്റിയതിനു പിറകെയാണ് കർണാടകം ബിജെപിയെ തള്ളിയത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ സഖ്യനീക്കങ്ങൾ പുരോഗതിയിലാണ്. ഈ മാസം 18ന് ഡൽഹിയിൽ നടത്താൻ ഉദ്ദേശിക്കുന്ന നേതൃയോഗം പ്രതിപക്ഷ നീക്കങ്ങളിൽ പുതിയ വഴിത്തിരിവാകും. രാജ്യസഭയിൽ മൂന്നിൽ വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ച് അജണ്ടകൾ മുന്നോട്ടു നീക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ തിരിച്ചടി കൂടിയാണ് ഹിമാചൽ പ്രദേശിനു പിന്നാലെ കർണാടകം പ്രതിപക്ഷ ചേരിക്ക് നൽകിയ വിജയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP