Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അധികാരത്തിന്റെ ഇടനാഴികളിൽ ശിവശങ്കർ അറിയപ്പെട്ടിരുന്നത് 'രണ്ടാം മുഖ്യമന്ത്രി'യെന്ന്; അതിരപ്പിള്ളി വീണ്ടും പൊങ്ങിയതിലും ഇദ്ദേഹത്തിന്റെ താൽപ്പര്യം; മുൻ വൈദ്യുതി മന്ത്രിയും കെഎസ്ഇബി ചെയർമാനും സംസ്ഥാന ഭരണ തലപ്പത്തു വന്നപ്പോൾ കരുതിയത് ആരെയും പേടിക്കാനില്ലെന്ന്; സ്വപ്‌ന സുരേഷിലൂടെ സ്വർണ്ണക്കള്ളക്കട്ട് കേസിൽ ശിവശങ്കരൻ കുടുങ്ങിയപ്പോൾ ആകെ പുലിവാലു പിടിച്ചു സിപിഎം; ഉദ്യോഗസ്ഥരെ അന്ധമായി വിശ്വസിക്കുന്ന പിണറായി ശൈലിക്കെതിരെ സിപിഎമ്മും ഇനി വടിയെടുക്കും

അധികാരത്തിന്റെ ഇടനാഴികളിൽ ശിവശങ്കർ അറിയപ്പെട്ടിരുന്നത് 'രണ്ടാം മുഖ്യമന്ത്രി'യെന്ന്; അതിരപ്പിള്ളി വീണ്ടും പൊങ്ങിയതിലും ഇദ്ദേഹത്തിന്റെ താൽപ്പര്യം; മുൻ വൈദ്യുതി മന്ത്രിയും കെഎസ്ഇബി ചെയർമാനും സംസ്ഥാന ഭരണ തലപ്പത്തു വന്നപ്പോൾ കരുതിയത് ആരെയും പേടിക്കാനില്ലെന്ന്; സ്വപ്‌ന സുരേഷിലൂടെ സ്വർണ്ണക്കള്ളക്കട്ട് കേസിൽ ശിവശങ്കരൻ കുടുങ്ങിയപ്പോൾ ആകെ പുലിവാലു പിടിച്ചു സിപിഎം; ഉദ്യോഗസ്ഥരെ അന്ധമായി വിശ്വസിക്കുന്ന പിണറായി ശൈലിക്കെതിരെ സിപിഎമ്മും ഇനി വടിയെടുക്കും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കോവിഡിൽ കേരള സംസ്ഥാനം തീച്ചൂളയിൽ എന്നപോലെ ഉരുകുമ്പോൾ വാഴ വെട്ടാൻ പറ്റിയ സമയം എന്ന നിലയിലാണ് പണ്ടേ ഉപേക്ഷിക്കപ്പെട്ട ആതിരപ്പള്ളി ജല വൈദ്യുത പദ്ധതി വീണ്ടും വാർത്തകളിൽ എത്തുന്നത്. പദ്ധതിയുടെ എൻഒസി സംബന്ധിച്ച വിവരമാണ് വാർത്തയിൽ എത്തിയതും വിവാദമായതും . ഒരുപക്ഷെ കോവിഡ് ആശങ്കകളിൽ ഭരണകക്ഷിയിലെ പ്രമുഖരായ സിപിഐ യും പ്രതിപക്ഷവും പരിസ്ഥിതി സംഘടനകളും കണ്ണടച്ചിരുന്നു എങ്കിൽ എല്ലാം മാറിമറിയുമായിരുന്നു.

ഇപ്പോൾ വിവാദ നായകനായി നിറഞ്ഞു നിൽക്കുന്ന സ്ഥാന ഭ്രഷ്ടനാക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കണ്ണ് തറച്ച പദ്ധതികളിൽ ഒന്നായിരുന്നു ആതിരപ്പള്ളി എന്ന സത്യം വിവാദ കാലത്തും ആരും ശ്രദ്ധിച്ചില്ല . പ്രതിപക്ഷം പോലും ഈ പദ്ധതി അനാവശ്യ സമയത്തു വീണ്ടും പൊങ്ങി വന്നതിന്റെ കാണാച്ചരടുകൾ തപ്പി പോയില്ല. പദ്ധതി വീണ്ടും പൊടി തട്ടിയെടുക്കാൻ ആദ്യകാലത്തു സജീവമായി നിന്നിരുന്ന ശിവശങ്കറിന്റെ അദൃശ്യ കരങ്ങൾ സഹായമായിരുന്നുവെന്നായിയിരുന്നു ഇപ്പോൾ പുറത്തുവരുന്നു വിവരങ്ങൾ. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തൻ ആയ എം എം മണി വകുപ്പ് മന്ത്രി ആയതോടെ തന്റെ പഴയ ലാവണത്തിൽ നടക്കുന്ന പല തീരുമാനങ്ങളിലും പ്രിൻസിപ്പൽ സെക്രട്ടറിയുടെ കൈകടത്തൽ ഉണ്ടായി എന്ന സംശയവും പല കോണുകളിലും ഉയരുന്നു .

പിണറായി വിജയൻ സർക്കാരിനെതിരെ ഉണ്ടായ പ്രധാന അഴിമതി ആരോപണങ്ങളിൽ ഒന്നായ ട്രാൻസ് ഗ്രിഡ് സംബന്ധിച്ച ആക്ഷേപവും വൈദ്യുതി വകുപ്പിനെ ചുറ്റിപ്പറ്റി ആയിരുന്നു. വി ഡി സതീശൻ എംഎൽഎ നിയമസഭയിൽ ഇത് സംബന്ധിച്ച ആരോപണം ഉയർത്തിയെങ്കിലും സർക്കാർ അതിനെ പുച്ഛിച്ചു തള്ളുക ആയിരുന്നു . പ്രത്യക്ഷ സമര രംഗത്ത് ഇറങ്ങാൻ പ്രതിപക്ഷവും തയാറാകാതിരുന്നതോടെ 250 കോടി രൂപയുടെ അഴിമതി സംബന്ധിച്ച് ആരും പിന്നീട് കേൾക്കാതായി . മുൻ കെഎസ്ഇബി ചെയർമാന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയി ഇരിക്കുന്നതോടെ വൈദ്യുതി വകുപ്പിൽ നേരിട്ടു തീരുമാനം എടുക്കുമ്പോൾ പലപ്പോഴും അദ്ദേഹത്തിന്റെ കൈകടത്തൽ ഉണ്ടായിരുന്നു എന്നാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന . കാരണം ഇത്തരം പദ്ധതികൾ ഏതു വകുപ്പിൽ ഉണ്ടായാലും മുഖ്യമന്ത്രിയുടെ ഓഫീസോ പ്രിൻസിപ്പൽ സെക്രട്ടറിയോ കാണാതെ അന്തിമ തീരുമാനത്തിലേക്ക് കടക്കില്ല എന്നതാണ് വസ്തുത .

രാഷ്ട്രീയമായി മുഖ്യമന്ത്രി പദവി അധികാര കേന്ദ്രമായി നിൽക്കുമ്പോഴും ഭരണ തലത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി എന്ന പോസ്റ്റിനു ''രണ്ടാം മുഖ്യമന്ത്രി'' എന്ന വിശേഷണമാണ് നിലനിൽക്കുന്നത് . അതായതു മറ്റെല്ലാ വകുപ്പിലെയും സെക്രട്ടറിമാരായ ഐഎഎസ് ഉദ്യോഗസ്ഥരോട് ചോദ്യം ചോദിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്കു കഴിയും . ഇത്രയും ഉന്നതമായ പദവി ആയതിനാൽ മിക്കപ്പോഴും കേന്ദ്ര ഡെപ്യുട്ടേഷനിൽ കഴിയുന്നവരാണ് പ്രിൻസിപ്പൽ സെക്രട്ടറി ആയി എത്താറ്. ഉദ്യോഗസ്ഥ ലോബിയിൽ ചേരിതിരിവ് ഉണ്ടാകാതിരിക്കാനും ഈ പതിവ് ആവർത്തിക്കാറുണ്ട് . എന്നാൽ പിണറായി വിജയൻ മുഖ്യമന്ത്രി ആയി എത്തിയപ്പോൾ ഈ പോസ്റ്റിൽ കണ്ണ് ഉണ്ടായിരുന്ന പലരെയും തട്ടിമാറ്റിയാണ് പഴയ കെഎസ്ഇബി ബോർഡ് ചെയർമാൻ് മുഖ്യമന്ത്രിയുടെ തൊട്ടടുത്ത കസേര സ്വന്തമാക്കിയത് . എന്നെങ്കിലും ലാവ്‌ലിൻ കേസ് വീണ്ടും ഉയർന്നാൽ പഴയ ബോർഡ് ചെയർമാന്് കൂടെ നിൽക്കുന്നതായിരുക്കും നല്ലതായിരിക്കും എന്ന മുഖ്യമന്ത്രിയുടെ അതിബുദ്ധി ഇപ്പോൾ അദ്ദേഹത്തിന് തന്നെ ചീത്തപ്പേരായി മാറുന്ന സാഹചര്യമാണ് കേരള രാഷ്ട്രീയത്തിൽ ഉയർന്നു വരുന്നത് എന്നതാണ് കൗതുകം .

കേരളത്തിലെ മുൻ മുഖ്യമന്ത്രിമാരുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ ആയിരുന്നിട്ടുള്ള ആരും തന്നെ കള്ളക്കടത്തു കേസിൽ ആരോപണം നേരിട്ടിട്ടില്ല എന്നതാണ് വസ്തുത . മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന സുബാത്ര ബിശ്വാസ് സർക്കാരിനെ പിടിച്ചു കുലുക്കിയ സോളാർ കേസ് ഉണ്ടായപ്പോൾ പോലും അതിൽ തന്റെ പേര് ഒരിടത്തും വരാതെ സംരക്ഷിച്ച ഉദ്യോഗസ്ഥൻ കൂടിയാണ്. ഉമ്മൻ ചാണ്ടിക്ക് മുൻപ് വി എസ അച്യുതാന്ദന് മുഖ്യമന്ത്രി ആയിരുന്നപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ഷീല തോമസ് ഏറ്റവും പ്രഗൽഭരായ ഉദ്യോഗസ്ഥ എന്ന പേരിലാണ് തന്റെ സ്ഥാനം നിലനിർത്തിയിരുന്നത് . തീരുമാനങ്ങൾ എടുക്കുന്നതിലെ കണിശത അവർ എല്ലായിപ്പോഴും വി എസിനെ പോലെ തന്നെ നിലനിർത്തിയിരുന്നു. എന്നാൽ പിണറായി വിജയൻ എത്തിയപ്പോൾ അവരെ നോർക്കയിലേക്കു തട്ടുകയാണ് ആദ്യം ചെയ്ത നടപടി.

പ്രവാസികളുടെ മൃതതേഹം നാട്ടിൽ എത്തിക്കുന്ന ഫണ്ട് കൃത്യ സമയത്തു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും പാസായി വരാൻ ഉള്ള കാലതാമസം വളരെ വിഷമത്തോടെ ഷീല തോമസ് പലപ്പോഴും പ്രവാസി സംഘടനകളുമായി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് . ഒരുതരം വൈരാഗ്യ ബുദ്ധിയോടെയാണ് ഷീല തോമസിനോട് മുഖ്യമന്ത്രിയുടെ ഓഫിസ് പെരുമാറിയിരുന്നത് എന്നതും ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ വലിയ പരാതിയായി ചർച്ച ചെയ്യപ്പെട്ടിരുന്നു . എന്നാൽ വി എസിനോട് മികച്ച അടുപ്പം കാട്ടിയിരുന്ന ഷീല തോമസിനെ ഒരു കാരണവശാലും പരിഗണിക്കേണ്ടതില്ല എന്നതായിരുന്നു പുതിയ സർക്കാർ എത്തിയപ്പോൾ ഉണ്ടായ പൊളിറ്റിക്കൽ ലൈൻ .

ഉമ്മൻ ചാണ്ടിയുടെ ആദ്യ അവസരത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി ആയി തിളങ്ങിയത് ദിനേശ് ശർമ്മ ആയിരുന്നു . അതിനു മുൻപ് എ കെ ആന്റണി ഇരുന്നപ്പോൾ മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ജി കെ പിള്ള വലംകൈ ആയി എത്തി. നായനാർ സർക്കാരിൽ സി രാമചന്ദ്രനും ഈ റോൾ മികച്ച നിലയിൽ പൂർത്തിയാക്കിയതാണ് . ഇവരൊക്കെ തങ്ങളുടെ മുഖ്യമന്ത്രിയെ കണ്ണിലെ കൃഷ്ണ മണി പോലെ അഴിമതികളിൽ നിന്നും ആരോപണങ്ങളിൽ നിന്നും രക്ഷിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നതും വാസ്തവം . എന്നാൽ ഇതിൽ നിന്നൊക്കെ വത്യസ്തമാകുകയാണ് ഇപ്പോൾ ശിവശങ്കറിന്റെ നിലപാട്.

ശിവശങ്കറിനെ പോലെ മുഖ്യമന്ത്രി ആയിരുന്ന നായനാരെ ഒരിക്കൽ വെള്ളം കുടിപ്പിച്ച പൊളിറ്റിക്കൽ സെക്രട്ടറി പി ശശി ഉദ്യോഗസ്ഥൻ അല്ലാതിരുന്നു എന്ന ഒറ്റക്കാരണത്താൽ തന്നെ ശിവശങ്കറിൽ നിന്നും വത്യസ്തനാകുകയാണ്. ഈ അനുഭവം മുൻനിർത്തി പിന്നീട ആന്റണി പൊളിറ്റിക്കൽ സെക്രട്ടറിയെ നിയമിക്കുകയും ചെയ്തില്ല . എന്നാൽ തുടർന്ന് ഉമ്മൻ ചാണ്ടി വിശ്വസ്തനായ വാസുദേവ ശർമയെ പൊളിറ്റിക്കൽ സെക്രട്ടറി ആക്കിയെങ്കിലും അദ്ദേഹം മറ്റൊരു അധികാര കേന്ദ്രമാകാതെ നിഴൽ പോലെ ഉമ്മൻ ചാണ്ടിക്കൊപ്പം നിൽക്കുക ആയിരുന്നു . ഇതേ നിലയിൽ തന്നെയാണ് വിഎസിനൊപ്പം പൊളിറ്റിക്കൽ സെക്രട്ടറി ആയി പ്രവർത്തിച്ച കെ എൻ ബാലഗോപാൽ പെരുമാറിയതും.

ബാലഗോപാൽ രാജ്യസഭാ എംപി ആയി പോയപ്പോൾ പകരം വന്ന സിപി നാരായണനും മുഖ്യമന്ത്രിയെ രാഷ്ട്രീയ വിവാദത്തിൽ അകപ്പെടാതെ സൂക്ഷിക്കുന്നതിൽ പ്രാഗൽഭ്യം കാട്ടിയിരുന്നു. എന്നാൽ ഇപ്പോൾ കിട്ടിയ അവസരം മുഖ്യമന്ത്രിയിൽ ഉള്ള അമിത സ്വാധീനം ഉപയോഗിച്ച് കള്ളക്കടത്തിന് വരെ സ്വാധീനമാക്കി ശിവശങ്കർ മാറ്റിയപ്പോൾ രാഷ്ട്രീയ യുദ്ധക്കളത്തിൽ ആയുധം നഷ്ടമായ പടയാളികളെ പോലെ തരിച്ചു നിൽക്കുകയാണ് സംസ്ഥാന സർക്കാരും ഭരണകക്ഷിയായ സിപിഎമ്മും . സർക്കാരിനെ തുറന്നെതിർക്കാണ് കരുത്തു കിട്ടിയിട്ടുള്ള സിപിഐ അടക്കമുള്ള കക്ഷികളുടെ ചോദ്യങ്ങൾക്കു അൽപ്പം മനഃസാന്നിധ്യം നഷ്ടമായ വിധത്തിൽ മാത്രമേ ശിവശങ്കർ മൂലം സിപിഎം നേതാക്കൾക്ക് സംസാരിക്കാൻ സാധിക്കൂ. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഈ വിവാദത്തെ എങ്ങനെ കൈകാര്യം ചെയ്യും എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പിണറായി സർക്കാറിന്റെ തുടർഭരണ സാധ്യതകളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP