Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ നാലു കടക്കില്ലെന്ന് ഉറപ്പായതോടെ ബീഹാറിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും സീറ്റ് ചോദിച്ച് വാങ്ങി വിജയം ഉറപ്പിക്കാൻ സിപിഎം; പത്ത് സീറ്റെങ്കിലും നേടാതെ പോവുകയോ സിപിഐയെക്കാൾ പിന്നിലാവുകയോ ചെയ്താൽ വല്ല്യേട്ടൻ സ്ഥാനം നഷ്ടമാകുമെന്ന് ഭയന്ന് സിപിഎം; ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കെ മാനം കാക്കാൻ സിപിഎം നെട്ടോട്ടത്തിൽ

കേരളത്തിൽ നാലു കടക്കില്ലെന്ന് ഉറപ്പായതോടെ ബീഹാറിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും സീറ്റ് ചോദിച്ച് വാങ്ങി വിജയം ഉറപ്പിക്കാൻ സിപിഎം; പത്ത് സീറ്റെങ്കിലും നേടാതെ പോവുകയോ സിപിഐയെക്കാൾ പിന്നിലാവുകയോ ചെയ്താൽ വല്ല്യേട്ടൻ സ്ഥാനം നഷ്ടമാകുമെന്ന് ഭയന്ന് സിപിഎം; ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കെ മാനം കാക്കാൻ സിപിഎം നെട്ടോട്ടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ബംഗാളിലും ത്രിപുരയിലും തകർന്നടിഞ്ഞു. ശബരിമല വിഷയം കേരളത്തിൽ എങ്ങനെയാകും സ്വാധീനിക്കുകയെന്ന് ആർക്കും അറിയില്ല. വിശ്വാസികളോട് പിണറായി വിജയൻ നടത്തിയ യുദ്ധപ്രഖ്യാപനവും തിരിച്ചടിച്ചാൽ ദേശീയ തലത്തിൽ സിപിഎമ്മിന്റെ പ്രസക്തി തന്നെ ഇല്ലാതെയാകും. ഇത് തിരിച്ചറിഞ്ഞുള്ള തന്ത്രങ്ങൾ ഒരുക്കുകയാണ് സിപിഎം. കേരളത്തിന് പുറത്ത് സഖ്യങ്ങളിൽ പങ്കാളിയായി സീറ്റ് ഉയർത്താനാണ് സിപിഎം ആഗ്രഹിക്കുന്നത്. കർഷക സമരങ്ങളുടെ മുന്നണി പോരാളിയെന്ന ബാനറിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജയിക്കാമെന്നാണ് പ്രതീക്ഷ.

ബീഹാറിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും ജയിക്കുകയാണ് ലക്ഷ്യം. ഈ നാല് സംസ്ഥാനങ്ങളിൽ നിന്നായി കുറഞ്ഞ് നാല് ലോക്‌സഭാ സീറ്റുകൾ നേടിയാൽ ഇത്തവണ ലോക്‌സഭയിലെ അംഗ ബലം രണ്ടക്കം കടക്കാമെന്നാണ് പ്രതീക്ഷ. കേരളത്തിൽ വലിയ പ്രതീക്ഷ വേണ്ടെന്ന് സിപിഎം തിരിച്ചറിയുന്നു. ഇപ്പോഴുള്ള എട്ട് സീറ്റുകളെങ്കിലും നിലനിർത്തുകയാണ് ഇടതു മുന്നണിയുടെ ശ്രമം. ഇതിനൊപ്പം ബംഗാളിൽ നിന്നും ചില സീറ്റുകളിൽ എങ്കിലും ജയിക്കുക. ത്രിപുരയിൽ തീരെ സാധ്യതയില്ലെന്നും സിപിഎം കണക്ക് കൂട്ടുന്നു. അതുകൊണ്ടാണ് ലോകഭയിലെ അംഗ സംഖ്യ പത്തിന് മുകളിലേക്ക് എത്താൻ ഉത്തരേന്ത്യയിൽ വിശാല സഖ്യത്തിന് സിപിഎം ശ്രമിക്കുന്നത്.

നിലവിൽ ലോക്‌സഭയിൽ സിപിഎമ്മിന് 9 അംഗങ്ങളാണുള്ളത്. അതിൽ 5 പേർ കേരളത്തിൽ നിന്നും ജയിച്ചെത്തിയവരാണ്. ത്രിപുരയിലും ബംഗാളിലും രണ്ട് പേർ വീതമുണ്ട്. ഈ കണക്കുകളിൽ അടുത്ത തെരഞ്ഞെടുപ്പിൽ കുറവ് സംഭവിച്ചാൽ സിപിഐയ്ക്ക് പിന്നിൽ പോലും സിപിഎം പോകാനുള്ള സാധ്യതയുണ്ട്. ആദ്യ യുപിഎ സർക്കാരിനെ നിയന്ത്രിച്ചിരുന്നത് സിപിഎമ്മായിരുന്നു. അന്ന് 43 സീറ്റുകളിലാണ് സിപിഎം ജയിച്ചത്. 1967 മുതൽ 2009 വരെ ഒരിക്കൽ പോലും അംഗ സംഖ്യ രണ്ടക്കം കടക്കാതെയുമിരുന്നില്ല. ഇതിനാണ് 2014ൽ മാറ്റമുണ്ടായത്.

ത്രിപുരയും കൈവിട്ടതോടെ ഇത് ഇനിയും കുറയാനാണ് സാധ്യത. അത് സംഭവിച്ചാൽ ആരും മൈൻഡ് ചെയ്യാത്ത പാർട്ടിയായി സിപിഎം മാറും, കേരളത്തിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. അതുകൊണ്ട് തന്നെ ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി ഒന്നിപ്പിക്കുകയെന്ന ലക്ഷ്യത്തിനൊപ്പം, പൊതു തിരഞ്ഞെടുപ്പിൽ സ്വയം പിടിച്ചു നിൽക്കാനുള്ള ശ്രമത്തിനായി സിപിഎമ്മും മുന്നണി രൂപീകരണ ശ്രമങ്ങൾ നടത്തുകയാണ്. കോൺഗ്രസുമായി പോലും കേരളത്തിന് പുറത്ത് സഹകരിക്കും. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ, എവിടെയൊക്കെ സീറ്റ് ധാരണയ്ക്കു താൽപര്യമുണ്ടെന്നു വ്യക്തമാക്കാൻ ഇടതു പാർട്ടികളോടു കോൺഗ്രസ് ആവശ്യപ്പെട്ടതായാണു സൂചന.

ഇത്തവണ 20 സീറ്റെങ്കിലും നേടിയാൽ മാന്യമായ നേട്ടം അവകാശപ്പെടാമെന്നാണ് ഇടതുപക്ഷത്തെ വിലയിരുത്തൽ. എന്നാൽ ഈ ലക്ഷ്യത്തിലേക്ക് ഏറെ ദൂരമുണ്ടെന്ന് സിപിഎമ്മിന് അറിയാം. ബംഗാളിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കുന്നതിനെക്കുറിച്ച് ഇനിയും വ്യക്തതയായിട്ടില്ല. തൃണമൂൽ കോൺഗ്രസ് ഈ മാസം 19നു കൊൽക്കത്തയിൽ നടത്തുന്ന റാലിയോടു കോൺഗ്രസ് എങ്ങനെ പ്രതികരിക്കുമെന്നാണു സിപിഎം ശ്രദ്ധിക്കുന്നത്. മമതയുടെ റാലിക്കു മറുപടിയായി അടുത്ത 3ന് ബ്രിഗേഡ് ഗ്രൗണ്ടിൽ സിപിഎമ്മും റാലി നടത്തുന്നുണ്ട്. മമതയോടെ കോൺഗ്രസ് അടുക്കാൻ ശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രിയാകാൻ രാഹുലിന് മമതയുടെ പിന്തുണ അനിവാര്യമാണ്. അങ്ങനെ വന്നാൽ ബംഗാളിൽ സിപിഎം പരിതാപകരമായ അവസ്ഥയിലാകും.

ഈ സാഹചര്യത്തിലാണ് മറ്റ് സംസ്ഥാനങ്ങളിൽ സഖ്യത്തിന് ശ്രമിക്കുന്നത്. സിപിഎമ്മും സിപിഐയും ഒരുമിച്ചാണ് ഇതിന് നീക്കം നടത്തുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെ നയിക്കുന്ന സഖ്യവുമായി സഹകരിക്കുമ്പോൾ 2 സീറ്റ് വീതം സിപിഎമ്മും സിപിഐയും ആഗ്രഹിക്കുന്നു. മഹാരാഷ്ട്രയിൽ കോൺഗ്രസിനോടും എൻസിപിയോടും ഓരോ സീറ്റ് ചോദിച്ചു വാങ്ങാനാണു സിപിഎമ്മിന്റെ ശ്രമം. കോൺഗ്രസുമായി ഈയാഴ്ച ചർച്ച നടത്തിയേക്കും. അവലോകനത്തിനായി സിപിഎം പൊളിറ്റ്ബ്യൂറോ അടുത്ത മാസം 8നും 9നും ചേരും. ബിഹാറിലെ കൂട്ടുകെട്ടിനെക്കുറിച്ച് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി റാഞ്ചിയിലെ ആശുപത്രിയിൽ ചർച്ച നടത്തി. ബെഗുസരായി മണ്ഡലത്തിൽ കനയ്യ കുമാറിനെ മൽസരിപ്പിക്കാൻ സിപിഐയ്ക്കു താൽപര്യമുണ്ട്. വാരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ കനയ്യയെ മൽസരിപ്പിക്കണമെന്ന അഭിപ്രായവും സജീവമാണ്.

ലോക്സഭ തിരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ സിപിഎം തീരുമാനത്തിൽ എത്തിയെന്നാണ് വിവരം. തമിഴ്‌നാട്, ഉത്തർപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ സഖ്യം ഉണ്ടാക്കാൻ ധാരണയായപ്പോൾ പശ്ചിമബംഗാളിൽ അടവുനയം സ്വീകരിക്കാനാണ് സാദ്ധ്യതയെന്നും വിലയിരുത്തുന്നു. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് കോൺഗ്രസുമായി സഖ്യത്തിലേർപ്പെടാം എന്ന് കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ധാരണയായിരുന്നു. എന്നാൽ പിന്നീട് ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച കരട് പ്രമേയം തള്ളുന്ന സാഹചര്യം ഉണ്ടായിരുന്നു. ദേശീയതലത്തിൽ ബിജെപിയെ നേരിടാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വിശാല സഖ്യം രൂപീകരിക്കുന്ന സാഹചര്യം നിലവിൽ വന്നതോടെയാണ് കോൺഗ്രസുമായി സഖ്യത്തിലേർപ്പെടണമെന്ന നയം സിപിഎം പ്രഖ്യാപിക്കുന്നത്.

ബിജെപി സഖ്യത്തെ പരാജയപ്പെടുത്തുക, സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സീറ്റുകൾ കൂട്ടുക, ബദൽ മതേതര സർക്കാരിന് ശ്രമിക്കുക ഈ മൂന്ന് നിർദ്ദേശങ്ങളാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നയമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP