Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുധാകരന്റെ ഉരുളക്കുപ്പേരിയിൽ ചർച്ചയായത് കണ്ണൂരിലെ രാഷ്ട്രീയ കൊലകൾ; കടന്നാക്രമിച്ച മുഖ്യമന്ത്രിയുടെ ശൈലി മൈലേജായത് കെപിസിസി അധ്യക്ഷന്; മുഖ്യഎതിരാളി സിപിഎം തന്നെയെന്ന് കോൺഗ്രസുകാരിൽ ഉറപ്പിച്ച 'ബ്രണ്ണൻ പോര്'; സുധാകര ശൈലി ക്ലിക്കായതോടെ പ്രതികരിക്കാതെ പിണറായി

സുധാകരന്റെ ഉരുളക്കുപ്പേരിയിൽ ചർച്ചയായത് കണ്ണൂരിലെ രാഷ്ട്രീയ കൊലകൾ; കടന്നാക്രമിച്ച മുഖ്യമന്ത്രിയുടെ ശൈലി മൈലേജായത് കെപിസിസി അധ്യക്ഷന്; മുഖ്യഎതിരാളി സിപിഎം തന്നെയെന്ന് കോൺഗ്രസുകാരിൽ ഉറപ്പിച്ച 'ബ്രണ്ണൻ പോര്'; സുധാകര ശൈലി ക്ലിക്കായതോടെ പ്രതികരിക്കാതെ പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചേകവന്മാരുടെ നാടാണ് കണ്ണൂർ ജില്ല. ഈ ജില്ലയിൽ രാഷ്ട്രീയ നേതാവായി ശോഭിക്കണമെങ്കിൽ അൽപ്പം വീരപരിവേഷമൊക്കെ വേണം. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായ വേളയിൽ അദ്ദേഹം ആരാധകരെ ആവേശം കൊള്ളിച്ചതും കാർക്കശ്യമായ നിലപാടു കൊണ്ടും രാഷ്ട്രീയ എതിരാളികളെ വാക്കുകൾ കൊണ്ടും നേരിട്ടതിന് കാരണവും കണ്ണൂരിന്റെ മനസ്സറിഞ്ഞുള്ള ശൈലി കൊണ്ടായിരുന്നു. അതേ കളരിയിൽ അഭ്യസിച്ച കെ സുധാകരനും അറിയാം എങ്ങനെയാണ് സിപിഎമ്മിനെ ഒതുക്കേണ്ടതെന്ന്. അതുകൊണ്ട് തന്നെ ബ്രണ്ണൻ കഥകൾ പറഞ്ഞ് ഇപ്പോൾ ഇരു നേതാക്കളും ഏറ്റുമുട്ടിയപ്പോൾ അൽപ്പം മൈലേജുണ്ടാക്കിയത് സുധാകരൻ തന്നെയാണ്.

വികസന കാര്യത്തിലും കരുതലിന്റെ കാര്യത്തിലും വാഴ്‌ത്തപ്പെട്ട മുഖ്യമന്ത്രി ആകട്ടെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടു. വാടിക്കൽ രാമകൃഷ്ണൻ വധക്കേസിലെ ഒന്നാം പ്രതിയായിരുന്നു പിണറായി എന്ന് കെപിസിസി അധ്യക്ഷൻ എഫ്‌ഐആർ ഉയർത്തിക്കാട്ടി ആരോപണം ഉന്നയിച്ചപ്പോൾ ഇക്കാര്യം മാധ്യമങ്ങളിൽ അധികം ചർച്ചയാകാതിരിക്കാനാണ് സിപിഎം ശ്രമിച്ചത്. മറിച്ച് കെ സുധാകരന്റെ നാവിൽ നിന്നും വീണ ചില കൊലപാതക വിവരങ്ങൾ പ്രധാനമായും ഉയർത്തിക്കാണിക്കാനും പറഞ്ഞു. സേവറി നാണു വധക്കേസിൽ മാത്രമാണ് കോൺഗ്രസ് പ്രതിസ്ഥാനത്തുള്ളത് മറ്റെല്ലാ കൊലപാതകങ്ങളിലും സിപിഎമ്മാണ് പ്രതിസ്ഥാനത്ത് എന്നാണ് സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇതാണ് ഇപ്പോൾ വിവാദമായി കുത്തിപ്പൊക്കുന്നതും.

പിണറായി വിജയന്റെ ബന്ധു കൂടിയായ അംഗരക്ഷകന്റെ കൊലപാതകവും സുധാകരൻ ചർച്ചയാക്കിയിരുന്നു. ഇപ്പോഴത്തെ നിലയിൽ വാക്‌പോര് തുടർന്നാൽ അത് മുഖ്യമന്ത്രിയുടെ ഇമേജിനെ ബാധിക്കും എന്നതിനാൽ പിണറായി ഈ വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്താനുള്ള സാധ്യത കുറവാണ്. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ സാഹചര്യത്തിൽ ഇനി കൂടുതി നൽ പ്രതികരിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന തീരുമാനം. അതേസമയം സുധാകരനെ സിപിഎം നേതാക്കൾ വഴി ആക്രമിക്കാനും കേസെടുക്കാനും ഉദ്ദേശിക്കുന്നുമുണ്ട്.

സുധാകരന് എതിരായ വിഷയത്തിൽ ഇനിയൊരു പരസ്യ പ്രതികരണത്തിന് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രിയുള്ളത്. പറയാനുള്ള കാര്യങ്ങളെല്ലാം വാർത്താസമ്മേളനത്തിൽ വിശദമായി പറഞ്ഞു കഴിഞ്ഞു. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുധാകരൻ മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയത്. അത് സംബന്ധിച്ച സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട സന്ദർഭത്തിലാണ് പരസ്യമായ പ്രതികരണത്തിന് മുതിർന്നതെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. വിഷയം ഇതോടെ അവസാനിച്ചെന്നും ഇതിൽ ഇനി കാര്യമായ പ്രതികരണത്തിന് പ്രസക്തിയില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ.

അതേസമയം, സുധാകരന്റെ ഭൂതകാല രാഷ്ട്രീയം സജീവചർച്ചയാക്കാനാണ് സിപിഎമ്മിന്റെ നീക്കം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്മന്ത്രിമാരായ എ.കെ. ബാലൻ, എം.എ. ബേബി, ഇ.പി. ജയരാജൻ തുടങ്ങിയവർ സുധാകരനെതിരെ രംഗത്തെത്തിയത്. ഇന്നലെ ചേർന്ന സിപിഎം. സംസ്ഥാന സെക്രട്ടേറിയേറ്റ് സുധാകരനെതിരായ കഴിഞ്ഞകാല സംഭവങ്ങൾ സജീവ ചർച്ചയാക്കി സമൂഹത്തിൽ ഉയർത്തിക്കൊണ്ടു വരാനുള്ള തീരുമാനം എടുത്തിരുന്നു.

എന്നാൽ, തനിക്കെതിരായ ആക്രമണം ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ സുധാകരൻ ആക്രമണത്തിന്റെ മൂഡിൽ തന്നെയാണ്. ഇതാണ് അദ്ദേഹം പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കുമെന്ന് ആവർത്തിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതും. കോൺഗ്രസ് അണികളുടെ ആവശ്യപ്രകാരം കെപിസിസി അധ്യക്ഷനായ നേതാവാണ് കെ സുധാകരൻ. കോൺഗ്രസിന്റെ സിപിഎം വിരോധം ഊതിക്കാച്ചിയെടുക്കാൻ ബ്രണ്ണൻ വിവാദത്തിലൂടെ സുധാകരന് സാധിച്ചു. കേരളത്തിലെ മുഖ്യഎതിരാളി ആരാണെന്ന് കോൺഗ്രസ് അണികളെയും ബോധ്യപ്പെടുത്താൻ ഈ വിവാദം കൊണ്ട് സുധാകരന് സാധിച്ചു. അദ്ദേഹം കോൺഗ്രസ് അണികൾക്കിടയിൽ സ്വീകാര്യത നേടിയെന്ന് തന്നെ ചുരുക്കം.

കണ്ണൂരിലെ നേതാക്കൾ ഏറിയകാലവും അമരത്തിരുന്നത് സിപിഎമ്മിലാണ്. അതിനാൽ, കണ്ണൂർ ലോബിയുടെ ശൈലിയെല്ലാം ആ നേതാക്കളിലാണ് ചാർത്തപ്പെട്ടത്. ഇപ്പോൾ ഈ ശൈലിയിൽ കോൺഗ്രസിൽ നിന്നും ഒരു സംസ്ഥാന നേതാവ് ഉണ്ടാകുകയാണ്. പാർട്ടിസെക്രട്ടറിയായി സിപിഎമ്മിലും മുഖ്യമന്ത്രിയായി കേരളജനതയിലും സ്വീകാര്യമുണ്ടാക്കിയത് പിണറായി വിജയന്റെ കാർക്കശ്യ ശൈലിയാണെന്നാണ് പൊതുവിലയിരുത്തൽ. മുഖ്യമന്ത്രിയുടെ 'ഇരട്ടച്ചങ്കൻ' പരിവേഷം ഇടതുപക്ഷ രാഷ്ട്രീയ ഹീറോയിസമായി മാറിയ ഘട്ടമാണിത്.

ഈ ഘട്ടത്തിലാണ് എതിർപാളയത്തിൽ അതേ വീര്യത്തോടെ പോര് നയിക്കാൻ സുധാകരനെത്തുന്നത്. സെമികേഡർ പാർട്ടിയായി കോൺഗ്രസിനെ മാറ്റുമെന്ന സുധാകരന്റെ പ്രഖ്യാപനം സുധാകര ശൈലിയിലേക്ക് കോൺഗ്രസിനെ കൊണ്ടുവരുമെന്ന സൂചനയായാണ് സിപിഎം. കണക്കാക്കിയത്. എന്നാലിത് കോൺഗ്രസ് നേതാക്കൾക്ക് അത്ര സ്വീകാര്യമായ രീതിയാവില്ലെന്ന് സിപിഎമ്മിന് അറിയാം. ആ നീക്കം തകർക്കാനാണ് സുധാകരനെ ഉന്നം വെച്ചുള്ള വിമർശനം സിപിഎം ശക്തമാക്കിയത്.

എന്നാൽ, സുധാകര ശൈലിയെ സിപിഎം ഭയപ്പെട്ടുതുടങ്ങിയെന്ന തെളിവാണ് ഇതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. ഇതിന് കാരണം, തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പിണറായിയെ നേരാടാൻ ഒരു നേതാവെത്തി എന്ന പ്രതീതി ഉണ്ടാക്കി എന്നു തന്നെയാണ്. പഠനകാലത്തെ പരസ്പര കലഹത്തെക്കുറിച്ചുള്ള സുധാകരന്റെ പരാമർശം വേണ്ടായിരുന്നുവെന്നാണ് പല കോൺഗ്രസ് നേതാക്കളുടെയും നിലപാട്. എന്നാൽ, സുധാകരന്റെ പ്രതികരണം വന്നതോടെ ഈ നിലപാടിൽ മാറ്റം വന്നു.

ബ്രണ്ണൻ വീരകഥകളിൽ ഊന്നാതെ രാഷ്ട്രീയമായി മുഖ്യമന്ത്രിയുടെ പരാമർശത്തെ നേരിട്ടതാണ് ഇതിന് കാരണമായത്. ഒരു ആരോപണമോ വിമർശനമോ ഉണ്ടായാൽ ഉടനെ എതിർ പ്രസ്താവന എന്ന കോൺഗ്രസ് രീതി സുധാകരൻ സ്വീകരിച്ചില്ല. പറയാനുള്ളത് ആലോചിച്ച് ഉറപ്പിച്ച് മറുപടി എന്നതായിരുന്നു തീരുമാനം. പിണറായി വിജയന്റെ രണ്ടാം അധ്യായം തുറക്കാൻ ഞങ്ങളെക്കൊണ്ട് നിർബന്ധിക്കരുതെന്ന പ്രസ്താവന കൂടിയായപ്പോൾ ആദ്യ ഇന്നിങ്സിൽ യു.ഡി.എഫ്. പാളയത്തിന് ഊർജം നൽകാനും സുധാകരനായി. ഇനിയും തുടർ വിമർശനവുമായി രംഗത്തെത്തിയാൽ പിണറായി വിജയന്റെ ആ പഴയഭൂതകാലവും കൂടുതൽ ചർച്ചയാക്കാനുള്ള തയ്യാറെടുപ്പിലാണ് സുധാകര പക്ഷവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP