Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടമാകില്ലെന്ന് കാനത്തെ ബോധ്യപ്പെടുത്തും; പാലായിൽ എൻസിപിയേയും അനുനയിപ്പിക്കും; ജോസ് കെ മാണിയെ ഇടതുപക്ഷത്ത് എത്തിക്കാൻ മുന്നിൽ നിൽക്കുന്നത് പിണറായിയുടെ രാഷ്ട്രീയ നയതന്ത്രം; യുഡിഎഫിലെ പൊട്ടിത്തെറിയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ച ഉടൻ; തദ്ദേശത്തിൽ ധാരണയും നിയമസഭയിൽ ഘടകകക്ഷിയും ആക്കാൻ ധാരണ; ജോസ് കെ മാണിയെ കോടിയേരി പുകഴ്‌ത്തുന്നത് കോട്ടയത്ത് കരുത്തുകാട്ടാൻ; കേരളാ കോൺഗ്രസ് ഇടതുപക്ഷത്തേക്ക്

മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടമാകില്ലെന്ന് കാനത്തെ ബോധ്യപ്പെടുത്തും; പാലായിൽ എൻസിപിയേയും അനുനയിപ്പിക്കും; ജോസ് കെ മാണിയെ ഇടതുപക്ഷത്ത് എത്തിക്കാൻ മുന്നിൽ നിൽക്കുന്നത് പിണറായിയുടെ രാഷ്ട്രീയ നയതന്ത്രം; യുഡിഎഫിലെ പൊട്ടിത്തെറിയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ച ഉടൻ; തദ്ദേശത്തിൽ ധാരണയും നിയമസഭയിൽ ഘടകകക്ഷിയും ആക്കാൻ ധാരണ; ജോസ് കെ മാണിയെ കോടിയേരി പുകഴ്‌ത്തുന്നത് കോട്ടയത്ത് കരുത്തുകാട്ടാൻ; കേരളാ കോൺഗ്രസ് ഇടതുപക്ഷത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജോസ് കെ മാണിയെ ഇടതു പക്ഷത്ത് എടുക്കാൻ സിപിഎമ്മിൽ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ നിലപാട് എടുത്തതായാണ് സൂചന. ഇതിന്റെ ഭാഗമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കി ദേശാഭിമാനിയിൽ ലേഖനം എഴുതിയത്. സിപിഐയുടെ മുന്നണിയിലെ രണ്ടാം സ്ഥാനം നിലനിർത്തിക്കൊണ്ടു തന്നെ കേരളാ കോൺഗ്രസിനെ ഇടതുപക്ഷത്ത് എത്തിക്കാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് യുഡിഎഫിൽനിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണി ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പ്രതികരിച്ചത്. യുഡിഎഫിൽ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിയും നിലവിലെ സാഹചര്യവും എൽഡിഎഫ് ചർച്ച ചെയ്യുമെന്നും വിജയരാഘവൻ പറഞ്ഞു.

എൽഡിഎഫ് ഇക്കാര്യം ഇതുവരെ ചർച്ച ചെയ്തിട്ടില്ല. യുഡിഎഫിനകത്ത് നിലവിൽ വലിയ പ്രതിസന്ധി രൂപപ്പെട്ടിട്ടുണ്ട്. കേരള രാഷ്ട്രീയത്തിൽ യുഡിഎഫ് ദുർബലപ്പെടുകയാണ്. ഈ വിഷയങ്ങളെല്ലാം എൽഡിഎഫ് ചർച്ച ചെയ്യും. പൊതുവായ തീരുമാനം എടുക്കുമെന്നും വിജയരാഘവൻ പറഞ്ഞു. ജോസ് കെ മാണി വിഭാഗം ഏത് മുന്നണിയിലേക്ക് നീങ്ങുമെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. എൽഡിഎഫിലേക്ക് വരുമെന്നും പറഞ്ഞിട്ടില്ല. മുന്നണി പ്രവേശമെല്ലാം ആലോചിച്ച് എടുക്കേണ്ട തീരുമാനം ആണെന്നും വിജയരാഘവൻ പറഞ്ഞു. കാനം രാജേന്ദ്രൻ എടുത്ത നിലപാടിനേയും പരോക്ഷമായി വിജയരാഘവൻ തള്ളികളഞ്ഞിട്ടുണ്ട്. ഉടൻ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. തദ്ദേശ തരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗവുമായി പ്രാദേശിക ധാരണ ഉണ്ടാക്കുന്ന തരത്തിലേക്കാകും ആദ്യം തീരുമാനം ഉണ്ടാകുക. അതിന് ശേഷം ജോസ് കെ മാണി വിഭാഗത്തെ ഇടതുപക്ഷത്തെടുക്കും.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ജോസ് കെ മാണിക്ക് അനുകൂലമായ തീരുമാനം എടുത്ത ശേഷമേ രാഷ്ട്രീയ ചർച്ചകൾ തുടങ്ങൂ. കാരുണ്യ പോലുള്ള പദ്ധതികൾ വീണ്ടും നടപ്പാക്കണമെന്നതാണ് ജോസ് കെ മാണിയുടെ ആവശ്യം. അത് അംഗീകരിക്കും. ബാർ കോഴയിലെ ചർച്ച യുഡിഎഫ് നടത്തില്ല. ഈ സാഹചര്യത്തിൽ ബാർ കോഴ ചർച്ചയായി ഉയരില്ലെന്നും സിപിഎം വിലയിരുത്തുന്നു. ഇടതുപക്ഷം ഒഴിവാക്കിയാൽ ജോസ് കെ മാണി ബിജെപിക്കൊപ്പം പോകാനുള്ള സാധ്യതയുണ്ട്. ഇത് കൂടി മനസ്സിലാക്കിയാണ് സിപിഎം തീരുമാനം. ഇത് സിപിഐയ്ക്കും അംഗീകരിക്കേണ്ടി വരും. മുന്നണിയിലെ രണ്ടാം നമ്പർ നഷ്ടമാകില്ലെന്ന് കാനത്തിന് സിപിഎം ഉറപ്പു കൊടുക്കും. മറ്റ് ഘടകക്ഷികളെല്ലാം സിപിഎമ്മിനെ എതിർക്കില്ലെന്നാണ് സൂചന.

പാലായെ ചൊല്ലിയാകും പിന്നെയുണ്ടാകുന്ന ചർച്ച. പാലായിൽ എൻ സി പിയുടെ മാണി സി കാപ്പനാണ് എംഎൽഎ. കേരളാ കോൺഗ്രസ് ഇടതു പക്ഷത്ത് എത്തിയാൽ പാലാ വിട്ടു നൽകേണ്ടി വരുമെന്ന് എൻസിപിക്കും അറിയാം. മാണി സി കാപ്പൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. മാണി സി കാപ്പനോട് മുഖ്യമന്ത്രി കരുതലോടെയാണ് സംസാരിച്ചത്. ഈ സാഹചര്യത്തിലാണ് യുഡിഎഫ് സംഘടനാപരമായും രാഷ്ട്രീയപരമായും കെട്ടുറപ്പ് തകർന്നു എന്ന് വ്യക്തമാക്കുന്നതാണ് ആ മുന്നണിയിലെ ഒടുവിലത്തെ സംഭവവികാസങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്.

കേരള കോൺഗ്രസ് ഇല്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകും. രാഷ്ട്രീയരംഗത്തു വരുന്ന ഈ മാറ്റങ്ങൾ എൽഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവരുമായി കൂട്ടുകൂടാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുള്ളതെന്ന് പുന്നപ്രവയലാർ സമരനായകനായ പികെ ചന്ദ്രാനന്ദനെ അനുസ്മരിച്ച് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി ചൂണ്ടിക്കാട്ടി. ''കേരള രാഷ്ട്രീയത്തിൽ പലതരത്തിലുള്ള സംഭവ വികാസങ്ങളും ഉരുത്തിരിഞ്ഞുവരികയാണ്. യുഡിഎഫിൽ ദീർഘകാലമായി ഘടക കക്ഷിയായി തുടരുന്ന മാണി കേരള കോൺഗ്രസിനെ യുഡിഎഫിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കേരള കോൺഗ്രസിലെ ജോസ് കെ മാണി, പി ജെ ജോസഫ് തമ്മിലുള്ള തർക്കങ്ങൾ ഇടപെട്ട് പരിഹരിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടുവെന്നതാണ് ഒടുവിലത്തെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. യുഡിഎഫ് സംഘടനാപരമായും രാഷ്ട്രീയപരമായും കെട്ടുറപ്പ് തകർന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. കേന്ദ്രീകൃതമായ ഒരു നേതൃത്വം യുഡിഎഫിന് ഇല്ലാതെയായി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ സംഭവം. ഇത് യുഡിഎഫിന്റെ തകർച്ചയ്ക്ക് വേഗത കൂട്ടും.-കോടിയേരി പറയുന്നു.

യുഡിഎഫിൽ ബഹുജന പിന്തുണയുള്ള പാർട്ടികളിലൊന്നാണ് കേരള കോൺഗ്രസ്. കേരള കോൺഗ്രസ് ഇല്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ ഉണ്ടായിരുന്ന എൽജെഡി യുഡിഎഫ് വിട്ട് ഇപ്പോൾ എൽഡിഎഫിലാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയരംഗത്തു വരുന്ന ഈ മാറ്റങ്ങൾ എൽഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവരുമായി കൂട്ടുകൂടാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. എൽഡിഎഫ് സർക്കാർ കൂടുതൽ ബഹുജനപിന്തുണ നേടി മുന്നോട്ടുപോകുകയാണ്. ആസന്നമായ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം പ്രതിഫലിക്കുമെന്നും സിപിഎം സെക്രട്ടറി പറയുന്നു.

ഇടതു നേതാക്കളുടെ പ്രസ്താവന സന്തോഷം നൽകുന്നതെന്ന് ജോസ് കെ. മാണിയും പ്രതികരിച്ചു. കേരള കോൺഗ്രസ് അടിത്തറയുള്ള സ്വാധീനമുള്ളതുമായ പാർട്ടിയാണെന്ന ഇടതുപക്ഷ നേതാക്കൾ പറഞ്ഞതിൽ തങ്ങൾക്ക് സന്തോഷമുണ്ട്. യു.ഡി.എഫ്. നേതാക്കൾക്കും അതറിയാമെന്നും ജോസ് കെ. മാണി പ്രതികരിച്ചു. അതേസമയം, ഇപ്പോൾ രാഷ്ട്രീയ തീരുമാനം എടുത്തിട്ടില്ല. ഏതെങ്കിലും മുന്നണിയിലേക്ക് പോകുന്നത് സംബന്ധിച്ച് ഇതുവരെ പാർട്ടിക്കകത്തും പുറത്തും ചർച്ച നടത്തിയിട്ടില്ല. ഉചിതമായ സമയത്ത് തീരുമാനമെടുക്കും. നിലവിൽ ഒരു രാഷ്ട്രീയ നിലപാടും എടുത്തിട്ടില്ല. ആരെങ്കിലും പാർട്ടിയെ കുറിച്ച് നല്ലത് പറയുമ്പോൾ സന്തോഷം മാത്രമേയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. പാർട്ടിയിലെ ചില രാജികൾക്കു വലിയ വില കൊടുക്കേണ്ടതില്ല. പ്രതിസന്ധിയുണ്ടാകുമ്പോൾ ചിലർ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പോകും. അത് സ്വാഭാവികമാണെന്നും ജോസ് കെ.മാണി പറഞ്ഞു.

മുമ്പും കെഎം മാണിയെ ഇടതുപക്ഷത്ത് എത്തിക്കാൻ സിപിഎം ശ്രമിച്ചിരുന്നു. ബാർ കോഴയ്ക്ക് മുമ്പും പിമ്പും ശ്രമങ്ങളുണ്ടായി. അന്ന് വി എസ് അച്യുതാനന്ദൻ പലപ്പോഴും എതിർപ്പുയർത്തി. സിപിഐയും വിമത സ്വരമുയർത്തിയിരുന്നു. എന്നാൽ വി എസ് ആരോഗ്യ കാരണങ്ങളാൽ വിശ്രമത്തിലാണ്. അതുകൊണ്ട് തന്നെ സിപിഎമ്മിനുള്ളിൽ ആരും പിണറായിയുടെ നിർദ്ദേശത്തെ എതിർക്കില്ല. ഇത് വ്യക്തമാക്കുന്നതു കൂടിയാണ് കോടിയേരിയുടെ ദേശാഭിമാനിയിലെ ലേഖനം. ഇത് സിപിഐയ്ക്കുള്ള മറുപടി കൂടിയാണെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP