Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പരിവാറുകാരെ തകർക്കാൻ കേരളത്തിൽ കോൺഗ്രസുകാരെ ചാക്കിട്ട് പിടിച്ച് പിണറായി; ബംഗാളിൽ മമതയെ പാഠം പഠിപ്പിക്കാൻ സഖാക്കൾ ചേരിമാറുന്നത് ബിജെപിയിലേക്കും; ഭവാനിപ്പൂരിലെ സിപിഎം സ്ഥാനാർത്ഥിത്വം കോൺഗ്രസ് ചർച്ചയാക്കുന്നതും മമതാ ഫാക്ടറിൽ പിടിവള്ളിക്കായി; സിപിഎം കേരളത്തിലേക്ക് മാത്രം ചുരുങ്ങുമ്പോൾ

പരിവാറുകാരെ തകർക്കാൻ കേരളത്തിൽ കോൺഗ്രസുകാരെ ചാക്കിട്ട് പിടിച്ച് പിണറായി; ബംഗാളിൽ മമതയെ പാഠം പഠിപ്പിക്കാൻ സഖാക്കൾ ചേരിമാറുന്നത് ബിജെപിയിലേക്കും; ഭവാനിപ്പൂരിലെ സിപിഎം സ്ഥാനാർത്ഥിത്വം കോൺഗ്രസ് ചർച്ചയാക്കുന്നതും മമതാ ഫാക്ടറിൽ പിടിവള്ളിക്കായി; സിപിഎം കേരളത്തിലേക്ക് മാത്രം ചുരുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: കേരളത്തിൽ ബിജെപിക്ക് ശക്തി കുറവാണ്. സിപിഎമ്മിന്റെ കേരളത്തിലെ പ്രഖ്യാപിത ശക്തിയും ബിജെപി ആണത്രേ. കോൺഗ്രസിൽ നിന്ന് നേതാക്കൾ ബിജെപിയിലേക്ക് പോകാതെ സിപിഎമ്മിലേക്ക് വരുന്നതിനെ പ്രതീക്ഷയോടെ കാണുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും. കേരളത്തിലും ബംഗാളിലും ത്രിപുരയിലും വേരുറപ്പിച്ച പാർട്ടിയായിരുന്നു സിപിഎം. എന്നാൽ ഇന്ന് ബംഗാളിലും ത്രിപുരയിലും നാമാവിശേഷമായി. ഇതിന് കാരണം ആർക്കും അറിയില്ലെന്നതാണ് വസ്തുത. ബിജെപി ഇടപെടലാണ് അവിടെ സിപിഎമ്മിനെ തകർത്തത്.

കേരളത്തിൽ കോൺഗ്രസ് നേതാക്കൾ സിപിഎമ്മിൽ ചേരുമ്പോൾ ബംഗാളിൽ സിപിഎം നേതാക്കൾ ഒഴുകുന്നത് ബിജെപിയിലേക്ക് ആണെന്നതാണ് വസ്തുത. മമതാ ബാനർജിയെ ഭയന്നാണ് ഈ മാറ്റം. തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയത്തെ ചെറുക്കാൻ സഖാക്കൾ കാണുന്ന പ്രതീക്ഷ. ബംഗാളിലെ പ്രധാന പ്രതിപക്ഷമാക്കി ബിജെപിയെ മാറ്റിയതും സിപിഎമ്മിലെ നേതാക്കളുടെ സാന്നിധ്യമാണ്. അര ഡസനോളം മുതിർന്ന നേതാക്കളാണ് പാർട്ടി വിട്ട് ബിജെപിയിലെത്തിയത്. പാർട്ടി ഓഫീസുകൾ പോലും ബിജെപിയുടെ കാര്യാലയങ്ങളായി. ഇതിനിടെയാണ് കേരളത്തിലെ കോൺഗ്രസിനെ പിളർത്തി സിപിഎമ്മിനെ പിണറായി വളർത്തുന്നത്.

എന്നാൽ കോൺഗ്രസിനെ തകർക്കുന്നത് ബിജെപിക്ക് വേണ്ടിയാണെന്ന് കോൺഗ്രസ് പറയുന്നു. ബംഗാളിനെ ഉയർത്തി തന്നെയാണ് കേരളത്തിലെ നേതാക്കൾ ഇതിന് വിശദീകരണം നൽകുന്നതും. ഭവാനിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ മമത ബാനർജിക്കെതിരെ സിപിഎം സ്ഥാനാർത്ഥിയെ നിർത്തിയത് ബിജെപിയെ സഹായിക്കാനല്ലെങ്കിൽ മറ്റെന്തിനാണെന്ന ചോദ്യം ബെന്നി ബഹനാൻ എംപി കഴിഞ്ഞ ദിവസം ചോദിച്ചതും ഈ രാഷ്ട്രീയം ചർച്ചയാക്കാനാണ്. ബിജെപിയെ അതിശക്തമായി എതിർക്കുന്ന മമതാ ബാനർജി മുഖ്യമന്ത്രിയായി തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടുന്ന അതിനിർണായകമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് വേണ്ടി നേതൃത്വം നൽകുന്ന പ്രമുഖ നേതാക്കളിൽ ഒരാൾ മമതയാണ്. ഇത്രയും നിർണായകമായ ഒരു തെരഞ്ഞെടുപ്പിൽ അവർക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നതിലൂടെ എന്ത് സന്ദേശമാണ് സിപിഎം നൽകുന്നത്. മമതാ ബാനർജിയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത് ബിജെപിയും മാർക്‌സിസ്റ്റ് പാർട്ടിയും തമ്മിലുള്ള അവിശുദ്ധബന്ധത്തിന് തെളിവാണെന്നും ആരോപണം ഉയരുന്നുണ്ട്.

ഏതായാലും ബിജെപിയുടെ ബംഗാൾ വളർച്ചയിൽ താങ്ങും തണലുമാകുന്നത് പഴയ സഖാക്കളാണ് എന്നത് വസ്തുതയാണ്. ബംഗാളിൽ സിപിഎമ്മിന്റെ മുൻ മന്ത്രി ബങ്കിം ഘോഷ്, എംഎൽഎമാരായിരുന്ന ദീപാലി ബിശ്വാസ് (ഗാജോൽ), തപസി മണ്ഡൽ (ഹൽദിയ), നേതാക്കളായ ശങ്കർ ഘോഷ്, അന്തര ഘോഷ് തുടങ്ങിയവർ ബിജെപിയിലെത്തിയ പ്രമുഖരാണ്. മറ്റ് ഇടതു പാർട്ടികളിൽ നിന്ന് കാഗൻ മുർമു, സുനിൽ മണ്ഡൽ, ദസ്രത് ടിർകി എന്നീ നേതാക്കളും ബിജെപിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ 6 സ്ഥാനാർത്ഥികൾ മുൻ സിപിഎമ്മുകാരായിരുന്നു. നേതാക്കളേക്കാൾ അണികളാണ് സിപിഎമ്മിനെ കൈവിട്ട് പരിവാർ പ്രസ്ഥാനത്തിനൊപ്പം ചേർന്നത്. ത്രിപുരയിലും ഇത് സംഭവിക്കുന്നു.

ബംഗാൾ 34 വർഷം ഭരിച്ച സിപിഎമ്മിന്റെ ബഹുഭൂരിപക്ഷം അണികളും ചേക്കേറിയത് ബിജെപിയിലാണ്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും പാർട്ടി ജയിച്ചില്ല. മത്സരിച്ച 177 സീറ്റിൽ 158ലും കെട്ടിവച്ച കാശുപോയി. 2011 ൽ അധികാരത്തിൽ നിന്ന് പുറത്തായി 10 വർഷത്തിനുള്ളിലാണ് സിപിഎം സമ്പൂർണ പരാജയത്തിലേക്ക് എത്തിയത്. മമതയുടെ തൃണമൂലിനെ തളർത്താൻ ബിജെപിക്കേ കഴിയൂവെന്ന വിലയിരുത്തലിലാണ് ഇത്. അങ്ങനെ പിണറായി കേരളത്തിൽ ബിജെപി തളർത്തുമ്പോൾ ബംഗാളിലെ സഖാക്കളുടെ കരുത്തിൽ ബിജെപി പ്രതിപക്ഷത്തെ പ്രധാന പാർട്ടിയായി.

ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെതിരെ സിപിഎമ്മും ബിജെപിയും പലയിടങ്ങളിലും ധാരണയിൽ മൽസരിക്കുന്നുണ്ടെന്ന് ഇരുപാർട്ടികളുടെയും പ്രാദേശിക നേതൃത്വം 2018ൽ സമ്മതിച്ചിരുന്നു. നാദിയ- കരിംപുർ മേഖലയിൽ പലയിടത്തും സീറ്റുധാരണയുണ്ടായി. ഔപചാരിക സഖ്യമല്ലെങ്കിലും ചില സീറ്റുകളിൽ ധാരണയുണ്ടെന്നു സിപിഎം സമ്മതിക്കുമ്പോൾ ബിജെപിയും ഇതു നിഷേധിച്ചരുന്നില്ല. തങ്ങൾക്കു സ്ഥാനാർത്ഥികളെ നിർത്താൻ കഴിയാത്ത ചിലയിടങ്ങളിൽ സ്വതന്ത്രരെ പിന്തുണയ്ക്കുന്നുണ്ടെന്നും ഈ സ്വതന്ത്രരിൽ മിക്കവരും സിപിഎം പ്രവർത്തകരാണെന്നും ബിജെപി പ്രതികരിച്ചിരുന്നു. പിന്നീട് ഈ ബന്ധം കൂടുതൽ ഊഷ്മളമായി.

നാദിയ ജില്ലയിലെ കരിംപുർ- റാണാഘട്ട് മേഖലയിൽ തൃണമൂൽ അതിക്രമങ്ങൾക്കെതിരെ ബിജെപിയും സിപിഎമ്മും സംയുക്ത പ്രതിഷേധ റാലി നടത്തിയിരുന്നു. ഇരുപാർട്ടികളുടെയും അണികൾ അവരവരുടെ പതാകകളേന്തി പ്രകടനത്തിൽ പങ്കെടുത്തു. ഇതോടെയാണ് ബദ്ധവൈരികളുടെ 'സൗഹൃദം' ചർച്ചയാവുകയും ചെയ്തു. മുതിർന്ന സിപിഎം നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ രാമബിശ്വാസും ഈ റാലിയിൽ പങ്കെടുത്തിരുന്നു. തൃണമൂലിനെതിരെ ഗ്രാമവാസികൾ നടത്തിയ റാലി എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ബിജെപിയുടെയും സിപിഎമ്മിന്റെയും അണികൾ റാലിയിൽ പങ്കെടുത്തുവെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും സമ്മതിച്ചു.

സംസ്ഥാനം ഭരിക്കുന്ന തൃണമൂലിനെതിരെ പ്രതിപക്ഷ കക്ഷികൾക്ക് ഒറ്റയ്‌ക്കൊറ്റയ്ക്കു പിടിച്ചുനിൽക്കാനുള്ള സാഹചര്യമില്ലെന്നാണു സഖാക്കളുടെ വിലയിരുത്തൽ. അങ്ങനെയാണ് പതിയെ ബിജെപിയുമായി സഖാക്കൾ അടുക്കുന്നത്. ഇത് കേരളത്തിൽ കോൺഗ്രസ് ചർച്ചയാക്കും. ഭവാനിപ്പൂർ മണ്ഡലത്തിൽ കഴിഞ്ഞ തവണ സ്ഥാനാർത്ഥി പോലുമില്ലാതിരുന്ന സിപിഎം ഇത്തവണ മമതക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് ബിജെപിയെയും മോദി-അമിത്ഷാ കൂട്ടുകെട്ടിനെയും സഹായിക്കാൻ വേണ്ടിയാണെന്നത് പകൽ പോലെ വ്യക്തമാണെന്ന് കേരളത്തിലെ കോൺഗ്രസുകാർ പറയുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മമതാ ബാനർജിക്കെതിരെ നന്ദിഗ്രാമിൽ മത്സരിച്ച സിപിഎം സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും 6267 വോട്ടാണ്. കേവലം 1956 വോട്ടുകൾക്കാണ് ഇവിടെ മമതാ ബാനർജി ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുവേന്ദു അധികാരിയോട് തോറ്റതെന്നതും ശ്രദ്ധേയമാണ്. മോദിയും അമിത്ഷായും മണ്ഡലത്തിൽ ക്യാമ്പ് ചെയ്തായിരുന്നു മമതക്കെതിരെ പ്രചാരണം നയിച്ചതും. അന്നും ബിജെപിക്ക് അനുകൂലമായ നിലപാടാണ് മണ്ഡലത്തിൽ സിപിഎം സ്വീകരിച്ചത്. കേരളത്തിലെ പോലെ തന്നെ ബംഗാളിലും ബിജെപിയെയും സംഘപരിവാർ ശക്തികളെയും സഹായിക്കുന്ന സമീപനമാണ് സി പി എം സ്വീകരിക്കുന്നത്-ഇതാണ് കണക്കുകൾ സഹിതം ഇന്നലെ ബെന്നി ബെഹന്നാൻ ഉയർത്തിയത്.

കേരളത്തിൽ രഹസ്യമായി നൽകുന്ന സഹായം ബംഗാളിൽ പരസ്യമായി എന്ന് മാത്രം. ഇത്രയും പരസ്യമായി സംഘപരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്ന സിപിഎമ്മിന്റെ മുഖം കൂടുതൽ വികൃതമാക്കുന്നതാണ് മമത ബാനർജിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്താനുള്ള തീരുമാനം. ബിജെപിയോടുള്ള കൂറ് ആവർത്തിച്ചു തെളിയിക്കുന്ന സിപിഎം നിലപാട് പരിഹാസ്യമാണ്. പുറമെ ആർഎസ് എസ് , സംഘപരിവാർ വിരുദ്ധത പ്രസംഗിക്കുകയും ഒളിഞ്ഞും തെളിഞ്ഞും അവരെ സഹായിക്കുകയും ചെയ്യുന്ന പിണറായി വിജയൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP