Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചുവന്നത് 11 ജില്ലകൾ; പച്ച പുതച്ച് മലപ്പുറം; ആശ്വാസമായി വയനാടും; എറണാകുളത്ത് തിരിച്ചടിച്ചെങ്കിലും കൂടുതൽ സീറ്റ് യൂഡിഎഫിന്; പിണറായിക്കൊപ്പം നീങ്ങി തെക്കും വടക്കും മധ്യ മേഖലയും; ഇടതുപക്ഷം നേടിയത് സമ്പൂർണ്ണതയിലൂടെയുള്ള തകർപ്പൻ നേട്ടം; ഇറങ്ങി ചെന്നത് മുസ്ലിം-ക്രൈസ്തവ വോട്ടു ബാങ്കുകളിലും; വിജയിക്കുന്നത് പിണറായിയുടെ തന്ത്രങ്ങൾ; കേരളം 99-41ന് ഇടതുപക്ഷം സ്വന്തമാക്കുമ്പോൾ

ചുവന്നത് 11 ജില്ലകൾ; പച്ച പുതച്ച് മലപ്പുറം;  ആശ്വാസമായി വയനാടും; എറണാകുളത്ത് തിരിച്ചടിച്ചെങ്കിലും കൂടുതൽ സീറ്റ് യൂഡിഎഫിന്; പിണറായിക്കൊപ്പം നീങ്ങി തെക്കും വടക്കും മധ്യ മേഖലയും; ഇടതുപക്ഷം നേടിയത് സമ്പൂർണ്ണതയിലൂടെയുള്ള തകർപ്പൻ നേട്ടം; ഇറങ്ങി ചെന്നത് മുസ്ലിം-ക്രൈസ്തവ വോട്ടു ബാങ്കുകളിലും; വിജയിക്കുന്നത് പിണറായിയുടെ തന്ത്രങ്ങൾ; കേരളം 99-41ന് ഇടതുപക്ഷം സ്വന്തമാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പതിനാലിൽ പതിനൊന്നും നേടിയാണ് ഇടതുപക്ഷം കേരളം വീണ്ടും പിടിക്കുന്നത്. കോട്ടയത്തെ യുഡിഎഫ് കോട്ട പോലും തകർന്നു. കോട്ടയവും എറണാകുളവും ഇടുക്കിയും യുഡിഎഫിനോട് ചേർന്ന് നിന്നാൽ തുടർഭരണത്തിന് അത് വിഘാതമാകുമെന്ന് പിണറായി വളരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇത് മനസ്സിലാക്കി നടത്തിയ നീക്കങ്ങളാണ് സിപിഎമ്മിന് കേരളത്തിൽ സമ്പൂർണ്ണ വിജയം നേടുന്നത്.

തിരുവനന്തപുരം പിടിച്ചാൽ കേരളത്തിൽ അധികാരം എന്ന പഴമൊഴി വീണ്ടും ശരിയായി. തിരുവനന്തപുരത്തെ 14ൽ 13 സീറ്റിലും ഇടതുപക്ഷം ജയിച്ചു കയറി. കൊല്ലത്തും ഇടതു തേരോട്ടമായിരുന്നു. ഇത്തവണ പക്ഷേ രണ്ട് സീറ്റ് യുഡിഎഫിന് കിട്ടി. കഴിഞ്ഞ തവണ യുഡിഎഫിന് സമ്പൂർണ്ണ പരാജയമായിരുന്നു. കരുനാഗപ്പള്ളിയിലും കുണ്ടറയിലും കോൺഗ്രസ് ജയിച്ചത് സിആർ മഹേഷിന്റേയും വിഷ്ണുനാഥിന്റേയും വ്യക്തിമികവായിരുന്നു. ബാക്കിയാർക്കും സിപിഎമ്മിന്റെ കോട്ടകളെ തകർക്കാൻ കഴിഞ്ഞില്ല. സിപിഐയും തോൽക്കാതെ ശക്തികേന്ദ്രങ്ങൾ കാത്തു. പത്തനംതിട്ടയിൽ അഞ്ചിലും ഇടതുപക്ഷം ജയിച്ചു. എല്ലായിടത്തും ഭൂരിപക്ഷം കുറഞ്ഞെങ്കിലും അതിനെ ജയത്തിലേക്ക് കൊണ്ടു പോകാൻ യുഡിഎഫിനും ആയില്ല.

ആലപ്പുഴയിൽ സിപിഎം വിഭാഗീയത തിരിച്ചടിക്കുമെന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷ. അതു പ്രതീക്ഷിച്ച് ആരും പണിയെടുത്തില്ല. അങ്ങനെ അവിടേയും സമ്പൂർണ്ണ തോൽവിയായി ഫലം. ഹരിപ്പാടിൽ രമേശ് ചെന്നിത്തലയിലേക്ക് മാത്രം വിജയം ഒതുങ്ങി. അരൂരിലും കായംകുളത്തും ചേർത്തലയിലും ഒഴികെ ബാക്കിയില്ലായിടത്തും ഭൂരിപക്ഷം പതിനായിരം കടന്നു. കോട്ടയത്ത് മികച്ച വിജയമാണ് സിപിഎം നേടിയത്. 2016ൽ യുഡിഎഫിന് ആറും എൽഡിഎഫിനും രണ്ടും സീറ്റ്. ഇത്തവണ അത് ഇടതുപക്ഷത്ത് അഞ്ച് സീറ്റായി. യുഡിഎഫിന് നാലും. ഇതിനൊപ്പം പൂഞ്ഞാറിൽ പിസി ജോർജിനെ തോൽപ്പിക്കാനായത് ഇടതുപക്ഷത്തിന് ഇരട്ടി മധുരമായി.

ഇടുക്കിയിൽ അഞ്ചിൽ നാലിടത്തും ജയം. കഴിഞ്ഞ തവണ മൂന്ന് രണ്ടായിരുന്നു. ഇത്തവണ കേരളാ കോൺഗ്രസ് ഇടതുപക്ഷത്ത് എത്തിയപ്പോൾ ഇടുക്കിയിൽ റോഷി അഗസ്റ്റിന് വിജയം തുടരാനായി. ഉടുമ്പുംചോലയിൽ 38,305 വോട്ടിന് മന്ത്രി എംഎം മണി ജയിച്ചത് ഇടതുപക്ഷത്തിന് വലിയ ആശ്വാസമായി. എറണാകളുത്ത് 9 സീറ്റിൽ യുഡിഎഫ് ജയിച്ചു. ഇടതുപക്ഷത്തിന് അഞ്ച് സീറ്റും. എന്നാൽ കളമശ്ശേരിയിലും കൊച്ചിയിലും കുന്നത്തുനാട്ടും ഇടതുപക്ഷം അട്ടിമറി വിജയം നേടി. കോതമംഗലവും നിലനിർത്തി.

തൃപ്പുണ്ണിത്തുറയിലും തൃക്കാക്കരയിലും പിറവത്തും മികച്ച ജയം. പറവൂരിൽ വിഡി സതീശനും മികച്ച ജയം നേടി. മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടനും ജയിച്ചു കയറി. എറണാകുളത്തും അങ്കമാലിയും ആലുവയിലും സ്ഥാനാർത്ഥി മികവും യുഡിഎഫിനെ തുണച്ചു. അങ്ങനെ എറണാകുളം വീണ്ടും യുഡിഎഫിനൊപ്പം നിന്നു. അപ്പോഴും കളമശ്ശേരിയിലും കൊച്ചിയിലും കുന്നത്തുനാടിലും കോൺഗ്രസ് വിജയം പ്രതീക്ഷിച്ചരുന്നു. കൊച്ചിയിൽ ട്വന്റി ട്വന്റിയുടെ സാന്നിധ്യമാണ് യുഡിഎഫിന് തിരിച്ചടിയായത്. കുന്നത്തുനാടിലും ഇത് കോൺഗ്രസിനെ തോൽപ്പിച്ചു.

പാലക്കാട്ടെ തൃത്താലയിൽ വിടി ബൽറാമിന്റെ തോൽവി സിപിഎം പോലും പ്രതീക്ഷിച്ചിരുന്നതല്ല. ഇവിടെ വിടി ബൽറാം തോറ്റു. ഇതോടെ ഇടതുപക്ഷത്തിന് പലാക്കാട് പത്ത് സീറ്റിന്റെ വിജയമായി. യുഡിഎഫിന് പാലക്കാടും മണ്ണാർക്കാടും കൊണ്ട് തോൽക്കേണ്ടി വന്നു. പാലക്കാട് ബിജെപി തോറ്റത് ഇടതു വലതു മുന്നണികൾക്ക് സന്തോഷവുമായി. ഏതായാലും പാലക്കാട് ചുവപ്പു പാതയിൽ തന്നെ മുന്നേറുകയാണ്. മലപ്പുറത്ത് യുഡിഎഫിന് 12 സീറ്റ്. എൽഡിഎഫിന് നാലും. ഇതിൽ തവനൂരിൽ കെടി ജലീൽ ജയിച്ചതും താനൂരിലെ അട്ടിമറിയും ഇടതുപക്ഷത്തിന് കരുത്താണ്.

കോഴിക്കോട് വടകരയിലും കൊടുവള്ളിയിലും മാത്രമായി യുഡിഎഫ് വിജയങ്ങൾ. കോഴിക്കോട് സൗത്തിൽ തോറ്റത് വലിയ തിരിച്ചടിയായി. വയനാട്ടിൽ രണ്ട് സീറ്റ് കോൺഗ്രസിനാണ്. ഇതിൽ കൽപ്പറ്റ ശ്രേയംസ് കുമാറിനെ തോൽപ്പിച്ച് ടി സിദ്ദിഖ് സീറ്റ് തിരിച്ചു പിടിച്ചു. കണ്ണൂരിലും പിജെ ആർമിയുടെ പ്രഭാവം സിപിഎമ്മിനെ ചതിച്ചില്ല. ഇരിക്കൂറിലും പേരാവൂരിലും മാത്രമായി യുഡിഎഫിനെ ഒതുക്കി. അഴിക്കോട് തിരിച്ചു പിടിച്ചു. കണ്ണൂർ നിലനിർത്തുകയും ചെയ്തു. പയ്യന്നൂരിലും മട്ടന്നൂരിലും ധർമ്മടത്തും റിക്കോർഡ് ഭൂരിപക്ഷത്തിന്റെ തിളക്കവുമായി.

കാസർഗോഡ് ഇടതിന് മൂന്ന് സീറ്റ് കിട്ടി. കാഞ്ഞങ്ങട്ടും തൃക്കരിപ്പൂരിലും ഉദുമയിലും കോട്ട കാക്കാൻ സിപിഎമ്മിനായി. മഞ്ചേശ്വരത്ത് 745ഉം കാസർഗോഡ് 12901 വോട്ടിനും യുഡിഎഫും ജയിച്ചു. അങ്ങനെ കേരളത്തെ സമ്പൂർണ്ണ ബിജെപി മുക്തമാക്കി മാറ്റാനും കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ വിജയം സിപിഎമ്മിന് ഇരട്ടി മധുരമാണ് കാസർഗോട്ടും നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP