Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാർട്ടി സീനിയോറിട്ടിയിൽ മുമ്പിൽ രാധാകൃഷ്ണൻ; മന്ത്രി ഓഫീസിലെ താക്കോൽ സ്ഥാനത്ത് സമ്പത്തിനെ വച്ചത് വകുപ്പിലെ ചലനം പോലും അറിയാൻ; ഗോവിന്ദൻ മാറുമ്പോൾ നിയമസഭയിൽ മുഖ്യമന്ത്രിയുടെ തൊട്ടടുത്തുള്ള രണ്ടാം നമ്പർ കസേരയിലേക്ക് ആരു വരും? ബാലഗോപാലും രാജീവും പ്രതീക്ഷയിൽ; ഷംസീറിന് വേണ്ടി 'തേറമ്പിൽ' മോഡൽ

പാർട്ടി സീനിയോറിട്ടിയിൽ മുമ്പിൽ രാധാകൃഷ്ണൻ; മന്ത്രി ഓഫീസിലെ താക്കോൽ സ്ഥാനത്ത് സമ്പത്തിനെ വച്ചത് വകുപ്പിലെ ചലനം പോലും അറിയാൻ; ഗോവിന്ദൻ മാറുമ്പോൾ നിയമസഭയിൽ മുഖ്യമന്ത്രിയുടെ തൊട്ടടുത്തുള്ള രണ്ടാം നമ്പർ കസേരയിലേക്ക് ആരു വരും? ബാലഗോപാലും രാജീവും പ്രതീക്ഷയിൽ; ഷംസീറിന് വേണ്ടി 'തേറമ്പിൽ' മോഡൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരാകും ഇനി മന്ത്രിസഭയിലെ രണ്ടാമൻ? എം വി ഗോവിന്ദൻ രാജിവച്ചതോടെ നിയമസഭയിൽ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് ഇനി ആര് ഇരിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റിയിലെ സീനിയോറിറ്റി ആണ് കണക്കിലെടുക്കുന്നതെങ്കിൽ കെ.രാധാകൃഷ്ണനാണ് സാധ്യത. വകുപ്പുകളുടെ പ്രാധാന്യമാണ് പരിഗണിക്കുന്നതെങ്കിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലോ വ്യവസായ മന്ത്രി പി.രാജീവോ വരാം.

നിയമസഭയിൽ പാർട്ടി സീനിയോറിട്ടിയിൽ മുമ്പിലുള്ള രാധാകൃഷ്ണന് വലിയ വകുപ്പുകൾ ഒന്നും നൽകിയിരുന്നില്ല. ജനകീയ പ്രതിച്ഛായയുള്ള അഴിമതി തൊട്ടു തീണ്ടാത്ത നേതാവിന് ആരോഗ്യ പോലുള്ള വകുപ്പുകൾ കൊടുക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അതൊന്നും സംഭവിച്ചില്ല. ദേവസ്വവും പി്‌ന്നോക്ക ക്ഷേമ വകുപ്പും നൽകി. അതിൽ രാധാകൃഷ്ണൻ തൃപ്തിയായി. പോരാത്തതിന് മുൻ എംപി സമ്പത്തിനെ മന്ത്രിയുടെ ഓഫീസിൽ താക്കോൽ സ്ഥാനത്ത് നിയമിക്കുകയും ചെയ്തു. അങ്ങനെ രാധാകൃഷ്ണന് മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് മേൽനോട്ടവും ശക്തമാക്കി. അതുകൊണ്ട് തന്നെ രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ തൊട്ടടുത്ത സീറ്റ് നൽകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

പുതിയ സ്പീക്കറുടെ തിരഞ്ഞെടുപ്പിനായി നിയമസഭ 12 ന് ചേരാനാണ് തീരുമാനം. ഈ മാസം ഒന്നിന് സമാപിച്ച നിയമസഭാ സമ്മേളനത്തിന്റെ തുടർച്ച എന്ന നിലയിൽ ഒരു ദിവസത്തേക്കാണ് സഭ ചേരുന്നത്. 11ന് ഉച്ചയ്ക്ക് 12 മണി വരെ നാമനിർദ്ദേശ പത്രിക നൽകാം. എ.എൻ.ഷംസീറിനെതിരെ പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിർത്തുമെന്നാണു സൂചന. രഹസ്യ വോട്ടെടുപ്പാകും നടക്കുക. സ്പീക്കർ പദവി ഒഴിഞ്ഞ എം.ബി.രാജേഷ് 6ന് രാവിലെ 11ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കർ തെരഞ്ഞെടുപ്പ് ഇനി സഭ കൂടുമ്പോൾ നടത്തിയാൽ മതി. എന്നാൽ ഷംസീറിന് സ്പീക്കറുടെ അവകാശവും സൗകര്യവും കിട്ടാനാണ് ഒരു ദിവസം സഭ ചേരുന്നത്. മുമ്പും ഇതു സംഭവിച്ചിട്ടുണ്ട്.

2004 ൽ വക്കം പുരുഷോത്തമൻ മന്ത്രി ആയപ്പോൾ പകരം തേറമ്പിൽ രാമകൃഷ്ണനെ സ്പീക്കറായി തിരഞ്ഞെടുത്തത് ഒരു ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചായിരുന്നു. സഭാ സമ്മേളനം കഴിഞ്ഞ ദിവസം മാത്രമാണ് സമാപിച്ചത്. ഇനി 3 മാസത്തിനു ശേഷമേ സഭ ചേരാൻ ഇടയുള്ളൂ. അതുകൊണ്ടാണ് ഷംസീറിനെ സ്പീക്കറാക്കാൻ വേണ്ടി മാത്രം സഭ ചേരുന്നത്. ഇതോടെ ഷംസീറിന് സർക്കാർ കാറും വസതിയും കിട്ടും.

മന്ത്രിസഭയിലെ പകരക്കാരന് എം വിഗോവിന്ദൻ കൈകാര്യം ചെയ്ത തദ്ദേശ സ്വയംഭരണഎക്‌സൈസ് വകുപ്പുകൾ ഒരുമിച്ച് കൊടുക്കുമോ എന്നതും ഉയരുന്ന ചോദ്യമാണ്. ഗോവിന്ദനും പുതുമുഖ മന്ത്രി ആയിരുന്നെങ്കിലും പാർട്ടി കേന്ദ്രകമ്മിറ്റി അംഗം എന്ന പദവി കണക്കിലെടുത്തു കൂടിയാണ് ഈ പ്രധാന വകുപ്പുകൾ ലഭിച്ചത്. രാജേഷും ആദ്യമായാണ് മന്ത്രി ആകുന്നതെങ്കിലും സ്പീക്കർ പദവിയിലെ പ്രകടനവും ആ പരിചയ സമ്പത്തും പാർട്ടി കണക്കിലെടുത്ത് മികച്ച വകുപ്പുകൾ നൽകുമെന്നും സൂചനയുണ്ട്.

ഗോവിന്ദൻ മാറുമ്പോൾ നിയമസഭയിൽ മുഖ്യമന്ത്രിയുടെ തൊട്ടടുത്തുള്ള രണ്ടാം നമ്പർ കസേരയിലേക്ക് ആരു വരുമെന്നും സഭ വീണ്ടും ചേരുമ്പോൾ വ്യക്തമാകും. മുൻ സ്പീക്കറായതു കൊണ്ട് എംബി രാജേഷിനും മന്ത്രിയെന്ന നിലയിൽ മുൻ നിരയിൽ സീറ്റ് നൽകേണ്ടതുണ്ട്. ഇതുകൊണ്ട് തന്നെ നിയമസഭയിൽ പലരുടേയും ഇരിപ്പിടങ്ങൾ മാറും. രാജേഷിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വകുപ്പു മാറ്റത്തിൽ മുഖ്യമന്ത്രിയാകും തീരുമാനം എടുക്കുക. ഇതിനുള്ള അധികാരം സിപിഎം സെക്രട്ടറിയേറ്റ് മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ടെന്നാണ് സൂചന.

അതിനിടെ രാഷ്ട്രീയനിലപാടുള്ള സ്പീക്കറായിരിക്കും താനെന്ന് ഷംസീർ പറയുന്നു. രാഷ്ട്രീയം പറയേണ്ട ഘട്ടത്തിൽ പറയും. എന്നാൽ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി നിൽക്കില്ല. ആർക്കും മുൻവിധി വേണ്ട. ഭാരിച്ച ഉത്തരവാദിത്വമാണ് പാർട്ടി ഏൽപ്പിച്ചത്. ഇതുവരെയുള്ള പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് ഈ ചുമതലയെ കാണുന്നത്-നിയുക്ത സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. സ്പീക്കറെന്ന ചുമതല കഴിവിന്റെ പരമാവധി മികച്ച നിലയിൽ നിർവഹിക്കാൻ ആത്മാർഥമായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ പ്രതിപക്ഷത്തിന്റെ അവകാശംകൂടി സംരക്ഷിച്ച് മുന്നോട്ടുപോകും എല്ലാ പാർട്ടികളുടെയും വികാരം ഉൾക്കൊണ്ട് പ്രവർത്തിക്കും.

കഴിഞ്ഞ ആറുവർഷവും മാന്യമായ പരിഗണന സഭയിൽ പ്രതിപക്ഷത്തിന് സ്പീക്കർമാർ നൽകിയിട്ടുണ്ട്. അതേ മാതൃക പിന്തുടരും. പ്രതിപക്ഷംകൂടി ചേരുമ്പോഴാണ് ജനാധിപത്യം സമ്പുഷ്ടമാകുന്നത്. ഭരണപക്ഷ അംഗമെന്ന ഉത്തരവാദിത്വമായിരുന്നു ഇതുവരെ. പ്രതിപക്ഷം കടന്നാക്രമിക്കുമ്പോൾ ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്. സഭയിൽ എല്ലാവരുമായും നല്ല സൗഹൃദമാണ്. സഭയുടെ നേതാവും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയുമായ മുഖ്യമന്ത്രിയിൽനിന്ന് ഉപദേശനിർദ്ദേശങ്ങൾ സ്വീകരിക്കും. മുൻ സ്പീക്കർമാരിൽനിന്നും പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും സീനിയർ നേതാക്കളിൽനിന്നും നിർദ്ദേശം ആരായും-ഷംസീർ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP