Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോസ് കെ മാണി മൂന്ന് ചോദിക്കുന്നത് രണ്ട് സീറ്റു കിട്ടാൻ; കോട്ടയവും പത്തനംതിട്ടയും അനുവദിച്ചാൽ കേരളാ കോൺഗ്രസ് ഹാപ്പിയാകും; പക്ഷേ സിപിഎമ്മിന് താൽപ്പര്യം മുസ്ലിം ലീഗിനോട്; ഇടതിലെ ലോക്‌സഭാ സീറ്റ് വിഭജനത്തിൽ നിർണ്ണായകമാകുക ലീഗിന്റെ പ്രതികരണങ്ങൾ; കരുതലോടെ നീങ്ങാൻ സിപിഎം

ജോസ് കെ മാണി മൂന്ന് ചോദിക്കുന്നത് രണ്ട് സീറ്റു കിട്ടാൻ; കോട്ടയവും പത്തനംതിട്ടയും അനുവദിച്ചാൽ കേരളാ കോൺഗ്രസ് ഹാപ്പിയാകും; പക്ഷേ സിപിഎമ്മിന് താൽപ്പര്യം മുസ്ലിം ലീഗിനോട്; ഇടതിലെ ലോക്‌സഭാ സീറ്റ് വിഭജനത്തിൽ നിർണ്ണായകമാകുക ലീഗിന്റെ പ്രതികരണങ്ങൾ; കരുതലോടെ നീങ്ങാൻ സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ലോക്‌സഭയിലേക്കു 2024ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിന്റെ അവകാശ വാദങ്ങൾ സിപിഎം അംഗീകരിക്കില്ല. കോട്ടയവും പത്തനംതിട്ടയും ഇടുക്കിയും മത്സരിക്കാൻ വേണമെന്നാണ് കേരളാ കോൺഗ്രസ് ആവശ്യം. എന്നാൽ കേരളാ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ കോട്ടയം മാത്രമേ നൽകൂ. മുസ്ലിം ലീഗ് ഇടതുപക്ഷത്തേക്ക് വരുമെന്ന സാധ്യത മുന്നിൽ കണ്ടാണ് സിപിഎം തീരുമാനം. മുസ്ലിം ലീഗ് ഇടതുപക്ഷത്ത് എത്തിയാൽ അവർക്ക് കുറഞ്ഞത് മൂന്ന് സീറ്റ് നൽകേണ്ടി വരും. അതുകൊണ്ടു തന്നെ ഇടതുപക്ഷത്തെ നിലവിലെ ഘടക കക്ഷികളുടെ ആവശ്യമൊന്നും അംഗീകരിക്കില്ല. ലീഗ് വന്നാൽ സിപിഐയ്ക്ക് സീറ്റിൽ കുറവുണ്ടാവാനും സാധ്യതയുണ്ട്.

കേരളാ കോൺഗ്രസിന്റെ ലക്ഷ്യം രണ്ടു സീറ്റാണ്. കോട്ടയത്തിനൊപ്പം പത്തനംതിട്ടയോ ഇടുക്കിയോ അവർ ആഗ്രഹിക്കുന്നു. കോട്ടയത്തു നിലവിലെ എംപി തോമസ് ചാഴികാടൻ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും. 2019ൽ കോട്ടയത്തു ചാഴികാടൻ യുഡിഎഫ് സ്ഥാനാർത്ഥിയായാണു ജയിച്ചത്. എൽഡിഎഫിൽ സിപിഎമ്മിനു വേണ്ടി വി.എൻ.വാസവനായിരുന്നു സ്ഥാനാർത്ഥി. ജനതാദളും സിപിഎമ്മും മാറിമാറി ഇടതുപക്ഷത്തു മത്സരിക്കുന്ന മണ്ഡലമാണ്. കോട്ടയത്ത് ജയം ഉറപ്പാണെന്ന് കേരളാ കോൺഗ്രസ് വിലിരുത്തുന്നു.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ തുടർച്ചയായി യുഡിഎഫ് സ്ഥാനാർത്ഥിയാണു വിജയിക്കുന്നത്. സീറ്റ് തങ്ങൾക്കു നൽകിയാൽ പത്തനംതിട്ട പിടിച്ചെടുക്കാൻ കഴിയുമെന്നാണു കേരള കോൺഗ്രസ് (എം) ഇടതുമുന്നണിക്കു നൽകുന്ന വാഗ്ദാനം. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങളിൽ കേരള കോൺഗ്രസ് (എം) പ്രതിനിധികളാണ് എംഎൽഎമാർ. ഇടുക്കി ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിൽ നിന്നു മന്ത്രി റോഷി അഗസ്റ്റിൻ മാത്രമാണു കേരള കോൺഗ്രസ് (എം) പ്രതിനിധി. ഇവിടെ പിജെ ജോസഫിന്റെ കേരളാ കോൺഗ്രസിനാണ് മുൻതൂക്കം.

അതുകൊണ്ട് ഇടുക്കി സീറ്റ് എന്ന ആവശ്യത്തിൽ നിന്ന് ഒരുപക്ഷേ പിന്നാക്കം പോയാലും കോട്ടയത്തിന്റെയും പത്തനംതിട്ടയുടെയും കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണു കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ പക്ഷം. എന്നാൽ നിലവിലെ സാഹചര്യത്തിൽ കോട്ടയത്തിന് അപ്പുറം സീറ്റ് കൊടുക്കേണ്ടതില്ലെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടും യുഡിഎഫിലെ ചർച്ചകളും എല്ലാം അതിനിർണ്ണായകമാകും. ലീഗ് കളം മാറി ചവിട്ടാൻ സമ്മതം മൂളിയാൽ കേരളാ കോൺഗ്രസിന്റെ അധിക സീറ്റ് മോഹം പൊലിയും. അല്ലാ പക്ഷം പത്തനംതിട്ട കൂടി കിട്ടാനും സാധ്യത ഏറെയാണ്.

മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്നു സിപിഎം പറഞ്ഞിട്ടില്ലെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ പ്രഖ്യാപിക്കുന്നതിന് പിന്നിൽ ലീഗിനോടുള്ള തോൽപ്പര്യമാണ്. ന്യൂനപക്ഷങ്ങൾക്കു വേണ്ടി ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടി ആയാണു ലീഗിനെ സിപിഎം കണ്ടിട്ടുള്ളത്. പാർട്ടി രേഖകളിലും അങ്ങനെത്തന്നെയാണു പറയുന്നത്. 'വർഗീയ നിറമുള്ള പാർട്ടിയായി ലീഗിനെ ഇഎംഎസ് വിശേഷിപ്പിച്ചിട്ടില്ലേ' എന്നു ചോദിച്ചപ്പോൾ അതു ശരിയല്ലെന്നു ഗോവിന്ദൻ പറഞ്ഞു. 1967 ലെ ഇഎംഎസ് സർക്കാരിനൊപ്പം ഭരണം നടത്തിയ പാർട്ടിയാണ് ലീഗ്. പിന്നെ എന്താണ്? ഗോവിന്ദൻ ചോദിച്ചു. അങ്ങനെ മുസ്ലിം ലീഗിനെ അടുപ്പിക്കാൻ ശ്രമിക്കുകയാണ് സിപിഎം.

ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം സിപിഎമ്മിനുണ്ട്, ഗവർണർക്ക് അനുകൂലമായ കോൺഗ്രസ് നിലപാട് ലീഗ് ഇടപെട്ട് തിരുത്തി എന്നു ഗോവിന്ദൻ ചൂണ്ടിക്കാട്ടിയപ്പോൾ ഉയർന്ന ചോദ്യങ്ങൾക്കു മറുപടിയായാണ് അവരോടുള്ള പുതിയ മൃദു സമീപനം അദ്ദേഹം വെളിപ്പെടുത്തിയത്. ലീഗ് എടുക്കുന്ന നിലപാടുകളുടെ ഭാഗമായാണ് ഇക്കാര്യം പറയുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. അതു രാഷ്ട്രീയ കൂട്ടുകെട്ടായി കരുതാൻ കഴിയില്ല. അങ്ങനെ ഇവിടെ പറഞ്ഞ് അവസാനിപ്പിക്കേണ്ട കാര്യവുമല്ല. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമം എങ്ങോട്ടാണെന്നും അപ്പോൾ കോൺഗ്രസും ലീഗും എവിടെ നിൽക്കുന്നുവെന്നും ആ ഘട്ടത്തിലേ പറയാൻ സാധിക്കൂ. ആരെല്ലാം എവിടെയെല്ലാം എന്നത് അപ്പോഴേ വ്യക്തമാകൂവെന്നും ഗോവിന്ദൻ പറയുന്നു. ഇത് സിപിഎം ആലോചിച്ച് പറയുന്നതാണ്.

'മുസ്ലിം ലീഗ് തീവ്രവാദ വിഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതുവരെയില്ലാത്ത തരം ഹുങ്കാണ് ലീഗ് പ്രകടിപ്പിക്കുന്നതെന്നായിരുന്നു 2012ലെ ഏപ്രിലിൽ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയൻ പറഞ്ഞത്. കഴിഞ്ഞ വർഷവും പിണറായി സമാന പ്രസ്താവന നടത്തി. തീവ്രവാദ പ്രസ്ഥാനങ്ങളോടു മൃദുസമീപനം പുലർത്തിയിരുന്ന മുസ്ലിം ലീഗ് ഇപ്പോൾ അവരുടെ മുദ്രാവാക്യങ്ങൾ ഏറ്റെടുത്തു തുടങ്ങിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ വർഷം പറഞ്ഞത്. ഇതാണ് സിപിഎം സെക്രട്ടറിയായ എംവി ഗോവിന്ദൻ തിരുത്തുന്നത്. ഇടതു പക്ഷം താൽപ്പര്യം കാട്ടിയാൽ ലീഗ് എൽഡിഎഫിലേക്ക് വരുമെന്നുമാണ് സിപിഎം പ്രതീക്ഷ.

പോപ്പുലർ ഫ്രണ്ട് നിരോധനമടക്കം മുസ്ലിം സമുദായത്തിൽ ലീഗിന്റെ സ്വാധീനം ഉയർത്തുമെന്നാണ് സിപിഎം പക്ഷം. തീവ്ര വിഭാഗങ്ങൾക്കൊപ്പം പോകാതെ മൃദു സമീപനമുള്ള ലീഗാണ് രാഷ്ട്രീയ ചങ്ങാത്തത്തിന് നല്ലതെന്നും സിപിഎം വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP